സ്ത്രൈണഭാവത്തിലെത്തുന്ന മോഹന്‍ലാല്‍, ആരും കൊതിച്ചുപോകും വിധമുള്ള പകര്‍ന്നാട്ടം. മോഹന്‍ലാലിനെ പരസ്യമോഡലാക്കി പ്രകാശ് വര്‍മ്മ സംവിധാനംചെയ്ത ജുവല്ലറിയുടെ പരസ്യചിത്രമാണ് സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം.

To advertise here,

ക്രിയാത്മകമായ അവതരണത്തിലൂടെ, മനുഷ്യവികാരങ്ങളെ ഉണര്‍ത്തുംവിധമുള്ള പരസ്യങ്ങള്‍ ചെയ്ത് വിസ്മയിപ്പിക്കുന്നതില്‍ എക്കാലത്തും മുന്‍പന്തിയിലാണ് നിര്‍വാണ ഫിലിംസും സംവിധായകനും അഭിനേതാവായ പ്രകാശ് വര്‍മ്മയും. അത്തരത്തിലൊന്നായിരുന്നു മോഹന്‍ലാല്‍ ഭാഗമായ ജുവല്ലറി പരസ്യവും.

പരസ്യം കൈകാര്യം ചെയ്യുന്ന വിഷയത്തെയും മോഹന്‍ലാലിന്റെ അവതരണത്തെയും നിരവധി ആളുകള്‍ പ്രശംസിച്ചിരുന്നു. മനോഹരമായ ഈ പരസ്യത്തെ പൂര്‍ണതയിലെത്തിച്ചതിനുപിന്നിൽ മറ്റൊരാള്‍കൂടിയുണ്ട്. പരസ്യചിത്രത്തിന് സ്റ്റോറിബോര്‍ഡ് തയ്യാറാക്കിയ ആരോഷ് തേവടത്തില്‍. ‘ഡൂഡില്‍മുനി’ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ ശ്രദ്ധേയനായ ചിത്രകാരനാണ് ഇദ്ദേഹം. പരസ്യത്തിലെ തന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടുള്ള ആനിമേഷന്‍ വീഡിയോയും ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. പ്രേക്ഷകര്‍ ഒന്നടങ്കം പരസ്യചിത്രം ഏറ്റെടുത്തതിന്റെ സന്തോഷവും മറ്റുവിശേഷങ്ങളും പങ്കുവെക്കുകയാണ് ആരോഷ്.

പ്രകാശ് വര്‍മ്മ വിളിക്കുന്നു

'തുടരും' സിനിമയിലെ വില്ലനെ അവതരിപ്പിച്ച പ്രകാശ് വര്‍മ്മ മികച്ച പരസ്യസംവിധായകന്‍ കൂടിയാണ്. ബംഗളൂരുവിലെ അദ്ദേഹത്തിന്റെ ഫിലിംപ്രൊഡക്ഷന്‍ കമ്പനിയായ നിര്‍വാണ ഫിലിംസിന്റെ സ്റ്റോറിബോര്‍ഡ് വിഷ്വലൈസറാണ് ആരോഷ്. നിര്‍വാണ ഫിലിംസിന്റെ ഭാഗമായ കഥ ആരോഷ് പറഞ്ഞുതുടങ്ങി…

"കോളേജില്‍ പഠിക്കുന്ന കാലംമുതല്‍ക്കെ നിര്‍വാണ ഫിലിംസിന്റെ ഓരോ വര്‍ക്കുകളും ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. പണ്ടുതൊട്ടേ, ഞാന്‍ വരച്ച ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ കണ്ടാണ് നിര്‍വാണ ഫിലിംസിലേക്ക് വിളിക്കുന്നത്. അതുവരെ സ്റ്റോറിബോര്‍ഡ് ഇല്ലുസ്‌ട്രേഷന്‍ ഞാന്‍ ചെയ്തിരുന്നില്ല. പിന്നീട് അതേക്കുറിച്ച് ധാരാളം പഠിച്ചു. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഏകദേശം ഒന്‍പത് വര്‍ഷമായി നിര്‍വാണ ഫിലിംസിന്റെ പരസ്യങ്ങള്‍ക്കുവേണ്ടി സ്റ്റോറിബോര്‍ഡ് തയ്യാറാക്കുന്നു. നിര്‍വാണ ഫിലിംസിന്റെ നൂറിലധികം പരസ്യചിത്രങ്ങളുടെ സ്റ്റോറിബോര്‍ഡ് ചെയ്തിട്ടുണ്ട്."

ബെന്‍സും ജോര്‍ജ് സാറും

മോഹന്‍ലാല്‍ അഭിനയിച്ച ജുവല്ലറി പരസ്യചിത്രം വൈറലായതിന്റെ സന്തോഷം ആരോഷിൻറെ വാക്കുകളില്‍ കാണാം. “തുടരും സിനിമയ്ക്ക് ശേഷം ലാലേട്ടനും പ്രകാശ് വര്‍മ്മയും ഒന്നിക്കുന്ന പരസ്യം എന്ന പ്രത്യേകതയും ഇതിനുണ്ട്. നിര്‍വാണ ഫിലിംസിന്റെ ഓരോ പരസ്യത്തിനും പ്രകാശ് വര്‍മ്മയുടേതായ കയ്യൊപ്പ് ഉണ്ടായിരിക്കും. മുന്‍പും ഇതുപോലെ വലിയ പ്രൊജക്ടുകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്രയും ജനശ്രദ്ധയാര്‍ജിച്ച പരസ്യം ഇതാണ്. പരസ്യം നിര്‍മ്മിക്കുമ്പോഴെ, ഇത് വൈറലായേക്കാം എന്ന തോന്നല്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. സ്റ്റോറിബോര്‍ഡ് വിഷ്വലൈസര്‍ എന്നത് പ്രേക്ഷകര്‍ക്ക് അധികം പരിചയമുള്ള മേഖലയല്ല. എന്നാല്‍ ഈ പരസ്യത്തില്‍ പ്രകാശ് വര്‍മ്മ ലാലേട്ടനോട് സ്റ്റോറിബോര്‍ഡ് വെച്ചാണ് ആ രംഗത്തെക്കുറിച്ച് വിവരിക്കുന്നത്. അത് സ്റ്റോറിബോര്‍ഡ്  എന്താണെന്നുള്ളത് പ്രേക്ഷകര്‍ക്ക്  പരിചയപ്പെടുത്തി.”

സ്റ്റോറിബോര്‍ഡ് തയ്യാറാക്കുന്നതില്‍ ഏറ്റവും വെല്ലുവിളിയാകുന്നത് കഥാപാത്രത്തിന്‍റെ വ്യത്യസ്ത മുഖഭാവങ്ങളാണെന്ന് ആരോഷ്. “ഓരോ ഫ്രെയിമുകള്‍ക്കനുസരിച്ച് കഥാപാത്രത്തിന്റെ വികാരങ്ങളെ സ്റ്റോറിബോര്‍ഡില്‍ വരച്ചുചേര്‍ക്കേണ്ടതായിവരും. എന്നെസംബന്ധിച്ച് ഏറ്റവും വെല്ലുവിളിയായി തോന്നിയിട്ടുള്ളത് അതാണ്, കഥാപാത്രത്തിന്റെ വികാരങ്ങളെ ചിത്രങ്ങളായി പകര്‍ത്തുന്നത്. ലാലേട്ടന്‍ അഭിനയിച്ച പരസ്യത്തില്‍, ആഭരണം കാണുമ്പോള്‍ കഥാപാത്രത്തിന്റെ മുഖത്ത് നേരിയ കള്ളലക്ഷണം പ്രകടമാകണം. കൗതുകവും ആഭരണം ധരിക്കാനുള്ള ആഗ്രഹവും പ്രകടമാകണം. ഒരുപാടുതവണ വരച്ചും മായ്ച്ചുമാണ് ആ സ്റ്റോറിബോര്‍ഡ് തയ്യാറാക്കിയത്.”

മനംമയക്കും പരസ്യചിത്രങ്ങള്‍

ഓരോ പരസ്യങ്ങളെയും നിറവോടെ അവതരിപ്പിക്കുന്നതില്‍ സ്റ്റോറിബോര്‍ഡിന്റെ ആവശ്യകതയെക്കുറിച്ചും താന്‍ ഭാഗമായ മനോഹരമായ പ്രോജക്ടുകളെക്കുറിച്ചും ആരോഷ് വിവരിച്ചു. "പ്രകാശ് വര്‍മ്മ നിര്‍മ്മിക്കുന്ന പരസ്യങ്ങളുടെ പ്രത്യേകതയാണ് സ്റ്റോറിബോര്‍ഡ്. പരസ്യങ്ങള്‍ ചെയ്യുന്ന എല്ലാവരും ഇത് പിന്തുടരുന്നുണ്ടോ എന്ന് അറിയില്ല. സംവിധായകന്‍ ആദ്യം കഥപറയുന്നത് സ്റ്റോറിബോര്‍ഡ് ആര്‍ട്ടിസ്റ്റിനോടാണ്. കഥ, കഥാപാത്രങ്ങള്‍, മുഖഭാവങ്ങള്‍, ആളുകളുടെ പ്രായം, ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍, അതിന്റെ നിറം, ഓരോ ഫ്രെയിമിലുമുള്ള വസ്തുക്കള്‍, ലൈറ്റിങ്, ക്യാമറയുടെ ആങ്കിള്‍... എന്നിങ്ങനെ സൂക്ഷ്മമായ എല്ലാ വിവരങ്ങളും സ്റ്റോറിബോര്‍ഡ് ആര്‍ട്ടിസ്റ്റുമായി പങ്കുവെക്കും. ഇതുപ്രകാരം സ്റ്റോറിബോര്‍ഡ് ആര്‍ട്ടിസ്റ്റ് ഷൂട്ട് ചെയ്യേണ്ട ഫ്രെയിമുകള്‍ ഓരോന്നായി തയ്യാറാക്കും. കഥപറയുമ്പോഴേ ഓരോ ഫ്രെയിമിന്റെയും ഏകദേശ രൂപരേഖ വരക്കും. പിന്നീട് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയ ശേഷം ഫ്രെയിമുകള്‍ എല്ലാം പൂര്‍ണമായി മാറ്റിവരയ്ക്കും. സ്റ്റോറിബോര്‍ഡിന്റെ സഹായത്തോടെയാണ് പരസ്യം സംവിധാനം ചെയ്യുക. ഒരുപാട് സമയമെടുക്കുന്ന പ്രോസസ് ആണിത്. ട്രെന്‍ഡിങ്ങായ ജുവല്ലറി പരസ്യത്തിന്റെ സ്റ്റോറിബോര്‍ഡ് തയ്യാറാക്കാന്‍ ഏകദേശം നാല് ദിവസം വേണ്ടിവന്നു. ഇരുപതിലധികം ഫ്രെയിമുകള്‍ വരച്ചിരുന്നു. പരസ്യത്തിന്റെ ദൈര്‍ഘ്യം, കഥാപാത്രങ്ങള്‍, രംഗങ്ങള്‍ തുടങ്ങിയവയ്ക്കനുസരിച്ച് സ്റ്റോറിബോര്‍ഡ് തയ്യാറാക്കുന്നതിലും വ്യത്യാസമുണ്ട്.”

വ്യത്യസ്ത വിഷയങ്ങളെ വൈകാരികമായി അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ മനംകവരുന്ന രീതി പ്രകാശ് വര്‍മ്മയുടെ പരസ്യചിത്രങ്ങളെ വേറിട്ടതാക്കാറുണ്ട്. അതിനായി സ്റ്റോറിബോര്‍ഡ് തയ്യാറാക്കുന്നതും വളരെയധികം ശ്രമകരമാണെന്ന് പറയുന്നു ആരോഷ്. “കാഡ്ബറീസ്, ബ്രിട്ടീഷ് എയര്‍വേയ്‌സ്, വോഡഫോണ്‍, കൊക്കക്കോള, നെറ്റ്ഫ്‌ളിക്‌സ്... തുടങ്ങി വലിയ കമ്പനികളുമായി ധാരാളം പരസ്യങ്ങള്‍ ചെയ്തിട്ടുണ്ട്. അവയ്‌ക്കെല്ലാം സ്‌റ്റോറിബോര്‍ഡ് തയ്യാറാക്കിയിരുന്നു. നമ്മുടെ വൈകാരികതയെ ഉണര്‍ത്തുന്ന പരസ്യമായിരുന്നു ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെത്. അതിനായി നൂറിലധികം ഫ്രെയിമുകള്‍ സ്റ്റോറിബോര്‍ഡിനായി തയ്യാറാക്കി. ഡോര്‍സെറ്റ് എന്ന ഡോര്‍ലോക്ക് കമ്പനിക്കുവേണ്ടി ചെയ്ത പരസ്യവും ശ്രദ്ധേയമായിരുന്നു. പുറംലോകമറിയാത്ത, എന്നാല്‍ വലിയ പ്രാധാന്യമുള്ള മേഖലയാണ് സ്റ്റോറിബോര്‍ഡ് വിഷ്വലൈസേഷന്‍. കഥയുടെ സങ്കീര്‍ണതയ്ക്കനുസരിച്ച് സ്റ്റോറിബോര്‍ഡും സങ്കീര്‍ണമാകുന്നു. രസകരമായ, വൈകാരികനിമിഷങ്ങള്‍ ഉള്‍ക്കൊള്ളിച്ച നിരവധി പരസ്യങ്ങളുടെ ഭാഗമായതിന്റെ സന്തോഷം എപ്പോഴുമുണ്ട്.”

കലയോട് കൂട്ടായി

ചെറുപ്പംമുതല്‍ക്കെ ചിത്രകല ആരോഷിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു കലയോട് കൂട്ടായ കഥ ആരോഷ് പറഞ്ഞു. "കുട്ടിക്കാലം മുതല്‍ക്കെ ചിത്രംവരയോട് താത്പര്യമുണ്ടായിരുന്നു. അച്ഛനാണ് ചിത്രകലയിലേക്ക് കൈപിടിക്കുന്നതും പ്രാദേശികമായ ചിത്രരചനാ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതും. പിന്നീട് ആര്‍എല്‍വി കോളേജില്‍ നിന്നും ഫൈന്‍ ആര്‍ട്‌സില്‍ ബിരുദവും ബിരുദാനന്തരബിരുദവും പൂര്‍ത്തിയാക്കി. ജോലിക്കായി പരസ്യകലയാണ് തിരഞ്ഞെടുത്തത്. തിരുവനന്തപുരത്തുള്ള പരസ്യകമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. ബംഗളൂരുവിലെ ഒരു കമ്പനിയില്‍ പ്രിന്റ് മീഡിയയില്‍ പരസ്യങ്ങളുടെ ആര്‍ട്ട് ഡയറക്ടാറായിരുന്നു. അതിനുശേഷമാണ് നിര്‍വാണ ഫിലിംസിലേക്ക് എത്തുന്നത്.”

സിനുവും ജാന്‍കിയും പിന്നെ ഡൂഡില്‍മുനിയും
 

കോഴിക്കോട് സ്വദേശിയാണ് ആരോഷ്. ഡൂഡില്‍ മുനിയെന്ന വ്യത്യസ്തമാര്‍ന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ ജീവിതത്തിലെ സുന്ദരനിമഷങ്ങളെ ചിത്രങ്ങളായും വീഡിയോകളായും പങ്കുവെക്കുന്ന ആളെ പ്രേക്ഷകര്‍ക്കെന്നും ആകാംഷയുണര്‍ത്തുന്നതായിരുന്നു. ചിത്രകലയിലൂടെ സാമൂഹ്യമാധ്യമങ്ങളിലും വാര്‍ത്തകളിലും ഡൂഡില്‍മുനി ഇടംപിടിച്ചിരുന്നു. ഭാര്യ സിനു രാജേന്ദ്രന്റെ പ്രസവകാലം മുതല്‍ മകള്‍ ജാന്‍കിയുടെ ജനനം വരെയുള്ള ജീവിതത്തിലെ മനോഹര നിമിഷങ്ങള്‍ ആരോഷ് ചിത്രങ്ങളാക്കി. പിന്നീടും ജാന്‍കിയും അവളുടെ കൊച്ചുകൊച്ചു കഥകളും ചിത്രങ്ങളില്‍ നിറഞ്ഞു. ആരോഷ് തയ്യാറാക്കിയ 'ദ പ്രെഗ്നന്‍സി ആന്‍ഡ് ദ ഫ്യൂരിയസ്' എന്ന സീരീസിന് വലിയ പ്രേക്ഷകസ്വീകാര്യത ലഭിച്ചിരുന്നു. അതേക്കുറിച്ചും ആരോഷ് പറഞ്ഞു. “ഭാര്യ സിനു രാജേന്ദ്രന്‍. ചിത്രകലാ മേഖലയില്‍തന്നെ പ്രവര്‍ത്തിക്കുന്ന ആളാണ്. മകള്‍ ജാന്‍കിക്ക് ഇപ്പോള്‍ അഞ്ചുവയസ്സായി. ഞാന്‍ വരയ്ക്കുന്നതില്‍ ഒട്ടുമിക്കതും എന്റെ ജീവിതവുമായി ചേര്‍ന്നിരിക്കുന്നവയാണ്. ഭാര്യയുടെ പ്രവസം കോവിഡ് സമയത്തായിരുന്നു. ഞാന്‍ അപ്പോള്‍ ബംഗളൂരുവിലും. അന്നെനിക്ക് അവള്‍ക്കൊപ്പം നില്‍ക്കാനായില്ല. അക്കാര്യങ്ങളെല്ലാം ഞാൻ ചിത്രങ്ങളായി അവതരിപ്പിച്ചു. ആളുകള്‍ അത് ഏറ്റെടുത്തപ്പോള്‍ വലിയ സന്തോഷം തോന്നി.” റാപ്പറായ ഹനുമാന്‍ കൈന്‍ഡിന്റെ 'റണ്‍ ഇറ്റ് അപ്' എന്ന റാപ് സോങ്ങിനും ആരോഷ് ചിത്രകലയിലൂടെ പുതുഭാവം നല്‍കിയിരുന്നു. ശ്രദ്ധേയമായ ആ വീഡിയോക്ക് ഭാര്യ സിനു രാജേന്ദ്രനാണ് ആനിമേഷന്‍ ചെയ്തത്. കല എന്നാല്‍ പെയിന്റിങ്ങ് മാത്രമല്ല. ഫിലിം, ആനിമേഷന്‍, ഡിസൈനിങ്ങ്, പരസ്യകല... എന്നിങ്ങനെ അതിന് മറ്റൊരുപാട് സാധ്യതകളുണ്ട്.

കലയ്ക്ക് അവസരമുള്ള, സാധ്യതകളുള്ള എല്ലാ മേഖലകളിലും എത്തിച്ചേരണം എന്നാണ് ആരോഷിന്റെ ആഗ്രഹം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi