മലയാള സിനിമയുടെ മെഗാസ്റ്റാര്‍ പൂര്‍ണ്ണആരോഗ്യവാനായി സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് സ്ഥിരീകരണം. സിനിമാപ്രവര്‍ത്തകരാണ് മമ്മൂട്ടിയുടെ ആരോഗ്യം മെച്ചപ്പെട്ടെന്ന സൂചനകളുമായി മുന്നോട്ടുവരുന്നത്. അതില്‍ തന്നെ മമ്മൂട്ടിയുടെ ചിത്രത്തോടൊപ്പം അദ്ദേഹത്തിന്റെ സന്തതസഹചാരിയും നിര്‍മാതാവുമായ എസ്. ജോര്‍ജ് പങ്കുവെച്ച കുറിപ്പാണ് സമൂഹമാധ്യമത്തില്‍ ശ്രദ്ധനേടുന്നത്. ഏഴുമാസത്തിനുശേഷമാണ് മമ്മൂട്ടി തിരികെ എത്തുന്നത്.

'സന്തോഷത്തില്‍ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നു. പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവര്‍ക്കും പറഞ്ഞാല്‍ തീരാത്ത സ്‌നേഹത്തോടെ പ്രിയപ്പെട്ടവരെ...നന്ദി!' ജോര്‍ജിന്റെ കുറിപ്പില്‍ പറയുന്നു.

നേരത്തേ ആന്റോ ജോസഫും മമ്മൂട്ടിയേക്കുറിച്ച് കുറിപ്പ് പങ്കുവെച്ചിരുന്നു. 'ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടു,

ദൈവമേ നന്ദി, നന്ദി, നന്ദി.' എന്നായിരുന്നു അത്. 'ഇതില്‍ കൂടുതല്‍ ഒരു നല്ല വര്‍ത്തമാനം ഇല്ല. മമ്മൂക്ക പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും, ശുശ്രൂഷിച്ച എല്ലാവര്‍ക്കും, ആശുപത്രിയോടും കടപ്പാട്. സ്നേഹം', എന്നായിരുന്നു മാലാ പാര്‍വതിയുടെ കുറിപ്പ്.

ചികിത്സാര്‍ഥം സിനിമയില്‍നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്ക് പോയതായിരുന്നു താരം. ഇന്ന് രാവിലെയോടെയാണ് എല്ലാ ടെസ്റ്റുകളുടെയും ഫലങ്ങള്‍ പുറത്തു വന്നത്. ഈ പോസ്റ്റുകളുടെ ഒക്കെ കമന്റ്‌ബോക്‌സില്‍ നിരവധി പ്രമുഖരും അതുകൂടാതെ ലോകമെമ്പാടുമുള്ള ആരാധകരും സന്തോഷവും ആശംസകളും പ്രാര്‍ഥനയുമായും എത്തിയിട്ടുണ്ട്. നടന്‍ രമേഷ് പിഷാരടി, സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് തുടങ്ങിയവരും സമൂഹമാധ്യമങ്ങളിലൂടെ സന്തോഷം പങ്കുവെച്ചിട്ടുണ്ട്. 'സിനിമയില്‍ വന്നതിന് ശേഷം മമ്മൂട്ടി ഇത്രയും നാള്‍ വെറുതെ ഇരുന്നത് ആദ്യമായിരിക്കും, മികച്ച കഥാപാത്രങ്ങളുമായി അദ്ദേഹം തിരിച്ചുവരും' സംവിധായകന്‍ കമലും പറഞ്ഞു.

കളങ്കാവല്‍ എന്ന തന്റെ പുതിയ ചിത്രം ഉടന്‍ തിയേറ്ററുകളിലേക്കെത്തുമെന്ന വിവരം കഴിഞ്ഞദിവസം സമൂഹമാധ്യങ്ങളിലൂടെ താരം അറിയിച്ചിരുന്നു. അദ്ദേഹം സജീവമായിരുന്നു, പൊതുരംഗത്ത് നിന്ന് മാത്രമാണ് വിട്ട് നിന്നതെന്നും ഒരു മാസത്തിനുള്ളില്‍ തന്നെ തിരിച്ചെത്തുമെന്നും മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പി.ആര്‍.ഒ റോബര്‍ട്ട് കുര്യാക്കോസും വ്യക്തമാക്കി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ https://mbi.page.link/grihalakshmi