
''പുറമേനിന്ന് നോക്കുന്നവര്‍ക്കാണ് ഇതൊക്കെ ബുദ്ധിമുട്ടായി തോന്നുന്നത്. പഠനത്തിനൊപ്പം എന്തെങ്കിലും ജോലി ചെയ്യണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് സന്തോഷത്തോടെയാണ് ഞാന്‍ പത്രവിതരണം നടത്തിയത്.'' നീറ്റ് പരീക്ഷയില്‍ മികച്ച വിജയം സ്വന്തമാക്കിയ റിസ്വാനയുടെ വാക്കുകളാണിത്. ഡോക്ടര്‍ എന്ന സ്വപ്‌നത്തിലേക്കുള്ള ദൂരയാത്ര പകുതി പിന്നിട്ടതിന്റെ സന്തോഷമായിരുന്നു റിസ്വാനയുടെ മുഖത്ത്.
തമിഴ്‌നാട് നാമക്കല്‍ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. പഠനം ആരംഭിച്ച റിസ്വാന, സന്തോഷങ്ങള്‍ക്കും പഠനത്തിരക്കുകള്‍ക്കുമിടയില്‍ മറക്കാതെ ചെയ്യുന്ന ഒരു കാര്യമുണ്ട്; പത്രവിതരണം. എട്ടാംക്ലാസ് മുതല്‍ ആരംഭിച്ച പത്രവിതരണം ഇപ്പോഴും ഒരു മടിയുമില്ലാതെ ചെയ്യാന്‍ തയ്യാറാണ് ഈ മിടുക്കി. മുപ്പത് വര്‍ഷത്തിലേറെയായി വടക്കാഞ്ചേരിയിലെ 'മാതൃഭൂമി' ഏജന്റും ഓട്ടോറിക്ഷ ഡ്രൈവറുമായ കെ.എ. യാക്കൂബിന്റെയും റംലത്തിന്റെയും മൂന്ന് പെണ്‍മക്കളില്‍ മൂത്തവളാണ് റിസ്വാന. പത്രക്കെട്ടുകളുമായി എന്നും വീട്ടില്‍നിന്നിറങ്ങുന്ന ഉപ്പ, റിസ്വാനയ്ക്കും സഹോദരി ഫര്‍സാനയ്ക്കും പതിവുകാഴ്ചയായിരുന്നു. കൗതുകത്തിന് ഉപ്പയ്‌ക്കൊപ്പം യാത്ര തുടങ്ങിയ റിസ്വാനയ്ക്ക് അവിചാരിതമായി പത്രവിതരണജോലി ഏറ്റെടുക്കേണ്ടിവന്നു. പുതിയ അനുഭവങ്ങളിലേക്കുള്ള യാത്രകൂടിയായി അതുമാറി.
തൃശ്ശൂര്‍ വടക്കാഞ്ചേരി പനങ്ങാട്ടുകര നിവാസികള്‍ക്ക് റിസ്വാന ന്യൂസ്പേപ്പര്‍ ഗേള്‍ ആണ്. പുലര്‍കാലങ്ങളില്‍ നാട്ടിടവഴികളിലൂടെ പത്രക്കെട്ടുമായി സൈക്കിള്‍ ചവിട്ടിപ്പോയിരുന്ന പെണ്‍കുട്ടി ആദ്യം നാട്ടുകാര്‍ക്ക് കൗതുകക്കാഴ്ചയായിരുന്നു. പോകപ്പോകെ പരീക്ഷകളിലെല്ലാം ഉയര്‍ന്ന മാര്‍ക്ക് നേടി ഈ മിടുക്കി നാടിന്റെ അഭിമാനമായി. ഏറ്റവും ഒടുവില്‍ നീറ്റ്പരീക്ഷയില്‍ 720-ല്‍ 617 മാര്‍ക്ക് നേടി റിസ്വാന എല്ലാവരെയും ഒരിക്കല്‍ക്കൂടി ഞെട്ടിച്ചു. 'മാതൃഭൂമി'യുടെ പനങ്ങാട്ടുകര ഏജന്റ് കൂടിയായ ഈ മിടുക്കി പഠനത്തിനൊപ്പം ചെറിയ വരുമാനവും സമ്പാദിച്ച് പ്രചോദനമാകുകയാണ്.

പത്രവിതരണത്തിലേക്ക് വരാന്‍ കാരണമായ സംഭവം ഓര്‍ത്തുകൊണ്ട് റിസ്വാന സംസാരത്തിന് തുടക്കമിട്ടു. ''ലോക്‌ഡൗൺ സമയത്ത് പത്രവിതരണം കണ്ടുപഠിക്കാനായി ഉപ്പച്ചിക്കൊപ്പം പോകുമായിരുന്നു. അങ്ങനെ എല്ലാം പഠിച്ചെടുത്തുവരുമ്പോഴാണ് ഒരുദിവസം ഉപ്പച്ചിക്ക് ആക്സിഡന്റാകുന്നത്. കൈയ്ക്കായിരുന്നു പരിക്ക്. ഓപ്പറേഷന്‍ കഴിഞ്ഞ് ഉപ്പച്ചിക്ക് പൂര്‍ണവിശ്രമം ആവശ്യമായിവന്നു. ഉപ്പച്ചി എഴുന്നൂറോളം വീടുകളില്‍ പത്രമിട്ടിരുന്നു. അടുത്തുള്ള നൂറ് വീടുകളില്‍ പത്രമിടാമെന്ന് ആദ്യം ഞാന്‍ തീരുമാനിച്ചു. അങ്ങനെ നാലരമണിക്ക് എഴുന്നേല്‍ക്കാന്‍ തുടങ്ങി. ആദ്യമൊക്കെ മടിയായിരുന്നു. പേടിയും. പിന്നെ അതെല്ലാം മാറി. വീട്ടിലെ ഏക വരുമാനമാര്‍ഗമാണല്ലോ. അതാലോചിച്ചപ്പോള്‍ താത്പര്യം ഇരട്ടിച്ചു. വൈകാതെ ഫര്‍സാനയും(സഹോദരി) പത്രമിടാന്‍ ഒപ്പംവന്നു. അതിരാവിലെ പത്രക്കെട്ടുമായി ഞങ്ങള്‍ വീട്ടില്‍നിന്നിറങ്ങും. ആറര കഴിഞ്ഞ് തിരിച്ചുവരും. പിന്നെ ഓണ്‍ലൈന്‍ ക്ലാസ്... പഠനം. നീറ്റ് പരീക്ഷാ പരിശീലനത്തിനായി ഒരുവര്‍ഷത്തോളം വീട്ടില്‍നിന്ന് മാറിനിന്നപ്പോള്‍ മാത്രമാണ് പത്രവിതരണം മുടങ്ങിയത്.''
പ്ലസ്ടുവിന് 1200-ല്‍ 1193 മാര്‍ക്ക് നേടിയതോടെയാണ് റിസ്വാന തന്റെ സ്വപ്‌നത്തിലേക്കുള്ള ആദ്യപ്രയാണം ആരംഭിച്ചത്. ഡോക്ടറാവുകയല്ലാതെ മറ്റൊരു വഴിയും തന്റെ മുന്നിലില്ലെന്ന് തിരിച്ചറിഞ്ഞ സന്ദര്‍ഭങ്ങളും റിസ്വാനയുടെ സംസാരത്തില്‍ നിറഞ്ഞു. ''മെഡിക്കല്‍ ഫീല്‍ഡിനോട് ആദ്യം മുതലേ താത്പര്യമായിരുന്നു. പിന്നെ കൂട്ടുകാരെല്ലാം എം.ബി.ബി.എസിനാണ് പഠിക്കുന്നത്. കോളേജിലെ അവരുടെ വിശേഷങ്ങള്‍ കേള്‍ക്കുമ്പോഴെല്ലാം എന്റെ താത്പര്യം കൂടിവന്നു. നഴ്സിങ് പഠിക്കാമെന്നായിരുന്നു ആദ്യത്തെ ആലോചന. പ്ലസ്ടു ഫലം വന്ന സമയത്ത് ഉപ്പച്ചിയുടെ ബന്ധത്തിലുള്ള ഒരു ഇത്ത വിളിച്ചു. ഒളരി മദര്‍ ഹോസ്പിറ്റലില്‍ നഴ്സ് ആണ് ഇത്ത. അവരുടെ മകള്‍ ഡോക്ടറാണ്. മെഡിക്കല്‍ ഫീല്‍ഡ് നിനക്ക് പറ്റുമെന്ന് പറഞ്ഞ് അവര്‍ എന്നെ പ്രോത്സാഹിപ്പിച്ചു. അപ്പോള്‍ മുതല്‍ ഞാന്‍ മെഡിക്കല്‍ ഫീല്‍ഡിനെപ്പറ്റി ഗൗരവത്തോടെ ആലോചിക്കാന്‍ തുടങ്ങി. പ്ലസ്ടു നല്ല മാര്‍ക്കോടെ പാസായപ്പോള്‍ എന്നെപ്പറ്റി ധാരാളം വാര്‍ത്തകള്‍ ചാനലുകളിലും മറ്റും വന്നു. അതുകണ്ട് ഒരുപാട് നീറ്റ് പരീക്ഷാപരിശീലനകേന്ദ്രങ്ങളില്‍നിന്ന് വിളിവന്നു. പാലായിലുള്ള ഒരു കേന്ദ്രം സൗജന്യമായി പരിശീലനം നല്‍കാമെന്ന് പറഞ്ഞു. അങ്ങനെ അവിടെയെത്തി.
അവിടെയെത്തിയപ്പോള്‍ പഠനത്തെപ്പറ്റി കൃത്യമായ ധാരണ വന്നു. ഒരുവര്‍ഷം പഠനം മാത്രമായിരുന്നു. ഒന്നോ രണ്ടോ തവണമാത്രം വീട്ടിലേക്ക് വന്നു. രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് പഠനം തുടങ്ങും. ഏഴുമണി മുതല്‍ ക്ലാസ്. സ്വന്തം ഇഷ്ടാനുസരണം പഠിക്കാനും തീരുമാനങ്ങളെടുക്കാനും കഴിയുന്ന അന്തരീക്ഷമായതുകൊണ്ട് കൂടുതല്‍ എളുപ്പമായി. നീറ്റ് പരീക്ഷയിലെ വിജയം അതിന്റെകൂടി ഫലമാണ്.''
പത്രവിതരണം തനിക്ക് നേട്ടങ്ങളും പുതിയ അനുഭവങ്ങളും മാത്രമാണ് തന്നിട്ടുള്ളതെന്ന് പറയുന്ന റിസ്വാന ഈ വിജയത്തില്‍ പത്രങ്ങള്‍ക്കുള്ള പങ്കിനെപ്പറ്റിയും വാചാലയായി. ''പത്രമിടുന്നത് ഒരിക്കലും ബുദ്ധിമുട്ടേറിയതോ മോശം ജോലിയായിട്ടോ ഞാന്‍ കണ്ടിട്ടില്ല. പുറമേനിന്ന് നോക്കുന്നവരുടെ അഭിപ്രായമാണത്. ആദ്യം എനിക്കും ഈ ജോലിയെപ്പറ്റി ആലോചിച്ച് ടെന്‍ഷനുണ്ടായിരുന്നു. ഉപ്പച്ചി എന്തിനും കൂടെനിന്നു. അതോടെ എല്ലാം എളുപ്പമായി. അതുപോലെ ഉപ്പച്ചി പറയും, പത്രം വിതരണം ചെയ്യുന്നതിനുമുന്‍പ് അത് വായിക്കണമെന്ന്. 'നീറ്റില്‍' നല്ല മാര്‍ക്ക് നേടാനായതിന്റെ ഒരു കാരണം പത്രവായനയാണ്. പിന്നെ ഇഷ്ടത്തോടെ കാര്യങ്ങള്‍ ചെയ്യാനുള്ള മനസ്സുണ്ടെങ്കില്‍ നമുക്ക് സാധ്യമല്ലാത്തതായി ഒന്നുമില്ല. ഇപ്പോള്‍ വീട്ടിലേക്ക് വരുമ്പോഴെല്ലാം പത്രമിടാന്‍ പോകാറുണ്ട്. ആ ജോലിയോടുള്ള താത്പര്യം ഒരിക്കലും മാറില്ല.''

വീട്ടിലെ തിരക്കുകള്‍ക്കിടയിലും മുഖത്തെ സന്തോഷം മറയ്ക്കാനായില്ല ഉപ്പ യാക്കൂബിന്. കൈയെത്തിപ്പിടിക്കാനാകില്ലെന്ന് കരുതിയ സ്വപ്‌നം സഫലമായതിന്റെ സന്തോഷം അദ്ദേഹം വാക്കുകളിലാക്കി. ''എല്ലാവരും മോളെ ഡോക്ടറാക്കാന്‍ പഠിപ്പിക്കൂ എന്ന് പറഞ്ഞപ്പോഴും സാധിക്കില്ലെന്ന നിരാശയായിരുന്നു ഞങ്ങള്‍ക്ക്. തീര്‍ത്തും സാധാരണമായ ജീവിതചുറ്റുപാടായിരുന്നു. പത്രമിട്ടും ഓട്ടോ ഓടിച്ചും കിട്ടുന്ന വരുമാനംകൊണ്ടാണ് മുന്നോട്ടുപോയിരുന്നത്. ഡോക്ടറാകാനുള്ള പഠിപ്പ് ചെലവേറിയതാണല്ലോ. മോള് പക്ഷേ, നന്നായി പഠിക്കുന്നതുകൊണ്ട് ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. നന്നായി പഠിക്കാന്‍ തയ്യാറാണെങ്കില്‍ സാമ്പത്തികമൊന്നും വലിയ പ്രശ്‌നമല്ലെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. വീട്ടിലെ പ്രയാസങ്ങള്‍ സ്വയം മനസ്സിലാക്കിയാണ് മോള് വളര്‍ന്നത്. അതുകൊണ്ടുതന്നെ ലക്ഷ്യബോധത്തോടെ അവള്‍ പഠിച്ചു. ഇപ്പോള്‍ അതിന്റെ ഫലമുണ്ടായി.''
കുടുംബവും നാടും നല്‍കിയ പിന്തുണ മറക്കാനാകില്ലെന്ന് പറഞ്ഞുതുടങ്ങിയ റിസ്വാന, പഠനത്തിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്ന ആത്മവിശ്വാസം പങ്കുവെച്ചു. എം.ബി.ബി.എസ്. പഠിക്കാനാണ് താത്പര്യമെന്ന് പറഞ്ഞപ്പോള്‍ ഉപ്പച്ചി ഒറ്റ ചോദ്യമേ ചോദിച്ചുള്ളൂ, ''നിനക്ക് താങ്ങാന്‍ പറ്റുമോ?'' എന്ന്. നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്യേണ്ട പഠനമേഖലയാണല്ലോ. ഉപ്പച്ചിയുടെ ആശങ്ക സ്വാഭാവികമാണ്. എന്റെ താത്പര്യം കണ്ടതോടെ രണ്ടുപേരും ഒപ്പംനിന്നു. പിന്നെ എന്ത് സഹായത്തിനും നാട്ടുകാര്‍ ഒപ്പമുണ്ടാകും. നമ്മുടെ വിജയങ്ങളില്‍ നമ്മളേക്കാള്‍ സന്തോഷിക്കുന്നത് അവരാണ്.
സ്വന്തമായി കഠിനാധ്വാനം ചെയ്ത് പഠിച്ചാലേ നീറ്റ് പരീക്ഷ ജയിക്കാന്‍ സാധിക്കൂ. ഒട്ടും ധാരണയില്ലാതെയാണ് ഞാന്‍ നീറ്റ് പരിശീലനത്തിന് പോയത്. അവിടെയെത്തിയപ്പോള്‍ യാഥാര്‍ഥ്യം മനസ്സിലാക്കുകയും അതിനനുസരിച്ച് പഠിക്കാനും തുടങ്ങി. ആദ്യശ്രമത്തില്‍തന്നെ കിട്ടുമെന്ന് വിചാരിച്ചില്ല. പരമാവധി കാര്യങ്ങള്‍ പഠിച്ചു. അതിന്റെ ഫലമുണ്ടായി. ഗൈനക്കോളജിയില്‍ സ്പെഷ്യലൈസ് ചെയ്യണമെന്നാണ് ആഗ്രഹം. പഠനം പുരോഗമിക്കുമ്പോള്‍ ഈ തീരുമാനത്തില്‍ മാറ്റം വന്നേക്കും.
Content Highlights: riswana, newspaper girl, inspiring story
Published: 21 Nov 2023, 10:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented