8 സൈക്കിളുകളും 15 സൂപ്പര്‍മാര്‍ക്കറ്റ് കാര്‍ട്ടുകളും 7 ടീവിയുമുള്‍പ്പെടെ ചിന്തിക്കാനാകാത്ത പലതിനെയുമാണ് മിഷേല്‍ ലൊറ്റിറ്റോ എന്ന ഫ്രഞ്ചുകാരന്‍ ഭക്ഷണമാക്കിയത്. എന്തിനേറെപ്പറയുന്നു, രണ്ടുകൊല്ലം കൊണ്ട് ലൊറ്റിറ്റോ ഒരു മുഴുവന്‍ എയര്‍ക്രാഫ്റ്റ് തിന്നുതീര്‍ത്തു. ഒരു സെസ്‌ന 150 ലൈറ്റ് എയര്‍ക്രാഫ്റ്റാണ് അദ്ദേഹം പൊളിച്ചു ചെറിയ കഷണങ്ങളാക്കി കഴിച്ചത്. മോണ്‍ഷിയര്‍ മാംഗെറ്റൗട്ട് അതായത് ''മിസ്റ്റര്‍ ഈറ്റ്-ഓള്‍'' (എല്ലാം തിന്നുന്നയാള്‍) എന്ന പേരില്‍ പ്രശസ്തനായ മൈക്കിള്‍ ലൊറ്റിറ്റോ, തന്റെ അവിശ്വസനീയമായ ഭക്ഷണരീതികൊണ്ട് ലോകമെമ്പാടും പ്രശസ്തനായി.

പതിനാറാം വയസ്സിലാണ് മറ്റുള്ളവരെ പരിക്കേല്‍പ്പിക്കുകയോ കൊല്ലുകയോ ചെയ്യുന്ന വസ്തുക്കള്‍ തനിക്ക് വിഴുങ്ങാനും ദഹിപ്പിക്കാനും കഴിയുമെന്ന് ലൊറ്റിറ്റോ കണ്ടെത്തുന്നത്. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളോട് ആസക്തിയുണ്ടാക്കുന്ന 'പൈക' എന്ന രോഗം സ്ഥിരീകരിച്ചതോടെ, ലൊറ്റിറ്റോ തന്റെ അവസ്ഥയെ ഒരു പ്രകടനകലയാക്കി മാറ്റി. അദ്ദേഹത്തിന് അസാധാരണമാംവിധം കട്ടിയുള്ള ആമാശയ പാളിയും അതിശക്തമായ ദഹനരസങ്ങളുമുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഒരു ദോഷവുമില്ലാതെ ലോഹവും ഗ്ലാസും കഴിക്കാന്‍ ഇത് അദ്ദേഹത്തെ സഹായിച്ചു. എന്നാല്‍ പഴം, മുട്ട തുടങ്ങിയ സാധാരണ ഭക്ഷണങ്ങള്‍ അദ്ദേഹത്തിന് നെഞ്ചെരിച്ചിലുണ്ടാക്കിയിരുന്നു.

placeholder

1960-കളുടെ മധ്യത്തില്‍ പൊതു പ്രകടനങ്ങള്‍ ആരംഭിച്ച ലൊറ്റിറ്റോ, സൈക്കിളുകളും ഷോപ്പിംഗ് കാര്‍ട്ടുകളും മുതല്‍ ടെലിവിഷനുകളും കട്ടിലുകളും ശവപ്പെട്ടികളും വരെ കഴിച്ചു. വസ്തുക്കള്‍ ശ്രദ്ധാപൂര്‍വ്വം ചെറിയ കഷണങ്ങളാക്കി മുറിച്ച്, മിനറല്‍ ഓയില്‍ പുരട്ടി, ധാരാളം വെള്ളം കുടിച്ചാണ് അദ്ദേഹം അവ അകത്താക്കിയിരുന്നത്. 1959-നും 1997-നും ഇടയില്‍, അദ്ദേഹം ഏകദേശം ഒമ്പത് ടണ്‍ ലോഹം കഴിച്ചതായി കണക്കാക്കപ്പെടുന്നു.

അസാധാരണമായ ഭക്ഷണക്രമത്തിന് മിഷേല്‍ ലൊറ്റിറ്റോയ്ക്ക് ഗിന്നസ് റെക്കോഡ്സിന്റെ ആദരവ് ലഭിച്ചു. ആദരവായി ലഭിച്ച പിച്ചള ഫലകവും അധികം വൈകാതെ ലോറ്റീറ്റൊ അകത്താക്കി. തന്റെ അന്‍പത്തിയേഴാം വയസ്സില്‍ ലൊറ്റിറ്റോ അന്തരിച്ചു. അപ്പോഴും ദഹനസംബന്ധിയായ യാതൊരു അസ്വസ്ഥതകളും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ആധുനിക മെഡിക്കല്‍ സയന്‍സിന് ഇന്നും ലൊറ്റിറ്റോ ഞെട്ടലായി തുടരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi