''ഇത്തിരി അഡ്വഞ്ചറസാണ് ഞാന്‍, ഒരു എക്‌സ്ട്രാ ധൈര്യം...അതെന്റെ രക്തത്തിലുള്ളതാണ്...'' നീളന്‍ മുടി ഒരുവശത്തേക്ക് മാടിയൊതുക്കി മാത്യു കുഴല്‍നാടന്‍ പറയുമ്പോള്‍ 'ദ കിങ്' എന്ന സിനിമയിലെ മമ്മൂട്ടിയുടെ ഡയലോഗാണ് ഓര്‍ത്തുപോയത്. രാഷ്ട്രീയത്തിന്റെ ഗോദയില്‍ നിലപാടുകളുടെ കരുത്തില്‍ നില്‍ക്കുമ്പോള്‍ മാത്യു എന്ന മൂവാറ്റുപുഴ എം.എല്‍.എ.യ്ക്ക് ഈ ഡയലോഗ് നന്നായി ചേരും. അധികാരത്തിന്റെ രാജവേദികളിലിരിക്കുന്നവരോട് പോലും നിര്‍ഭയനായി ഏറ്റുമുട്ടാന്‍ മാത്യുവിന് കഴിയുന്നത് ആ എക്‌സ്ട്രാ ധൈര്യത്തില്‍ തന്നെയാണെന്ന് അയാളെ അറിയുന്നവരും സമ്മതിക്കും. രാഷ്ട്രീയകേരളത്തില്‍ കുറഞ്ഞകാലംകൊണ്ട് തന്റേതായ ഒരിടം സൃഷ്ടിച്ച മാത്യു അതേസമയം കലാകായികപ്രേമിയായ സാധാരണ മനുഷ്യനുമാണ്. മാത്യുവിന്റെ വിശേഷങ്ങള്‍ അതിന് അടിവരയിടുന്നു.

''മാത്യുവിനൊപ്പം ഈ കുഴല്‍നാടന്‍ എങ്ങനെ വന്നു?'' ചോദ്യം കേട്ടപ്പോള്‍ ഇതുതന്നെയാണ് താന്‍ ആദ്യം പ്രതീക്ഷിച്ചതെന്ന മട്ടില്‍ ഒരു പൊട്ടിച്ചിരിയായിരുന്നു മാത്യുവിന്റെ മറുപടി. ''എന്റെ പേര് കേള്‍ക്കുമ്പോള്‍ പലരും രമേശ് ചെന്നിത്തലയുടെയോ കൊടിക്കുന്നില്‍ സുരേഷിന്റെയോ ഒക്കെ പേരുപോലെ ഒന്നാണെന്ന് കരുതുന്നുണ്ടാകും. രാഷ്ട്രീയത്തില്‍ വന്ന ശേഷം ചേര്‍ത്തതാകും ഈ പേര് എന്ന് എല്ലാവരും കരുതുന്നതും സ്വാഭാവികം. എന്നാല്‍ എന്റെ പേരിനൊപ്പം കുഴല്‍നാടന്‍ എന്ന് ചേര്‍ത്തത് എല്‍.കെ.ജി.യിലെ പ്രവേശന സമയത്താണ്. അപ്പച്ചന്‍ അന്ന് മാത്യു കുഴല്‍നാടന്‍ എന്ന പേര് പറഞ്ഞപ്പോള്‍ ടീച്ചറിനും വലിയ അദ്ഭുതമായിരുന്നു. അപ്പച്ചന്റെ മൂത്ത സഹോദരിയാണ് സത്യത്തില്‍ ഈ പേരിന്റെ കാരണക്കാരി. പുതിയ വീട് വെച്ചപ്പോള്‍ റോസ് വില്ല എന്ന പേരിട്ടത് അമ്മായിക്ക് ഇഷ്ടമായില്ല. അപ്പച്ചനോട് അക്കാര്യം പറഞ്ഞ് അമ്മായി ദേഷ്യപ്പെട്ടിരുന്നു. അതോടെയാണ് മൂത്ത മക്കള്‍ക്കൊക്കെ പോള്‍ കെ. എബ്രഹാം, ഷൈബി കെ. എബ്രഹാം, മിനി കെ. എബ്രഹാം, സിനി കെ. എബ്രഹാം എന്നൊക്കെ പേരിട്ട അപ്പച്ചന്‍ എന്റെ മൂത്ത ചേട്ടന് വര്‍ഗീസ് കുഴല്‍നാടന്‍ എന്നും എനിക്ക് മാത്യു കുഴല്‍നാടന്‍ എന്നും സ്‌കൂളില്‍ ചേര്‍ത്ത സമയത്ത് പേരിട്ടത്.'' മാത്യു, കുഴല്‍നാടനായ കഥ പറഞ്ഞു.

placeholder
കുഴല്‍നാടന്‍ എന്ന പേര് കുട്ടിക്കാലം മുതല്‍ ലോ കോളേജിലെ പഠനകാലം വരെ രസകരമായ കുറേ കഥകളും മാത്യുവിന് സമ്മാനിച്ചിട്ടുണ്ട്. ''സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ കുഴല്‍നാടന്‍ എന്ന പേര് എനിക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല. റോഷ് മാത്യുവും പ്രദീപ് നാരായണും കോളിന്‍സ് വര്‍ഗീസുമൊക്കെയായിരുന്നു എല്‍.കെ.ജി.യില്‍ എന്റെ കൂട്ടുകാര്‍. അവര്‍ക്കൊക്കെ നല്ല പേരുള്ളപ്പോള്‍ ഞാന്‍ മാത്രം കുഴല്‍നാടനായല്ലോ എന്ന സങ്കടമായിരുന്നു. അറ്റന്‍ഡന്‍സ് വിളിക്കുമ്പോഴും പരിപാടികള്‍ക്ക് പേര് വിളിക്കുമ്പോഴുമൊക്കെ പലപ്പോഴും ടീച്ചര്‍മാര്‍ കുഴല്‍നാടന്‍ എന്നത് തെറ്റായി ഉച്ചരിക്കും. അതുകേട്ട് കുട്ടികളെല്ലാം ചിരിക്കും. അത് കാണുമ്പോള്‍ എനിക്ക് ദേഷ്യവും സങ്കടവുമൊക്കെ തോന്നിയിട്ടുണ്ട്. ലോ കോളേജില്‍ പഠിക്കുമ്പോള്‍ അവിടത്തെ സൂസന്‍ ടീച്ചര്‍ എന്നെ 'കുഴല്‍ ആനന്ദന്‍' എന്നാണ് വിളിച്ചിരുന്നത്. ഇംഗ്ലീഷില്‍ എന്റെ പേര് വായിക്കുമ്പോള്‍ കുഴല്‍ ആനന്ദന്‍ എന്നും വായിക്കാമല്ലോ എന്ന് ടീച്ചര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ശരിയാണെന്ന് എനിക്കും തോന്നി. പഠനകാലമൊക്കെ കഴിഞ്ഞ് ചിന്തിച്ചപ്പോഴാണ് എന്റെ പേരിന്റെ പ്രത്യേകതയുടെ ആഴം എനിക്ക് മനസ്സിലായത്. ഇപ്പോള്‍ ഈ പേര് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷവും അഭിമാനവും നല്‍കുന്ന ഒന്നു തന്നെയാണ്.'' മാത്യു പറയുന്നു.

പ്രീഡിഗ്രിയും പുറത്താക്കലും
പഠനകാലത്തെ വിശേഷങ്ങള്‍ പറഞ്ഞിരിക്കുമ്പോഴാണ് മാത്യു ജീവിതത്തില്‍ നേരിട്ട വലിയ സങ്കടങ്ങളിലൊന്ന് പങ്കുവെച്ചത്. ''അപ്പച്ചന് എന്നെ ഡോക്ടറാക്കണമെന്നായിരുന്നു ആഗ്രഹം. അതുകൊണ്ടാണ് പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ എന്നെ കോതമംഗലം എം.എ. കോളേജില്‍ സെക്കന്‍ഡ് ഗ്രൂപ്പിന് ചേര്‍ത്തത്. പക്ഷേ, പ്രീഡിഗ്രി പരീക്ഷ എനിക്ക് സമ്മാനിച്ചത് അപമാനത്തിന്റെയും വേദനയുടെയും വലിയ അനുഭവമാണ്. പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്ന് ആരോപിച്ച് ടീച്ചര്‍ എന്നെ പിടിച്ചു. സത്യത്തില്‍ പിടിക്കപ്പെട്ട കുറിപ്പ് എന്റെ അടുത്തിരുന്ന കുട്ടി കൊണ്ടുവന്നതായിരുന്നു. ഞാന്‍ ആണയിട്ട് കാര്യങ്ങള്‍ പറഞ്ഞിട്ടും ടീച്ചര്‍ സത്യം മനസ്സിലാക്കുകയോ എന്നെ വിശ്വസിക്കുകയോ ചെയ്തില്ല. പരീക്ഷയില്‍നിന്ന് എന്നെ പുറത്താക്കിയപ്പോള്‍ ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെട്ടവന്റെ തീരാവേദനയിലായിരുന്നു ഞാന്‍. അതോടെ ഡോക്ടര്‍ എന്ന അപ്പച്ചന്റെ സ്വപ്‌നം കൂടിയാണ് വീണുടഞ്ഞത്. പിന്നീടാണ് ഞാന്‍ ലോ കോളേജില്‍ ചേര്‍ന്നതും ജീവിതം മറ്റൊരു വഴിയിലേക്ക് ഒഴുകിയതും.'' മാത്യു ലോ കോളേജിലെത്തിയ കഥ പറഞ്ഞു.

ജെ.എന്‍.യുവിലെ പ്രണയം
കുടുംബവിശേഷങ്ങള്‍ ചോദിക്കാന്‍ തുടങ്ങുമ്പോഴാണ് മാത്യുവിന്റെ ഫോണിലേക്ക് ഒരു വിളി വന്നത്. തിരുവനന്തപുരത്ത് നിന്നുള്ള ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ ഭാര്യയാണെന്ന് മനസ്സിലായി. ''കുടുംബം തിരുവനന്തപുരത്താണ് താമസിക്കുന്നത്. ഭാര്യ എല്‍സ കാതറിന്‍ ജുഡീഷ്യല്‍ ഓഫീസറാണ്. മകന്‍ ആര്‍ഡന്‍ എബ്രഹാം യു.കെ.ജി.യില്‍ പഠിക്കുന്നു. 2004-ല്‍ ജെ.എന്‍.യു.വില്‍ പിഎച്ച്.ഡി. ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് എല്‍സയെ പരിചയപ്പെടുന്നത്. പരിചയം പ്രണയത്തിലെത്തിയതോടെ ഒരുമിച്ചാകണം ഇനിയുള്ള ജീവിതമെന്ന തീരുമാനത്തിലെത്തി. അന്നും ഇന്നും ഞങ്ങള്‍ നേരിടുന്ന വലിയൊരു പ്രശ്‌നം തിരക്കാണ്. രാഷ്ട്രീയത്തില്‍ ഞാനും ജുഡീഷ്യറിയില്‍ എല്‍സയും വളരെ തിരക്കിലായതുകൊണ്ടുതന്നെ  പരസ്പരം അത് മനസ്സിലാക്കിത്തന്നെയാണ് മുന്നോട്ടുപോകുന്നത്. 
എന്റെ രാഷ്ട്രീയജീവിതത്തില്‍ പങ്കാളിയുടെ പിന്തുണയും സഹകരണവും ഏറെ പ്രധാനമാണ്. എല്‍സ അത് മനസ്സിലാക്കുന്ന ഒരാളാണ് എന്നത് തന്നെയാണ് എന്റെ ഏറ്റവും വലിയ സന്തോഷവും ഭാഗ്യവും.'' മാത്യു പ്രണയവും ജീവിതവും വാക്കുകളില്‍ വരച്ചിട്ടു.

ഇത്തിരിനേരം ഒരുമിച്ച്
കുടുംബത്തിലെ സന്തോഷനിമിഷങ്ങള്‍ക്ക് ഏറെ വില കല്പിക്കുന്ന മാത്യു അതിനായി കണ്ടെത്തുന്ന ഇടം വീട് തന്നെയാണ്. ''വീട്ടിലെത്തിയാല്‍ എന്റെയും എല്‍സയുടെയും ഏറ്റവും വലിയ സന്തോഷം ഒരുമിച്ചിരുന്ന് സംസാരിക്കുന്നതാണ്. എത്ര വലിയ തിരക്കുകള്‍ക്കിടയിലും ഞങ്ങള്‍ ഒരുമിച്ചിരുന്ന് സംസാരിക്കും. രണ്ടാളും തിരക്കുള്ള മേഖലയിലായതിനാല്‍ ഒരുമിച്ച് കിട്ടുന്ന നിമിഷങ്ങള്‍ ഏറെ വിലമതിക്കുന്നുണ്ട്. സത്യത്തില്‍ കുറച്ച് ദിവസം കിട്ടിയാല്‍ ഒരു യാത്ര പോകുന്നതിനെക്കാള്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത് വീട്ടില്‍ ഒന്നിച്ചിരിക്കാനും സംസാരിക്കാനുമൊക്കെയാണ്. 
മോന് പരമാവധി സന്തോഷനിമിഷങ്ങള്‍ സമ്മാനിക്കാനും ശ്രദ്ധിക്കും. അവനൊപ്പം പരമാവധി സമയം ചെലവഴിക്കാന്‍ ഞങ്ങള്‍ ശ്രമിക്കാറുണ്ട്. ഞങ്ങളുടെ തിരക്കുകൊണ്ട് അവന്റെ ബാല്യവും സന്തോഷവും ഒരിക്കലും നഷ്ടപ്പെടരുതല്ലോ.'' മാത്യു പറയുന്നു.

മുടിയും ടീഷര്‍ട്ടും
കുടുംബ വിശേഷങ്ങളില്‍നിന്ന് ഇഷ്ടങ്ങളിലേക്ക് സംസാരം കൂടുമാറിയപ്പോഴാണ് മാത്യുവിന്റെ മുടിയെക്കുറിച്ച് ചോദിച്ചത്. ''എന്റെ മുടി പലരുടെയും സംശയത്തിലുള്ള കാര്യമാണ്. ഇത് വിഗ് ആണെന്ന് പറയുന്നവരുമുണ്ട്. പക്ഷേ, ഈ മുടി എന്റെ സ്വകാര്യ അഹങ്കാരം തന്നെയാണ്. കുട്ടിക്കാലത്ത് മുള്ളന്‍പന്നിയുടേത് പോലെ തെറിച്ചുനിന്ന മുടിയായിരുന്നു. അതുപറഞ്ഞ് പലരും എന്നെ കളിയാക്കിയിട്ടുമുണ്ട്. പക്ഷേ, കുറച്ചുകാലം കഴിഞ്ഞപ്പോള്‍ മുടി ഞാന്‍ ചീകിയൊതുക്കി ഒരു വിധം നിയന്ത്രണത്തിലാക്കി. ഇപ്പോള്‍ എന്റെ ശരീരത്തിലെ സമൃദ്ധിയാണ് ഈ മുടി. 
രാഷ്ട്രീയക്കാരനായാല്‍ വെള്ളമുണ്ടും ഷര്‍ട്ടും മാത്രമേ ധരിക്കാവൂ എന്നാണ് പലരുടെയും മുന്‍വിധി. പക്ഷേ, ഞാന്‍ ജീന്‍സും ടീ ഷര്‍ട്ടുമൊക്കെ ധരിക്കുന്ന ആളാണ്. പഠനകാലം മുതല്‍ ഓരോരോ കാലത്തിന് അനുസരിച്ച് ഞാന്‍ വേഷങ്ങളും മാറ്റിയിട്ടുണ്ട്. രാഷ്ട്രീയത്തില്‍ തിരക്കായതോടെ ഫിറ്റ്നസ് നന്നായി നോക്കാന്‍ പറ്റുന്നില്ല എന്ന വിഷമമുണ്ട്. എന്നാലും നടത്തം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇപ്പോഴും സമയം കണ്ടെത്താറുണ്ട്.'' മാത്യു ഇഷ്ടങ്ങളെക്കുറിച്ച് പറഞ്ഞു.

വേട്ടയാടലും എക്‌സ്ട്രാ ധൈര്യവും 
രാഷ്ട്രീയ ചോദ്യങ്ങളിലേക്ക് വന്നപ്പോള്‍ മാത്യുവിന്റെ മുഖത്ത് ഗൗരവത്തിന്റെ കടുപ്പം. മുഖത്ത് കണ്ണട ഒന്നു കൂടി ഉറപ്പിച്ചുവെച്ചാണ് മറുപടി പറഞ്ഞത്. ''രാഷ്ട്രീയത്തില്‍ കൃത്യമായ നിലപാടുകളുള്ള വ്യക്തിയാണ് ഞാന്‍. അതിന്റെ പേരില്‍ നിരന്തരം വേട്ടയാടപ്പെടാറുമുണ്ട്. അപ്രിയ സത്യങ്ങള്‍ വിളിച്ചുപറയുമ്പോള്‍ ശത്രുക്കളും എതിരാളികളും കൂടുന്നത് സ്വാഭാവികമാണ്.  എക്സ്ട്രാ ധൈര്യം എന്റെ രക്തത്തിലുള്ളതാണ്. എന്റെ രാഷ്ട്രീയ പ്രസ്ഥാനത്തില്‍ ഉറച്ചുനിന്ന് പോരാടുന്നത് നാടിനും ജനങ്ങള്‍ക്കും വേണ്ടിയാണെന്ന ഉത്തമബോധ്യമുണ്ട്. എതിര്‍വശത്ത് അനീതി കാണിക്കുന്നത് മന്ത്രിയായാലും മുഖ്യമന്ത്രിയായാലും ഞാന്‍ അത് ചൂണ്ടിക്കാട്ടും. മുഖ്യമന്ത്രിയ്‌ക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ എന്നെ ഇടതുപക്ഷവും അധികാരകേന്ദ്രങ്ങളും തുടര്‍ച്ചയായി വേട്ടയാടുന്നുണ്ട്. പക്ഷേ, അവര്‍ എത്ര വേട്ടയാടിയാലും ഞാന്‍ തളരില്ല. ഒരു വേട്ടയാടലും ആക്രമണവും എന്നെ തളര്‍ത്തിയിട്ടില്ല. പക്ഷേ, എന്റെ രാഷ്ട്രീയ നിലപാടിന്റെ പേരില്‍ വീട്ടുകാര്‍ക്കും ചിലതൊക്കെ അനുഭവിക്കേണ്ടി വരുമ്പോള്‍ സങ്കടം തോന്നാറുണ്ട്. അവര്‍ നേരിടുന്ന സമ്മര്‍ദവും സങ്കടവുമൊക്കെ എന്നെ വേദനിപ്പിക്കുന്നുമുണ്ട്. പക്ഷേ, അപ്പോഴും ഒരു കാര്യം ഉറപ്പാണ്, ഞാന്‍ എന്റെ പോരാട്ടം തുടരും...''