കൊച്ചിയിലെ ഒരു റെക്കോഡിങ് സ്റ്റുഡിയോ. മലയാളസിനിമയിലെ മികച്ച ശബ്ദരേഖാ കലാകാരി ശ്രീജാ രവിയെ തേടി ഒരാളെത്തി. 'മാം ഇവിടെയുണ്ടെന്നറിഞ്ഞ് വന്നതാണ്. ഡബ്ബിങ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്.' എന്നുപറഞ്ഞു. 'ഡബ് ചെയ്യുന്നതെങ്ങനെയെന്ന് കണ്ടുപഠിച്ച് പതിയെ ഡബ്ബിങ് തുടങ്ങാ'മെന്നായിരുന്നു ശ്രീജാ രവിയുടെ മറുപടി. ഇതായിരുന്നു കൊച്ചി സ്വദേശിനി മരിയാ ജോണിയുടെ ജീവിതത്തിലെ വഴിത്തിരിവ്. ശേഷം ശ്രീജാ രവിയുടെ ശിക്ഷണം. പതിയെപ്പതിയെ ഡബ്ബിങ് മേഖലയിലവള്‍ ചുവടുറപ്പിച്ചു... പിന്നീട് പിന്നണിഗായികയായും രംഗപ്രവേശം. സിനിമാ, സീരിയല്‍ ഡബ്ബിങ് മേഖലയിലും പിന്നണിഗാനരംഗത്തും കേട്ടുതുടങ്ങിയ പുതിയ ശബ്ദമാണ് എറണാകുളം സ്വദേശി മരിയ ജോണിയുടേത്. ഇഷ്ടമേഖലയായ ഡബ്ബിങ്, സംഗീതം എന്നിവയിലേക്കെത്തിയതിന്റെയും മനസ്സിനിണങ്ങിയ തൊഴില്‍ ചെയ്യുന്നതിന്റെയും സന്തോഷത്തിലാണവള്‍. പിന്നണിഗായികയാവണമെന്നുള്ള ഒരുപാടുനാളത്തെ സ്വപ്നം പൂവണിഞ്ഞ തിളക്കം മുഖത്തുണ്ട്. പാട്ടുവര്‍ത്തമാനങ്ങൾ മരിയ ജോണി ഗൃഹലക്ഷ്മി ഓണ്‍ലൈനുമായി പങ്കുവെക്കുന്നു.

ഡബ്ബിങ്ങിലേക്കുള്ള വരവ്

കണ്ടന്റ് ക്രിയേറ്ററായ അദ്രി ജോ എന്റെ സുഹൃത്താണ്. ഞങ്ങള്‍ ഒരുമിച്ച് തമാശാ റീലുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. അങ്ങനെ അവനാണ് എന്നോട് ഡബ്ബിങ് ചെയ്യാന്‍ ശ്രമിച്ചൂടെ എന്നുചോദിക്കുന്നത്. ആ സമയം ഞാന്‍ പഠനാവശ്യത്തിനായി ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. കോഴ്‌സ് തീരുന്നതിനുമുന്‍പ് എങ്ങനെയും ഡബ്ബിങ് മേഖലയിലുള്ളവരെ പരിചയപ്പെടണം, ഇതായിരുന്നു മനസ്സില്‍. അങ്ങനെയാണ് വൈറ്റിലയിലെ ഒരു സ്റ്റുഡിയോയില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജാ രവി മാം ഉണ്ടെന്നറിഞ്ഞത്. ഉടനെ അവിടേക്ക് പോയി. മാം അന്നവിടെ ഒരു സിനിമയുടെ ഡബ് ഡയറക്ഷന്‍ ചെയ്യുകയായിരുന്നു. മാമിനെ കണ്ടതും ഞാന്‍ സ്വയം പരിചയപ്പെടുത്തി. മാം ഇവിടെയുണ്ടെന്നറിഞ്ഞിട്ട് വന്നതാണെന്ന് പറഞ്ഞു. ഡബ്ബിങ്ങിലെ താത്പര്യം അറിയിച്ചപ്പോള്‍ എന്നെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

അന്നവിടെ ഓരോ കലാകാരന്മാരും ഡബ് ചെയ്യുന്നതുകണ്ടിട്ട് അദ്ഭുതം തോന്നിയിരുന്നു. ചിരിക്കാന്‍ പറയുമ്പോഴേക്കും ചിരിക്കുകയും, കരയാന്‍ പറയുമ്പോള്‍ കരയുകയും ചെയ്യുന്ന കലാകാരന്മാരെ ഞാന്‍ കൗതുകത്തോടെ നോക്കിയിരുന്നു. ഓരോ സീനിനും വേണ്ടി വോയിസ് മോഡുലേഷനിലൂടെയും മറ്റും അവതരിപ്പിച്ച് അതിനെ പൂര്‍ണതയിലേക്ക് എത്തിക്കുന്നു. പറയുമ്പോഴേക്കും പലഭാവങ്ങളും അവരുടെ ശബ്ദത്തലൂടെ മിന്നിമറയുന്ന വിദ്യ എത്രയായിട്ടും മനസ്സിലായിരുന്നില്ല.

ഡബ്ബിങിലെ ആദ്യപാഠങ്ങള്‍ പഠിച്ചത് ശ്രീജാ മാമില്‍ നിന്നാണ്. അന്ന് ഒന്നുമല്ലാതായിരുന്ന എന്നെ കൂടെനിര്‍ത്താന്‍ മാം മനസ്സ് കാണിച്ചു. ഡബ്ബിങ് പഠനാവസരം ഒരുക്കി. ഡബ് ചെയ്യുന്നത് കണ്ടുപഠിച്ച് പതിയെ ഡബ്ബിങ് തുടങ്ങാമെന്ന് പറഞ്ഞു. ഏകദേശം ഒരു മാസത്തോളം മാമിന്റെ കൂടെനിന്ന് ഡബ്ബിങ് രീതികള്‍ പഠിച്ചു.

ആദ്യം ചെറിയ ചെറിയ ബിറ്റ് വോയിസുകളായിരുന്നു എടുത്തിരുന്നത്. ഒരു സീനില്‍ മാത്രം വരുന്ന കഥാപാത്രങ്ങള്‍, ബഹളമുള്ള ഒരന്തരീക്ഷം ഒരുക്കുന്നതിനുള്ള ക്രൗഡ് റെക്കോഡിങ്... എന്നിങ്ങനെയുള്ളവ. ക്രൗഡ് റെക്കോഡിങ്ങിന് ഒരു സ്റ്റുഡിയോക്കുള്ളില്‍ പത്തോ പതിനഞ്ചോ ആളുകളുണ്ടാവും. സീനുകളും അതിലുള്ള ആളുകളെയുമെല്ലാം കൃത്യമായി പറഞ്ഞുതരും. അതിന് മാച്ചാകുന്ന രീതിയിലാണ് സംസാരിക്കേണ്ടത്. അങ്ങനെയുള്ള ചെറിയ റെക്കോഡിങ്ങുകളെല്ലാം കഴിഞ്ഞ് കുറച്ച് ആര്‍ട്ടിസ്റ്റുകളെ പരിചയപ്പെട്ട് ചമ്മലെല്ലാം മാറി, ഡബ്ബിങ് എന്താണെന്ന് മനസ്സിലായ ശേഷമാണ് ശരിയായ ഡബ്ബിങ് തുടങ്ങിയത്. അവിടുന്ന് പരിചയപ്പെട്ട മറ്റ് ഡബ്ബിങ് കലാകാരന്മാര്‍ വഴിയാണ് കൊച്ചിയിലെ മിക്ക സ്റ്റുഡിയോയിലേക്കും അവസരം ലഭിക്കുന്നത്. കുറെ സ്റ്റുഡിയോകളില്‍ പോയി വോയിസ് ടെസ്റ്റ് ചെയ്തു. ആദ്യം സീരിയലുകള്‍ ഡബ് ചെയ്താണ് തുടങ്ങിയത്. പിന്നീടാണ് സിനിമയിലേക്ക് എത്തിയത്. ഡബ്ബിങ് മേഖലയിലെ തുടക്കക്കാരിക്ക് നല്‍കാവുന്നതിലധികം പ്രൊജക്ടുകളും അവസരങ്ങളും തന്നത് ഋഷികേശ് കൈലാശ് എന്ന ഡബ്ബിങ് ഡയറക്ടറാണ്.

placeholder
മരിയ ജോണി ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജാ രവിക്കും സംഗീത സംവിധായകൻ ജുബൈർ മുഹമ്മദിനുമൊപ്പം

പിന്നണിഗായികയായുള്ള അരങ്ങേറ്റം

പിന്നണിഗായികയാവുക എന്നത് എന്റെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു. സംഗീത സംവിധായകന്‍ ജുബൈര്‍ മുഹമ്മദാണ് എന്നെ പിന്നണിഗായികയാക്കിയത്. അച്ചു വിജയന്‍ സംവിധാനം ചെയ്ത 2022-ല്‍ പുറത്തിറങ്ങിയ വിചിത്രം എന്ന സിനിമയിലെ 'ചിത്രശലഭമായ്...' എന്നുതുടങ്ങുന്ന ഗാനമാണ് ആദ്യത്തേത്. എന്റെ രണ്ടാമത്തെ പാട്ടും എന്നെ വിശ്വസിച്ച് ഏല്‍പിച്ചത് ജുബൈറിക്കയാണ്. അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, ആത്മീയ, കോട്ടയം നസീര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ 'അഭ്യൂഹം' എന്ന സിനിമയിലെ 'വാനം' എന്നുതുടങ്ങുന്നതായിരുന്നു ആ ഗാനം. ഹാപ്പി ന്യൂയര്‍ എന്ന സിനിമയിലെ 'ആനന്ദമേഘം' എന്ന പാട്ടായിരുന്നു മൂന്നാമത്തേത്. മുന്‍പ് എനിക്ക് പാട്ടുപാടാന്‍ ആകെയുണ്ടായിരുന്ന മാധ്യമം ഫോണ്‍ മാത്രമായിരുന്നു. മറ്റ് സാങ്കേതിക സഹായങ്ങളൊന്നുമുണ്ടായിരുന്നില്ല. സാമൂഹ്യമാധ്യമങ്ങളില്‍ പാടിയതെല്ലാം പോസ്റ്റ് ചെയ്യുമ്പോള്‍ അതില്‍ പ്രശസ്തരായ പാട്ടുകാരെയെല്ലാം ടാഗ് ചെയ്യും. അതില്‍ അവരുടെ കമന്റിട്ടാല്‍ അവര്‍ക്ക് മെസേജ് അയച്ച് പാടാനും വോയിസ് ആര്‍ട്ടിസ്റ്റ് ആവാനും ആഗ്രഹമുണ്ടെന്ന് അറിയിക്കും. ഇങ്ങനെയായിരുന്നു ഇതുവരെയുള്ള രീതി.

സി.എ.യില്‍ നിന്നും ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, പിന്നീട് പിന്നണിഗായിക

പാട്ടുപഠിക്കാനുള്ള മോഹം കുട്ടിക്കാലത്തുതന്നെ ഉണ്ടായിരുന്നു. പഠിത്തം മാത്രം മതിയെന്നായിരുന്നു അച്ഛന്‍ ജോണിക്കും അമ്മ ലാലി ജോണിക്കും. അതുകൊണ്ട് പാട്ടുപഠിക്കാനൊന്നും വിട്ടില്ല. കുട്ടിക്കാലത്ത് ഒരു വീഴ്ചയില്‍ മൂക്കിന്റെ പാലത്തിനുണ്ടായ ആഘാതമാണ് അന്ന് സംഗീതത്തെയും എന്നെയും തമ്മില്‍ അകറ്റിയത്. മൂക്കിന് അധികം സ്‌ട്രെയിന്‍ കൊടുക്കരുതെന്നായിരുന്നു ഡോക്ടറുടെ നിര്‍ദേശം. അതുകൊണ്ടാവാം മാതാപിതാക്കളും അന്ന് എതിര്‍ത്തത്. 

പ്ലസ്ടൂവിന് കണക്കിൽ നല്ല മാര്‍ക്കുണ്ടായയതിനാല്‍ പഠിക്കാനെളുപ്പമാവും എന്ന വിചാരത്തിലാണ് സി.എ കോഴ്‌സിന് ചേരുന്നത്. അതൊരിക്കലും എന്റെ പാഷനോ ഇഷ്ടമേഖലയോ ആയിരുന്നില്ല. എല്ലാ അമ്മമാരും പറയുന്നതുപോലെ സാമ്പത്തിക സ്വാതന്ത്ര്യം നേടുക അത്യാവശ്യമാണെന്ന് എന്റെ അമ്മയും പറയാറുണ്ടായിരുന്നു. എന്റെ ഉള്ളിലെ കലാകാരിയെ ആദ്യം തിരിച്ചറിഞ്ഞതും കുഞ്ഞുനാളില്‍ പാട്ടുകൾ പഠിപ്പിച്ചതും എല്ലാം അമ്മതന്നെ. ഇപ്പോള്‍ സി.എ. കോഴ്സിന്റെ ഇന്റർമീഡിയേറ്റ് ലെവൽ ആണ് പഠിക്കുന്നത്. കോഴ്‌സിന്റെ ആദ്യ ലെവലിന് ശേഷം ഇന്റേണ്‍ഷിപ് ചെയ്തിരുന്നു. അവിടെമുതല്‍ക്കാണ് എന്റെ പാഷനെ പിന്തുടരാന്‍ ശ്രമിക്കുന്നത്. അങ്ങനെ സാമ്പത്തിക സ്വാതന്ത്ര്യം നേടിയ ശേഷം സ്വന്തമായി പാട്ടുപഠിക്കാന്‍ പോയി. അതെന്റെ ബെസ്റ്റ് ഡിസിഷനായി തോന്നുന്നുണ്ട്. സി.എയുടെ പരീക്ഷ കഴിയുന്നതുവരെ ഇതെല്ലാം പരീക്ഷിച്ചുനോക്കാനുള്ള സമയവും എനിക്ക് ഉണ്ടായിരുന്നു. 

സിത്താര കൃഷ്ണകുമാറിന്റെ 'ഇടം' എന്ന സ്ഥാപനത്തിലായിരുന്നു ആദ്യത്തെ രണ്ടുകൊല്ലം പാട്ടുപഠിച്ചത്. പാട്ടുകാരന്‍ മിഥുന്‍ ജയരാജിന്റെ ഭാര്യ ഇന്ദു മിഥുനായിരുന്നു ഗുരു. പാട്ടും ഗിറ്റാറുമെല്ലാം പഠിക്കുന്നുണ്ട് ഇപ്പോള്‍. തൃപ്പൂണിത്തുറയിലെ ഭാരതീയ സംഗീത വിദ്യാലയത്തിലാണ് ഹിന്ദുസ്ഥാനി സംഗീതം പഠിക്കുന്നത്. ഒരു കലാകാരിയെന്ന നിലയില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ഡബ്ബിങ് ഒത്തിരി സഹായകമാവുന്നുണ്ട്. അങ്ങനെ ഫെഫ്ക ഡബ്ബിങ് യൂണിയന്‍ എം.ഡി.ടി.വി യൂണിയന്‍, കൊച്ചിയിലെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് യൂണിയന്‍ എന്നിവയിലെല്ലാം മെമ്പര്‍ഷിപ്പ് എടുത്തു. ഇപ്പോള്‍ കൊച്ചിയിലെ ഒട്ടുമിക്ക സ്റ്റുഡിയോകളിലും പരിചയക്കാരായി. ഡബ്ബിങ് അവസരങ്ങളായി. ഞാന്‍ ഈ മേഖലയിലെത്തിയിട്ട് ഒന്നര വര്‍ഷമാവുന്നതെയുള്ളൂ. ഇന്ന് എന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും മനസ്സിലാവണമെന്നില്ല. ആനന്ദവല്ലി മാം, ഭാഗ്യലക്ഷ്മി മാം, ദേവിച്ചേച്ചി, ശ്രീജാ രവി മാം ഇങ്ങനെ ഓരോ കാലത്തും കുറച്ചുപേരുടെ ശബ്ദങ്ങള്‍ എക്കാലത്തേക്കുമായി ആളുകളുടെ ഓര്‍മകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇവരെപ്പോലെ ശബ്ദരേഖയിലൂടെ എന്റെ പേരും ശബ്ദവും അടയാളപ്പെടുത്തണമെന്നാണ് ആഗ്രഹം.' 

കുടുംബം, ഇപ്പോള്‍ അവിടെനിന്നും ലഭിക്കുന്ന പിന്തുണ

2022-ല്‍ ഒക്ടോബര്‍ 14-ന് 'വിചിത്രം' സിനിമയുടെ റിലീസ് ദിവസമായിരുന്നു. ആദ്യത്തെ പാട്ട് ഇറങ്ങിയതില്‍ ഒരുപാട് സന്തോഷത്തിലായിരുന്നു ഞാന്‍. തുടക്കത്തിൽ ഈ മേഖലയിലേക്ക് വിടാൻ അല്പം മടിയുണ്ടായിരുന്നെങ്കിലും ഇപ്പോൾ എന്റെ ഏറ്റവും വലിയ സപ്പോർട്ട് അച്ഛനും അമ്മയും തന്നെയാണ്. ഞാൻ ഡബ്ബ് ചെയ്തിട്ടുള്ള സീരിയലുകളും സിനിമകളും വെബ് സീരീസുകളും എല്ലാം കാണിച്ചുകൊടുക്കും. ഇതില്‍ കേള്‍ക്കുന്നത് എന്റെ ശബ്ദമാണെന്നുപറയും. ടി.വിയില്‍ ശബ്ദം കേട്ടുതുടങ്ങിയപ്പോള്‍, അവര്‍ക്കും ഇതു കൊള്ളാം എന്നൊരു തോന്നല്‍ വന്നുതുടങ്ങി. അച്ഛന്‍ ഓട്ടോ ഡ്രൈവറാണ്. അച്ഛന്റെ വാട്‌സ്ആപ് ഗ്രൂപ്പിലെല്ലാം അച്ഛന്റെ കൂട്ടുകാര്‍ എന്റെ പാട്ടുകള്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങി. അച്ഛന്‍തന്നെ മറ്റുള്ളവരോട് 'മകള്‍ സിനിമയില്‍ പാട്ട് പാടും, സീരിയലില്‍ ശബ്ദം കൊടുക്കും' എന്നൊക്കെ അഭിമാനത്തോടെ പറയുന്നത് കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. ഏത് മേഖലയിൽ ശോഭിക്കാൻ കഴിയില്ലെന്ന് വിചാരിച്ചുവോ അതേ മേഖലയിൽ തന്നെ ചുവടുറപ്പിച്ചു നിൽക്കാൻ കഴിയുന്നുണ്ടെങ്കിൽ അതെന്റെ വലിയ വിജയമായാണ് ഞാൻ കാണുന്നത്. നാട്ടുകാരുടെയും അധ്യാപകരുടെയുമെല്ലാം സ്‌നേഹവും പിന്തുണയും കൂടെയുണ്ട്.

ഡബ്ബിങ്/പിന്നണിഗായിക, ഇവയിലേതാണ് ഇഷ്ടം

ഡബ്ബിങ് ഇഷ്ടമാണെങ്കിലും ഇഷ്ടക്കൂടുതല്‍ പിന്നണിഗായികയാവാനാണ്. എന്നാല്‍ ആ ഒരു മേഖലയില്‍നിന്നുകൊണ്ടുമാത്രം മുന്നോട്ടുപോവുകയെന്നത് എളുപ്പമല്ല. ഒരു പാട്ടുകഴിഞ്ഞ് അടുത്തത് എപ്പോഴുണ്ടാവുമെന്നതില്‍ ഒരറിവുമില്ല. സീരിയലുകളില്‍ ശബ്ദം നല്‍കിയാണ് ഡബ്ബിങ് തുടങ്ങിയത്. സിനിമ ഒരെണ്ണം ചെയ്തുകഴിഞ്ഞാല്‍ അടുത്ത അവസരം എപ്പോഴുണ്ടാവുമെന്ന് പറയാനാവില്ല. സീരിയലിന്റെ ദൈര്‍ഘ്യം കൂടുതലായതിനാല്‍ ഡബ്ബിങും ഒരുപാട് ദിവസം ഉണ്ടാവും. അത്രയും നാളുകളിലേക്കുള്ള ജോലിയാവും. എന്റെ ഹോസ്റ്റല്‍ ഫീസിനും മറ്റ് ചെലവുകള്‍ക്കുമായി പണം കണ്ടെത്തുക എന്നതായിരുന്നു അന്നേരങ്ങളിലെ പ്രധാന ആവശ്യം. അതിന് സീരിയല്‍ ഡബ്ബിങ്ങുകള്‍ സഹായകരമായിരുന്നു. സീരിയല്‍, മലയാളത്തിലെയും മറ്റു ഭാഷകളില്‍നിന്നും മൊഴിമാറ്റം ചെയ്യപ്പെട്ട സിനിമകള്‍, വെബ് സീരീസ് ഓഡിയോ ബുക്കുകള്‍ തുടങ്ങിയവയിലെല്ലാം ഡബ് ചെയ്തു. വാര്‍ത്താവായനയും എനിക്ക് ഇഷ്ടപ്പെട്ട മേഖലയാണ്. സിനിമയില്‍ ടി.വി ചാനലിന്റെ രംഗങ്ങളുണ്ടെങ്കില്‍ അവര്‍ക്കും ഡബ്ബ് ചെയ്യാറുണ്ട്. ജയറാം പോലീസ് വേഷത്തിലെത്തിയ 'ഓസ്ലര്‍' എന്ന സിനിമയില്‍, 'ബെര്‍ത്ത്‌ഡെ കില്ലര്‍ ആരാണ് സാര്‍' എന്നുചോദിക്കുന്ന ന്യൂസ് റിപ്പോര്‍ട്ടര്‍ക്ക് ശബ്ദം നല്‍കിയത് ഞാനാണ്. അതുപോലെ 'നിവിന്‍ പോളിയുടെ മലയാളി ഫ്രം ഇന്ത്യ' എന്ന സിനിമയിലും വാര്‍ത്ത വായിക്കുന്ന ചെറിയ രംഗങ്ങളിലും എന്റെ ശബ്ദമാണ് നല്‍കിയിരിക്കുന്നത്.

സിനിമയും സീരിയലും കാര്‍ട്ടൂണുകളും പരസ്യചിത്രങ്ങളുമെല്ലാം ഡബ്ബ് ചെയ്യുന്ന രീതിയില്‍ വ്യത്യാസമുണ്ട്. സീരിയലിന് നമ്മള്‍ പൊതുവെ കേട്ടുവരുന്നൊരു ക്ലീഷെ ഡബ്ബിങ് ശൈലിയുണ്ട്. എന്നാല്‍ സിനിമയില്‍ വളരെ നാച്ചുറല്‍ ആയിട്ടാവും ഡയലോഗുകള്‍. കാര്‍ട്ടൂണിന് ഡബ്ബ് ചെയ്യുമ്പോള്‍ ചെറിയകുട്ടികളുടെ ശബ്ദത്തില്‍ ഡബ്ബ് ചെയ്യണം. എല്ലാം വലിച്ചുനീട്ടി, അതിശയോക്തിയോടെ പറയണം. ശബ്ദത്തില്‍ മോഡുലേഷനുകള്‍ വരുത്തി മറ്റുള്ളവരുടെ ശബ്ദത്തില്‍ ഡബ്ബ് ചെയ്യാറുമുണ്ട്.  അങ്ങനെ എല്ലാം അറിയാമെങ്കില്‍ സാധ്യതകള്‍ ഇവിടെ കൂടുതലാണ്. സീക്രട്ട് ഇന്‍വേഷന്‍, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സിലെ മധു എന്ന കഥാപാത്രം, മാന്‍ഷന്‍-24 എന്ന ഹോട്സ്റ്റാര്‍ സീരീസ്, മൈത്രി ദ വില്ലേജ്, മംഗളവാരം, കഫാസ്, മാര്‍വെല്‍ സീരീസിലെ ഗാര്‍ഡിയന്‍സ് ഓഫ് ഗാലക്‌സി-3, സിറ്റി ഓഫ് ഡ്രീംസ്, ഹേയ് നാന, ചന്ദ്രമുഖി 2, കുമാരി ശ്രീമതി, ഓ സാഥിയ, ഡാന്‍സ് പാര്‍ട്ടി, അന്നപൂർണി, ഹീരമാണ്ഡിയിലെ അലംസേബ് എന്ന കഥാപാത്രം, ഗുരുവായൂരമ്പല നടയില്‍ തുടങ്ങിയവയിലും ശബ്ദം നൽകാനായി.