അരികൾ പലതരമുണ്ട്. അത് പലയിടത്തും പലവിധമായിരിക്കും. ഇന്ത്യയിൽ പ്രീമിയം ക്വാളിറ്റി അരികൾക്ക് പോലും നൂറോ ഇരുന്നൂറോ രൂപ ആയിരിക്കും ഏറ്റവും കൂടിയ വില. എന്നാൽ  പതിനായിരത്തിലധികം രൂപ വിലയുള്ള അരിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? കിലോയ്ക്ക് 15000 രൂപ വിലയുള്ള അരിയാണ് ജപ്പാനിലെ കിൻമെമെെ. 

ഓഡിറ്റി സെൻട്രലിൻ്റെ റിപ്പോർട്ട് അനുസരിച്ച് കിൻമെമൈ പ്രീമിയം എന്നാണ് ഈ അരിയുടെ പേര്. ലോകത്തിലെ ഏറ്റവും വില കൂടിയ അരി എന്ന ഗിന്നസ് വേൾഡ് റെക്കോർഡും ഇതിനുണ്ട്. പോഷകസമൃദ്ധമായ ഈ അരി പ്രതിരോധശേഷി വർധിപ്പിക്കുമെന്നും പറയപ്പെടുന്നു. കിൻമെമൈ പ്രീമിയം 140 ഗ്രാം പാക്കറ്റുകളിലായിട്ടാണ് വിൽക്കുന്നത്. 2016 -ൽ, കിലോയ്ക്ക് 109 ഡോളർവിലയുണ്ടായിരുന്ന ഈ അരി ഏറ്റവും വിലയേറിയ അരി എന്ന ലോകറെക്കോർഡും നേടിയിരുന്നു.

ജപ്പാനിലെ ടോയോ റൈസ് കോർപ്പറേഷനാണ് കിൻമെമൈ പ്രീമിയം ഉൽപ്പാദിപ്പിക്കുന്നത്. അഞ്ച് തരം ജാപ്പനീസ് അരികളിൽ നിന്ന് തിരഞ്ഞെടുത്ത ധാന്യങ്ങൾ ഉൾപ്പെടുന്നതാണ് ഈ അരി. കഴുകാതെ തന്നെ ഉപയോഗിക്കാമെന്നതാണ് ഈ അരിയുടെ ഏറ്റവും വലിയ പ്രത്യേകത. പേറ്റന്റ് നേടിയ ജപ്പാനീസ് മില്ലിങ് സാങ്കേതിക വിദ്യയാണ് ഈ അരിയുടെ നിർമാണത്തിനുപയോഗിക്കുന്നത്.

വെണ്ണയുടെയും നട്സിന്റെയും പോലുള്ള രുചിയും, ഈർപ്പമുള്ളതും ക്രീം പോലെയുള്ളതുമായ ഘടനയുമാണ് അരിയ്ക്കുള്ളത്. ഇത് സാധാരണ വെള്ളരിയേക്കാൾ മികച്ചതാണ്, അതിനാൽ രുചിയും ആരോഗ്യഗുണങ്ങളും ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച തിരഞ്ഞെടുപ്പാണ്.

കിൻമെമെെ തവിട്ട് അരിയും വെള്ള അരിയും വിപണിയിൽ ലഭ്യമാണ്. കിൻമെമെെ വെള്ള അരിയിൽ സാധാരണ അരിയേക്കാൾ 1.8 മടങ്ങ് കൂടുതൽ ഫെെബറും ഏഴ് മടങ്ങ് വിറ്റാമിൻ ബി1-ഉം അടങ്ങിയിട്ടുണ്ട്.  കൂടാതെ, ഇതിൽ ആറ് മടങ്ങ് കൂടുതൽ ലിപ്പോപോളിസാക്കറൈഡുകൾ (LPS) ഉണ്ട്. പെട്ടെന്ന് ദഹിക്കുന്ന ഈ അരിയിൽ ധാരാളം അന്നജവും അടങ്ങിയിട്ടുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi