
''ആകയാല്‍ വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവ മൂന്നും നിലനില്‍ക്കുന്നു. ഇവയില്‍ വലിയതോ, സ്‌നേഹംതന്നെ...''
കൊരിന്ത്യര്‍ 113: 13
ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരത്തെ സ്‌നേഹിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസിന്റെ ഓര്‍മ്മകള്‍ പെയ്യുന്ന വീട്. അവിടേക്ക് കയറിച്ചെല്ലുമ്പോള്‍ ഈ വചനം അറിയാതെ മനസ്സില്‍ തെളിഞ്ഞു. വിശ്വാസവും പ്രത്യാശയും സ്‌നേഹവും സമംചാലിച്ച 'ഒരദ്ഭുത മരുന്നി'ല്‍ ജീവിതം തിരികെപ്പിടിച്ച ഒരാള്‍ അതാ ആ വീടിന്റെ സ്വീകരണമുറിയിലിരിക്കുന്നു. പുഞ്ചിരിതൂകിനില്‍ക്കുന്ന പി.ടി.യുടെ ഛായാചിത്രത്തിലേക്ക് നോക്കി അവര്‍ പറഞ്ഞ വാചകവും അതുതന്നെയായിരുന്നു, ''ഇതൊരു ഉയിര്‍പ്പിന്റെ അനുഭവമാണ്. ഒരുപാടുപേരുടെ സ്‌നേഹത്താല്‍ പ്രത്യാശയോടെ ഞാന്‍ എന്റെ ജീവിതം തിരികെപ്പിടിക്കുകയായിരുന്നു. മരണം മുന്നിലെത്തിയെന്ന് തോന്നിയ നിമിഷങ്ങള്‍ അതിജീവിച്ച് ഇപ്പോള്‍ നിങ്ങളുടെ മുന്നിലിരിക്കുമ്പോള്‍ പി.ടിയുടെ സ്‌നേഹവും കരുതലും വീണ്ടുമെന്റെ മനസ്സില്‍ നിറയുന്നു.''
തൃക്കാക്കര എം.എല്‍.എയും പി.ടി.യുടെ പ്രിയതമയുമായ ഉമാ തോമസിന്റെ ജീവിതം ഉയിര്‍പ്പിന്റെ നേര്‍സാക്ഷ്യംതന്നെയാണ്. കൊച്ചിയില്‍ നടന്ന മെഗാനൃത്ത പരിപാടിക്കിടെ സ്റ്റേഡിയത്തില്‍ ഉയര്‍ത്തിയൊരുക്കിയ വേദിയില്‍നിന്ന് നിലത്തേക്ക് വീണ് ഉമാതോമസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. മൂന്നുമാസത്തിലേറെ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ അവര്‍ ജീവിതത്തിലേക്ക് തിരികെയെത്തിയിരിക്കുകയാണ്.
ആദ്യഓര്‍മ
അപകടത്തിനിരയായി ആശുപത്രിയിലെത്തുമ്പോള്‍ ഉമ അബോധാവസ്ഥയിലായിരുന്നു. അപകടത്തിനുശേഷം പിന്നെ എപ്പോഴാണ് ഓര്‍മ്മതിരികെ കിട്ടിയതെന്ന ചോദ്യത്തിന് അല്പനേരം ആലോചിച്ചായിരുന്നു ഉമയുടെ മറുപടി. ''അപകടത്തിന്റെ കാര്യങ്ങളൊന്നും ഇപ്പോള്‍ ഓര്‍മ്മയില്ല. ആശുപത്രിയില്‍ ചികിത്സ തുടങ്ങിയശേഷം ഒരുദിവസം പുലര്‍ച്ചെയാണ് എനിക്ക് ഓര്‍മ്മ വന്നത്. ഒരു കാര്‍ഡ്‌ബോര്‍ഡ് പെട്ടിയുടെ മുകളില്‍ കിടക്കുന്നതുപോലെ തോന്നി. അപ്പോള്‍ കൈയുംകാലുമൊന്നും അനക്കാന്‍ കഴിയുമായിരുന്നില്ല. ആശുപത്രിയിലാണ് കിടക്കുന്നതെന്നുപോലും അറിയില്ലായിരുന്നു. ശരീരത്തില്‍ എവിടെയൊക്കെയോ വേദന പൊടിയുന്നതുമാത്രം അറിയുന്നുണ്ടായിരുന്നു. എഴുന്നേല്‍ക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിന് കഴിയുമായിരുന്നില്ല. എന്താണ് പറ്റിയതെന്നോ എവിടെയാണ് കിടക്കുന്നതെന്നോ ഒന്നും അറിയാത്ത അവസ്ഥ. ഓര്‍മ്മവന്നനേരത്ത് ചുണ്ടുകള്‍മാത്രം ചലിച്ചു. ആ നേരത്ത് ഞാന്‍ ചോദിച്ചത് ഒന്നുമാത്രമായിരുന്നു, എവിടെയാണ് എന്റെ കുഞ്ഞുങ്ങള്‍. എനിക്ക് അവരെ കാണണം.'' ഉമ ഓര്‍മകളിലൂടെ സഞ്ചരിച്ചു.
ഇത് പോലീസ് സ്‌റ്റേഷനാണോ?
അപകടത്തിനുശേഷം ആശുപത്രിക്കിടക്കയില്‍ ഒരു പുലര്‍കാലത്ത് ഓര്‍മ്മ തിരികേകിട്ടുമ്പോള്‍ ഉമ ആദ്യം വിചാരിച്ചത് താന്‍ ഒരു പോലീസ്‌സ്റ്റേഷനിലാണെന്നാണ്. അതിന് കാരണമെന്താണെന്ന് ചോദിച്ചപ്പോള്‍ രസകരമായ മറുപടി വന്നു. '' ഓര്‍മ്മ തിരികെ കിട്ടുമ്പോള്‍ മനസ്സ് ഒരു പഞ്ഞിക്കെട്ടുപോലെയായിരുന്നു. മുന്നിലെ ദൃശ്യങ്ങള്‍ പതിയെ തെളിഞ്ഞുവരുമ്പോള്‍ വിചാരിച്ചത് ഒരു പോലീസ്‌സ്റ്റേഷനിലാണെന്നാണ്. കാരണം, എന്റെ ചുറ്റും കുറെ കാക്കിവേഷക്കാര്‍ നില്‍ക്കുന്നു. പക്ഷേ, അത് ഐസിയുവിലെ നഴ്‌സുമാരായിരുന്നു. അവിടെയുണ്ടായിരുന്ന നഴ്‌സുമാര്‍ക്ക് കാക്കി നിറത്തിലുള്ള കോട്ടാണ് നല്‍കിയിരുന്നത്.
നമ്മളെന്തിനാണ് പോലീസ്‌സ്റ്റേഷനില്‍ വന്നതെന്ന് മകന്‍ വിഷ്ണുവിനോട് ചോദിച്ചു. വിഷ്ണുവിനെ കണ്ടപ്പോഴും എനിക്ക് പഴയ കാര്യങ്ങളൊന്നും ഓര്‍മ്മയുണ്ടായിരുന്നില്ല. ആ നേരത്ത് ഡോക്ടറാണ് വിഷ്ണുവിനോട് 'അമ്മയെ ആ വീഡിയോ കാണിക്കൂ' എന്ന് പറഞ്ഞത്. എനിക്ക് വിഷമമാകുമെന്ന് കരുതി ആദ്യം അവനത് സമ്മതിച്ചില്ലെങ്കിലും ഡോക്ടര്‍ വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ അപകടത്തിന്റെ വീഡിയോ എന്നെ കാണിച്ചു.'' എന്തോ ഓര്‍ത്തിട്ടെന്നപോലെ ഉമയുടെ വാക്കുകള്‍ അല്പനേരം മുറിഞ്ഞുനിന്നു.
വീഡിയോ തന്നെ ഓര്‍മകള്‍
വലിയ ഒരപകടം തനിക്ക് സംഭവിച്ചുവെന്ന സത്യം ഉമ അറിയുന്നത് ആ വീഡിയോദൃശ്യങ്ങളിലൂടെയായിരുന്നു. ''ആ വീഡിയോ എന്നെ കാണിക്കാന്‍ വിഷ്ണുവിനോട് ഡോക്ടര്‍ ആവശ്യപ്പെട്ടത് കൃത്യമായ ഉദ്ദേശ്യത്തോടെയായിരുന്നു. സംഭവിച്ചത് എന്താണെന്ന് എന്നെ മനസ്സിലാക്കിക്കുന്നതിനൊപ്പം എന്റെ ഓര്‍മ്മയുടെ ആഴം അളക്കാനാണ് ഡോക്ടര്‍ ശ്രമിച്ചത്. അപകടം പറ്റി എന്ന് മനസ്സിലായപ്പോഴും അതിന്റെ ആഘാതം എത്രയാണെന്ന് അപ്പോള്‍ അറിഞ്ഞിരുന്നില്ല. എനിക്ക് എന്താണ് പറ്റിയതെന്ന ചോദ്യം ചോദിച്ചുകൊണ്ടേയിരുന്നു. മക്കളോട് ഞാന്‍ പലതും ചോദിക്കുന്നുണ്ടായിരുന്നെങ്കിലും സംഭവിച്ച അപകടത്തിന്റെ ഒരോര്‍മ്മയും എന്നിലുണ്ടായിരുന്നില്ല എന്നതാണ് സത്യം.''

ജീവിതം മാറ്റിയ ദിനങ്ങള്‍
കേരളം മുഴുവന്‍ ഉമയുടെ തിരിച്ചുവരവിനായി പ്രാര്‍ഥിക്കുമ്പോഴും അത് സാധ്യമാകുമോയെന്ന ആശങ്ക പലര്‍ക്കുമുണ്ടായിരുന്നു. ജീവിതത്തിനും മരണത്തിനുമിടയിലെ നേര്‍ത്ത ഇഴയിലൂടെയുള്ള സഞ്ചാരമായിരുന്നു ആ ദിനങ്ങള്‍. ''ആശുപത്രിയിലെത്തി ഏതാനും ദിനങ്ങള്‍ കഴിഞ്ഞപ്പോഴായിരുന്നു അപകടത്തിന്റെ ആഴം ഞാന്‍ തിരിച്ചറിയുന്നത്. ചിന്തിച്ചത് ദൈവംതന്ന ഒരവസരത്തെപ്പറ്റിയായിരുന്നു. എന്റെ ജീവന്‍ ബാക്കിയുണ്ടെന്ന സത്യം തിരിച്ചറിഞ്ഞപ്പോള്‍ പിന്നെ ജീവിതത്തിലേക്ക് തിരികെയെത്തണമെന്ന ആഗ്രഹം മനസ്സില്‍ ശക്തമായി. പി.ടി.യുടെ സ്‌നേഹവും വിശ്വാസവുമൊക്കെ മനസ്സില്‍ അലയടിച്ചുകൊണ്ടേയിരുന്നു. ആശുപത്രിയില്‍നിന്ന് വീട്ടില്‍ തിരിച്ചെത്തിയശേഷം ഫിസിയോതെറാപ്പി അടക്കമുള്ള കാര്യങ്ങളെല്ലാം ചെയ്ത് മുന്നോട്ടുപോകുകയാണ്.
രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് വീടിനുമുന്നിലെ റോഡിലൂടെ ഇത്തിരിനേരം നടക്കും. ആറുമുതല്‍ 10 മണിവരെ കുറെ എക്‌സര്‍സൈസുകളും മറ്റുമുണ്ട്. വൈകുന്നേരവും ഇതുതന്നെ ചെയ്യും. കൃത്യമായ ടൈംടേബിളിലാണ് ഇപ്പോള്‍ ജീവിതം മുന്നോട്ടുപോകുന്നത്...'' ഉമ പറയുന്നു.
നഷ്ടമായ നിറങ്ങള്‍
'അപകടംപറ്റി ആശുപത്രിയിലും വീട്ടിലുമായി കഴിഞ്ഞ 100 ദിനങ്ങള്‍. നഷ്ടബോധമുണ്ടോ?' ചോദ്യംകേട്ട് ഉമ ഒന്ന് പുഞ്ചിരിച്ചു, പിന്നെ ആ പുഞ്ചിരി മായാതെതന്നെ മറുപടിയും പറഞ്ഞു. ''തീര്‍ച്ചയായും വലിയ നഷ്ടങ്ങളുണ്ട്. മണ്ഡലത്തിനും ജനങ്ങള്‍ക്ക് നല്‍കേണ്ടിയിരുന്ന എന്റെ സാന്നിധ്യംതന്നെയാണ് ഏറ്റവും വലിയ നഷ്ടം. മണ്ഡലത്തിലെ എത്രയോപേരുടെ മരണച്ചടങ്ങുകളില്‍ എനിക്ക് പങ്കെടുക്കാനായില്ല. എത്രയോ വിവാഹച്ചടങ്ങുകള്‍ക്ക് പോകാനായില്ല. അതൊക്കെ വലിയ നഷ്ടമാണ്.
ഞാന്‍ മരിക്കരുതെന്നും എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നുമുള്ള പി.ടി.യുടെ ആഗ്രഹം ഡോക്ടര്‍മാരിലൂടെയും മറ്റും ദൈവം സഫലമാക്കിയതാവാം. ജീവിതത്തെ അടിമുടി മാറ്റിയ ദിനങ്ങളാണ് കടന്നുപോയത്. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങളെ നൂറുശതമാനം അനുസരിച്ച് ഞാന്‍ ജീവിതത്തിലേക്ക് തിരികെയെത്താന്‍ അങ്ങേയറ്റം ശ്രമിച്ചു. മക്കളും കൂടെയുള്ളവരും തന്ന വലിയ പിന്തുണയും സഹായവും കൂടിയായപ്പോള്‍ ആത്മവിശ്വാസം ഉയര്‍ന്നു.
എനിക്കുവേണ്ടി പ്രാര്‍ഥിക്കുകയും തിരിച്ചുവരവിനുവേണ്ടി സ്‌നേഹത്തോടെ കാത്തിരിക്കുകയുംചെയ്ത ഒരുപാട് ആളുകളോട് നന്ദി പറയാനുണ്ട്. രാഷ്ട്രീയത്തിനും മതത്തിനുമൊക്കെ അതീതമായി എല്ലാവിഭാഗം ജനങ്ങളും തന്ന പിന്തുണയും അവരുടെ പ്രാര്‍ഥനയുമാണ് എന്നെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. എത്ര നന്ദിപറഞ്ഞാലും മതിയാകില്ല.''
അരികില്‍ നീയുണ്ടായിരുന്നെങ്കില്‍
പി.ടി. എന്ന പ്രിയപ്പെട്ടവനെ ഓര്‍ക്കാതെ ഒരു ദിനംപോലും ഉമയുടെ ജീവിതത്തിലുണ്ടായിട്ടില്ല. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍ അതിജീവിച്ച ഈ ദിനങ്ങളില്‍ പി.ടി.യെ എങ്ങനെയാകും ഉമ ഓര്‍ത്തത്? ''ഈശ്വരന്‍ എന്നെ രക്ഷപ്പെടുത്തിയത് ഈ ഭൂമിയില്‍ എനിക്ക് ഇനിയും കുറെ കാര്യങ്ങള്‍ ചെയ്യാനുള്ളതുകൊണ്ടാണ്. പി.ടി. ആഗ്രഹിക്കുകയും ബാക്കിവയ്ക്കുകയും ചെയ്ത കുറെയേറെ കാര്യങ്ങള്‍ എനിക്ക് ചെയ്തുതീര്‍ക്കാനുണ്ട്. പി.ടി.യുടെ സ്വപ്‌നങ്ങള്‍ക്ക് നിറമേകലാണ് എന്റെ ദൗത്യം. നഷ്ടപ്പെട്ടെന്ന് കരുതിയ ഈ ജീവന്‍ ദൈവം എനിക്ക് തിരികെ തന്നത് അതിനാകാം.
സാധാരണ ഗതിയില്‍ ഈസ്റ്ററിനും വിഷുവിനുമൊക്കെ ഞാനും പി.ടി.യും മക്കളും നാട്ടില്‍ പോകാറാണ് പതിവ്. പി.ടി. ഞങ്ങള്‍ക്കൊപ്പം ഇല്ലാതായപ്പോഴും ഈസ്റ്റര്‍ ദിനത്തിലെയും വിഷു ദിനത്തിലെയും പതിവുകള്‍ മുടക്കിയിട്ടില്ല. ഇനി ആയുര്‍വേദചികിത്സയിലേക്ക് പ്രവേശിക്കണം. ചികിത്സ കഴിഞ്ഞ് എത്രയും വേഗം പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തണം. '' സംസാരം നിര്‍ത്തി അല്പനേരം മൗനമായിരുന്നശേഷം ഉമ പറഞ്ഞു:
''പ്രിയപ്പെട്ട പി.ടി.യുടെ സ്വപ്‌നങ്ങള്‍ പൂവണിയിക്കാന്‍ ഞാന്‍ ഇനിയും ജനങ്ങള്‍ക്കൊപ്പം കുറെദൂരം സഞ്ചരിക്കേണ്ടതല്ലേ...''
Content Highlights: politician uma thomas interview after accident
Published: 27 May 2025, 11:27 am IST
ABOUT THE AUTHOR
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented