
കീഴാറ്റൂരിലേക്കുള്ള കുന്നിറങ്ങുമ്പോള്‍ താഴെ വയല്‍പ്പച്ചയാണ്, അതിന്റെ ഒത്ത നടുവിലൂടെ കുന്നിന്റെ നെഞ്ചുപൊട്ടി വന്ന ചെമ്മണ്ണ് ബൈപ്പാസ് വികസനത്തിന്റെ പരവതാനിവിരിച്ച് തുടങ്ങിയിരിക്കുന്നു. ആകാശത്ത് സൂര്യന്‍ പതിവിലും ചൂടില്‍ കത്തിനില്‍ക്കുന്നുണ്ട്. വയലിനുനടുവിലൂടെ നീളുന്ന റോഡ് കീഴാറ്റൂര്‍ ഇ.എം.എസ് മന്ദിരത്തിലെ കവലയില്‍ ചെന്നുമുട്ടും. മന്ദിരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വീടാണ് വയല്‍ക്കിളി സമരനായകന്‍ സുരേഷ് കീഴാറ്റൂരിന്റേത്.
വാതില്‍പ്പടി കടന്ന് മുന്നിലേക്ക് വന്നത് നരയും കറുപ്പും ഇടകലര്‍ന്ന താടിയും മെല്ലിച്ച ശരീരവുമായി വയലില്‍ സമരമുദ്രാവാക്യം മുഴക്കിയ ആ പഴയ സുരേഷായിരുന്നില്ല, മറിച്ച് വടിച്ച് മിനുക്കിയ താടിയും മുഖത്ത് പ്രതീക്ഷയുടെ പുതിയൊരു വെളിച്ചവുമുള്ള പുതിയ സുരേഷ് കീഴാറ്റൂരായിരുന്നു. പ്രകാശം പരത്തുന്ന ഒരുപുഞ്ചിരിയോടെ അദ്ദേഹം സംസാരിച്ച് തുടങ്ങി,
Also Read
'ഒരു സമരത്തിന്റെ കഥയാണ് ഞാനിപ്പോള്‍ പറയുന്നത്. പക്ഷേ അത് കീഴാറ്റൂര്‍ സമരത്തിന്റേതല്ല, മറിച്ച് ഈ അമ്പത്തിയൊന്നുകാരന്‍ മരണമുഖത്ത് നിന്ന് മദ്യത്തിനെതിരെ നടത്തിയ ജീവിതസമരത്തിന്റെ കഥ'
കള്ളും കാവലും
കീഴാറ്റൂരിലെ ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനിച്ചാണ് സുരേഷ് കമ്യൂണിസ്റ്റായത്. വയലേലകളില്‍ രാവന്തിയോളം അധ്വാനിച്ച് വൈകുന്നേരങ്ങളില്‍ അല്‍പം കള്ള് കുടിച്ച് ആഗോള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അച്ഛനടക്കമുള്ള സഖാക്കളെ കണ്ടാണ് വളര്‍ന്നത്. വടക്കന്‍ കേരളത്തിലെ ഏതൊരു ഗ്രാമീണനെയും പോലെ ചെറുപ്പത്തില്‍ തന്നെ മുത്തപ്പന്റെ ദാഹശമനിയായ കള്ളിന്റെ രുചി സുരേഷും അറിഞ്ഞു. എന്നാല്‍ വിദേശമദ്യത്തിന്റെ രുചി ആദ്യമായി അറിഞ്ഞത് വയലില്‍ പച്ചക്കറിക്ക് കാവല്‍ കിടന്ന രാത്രികളിലൊന്നിലാണ് ' എന്റെ ചെറുപ്പത്തില്‍ പട്ടാളക്കാരനായ അമ്മാവന്റെ നേതൃത്വത്തില്‍ നാട്ടില്‍ വലിയ തോതില്‍ പച്ചക്കറി കൃഷി നടത്തുമായിരുന്നു. പ്രദേശത്ത് കുറുക്കന്റെ ശല്യം രൂക്ഷമായതിനാല്‍ രാത്രികളില്‍ വിളയ്ക്ക് കാവലിരിക്കുക പതിവായിരുന്നു. ആ രാത്രികളില്‍ അമ്മാവന്‍ ക്വാട്ടയായി ലഭിക്കുന്ന വിദേശമദ്യം കാവലിരിക്കുന്നവര്‍ക്ക് നല്‍കും. അങ്ങനെയാണ് ഞാന്‍ ആദ്യമായിമദ്യത്തിന്റെ രുചിയറിഞ്ഞത്. അത് ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. പക്ഷേ അന്ന് മദ്യത്തോട് വലിയ ഇഷ്ടമൊന്നും തോന്നിയില്ല. തൊട്ടടുത്ത വര്‍ഷം പത്താം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പാസായി, തളിപ്പറമ്പ് സര്‍സയ്യിദ് കോളജില്‍ പ്രീഡിഗ്രിക്ക് ചേരണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ വീട്ടിലെ ദരിദ്ര ചുറ്റുപാടിനെ തുടര്‍ന്ന് തുടര്‍വിദ്യാഭ്യാസം വഴിമുട്ടി. കൂടെ പഠിച്ചവരെല്ലാം കോളേജില്‍ പഠിക്കാന്‍ പോയപ്പോള്‍ അതൊന്നുമാകാതെ ജീവിക്കേണ്ടി വന്നത് ഏറെ മാനസികസംഘര്‍ഷമുണ്ടാക്കി. പക്ഷേ അപ്പോഴും മൂത്തമകനെന്ന നിലയില്‍ അച്ഛനൊപ്പം ജോലിക്ക് പോകാനും കുടുംബത്തെ സഹായിക്കാനും ആരംഭിച്ചു. നാട്ടില്‍ സി.പി.ഐ.എമ്മിന്റെ ഭാഗമായി സംഘടനപ്രവര്‍ത്തനങ്ങള്‍ നടത്താനും ആരംഭിച്ചു. ചെറിയ പ്രായത്തില്‍ തന്നെ സ്വയം പര്യാപ്തനായി മാറിയതോടെ ജീവിതത്തിന് എന്തെന്നില്ലാത്ത ധൈര്യം കൈവരികയായിരുന്നു.'

കുടിച്ചുവറ്റിച്ച രാത്രികള്‍
നാടിന്റെ ഉള്ളറിയുന്നവര്‍ നല്ല നാടകക്കാരാകും, അതിനാല്‍ സുരേഷും സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നല്ലൊരു നാടകക്കാരനായി. വടക്കന്‍ കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളില്‍ നാടകവും കൊണ്ട് സഞ്ചരിച്ചു. കലയ്‌ക്കൊപ്പം നടന്ന ആ രാത്രികളിലാണ് തന്റെ ജീവിതത്തെ മദ്യം കുടിച്ചുതീര്‍ക്കാന്‍ ആരംഭിച്ചതെന്ന് സുരേഷ് പറയുന്നു. 'വലിയൊരു സൗഹൃദകൂട്ടായ്മ ചുറ്റും രൂപപ്പെട്ടു വന്നതോടെ നാടകപ്രവര്‍ത്തനത്തിന്റെ ഭാഗമായി രാത്രികളില്‍ എഴുതാനും ചിന്തിക്കാനുമെല്ലാം മദ്യം കൂടിയേ തീരൂ എന്ന സ്ഥിതിയായി. പലവിധ സൗഹൃദകൂട്ടായ്മകള്‍, പലവിധ മനുഷ്യര്‍, പലവിധ കഥകള്‍, സന്തോഷങ്ങള്‍, സങ്കടങ്ങള്‍ എല്ലാത്തിലും മദ്യം നിറഞ്ഞു. കോഴിക്കോട്ട് ഒരാഴ്ച നീളുന്ന നാടകോത്സവം നടക്കുകയാണെങ്കില്‍ അവിടെ ക്യാമ്പ് ചെയ്ത് ഏഴുദിവസവും മദ്യപിച്ച് ആഘോഷിക്കുകയായിരുന്നു പതിവ്. അപ്പോഴും നാട്ടില്‍ ഞാന്‍ പകല്‍ മാന്യനായിരുന്നു. ഡിവൈഎഫ്‌ഐയുടെയും പാര്‍ട്ടിയുടെയും വിവിധ ചുമതലകള്‍ വളരെ ഉത്തരവാദിത്തതോടെ നിര്‍വഹിക്കുന്നുണ്ടായിരുന്നു. '
റബ്‌കോയിലെ 'കുടി'ക്കാലം
നാട്ടിലെ എല്ലാകാര്യങ്ങള്‍ക്കും ഓടിയെത്തുന്ന ചെറുപ്പക്കാരനായ ബ്രാഞ്ച് സെക്രട്ടറി, സഖാവിനോട് പ്രണയം തോന്നാന്‍ ലതയ്ക്ക് അധികം കാരണങ്ങള്‍ വേണ്ടിവന്നില്ല. രണ്ട് കുടുംബവും കമ്യൂണിസ്റ്റുകാരയതിനാല്‍ വൈകാതെ പ്രണയം വിവാഹത്തിന് വഴിമാറി. വിവാഹം കഴിഞ്ഞതോടെ രാത്രികളിലെ മദ്യപാന സദസ്സുകള്‍ മെല്ലെ നിന്നു, പകരം.. 'അതോടെ മദ്യപാന സദസ്സുകള്‍ വൈകുന്നേരങ്ങളിലേക്ക് മാറി. ആറ് മണിക്ക് ആരംഭിക്കുന്ന മദ്യ സദസ്സുകള്‍ എട്ടു മണിയിലേക്കും പത്ത് മണിയിലേക്കും നീണ്ടുപോയി. ഓരോ ദിവസവും സമയദൈര്‍ഘ്യം കൂടിയപ്പോള്‍ ലതയില്‍ നിന്ന് ചോദ്യങ്ങളുയര്‍ന്നു. പല കളവുകളും പറഞ്ഞെങ്കിലും മെല്ലെ വീട്ടില്‍ പിടിക്കപ്പെട്ടു. ദാമ്പത്യ ജീവിതത്തില്‍ പല പ്രശ്‌നങ്ങളും ഉടലെടുത്തു. സംഘര്‍ഷങ്ങള്‍ രൂക്ഷമായപ്പോള്‍ കുറച്ച് ദിവസം മദ്യപാനം നിര്‍ത്തും, പിന്നെ വീണ്ടും തുടങ്ങും.
ആ സമയത്ത് പാര്‍ട്ടി ഇടപെട്ട് റബ്‌കോയില്‍ എനിക്ക് ജോലി ലഭിച്ചു. കോട്ടയം, പാല, പൈക, പൂവരണി, കാഞ്ഞിരപ്പള്ളി അങ്ങനെ റബ്ബര്‍ കൃഷി ചെയ്യുന്ന മേഖലകളിലൂടെയായിരുന്നു ജോലി ആവശ്യങ്ങളുമായി സഞ്ചാരം. ചെല്ലുന്നയിടങ്ങളെല്ലാം മദ്യവുമായി സത്കരിക്കാന്‍ ആള്‍ക്കാരുണ്ടായി. റബ്‌കോയിലെ അഞ്ച് വര്‍ഷം മദ്യമില്ലാത്ത ദിവസങ്ങളുണ്ടായിരുന്നില്ല. ഇത് പാര്‍ട്ടിയില്‍ ചര്‍ച്ചയായതോടെയാണ് റബ്‌കോയില്‍ നിന്ന് രാജിവെക്കുന്നത്. ആ രാജി ഒരുതരത്തില്‍ എടുത്തുചാട്ടം തന്നെയായിരുന്നു. മദ്യത്തിന്റെ ഏറ്റവും വലിയ വിപത്ത് അത് നമുക്ക് അനാവശ്യമായ ധൈര്യവും ആത്മാഭിമാനവും നല്‍കുമെന്നതാണ്. പിന്നീട് ആരംഭിച്ച പാദരക്ഷ വ്യവസായം പതിനഞ്ച് ലക്ഷം രൂപയുടെ കടബാധ്യതയിലാണ് അവസാനിച്ചത്. കടം തീര്‍ക്കാനായി വീട് വിറ്റു. കുടുംബത്തെ വാടക വീട്ടിലേക്ക് മാറ്റി. വീട് വിറ്റ പണം കൊണ്ട് കടം തീര്‍ക്കാതെ അതും എടുത്ത് മദ്യപാനസദസ്സുകള്‍ നടത്തി. അങ്ങനെ പ്രതിസന്ധികള്‍ കൂടി. നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ആഫ്രിക്കയിലേക്ക് പ്രവാസിയായി പറന്നത്. '

ആഫ്രിക്കന്‍ ലഹരി
സ്‌പെയിനിന്റെ പഴയ കോളനിയായിരുന്ന ഇക്വറ്റോറിയല്‍ ഗിനിയ എന്ന ആഫ്രിക്കന്‍ രാജ്യത്താണ് സുരേഷ് പ്രവാസിയായി എത്തിയത്. സ്പാനിഷായിരുന്നു അവിടത്തെ സംസാരഭാഷ. അവിടെ മാള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി. അതിവേഗം എല്ലാവരുമായി സൗഹൃദം സ്ഥാപിച്ച സുരേഷ് നാട്ടിലെ ബാധ്യതകള്‍ തീര്‍ക്കുകയും പുതിയ വീട് പണി യുകയും ചെയ്തു. ജീവിതം വീണ്ടും ട്രാക്കിലേക്ക് കയറിയതോടെ ഉള്ളിലെ മദ്യപാനി ഉണര്‍ന്നു. 'അവിടെ ജോലിചെയ്തിരുന്നത് മൈനസ് ഡിഗ്രി താപനിലയിലുള്ള വലിയ മീറ്റ് പ്ലാന്റിലാണ്. ജോലി സമയം ഒരുദിവസം 30 ടിന്‍ ബിയര്‍ അകത്താകും. രാത്രി ഒരു കുപ്പി നെപ്പോളിയന്‍ കൂടി അകത്താക്കുന്നതോടെ ആ ദിവസം അവസാനിക്കും. ഇതിനിടെനാട്ടില്‍ പഴയൊരു രാഷ്ട്രീയകേസുമായി ബന്ധപ്പെട്ട് വീടിന് ജപ്തി ഭീഷണി വന്നതോടെ ആഫ്രിക്കയിലെ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് വന്നു. കേസ് ഒത്തുതീര്‍ന്നതോടെ തളിപ്പറമ്പില്‍ ഒരു ഹോട്ടല്‍ ആരംഭിച്ചു. ദിവസം രണ്ടായിരം രൂപയ്ക്കടുത്ത് വരുമാനം ലഭിക്കുന്ന സ്ഥിതിയെത്തി. രാവിലെ നാല് മണിമുതല്‍ രാത്രി എട്ടുമണിവരെ നീളുന്ന ഹോട്ടലിലെ തിരക്കുകളില്‍പ്പെട്ടതോടെ മദ്യപാനവും കുറഞ്ഞു. ജീവിതത്തിലേക്ക് വീണ്ടും സന്തോഷത്തിന്റെ വസന്തകാലം വിരുന്നുവന്നു.'
സമരം വന്നുവിളിച്ചപ്പോള്‍
കീഴാറ്റൂരിന്റെ ജീവനാഡിയായ വയലിനെ ഭരണകൂടം മണ്ണിട്ട് മൂടാന്‍ തീരുമാനിച്ചപ്പോള്‍ കീഴാറ്റൂരിലെ ജനങ്ങള്‍ ചെറുക്കാനൊരുങ്ങി. കീഴാറ്റൂര്‍ ബൈപ്പാസ് സമരം ആരംഭിച്ചതോടെ സുരേഷിന്റെ ജീവിതം കീഴ്‌മേല്‍ തകിടം മറിഞ്ഞു. പാര്‍ട്ടിയുടെ പ്രാദേശിക ഘടകത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരം ആരംഭിച്ചതെങ്കിലും മേല്‍ക്കമ്മിറ്റി ഇടപെട്ടതോടെ പ്രാദേശിക നേതൃത്വം പിന്മാറി. അതോടെ അപ്രതീക്ഷിതമായി സുരേഷ് കീഴാറ്റൂര്‍ വയല്‍ക്കിളികളുടെ നേതൃസ്ഥാനത്തേക്ക് വന്നു. അതുവരെ സഖാവെ എന്ന് വിളിച്ച് നടന്ന പാര്‍ട്ടിക്കാര്‍ സുരേഷിനെ ഒറ്റുകാരനായി മുദ്രകുത്തി. ജീവിതത്തിലെ സന്തോഷങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണു.
'കേരളത്തിലെ ഏറ്റവും വലിയ സംഘടിത പ്രസ്ഥാനവുമായാണ് യുദ്ധത്തിനിറങ്ങുന്നത് എന്ന തിരിച്ചറിവോടെ കൂടി തന്നെയാണ് സമര നേതൃത്വത്തില്‍ നിന്നത്. നാടിന്റെയും വയലിന്റെയും തണ്ണീര്‍ത്തടങ്ങളുടെയും നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടമായിരുന്നു അത്. സമരവും സംഘര്‍ഷങ്ങളുമെല്ലാം എന്നെ മാനസികമായി വേട്ടയാടിത്തുടങ്ങിയതോടെ മദ്യപാനം വീണ്ടും സജീവമായി. വിഷാദരോഗത്തിനും അടിമപ്പെട്ടു. കുടുംബം, ഹോട്ടല്‍ അങ്ങനെ അന്നുവരെ ജീവിതത്തിലുണ്ടായ എല്ലാ സന്തോഷങ്ങളും സമരചൂടില്‍ തകര്‍ന്നു. മാസങ്ങള്‍ നീണ്ട സമരം വീണ്ടും എന്നെ വലിയ കടക്കാരനാക്കി മാറ്റി. സമരം അനിശ്ചിതമായി നീണ്ടതോടെ കടബാധ്യതയും മദ്യപാനവും കൂടി എന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. ജോലിക്ക് പോകാതെ മാസങ്ങളോളം സമരമുഖത്തായതിനാല്‍ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ഭാര്യയുടെ പേരിലുള്ള സ്വര്‍ണവും സ്ഥലവുമെല്ലാം വിറ്റു. സമരം നടന്ന നാലുവര്‍ഷം എല്ലാരാത്രികളിലും മദ്യപിച്ചു. സമരം അവസാനിച്ചെങ്കിലും മദ്യപാനം മാത്രം അവസാനിച്ചില്ല. എന്റെ മക്കളുടെ മുഖത്തെ ചിരിപോലും ഈ കാലത്ത് മാഞ്ഞു. കടുത്ത വിഷാദത്തിലകപ്പെട്ട് ഞാന്‍ രണ്ടുതവണ ആത്മഹത്യക്ക് ശ്രമിച്ചു. ഈ സംഘര്‍ഷങ്ങള്‍ താങ്ങാനാവാതെ ഭാര്യ ആത്മഹത്യക്കൊരുങ്ങി. 2021 നവംബറിലാണ് ബൈപ്പാസിനായി വയല്‍നികത്തല്‍ ആരംഭിച്ചത്. ആ ഒരാഴ്ച കുടിച്ചുവറ്റിച്ച കുപ്പികളെത്ര എന്ന് ഓര്‍മയില്ല. ജീവിതം അവസാനിപ്പിക്കാം എന്ന ചിന്തയില്‍ നില്‍ക്കുന്ന ദിവസങ്ങളിലൊന്നിലാണ് പഴയ സുഹൃത്തുകൂടിയായ മുരളിയെ വിളിക്കുന്നത്. വെള്ളം സിനിമയിലെ യഥാര്‍ഥ കഥാപാത്രമായ മുരളി കുന്നംപുറത്ത്. ആ ഫോണ്‍ വിളിക്കുമ്പോള്‍ എന്റെ കട്ടിലില്‍ മരിക്കാനായി കുരുക്കിട്ട് വച്ച കയറിരിക്കുന്നുണ്ട്. 'മുരളീ, ഞാന്‍ ജീവിതം അവസാനിപ്പിക്കാം എന്ന തീരുമാനത്തില്‍ നില്‍ക്കുകയാണ്. എനിക്ക് മദ്യപാനത്തില്‍നിന്ന് പുറത്തുകടക്കാനാവുന്നില്ല'. ഇത് കേട്ടപ്പോള്‍ മുരളി ആദ്യം ചോദിച്ചത് ' നിങ്ങള്‍ ഇപ്പോള്‍ എവിടെയാണുള്ളത്' എന്നാണ്. വീട്ടിലാണെന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ മുരളി പറഞ്ഞു.' എന്തായാലും നാളെ കൂടി ആവുന്നത്ര മദ്യപിക്കൂ. മറ്റന്നാള്‍ നമുക്ക് ഒരുസ്ഥലം വരെ പോകാം...'.
ജീവിതത്തിന്റെ രണ്ടാമൂഴം
മദ്യം തകര്‍ത്ത ജീവിതം മുരളി കുന്നുംപുറത്ത് തിരികെ പിടിച്ചത് കോഴിക്കോട് നടക്കാവിലെ സത്യനാഥന്‍ ഡോക്ടര്‍ തെളിച്ച വെളിച്ചത്തിലൂടെയാണ്. സുരേഷിനെയും മുരളി സ്വാഗതം ചെയ്തത് സത്യനാഥന്‍ ഡോക്ടറുടെ മുന്നിലേക്കായിരുന്നു.
'ഒരൊറ്റ നിബന്ധനമാത്രമാണ് മുരളി മുന്നോട്ട് വച്ചത്. ഭര്‍ത്താവിനും ഭാര്യയ്ക്കും ഒരുമിച്ചാണ് അവിടെ ചികിത്സ. അതിനാല്‍ രണ്ടുപേരും ഒരുമിച്ച് പോകണം'. കാര്യം ഞാന്‍ ലതയോട് പറഞ്ഞു. അങ്ങനെ രണ്ടാം നാള്‍ ഭാര്യയുമൊത്ത് കോഴിക്കോട് നടക്കാവിലെ സുരക്ഷ ഹോസ്പിറ്റലിലേക്ക് വണ്ടി കയറി.
രാവിലെ അഞ്ച് മണിക്കാണ് സുരക്ഷയിലെ ദിവസം തുടങ്ങുന്നത്. യോഗ, കൗണ്‍സിലിങ്, വായന തുടങ്ങി പലവിധ പ്രകിയയിലൂടെയാണ് ചികിത്സ മുന്നോട്ട് പോയത്. അങ്ങനെ 31 ദിവസങ്ങള്‍. അക്ഷരാര്‍ഥത്തില്‍ ലതയ്ക്കും എനിക്കും ജീവിതത്തിലെ രണ്ടാം ഹണിമൂണായിരുന്നു ഈ കാലഘട്ടം. ഞങ്ങള്‍ക്കിടയില്‍ മാനസികമായി ഉണ്ടായ അകല്‍ച്ചകളെല്ലാം സ്‌നേഹത്തില്‍ അലിഞ്ഞില്ലാതായി. എനിക്ക് മുന്നില്‍ ജീവിത വര്‍ണങ്ങള്‍ തെളിഞ്ഞു. ഇപ്പോള്‍ ഞാന്‍ പുതിയൊരു മനുഷ്യനാണ്. മെെല്ല മെല്ലെ ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് തിരിച്ചുനടക്കുകയാണ്. നഷ്ടപ്പെട്ടുപോയ സന്തോഷങ്ങള്‍ ഓരോന്നായി തിരികെ പിടിക്കുകയാണ്. കുടുംബവും പാര്‍ട്ടിയും സഖാക്കളും അങ്ങനെ എല്ലാമെല്ലാം. ലതയുടെ കൈകള്‍ മുറുകെ പിടിച്ച് സുരേഷ് ചിരിച്ചു. വീട്ടിലാകെ ആ ചിരിയുടെ പ്രകാശം പരന്നു.
Content Highlights: Life Story of Vayalkili leader Suresh Keezhattur who addicted to Alcohol
Published: 22 May 2023, 03:12 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented