നീണ്ട 25 വര്‍ഷത്തിനുശേഷം മുന്‍ ബോളിവുഡ് നടി മമ്ത കുല്‍ക്കര്‍ണി മുംബൈയില്‍ തിരിച്ചെത്തി. ഒരു നിയമയുദ്ധത്തിലായിരുന്നു മമ്ത. അതിന്റെ അവസാനമാണ് അവര്‍ നാട്ടിലേക്ക് തിരിച്ചുവരാന്‍ തീരുമാനിച്ചത്. ഒരു കുംഭമേള കഴിഞ്ഞാണ് താന്‍ ഇവിടുന്ന് പോയതെന്നും 2025-ലെ കുംഭമേളയില്‍ പങ്കെടുക്കാനാണ് ഈ വരവെന്നും മമ്ത പറയുന്നു. ''ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ ജനിച്ച, വളര്‍ന്ന, പ്രണയിച്ച മണ്ണില്‍ തിരിച്ചെത്തിയിരിക്കുന്നു. എന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് വെച്ചതും ഇവിടെത്തന്നെ''.
1995-ലെ സൂപ്പര്‍ഹിറ്റ് ചിത്രമാണ് 'കരണ്‍ അര്‍ജുന്‍'. സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും നായകന്‍മാരായ ചിത്രത്തില്‍ കജോളും മമ്ത കുല്‍ക്കര്‍ണിയും നായികമാരായി. ആറുകോടി ബജറ്റില്‍ നിര്‍മിച്ച സിനിമ തിരിച്ചുപിടിച്ചത് 45 കോടിയാണ്. അക്കാലത്തെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളില്‍ ഒന്നായും 'കരണ്‍ അര്‍ജുന്‍' മാറി. ഈ വര്‍ഷം ഒക്ടോബറിലാണ് സിനിമ റീ-റിലീസ് ചെയ്യാന്‍ പോകുന്ന വിവരം സംവിധായകന്‍ രാകേഷ് റോഷന്‍ പുറത്തുവിട്ടത്. അതിന്റെ ടീസര്‍ ഷാരൂഖ് ഖാനും കജോളും സല്‍മാന്‍ ഖാനുമെല്ലാം പങ്കുവെച്ചു. അപ്പോഴും മമ്ത കുല്‍ക്കര്‍ണിയുടെ അസാന്നിധ്യം പ്രേക്ഷകര്‍ പ്രത്യേകം ശ്രദ്ധിച്ചു. ഒരിക്കല്‍ കത്തിനിന്ന താരത്തിന്റെ തിരോധാനവും അന്നുമുതല്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടു. അവര്‍ വിദേശത്താണെന്നും അതല്ല പോലീസിനെ പേടിച്ച് ഒളിച്ചിരിക്കുകയാണെന്നുമൊക്കെ വാര്‍ത്തകള്‍ പരന്നു. മമ്തയുടെ മടങ്ങിവരവോടെ അതിനെല്ലാം അന്ത്യമായി.
'തിരംഗ'യിലൂടെയാണ് മമ്ത ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. അത് ഹിറ്റായതോടെ, മമ്ത വലിയ സിനിമകളുടെ ഭാഗമായി. അന്നത്തെ ഒരുവിധം എല്ലാ മുന്‍നിരതാരങ്ങളുടെയും നായികയായി. അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, സെയ്ഫ് അലി ഖാന്‍, മിഥുന്‍ ചക്രവര്‍ത്തി, ആമിര്‍ ഖാന്‍, അനില്‍ കപൂര്‍, സഞ്ജയ് ദത്ത്...സിനിമകളിലെ മമ്തയുടെ ഐറ്റം ഡാന്‍സുകള്‍ക്കും ആരാധകരേറെയായിരുന്നു. പക്ഷേ, സിനിമയില്‍നിന്ന് വിട്ടശേഷം ഒരഭിമുഖത്തില്‍ മമത പറഞ്ഞതിങ്ങനെ. ''എനിക്ക് സിനിമയില്‍ അഭിനയിക്കണമെന്നൊന്നും ആഗ്രഹമില്ലായിരുന്നു. അമ്മയ്ക്കായിരുന്നു സിനിമകളോട് താത്പര്യം. അമ്മയ്ക്ക് അഭിനയിക്കാന്‍ പറ്റാത്തതുകൊണ്ട് എന്നെ ബലിയാടാക്കി. ഞാനൊരിക്കലും ആഗ്രഹിക്കാത്ത ജീവിതമാണിത്''. ചന്ദാമാമ എന്ന മലയാളസിനിമയില്‍, ഒരു പാട്ടിലും മമ്ത അഭിനയിച്ചിട്ടുണ്ട്.
വിവാദങ്ങളിലൂടെ ആ ജീവിതം...
എന്നും വിവാദങ്ങളിലൂടെ കടന്നുപോയ ജീവിതമാണ് മമ്തയുടേത്. 'സ്റ്റാര്‍ ഡസ്റ്റ്' എന്ന മാസികയുടെ കവര്‍പേജില്‍ ടോപ് ലെസായി പ്രത്യക്ഷപ്പെട്ടതോടെ സിനിമാലോകം ഒന്നടങ്കം ഞെട്ടി. പിന്നാലെ, അധോലോകനേതാവ് ഛോട്ടാ രാജനുമായുള്ള അടുപ്പവും ചര്‍ച്ചാവിഷയമായി. ഛോട്ടാ രാജനുമായി മമത പ്രണയത്തിലാണെന്ന് അന്നത്തെ ടാബ്ലോയിഡുകള്‍ എഴുതിവിട്ടു.

അതില്‍ എവിടെയൊക്കെയോ സത്യമുണ്ടെന്ന് പിന്നീടുണ്ടായ സംഭവങ്ങളിലൂടെ തെളിഞ്ഞു. 'ചൈനാഗേറ്റ്' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. സംവിധായകന്‍ രാജ്കുമാര്‍ സന്തോഷി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുള്ള മമ്തയുടെ പരാതി ഏറെ ചര്‍ച്ചയായി. ആ പരാതിയില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് പറഞ്ഞ് സന്തോഷിയും രംഗത്തെത്തി. അതിനൊടുവില്‍ സിനിമയില്‍നിന്ന് മമ്തയെ ഒഴിവാക്കാനും മറ്റൊരാളെ നായികയാക്കാനും സന്തോഷി തീരുമാനിച്ചു. പക്ഷേ, ഛോട്ടാ രാജന്റെ ഭീഷണി മൂലം അതിനുകഴിഞ്ഞില്ല. ഒടുവില്‍ മമ്ത തന്നെ നായികയായി.
'ചൈനാഗേറ്റ്' ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞു. സിനിമ തകര്‍ന്നെങ്കിലും അതില്‍ ഊര്‍മിള മധോണ്‍കറിന്റെ 'ഛമ്മാ ഛമ്മാ' പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഊര്‍മിളയ്ക്ക് ഒരുപാട് ആരാധകരെ നേടിക്കൊടുത്തു ആ പാട്ട്. ആ ഐറ്റംസോങ് ചാര്‍ട്ട് ബസ്റ്ററുകളില്‍ സ്ഥാനംപിടിക്കുകയും ചെയ്തു. മമ്ത ഏറെ തിളങ്ങിയിരുന്ന മേഖലയായിരുന്നു അത്തരം ഐറ്റം നമ്പറുകള്‍. ഊര്‍മിളയുടെ ജനപ്രീതി മമ്തയെ ചൊടിപ്പിച്ചു. അവര്‍ വീണ്ടും സന്തോഷിക്കെതിരെ തിരിഞ്ഞു. സംവിധായകന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് നില്‍ക്കാത്തതുകൊണ്ട് സിനിമയിലെ തന്റെ സ്‌ക്രീന്‍ സ്‌പേസ് ഒരുപാട് വെട്ടിക്കുറച്ചുവെന്നാണ് അവരന്ന് ആരോപിച്ചത്.
മമതയ്ക്കുവേണ്ടി ഛോട്ടാ രാജന്‍ ഇടപെട്ടുവെന്ന് കേട്ടതോടെ അവരുടെ കരിയറിനെയും വല്ലാതെ ബാധിച്ചു. അവസരങ്ങള്‍ കുറഞ്ഞുതുടങ്ങി. ചുരുക്കം ചില സിനിമകളേ കിട്ടിയുള്ളൂ. 2002-ല്‍ അഭിനയിച്ച 'കഭി തും കഭി ഹം' ആയിരുന്നു അവരുടെ അവസാനസിനിമ. പിന്നീടവരെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല.
കേസുകളില്‍ കുടുങ്ങി ജീവിതം...
ഡ്രഗ് ഡീലറായ വിക്കി ഗോസ്വാമിയെ വിവാഹംകഴിച്ച മമ്ത, കെനിയയിലാണെന്നാണ് കേട്ടിരുന്നത്. മയക്കുമരുന്ന് കേസില്‍ ദുബായ് ജയിലിലായ വിക്കിയുമായി, ജെയിലില്‍വെച്ചായിരുന്നു വിവാഹം. അപ്പോഴും അതിനൊന്നും സ്ഥിരീകരണമുണ്ടായിരുന്നില്ല. പിന്നീട് 2016-ലാണ് മമത വീണ്ടും പൊതുസമൂഹത്തിന് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു ചാനലിന് അന്ന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ സംസാരിച്ചത് മുഴുവന്‍ മാറിയ ജീവിതത്തെക്കുറിച്ചാണ്.
ആ അഭിമുഖത്തില്‍ അവര്‍ പറഞ്ഞതിങ്ങനെ, ''വര്‍ഷങ്ങളോളം ഞാന്‍ തപസ്സിലായിരുന്നു. ഭൗതികമായിട്ടുള്ളതൊന്നും ഇപ്പോഴെന്റെ മനസ്സിലില്ല. തികച്ചും ആത്മീയതയുടെ പാതയിലാണ്. എന്നെപ്പോലെ വിക്കിയും മയക്കുമരുന്നിന്റെ പാതയിലല്ല ഇപ്പോള്‍''. താനും വിക്കിയും തമ്മില്‍ നല്ല സൗഹൃദബന്ധം മാത്രമേയുള്ളൂവെന്നും വിവാഹം കഴിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. ലൈംഗികതയോടുള്ള താത്പര്യം കൊണ്ടാണ് തന്റെ ജീവിതം ഇല്ലാതായതെന്നും ഇനിമുതല്‍ മദ്യം, മയക്കുമരുന്ന്, ലൈംഗികത എന്നിവയൊന്നും തന്റെ ജീവിതത്തിലുണ്ടാവില്ലെന്നും അവര്‍ തുറന്നുപറഞ്ഞു.

ആ അഭിമുഖത്തിന്റെ ബഹളം അടങ്ങുംമുമ്പേ അടുത്ത വാര്‍ത്തയെത്തി, മമ്ത കുല്‍ക്കര്‍ണിക്കെതിരെ മയക്കുമരുന്ന് കേസ്. ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്രയിലെ സോലാപൂരിലെ ഒരു ഫാക്ടറിയില്‍ മുംബൈ നാര്‍ക്കോട്ടിക് വിഭാഗം റെയ്ഡ് നടത്തിയിരുന്നു. 18.5 ടണ്‍ എഫ്രഡൈന്‍ എന്ന ലഹരിവസ്തുവാണ് ആ റെയ്ഡില്‍ അവര്‍ പിടിച്ചെടുത്തത്. അന്താരാഷ്ട്രവിപണിയില്‍ 2000 കോടി രൂപയായിരുന്നു അന്നതിന് വില. അന്വേഷണത്തില്‍ വിക്കി ഗോസ്വാമിയുടെ ഉടമസ്ഥതതയില്‍ കെനിയയിലുള്ള കമ്പനിയിലേക്കുള്ളതാണ് ആ ലഹരിവസ്തുവെന്നും കണ്ടെത്തി.
വിക്കിക്കൊപ്പം മമ്തയും കേസിലുള്‍പ്പെട്ടു. കെനിയയിലെ ഹോട്ടലില്‍വെച്ച് വിക്കിയും മമ്തയും മറ്റു ചിലരും ചേര്‍ന്ന് മയക്കുമരുന്ന് കടത്താനുള്ള ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. വിക്കിയെ കെനിയയില്‍വെച്ചുതന്നെ അറസ്റ്റ് ചെയ്തുവെങ്കിലും, മമ്തയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. അതോടെ മുംബൈ കോടതി അവര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.
2017-ല്‍ പോലീസ് അവരുടെ മുംബൈയിലെ വീട് റെയ്ഡ് ചെയ്തു. തുടര്‍ച്ചയായ സമന്‍സുകള്‍ക്കുശേഷും ഹാജരാകാത്തതിനാല്‍, മുംബൈയിലെ അവരുടെ ഫ്ളാറ്റുകളും മറ്റും കണ്ടുകെട്ടുകയും ചെയ്തു. പിന്നീട് കേസില്‍നിന്നൊഴിവാക്കാനായി തന്റെ വക്കീല്‍ മുഖേന മുംബൈ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂലായിലാണ് മമ്തയ്ക്ക് അനുകൂലമായി ബോംബെ കോടതി വിധി പ്രഖ്യാപിച്ചത്. തുടര്‍ന്ന് അവര്‍ക്കെതിരെയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കുകയും ചെയ്തു.
Content Highlights: mamta kulkarni returns to mumbai after 25 years
Published: 05 Dec 2024, 12:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented