അജ്ഞാതമായൊരു ഉൾവിളിയെ പിന്തുടർന്നുള്ള പുറപ്പെട്ടുപോകൽ. യൗവനകാലത്ത്, ജന്മനാട്ടിൽ നിന്ന് സ്വന്തമെന്നു പറയാവുന്നവയെല്ലാം ഉപേക്ഷിച്ച് ഇഷ്ടമണ്ണിലേക്കൊരു പറിച്ചുനടൽ. കാതങ്ങൾക്കിപ്പുറമുള്ള കേരളമായിരുന്നു പെപിതാ സേത്ത് എന്ന ബ്രിട്ടീഷുകാരിയുടെ വാഗ്ദത്ത ഭൂമി.

അരനൂറ്റാണ്ടു കാലം ഇവിടെ കഴിഞ്ഞിട്ടും പെപിതയ്ക്ക് ഇഷ്ടങ്ങളൊന്നും ഉപേക്ഷിക്കാനാവുന്നില്ല. ആനയും പൂരവും കാവും തെയ്യവും നിറക്കൂട്ടൊരുക്കുന്ന കേരളത്തോട് അവർക്ക് അത്രമാത്രം ഭ്രമമാണ്. കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത ദൈവത്തിന്റെ സ്വന്തം നാട്. ഈ ഇഷ്ടങ്ങളൊന്നും ഇട്ടെറിഞ്ഞ് ഇനി ജന്മനാടായ കിഴക്കൻ ഇംഗ്ലണ്ടിലേക്ക് മടങ്ങിപ്പോകാനാവില്ലെന്ന തിരിച്ചറിവിലാണ് ജീവിതസായന്തനത്തിൽ ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിച്ചത്. അങ്ങനെ ആയിരം

പൂർണചന്ദ്രന്മാരെ കണ്ട് ജീവിതം ധന്യമായിത്തീരുന്ന 84-ാം വയസ്സിൽ പെപിതാ സേത്ത് ഇന്ത്യൻ പൗരയായി. കലാ-സാംസ്‌കാരിക മേഖലകളിലെ സേവനങ്ങൾക്കുള്ള ആദരവായി 2012-ൽ രാജ്യം അവരെ പദ്മശ്രീ നൽകി ആദരിച്ചിരുന്നു. ബ്രിട്ടീഷ് പൗരത്വമുള്ള അക്കാലത്തും അവരുടെ പേര് ഉൾപ്പെട്ടിരുന്നത് കേരളത്തിൽനിന്നുള്ള പട്ടികയിലായിരുന്നു എന്നത് കൗതുകകരമാണ്. ബ്രിട്ടനുമായുള്ള പൊക്കിൾക്കൊടി ബന്ധം പൂർണമായി ഉപേക്ഷിച്ച അവരിപ്പോൾ ഇന്ത്യയുടെ, കേരളത്തിന്റെ പ്രിയപുത്രിയാണ്.

തിരികെ വിളിച്ച ഇന്ത്യ

വിക്ടർ റാംസെയുടെയും ക്രിസ്റ്റ്യൻ ഇർബിയുടെയും മകളായി കിഴക്കൻ ഇംഗ്ലണ്ടിലെ സഫോക്കിലായിരുന്നു പെപിതയുടെ ജനനം. കുട്ടിക്കാലം മുതലേ സിനിമയായിരുന്നു പ്രിയതട്ടകം. പതിനഞ്ചാം വയസ്സിൽ പഠനം നിർത്തി. പലവഴികളിൽ സിനിമ പഠിച്ചു. ഫിലിം എഡിറ്ററായി ജോലി ചെയ്തു. കൃഷിപ്പണിയിൽ മാതാപിതാക്കളുടെ സഹായിയായി. ഇതിനൊക്കെയിടയിലാണ് കേരളം ഒരു മോഹാവേശമായി പെപിതയ്ക്കൊപ്പം ചേർന്നത്.

ഇംഗ്ലണ്ടിൽ ഫിലിം എഡിറ്ററായി ജോലി നോക്കവേ 1970-ലാണ് പെപിത ആദ്യമായി ഇന്ത്യയിലെത്തിയത്. ബ്രിട്ടീഷ് ഇന്ത്യയിൽ പട്ടാളക്കാരനായിരുന്ന മുതുമുത്തച്ഛൻ ലിയോനാർഡ് ലോയ്ഡ് ഇർബിയുടെ ഡയറിത്താളുകൾ വായിച്ച് വശീകരിക്കപ്പെട്ടുള്ള വരവ്. അതേപ്പറ്റി അവർ പറഞ്ഞുതുടങ്ങി.

''എഴുപതുകൾ യൂറോപ്പിലെ ചെറുപ്പക്കാർ ലോകസഞ്ചാരം നടത്തുന്നകാലമായിരുന്നു. അക്കാലയളവിലാണ് എന്റെ അമ്മയുടെ മരണം. ജീവിതം വല്ലാത്തൊരു അവസ്ഥയിൽ എത്തിനിൽക്കുകയായിരുന്നു. മുത്തച്ഛന്റെ ഡയറിയിൽ നിന്ന് ഇന്ത്യയെപ്പറ്റി വായിച്ചറിഞ്ഞു.

ചൈനയിലേക്കുള്ള യാത്രയ്ക്കിടെ കപ്പൽ മുങ്ങി ഇന്ത്യൻ തീരത്തേക്ക് നീന്തിക്കയറുകയായിരുന്നു മുത്തച്ഛൻ. കൊൽക്കത്ത, ലഖ്നൗ... വിവിധ ഇന്ത്യൻ നഗരങ്ങളെ കുറിച്ച് മുത്തച്ഛൻ ഡയറിയിൽ എഴുതിയിട്ടുണ്ടായിരുന്നു. വായിച്ചുവായിച്ച് എനിക്കും ഇന്ത്യയോട് ഇഷ്ടം തോന്നിത്തുടങ്ങി.

അങ്ങനെയാണ് യാത്ര തുടങ്ങുന്നത്. വിമാനമാർഗം മുംബൈയിലെത്തി. കൊൽക്കത്തയിലേക്കും ലഖ്നൗവിലേക്കും പോയി. ബനാറസിലെത്തിയപ്പോൾ കടുത്ത ചൂട് താങ്ങാനാവാതെ രോഗബാധിതയായി. ആ യാത്രയിൽ ഇന്ത്യക്കാരുടെ സ്നേഹം മനസ്സിൽ പതിഞ്ഞു.

മുത്തച്ഛന്റെ വഴികൾ പിന്തുടർന്നുള്ള ആ സഞ്ചാരം രണ്ടര മാസംകൊണ്ടവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങിയെങ്കിലും ഇന്ത്യ തിരികെ വിളിച്ചുകൊണ്ടേയിരുന്നു. 1972-ലെ രണ്ടാമത്തെ വരവ് പക്ഷേ, ജീവിതംതന്നെ മാറ്റിമറിക്കുന്ന അനുഭവങ്ങളുടേതായി. ഈ യാത്രയ്ക്കിടെ കേരളത്തിലെത്തി.''

കേശവനെ കണ്ട്

കുഞ്ഞുന്നാളിലേയുള്ള ആനക്കമ്പമാണ് പെപിതയെ ഗുരുവായൂരിലെത്തിക്കുന്നത്. ''ഗുരുവായൂർ കേശവനെ കാണണമെന്നൊരു മോഹമുണ്ടായി. മദപ്പാടിലുള്ള കേശവനെ കാണാൻ ആരും അടുത്തു പോവാറില്ലെന്ന് അറിഞ്ഞെങ്കിലും ഞാൻ പിന്മാറായില്ല.'' കുഞ്ഞുന്നാളിൽ അച്ഛൻ സമ്മാനിച്ച ആനക്കുട്ടിപ്പാവയെ കെട്ടിപ്പിടിച്ചുറങ്ങിയിരുന്ന പെപിതയ്ക്ക് കേശവനെ കാണാതെങ്ങനെ മടങ്ങാൻ കഴിയും.

''തെക്കേനടയിലെ സാമൂതിരിപ്പറമ്പിൽ തളച്ചിരിക്കുന്ന ഗജരാജന്മാരുടെ കൂട്ടത്തിൽ കേശവനുമുണ്ട്. ക്യാമറയുമായി അടുത്തേക്ക് ചെന്നതും എന്റെനേരേ കേശവൻ പനമ്പട്ടയും മണ്ണും വാരി എറിയാൻ തുടങ്ങി.''

ആനയോടും ഫോട്ടോഗ്രാഫിയോടും പ്രണയമുള്ള പെപിതയ്ക്ക് ആ മനോഹര അവസരം പക്ഷേ, നഷ്ടപ്പെടുത്താനാവുമായിരുന്നില്ല. കേശവൻ വാരിയെറിയുന്ന മണ്ണും പട്ടയും ദേഹത്തുരുമ്മി കടന്നുപോകവേ നിക്കോൺ ക്യാമറ ബട്ടണിൽ അവരുടെ വിരലുകളമർന്നു. ആ ഗജവീരനെ ലോകശ്രദ്ധയിലെത്തിച്ച ഫോട്ടോയുടെ പിറവി. ഒപ്പം അസാധാരണമായ ഒരു സൗഹൃദത്തിനു തുടക്കമിട്ട മുഹൂർത്തമായും അതുമാറി. ഇന്നും ഗുരുവായൂർ ക്ഷേത്രത്തിൽ കേശവന്റെ ആ അപൂർവ ഫോട്ടോ സൂക്ഷിച്ചിട്ടുണ്ട്. ഫോട്ടോ പകർത്തിയ അതേ സ്ഥലത്താണ് പിന്നീട് ഗുരുവായൂർ കേശവന്റെ പൂർണകായ പ്രതിമ പണിതതും.

എല്ലാമെല്ലാമായി ഗുരുവായൂർ

ശേഷം പലതവണ കേരളത്തിൽ വന്നുപോയ പെപിത 1979-ൽ ഗുരുവായൂരിൽ വീടെടുത്തു സ്ഥിരതാമസം തുടങ്ങി. ആദ്യം ക്ഷേത്രത്തിനുള്ളിൽ പ്രവേശനാനുമതി ഇല്ലായിരുന്നെങ്കിലും അവർ നിരാശയായില്ല. ഒടുക്കം, അവരുടെ സമർപ്പണത്തിന്റെ ആഴമറിഞ്ഞ ദേവസ്വം ബോർഡ് 1981-ൽ ഹിന്ദു ആചാരപ്രകാരമുള്ള ക്ഷേത്രപ്രവേശനാനുമതി നൽകി. ഏഴു വർഷത്തോളം അവിടെ ചെലവഴിച്ച് പകർത്തിയ ഫോട്ടോകളും പഠനങ്ങളും ഉൾപ്പെടുത്തിയാണ് 'ഹെവൻ ഓൺ എർത്ത്; യൂണിവേഴ്‌സ് ഓഫ് കേരളാസ് ഗുരുവായൂർ ടെമ്പിൾ' പ്രസിദ്ധീകരിച്ചത്. ഗുരുവായൂർ ക്ഷേത്രസംബന്ധിയായ ഏറ്റവും ആധികാരികമായ ചരിത്രരേഖയായാണ് ഈ പുസ്തകം അറിയപ്പെടുന്നത്.

വിസ്മയിപ്പിച്ച് തെയ്യം

തെയ്യത്തിന്റെ മാസ്മരിക കാഴ്ചകളിലേക്കും ഇക്കാലത്ത് പെപിതയുടെ ക്യാമറക്കണ്ണുകൾ തിരിഞ്ഞു. ''1984-ൽ പയ്യന്നൂരിൽവെച്ച് യാദൃശ്ചികമായി തെയ്യം കാണാനിടയായതിൽപിന്നെ യാത്ര അതിനുപിന്നാലെയായി.'' ഫോട്ടോഗ്രാഫിയുടെ സാധ്യതയ്ക്കപ്പുറത്ത് ഈ കലയും കലാകാരൻമാരും പഠനവിധേയമാകേണ്ടതുണ്ടെന്ന തീരുമാനത്തിലേക്കാണവർ പിന്നീട് എത്തിയത്. വടക്കേ മലബാറിലെ തെയ്യപ്പറമ്പുകളിലൂടെ 12 വർഷത്തോളം അലഞ്ഞും കഥകൾ കേട്ടറിഞ്ഞും തെയ്യം കലാകാരൻമാരുടെ ജീവിതം കണ്ടറിഞ്ഞും അവർ തയ്യാറാക്കിയ പുസ്തകമാണ് 'ഇൻ ഗോഡ്‌സ് മിറർ: ദ തെയ്യംസ് ഓഫ് മലബാർ'. ജീവസ്സുറ്റ തെയ്യച്ചിത്രങ്ങൾക്കൊപ്പം ആ കലയുമായി ബന്ധപ്പെട്ട സകലതും അടയാളപ്പെടുത്തപ്പെട്ട പുസ്തകം. ലക്ഷ്മണൻ കരുവണ്ണാൻ, മുരളി പണിക്കർ തുടങ്ങിയ തെയ്യം കലാകാരൻമാരുടെ വീടുകളിൽ ദിവസങ്ങളോളം താമസിച്ചായിരുന്നു പഠനം. ഇന്നും ആ വീടുകളിൽ പെപിത കുടുംബാഗംപോലെയാണ്. പെപിതയുടെ തൃശ്ശൂരിലെ വീട് 'തെയ്യക്കാഴ്ച'കളാൽ നിറഞ്ഞിരിക്കുന്നതിൽ അദ്ഭുതമില്ല. വടക്കേ മലബാറിലെ പ്രിയപ്പെട്ടവർ നൽകിയ സമ്മാനങ്ങളാണവയൊക്കെയും.

മുറിച്ചുമാറ്റാത്ത 'സേത്ത് '

1986-ലായിരുന്നു ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് നടൻ റോഷൻ സേത്തു മായുള്ള പെപിതയുടെ വിവാഹം. റിച്ചാർഡ് അറ്റൻബറോയുടെ വിഖ്യാത ചിത്രമായ 'ഗാന്ധി'യിൽ ജവാഹർലാൽ നെഹ്റുവിന്റെ വേഷം ചെയ്ത നടനാണ് റോഷൻ സേത്ത്. സിനിമ തന്നെയായിരുന്നു ഇരുവരെയും ഒന്നിപ്പിച്ചത്. പക്ഷേ, പെപിത കേരളത്തിലും സേത്ത് ഡൽഹിയിലും തുടർന്നതോടെ ഏതാനും വർഷത്തിനകം ബന്ധത്തിൽ ഉലച്ചിൽവന്നു. പിന്നീട് 2004-ൽ ഇരുവരും നിയമപരമായി വിവാഹമോചനം നേടിയെങ്കിലും പേരിലെ രണ്ടാം ഭാഗം പെപിത ഉപേക്ഷിച്ചില്ല.

ആനയും പൂരവും തെയ്യവും കലയും ഈ നാട്ടിലെ മനുഷ്യരും മനംകുളിർപ്പിക്കുന്ന പച്ചപ്പും കണ്ടുതീരാത്ത മോഹക്കാഴ്ചയായി പെപിതയെ ഇന്നും ഭ്രമിപ്പിച്ചുകൊണ്ടിരിക്കുന്നു. പിറകിലുപേക്ഷിച്ചുപോന്ന ജന്മനാടും ബന്ധങ്ങളും അവരിൽ നഷ്ടബോധത്തിന്റെ നിഴൽചലനങ്ങളായി മാറാത്തത് അതുകൊണ്ടുകൂടിയാവാം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi