
ഉറക്കച്ചുവയുള്ള കടല്‍ക്കാറ്റ് അഞ്ചുതെങ്ങിന്റെ തീരത്താകെ ചുറ്റിനടപ്പുണ്ട്. കടുംനീലച്ചായം പൂശിയ ഒരു ബോട്ട് കടലിലേക്ക് തള്ളിയിറക്കുന്നു രണ്ടുപേര്‍. തിരയനക്കത്തില്‍ ബോട്ട് ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തപ്പെട്ട കടല്‍ജീവിയെപ്പോലെ ഉടല്‍കുലുക്കി. തിരക്കുത്തിലേക്ക് അതിനെ തള്ളിയിറക്കിയ രണ്ടു മനുഷ്യരും മെയ്‌വഴക്കമുള്ള അഭ്യാസികളായി ചാടിക്കയറി. ''പോരുന്നോ കടലിലേക്ക്?'' കടല്‍യാത്രയിലേക്ക് വഴിതുറക്കുന്ന ഇത്തരമൊരു പ്രലോഭനത്തില്‍ മൂക്കുംകുത്തി വീഴാത്തവരുണ്ടോ. ക്യാപ്റ്റന്‍ ഡെന്നിസ് എന്ന് സ്വയം പരിചയപ്പെടുത്തിയ അഞ്ചുതെങ്ങ് സ്വദേശിയായ ഡെന്നിസും സഹായി ജോണ്‍ ബോസ്‌കോയുമാണ് അമരത്ത്. ''കുവൈറ്റ് നേവിയില്‍ കുറച്ചുകാലം ജോലിചെയ്തിരുന്നു. അവിടെവെച്ച് സഹപ്രവര്‍ത്തകര്‍ ചാര്‍ത്തിയ സ്ഥാനപ്പേരാണ് ക്യാപ്റ്റന്‍...'' ഡെന്നിസ് തന്നെ കപ്പിത്താനാക്കിയ കാലത്തെ ഓര്‍ത്തെടുത്തു. അഞ്ചുതെങ്ങും വര്‍ക്കലയും പിന്നിട്ട് കാപ്പില്‍ ബീച്ചിലേക്ക്... യാത്രയില്‍ ബോട്ട് കഥനിറച്ചൊരു പേടകമാക്കി മാറ്റി കപ്പിത്താന്‍ ഡെന്നിസ്...
അപ്പനൊപ്പം ആദ്യമായി കടലിലേക്ക് ഇറങ്ങുമ്പോള്‍ എനിക്ക് പ്രായം പതിനഞ്ച്
അറബിക്കടല്‍ ഡെന്നിസിന് അടുത്ത ചങ്ങാതിയാണ്. പുലരിയുടെ പ്രശാന്തതയില്‍ കടല്‍ അരുമയായ ജലജീവിയെപ്പോലെ അയോളോടിണങ്ങി. ''മുറുകെപ്പിടിച്ചിരുന്നോ. പരിചയമില്ലാത്തവരോട് കടല്‍ ചില കുസൃതികളൊക്കെ കാണിച്ചേക്കാം.'' കപ്പിത്താന്‍ ഡെന്നിസിന്റെ മുന്നറിയിപ്പ്. ചരിത്രത്തിന്റെ പടുകൂറ്റന്‍ നിഴലായി കരയില്‍ അഞ്ചുതെങ്ങുകോട്ട നിവര്‍ന്നു നില്‍ക്കുന്നു.
ഡെന്നിസ് ചരിത്രത്തില്‍ നിന്ന് കഥ തുടങ്ങുകയായി. ''കുരുമുളകിന്റെയും നാളികേരത്തിന്റെയും പേരില്‍ കലാപം നടന്ന മണ്ണാണിത്. ഞങ്ങളുടെ പൂര്‍വികര്‍ കോട്ടവളഞ്ഞ് വെള്ളക്കാരെ വധിച്ചു.'' ബോട്ട് അകലങ്ങളിലേക്ക് ഒഴുകിത്തുടങ്ങി. തടസ്സങ്ങളില്ലാതെ കപ്പിത്താന്‍ ഡെന്നിസിന്റെ കഥ കേള്‍ക്കാന്‍ കടല്‍, കാറ്റിനെ പിടിച്ചുകെട്ടി കാതോര്‍ത്തുകിടന്നു. ''അപ്പനും അമ്മയ്ക്കും ഞങ്ങള്‍ പതിനഞ്ച് മക്കളാണ്. മൂത്തത് ഞാന്‍. അപ്പനൊപ്പം ആദ്യമായി കടലിലേക്ക് ഇറങ്ങുമ്പോള്‍ എനിക്ക് പ്രായം പതിനഞ്ച്. അല്‍പീസ്യാ തടി മുറിച്ച് അപ്പന്‍ കട്ടമരം ഉണ്ടാക്കും. അതില്‍ പായ പിടിപ്പിച്ച് തുഴഞ്ഞുപോകണം. കാറ്റിന്റെ ഗതി അനുസരിച്ചാണ് പോക്കും വരവും. മീന്‍തേടിയുള്ള പോക്കല്ലേ. തിരികെയെത്താന്‍ മൂന്നും നാലും ദിവസമൊക്കെ എടുക്കും. ചോറും കൂട്ടാനുമൊക്കെ പൊതിഞ്ഞ് ഒരു പോക്ക്. രാത്രിയായാല്‍ കടല്‍ ധ്യാനകേന്ദ്രം പോലാകും. ഒച്ചയും അനക്കവും ഒന്നുമുണ്ടാകില്ല. നമ്മളിങ്ങനെ ഇരുട്ടും മാനവും നോക്കി കട്ടമരത്തില്‍ ഇരിക്കും. വിദേശസഞ്ചാരികള്‍ കടലിലെ രാത്രി കാണാന്‍ കൂടിയാണ് ഇവിടേക്ക് വരുന്നത്. കാലിഫോര്‍ണിയയില്‍ നിന്ന് കുറച്ചുനാള്‍ മുമ്പ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ വന്നു. കടലിലെ രാത്രിയെപ്പറ്റി പഠിക്കാന്‍. ഞാനാണ് അവരെ കൊണ്ടുപോയത്. നമ്മുടെ കടല്‍ ഉഗ്രനാണ്. ഏതുകാലത്തും ഏറെക്കുറേ ഒരേ താപനില ആയിരിക്കും. തണുപ്പുകാലത്തും ഇറങ്ങി നീന്താം.'' ഡെന്നിസിന്റെ കഥകേട്ട് കടല്‍ ചിരിച്ചപോലെ... ഡെന്നിസ് വാത്സല്യത്തോടെ കടലിനെ ഒന്നു നോക്കി കഥ തുടര്‍ന്നു.
''പുറങ്കടലിലേക്കുള്ള പഴയ യാത്ര ഭയങ്കര രസമായിരുന്നു. കാറ്റത്തും മഴയത്തും പെട്ടിട്ടുണ്ട്. നടുക്കടലില്‍ നങ്കൂരമിട്ട് മഴ നനയും. അല്ലാതെന്തുചെയ്യാന്‍. ഇരുപതു വയസ്സൊക്കെ ആയപ്പോള്‍ മുതല്‍ ഞാന്‍ കടലിലേക്ക് തനിച്ചുപോയിത്തുടങ്ങി. അപ്പന്‍ പണിത കട്ടമരത്തിലാണ്. സ്രാവിനെ പിടിക്കാനായിരുന്നു ഇഷ്ടം. ചൂരയെ ചൂണ്ടയില്‍ കൊരുത്ത് കടലിലെറിയും. ടൈഗര്‍ഷാര്‍ക്ക് വന്ന് കൊത്തും. കുടുങ്ങിയാല്‍ പിന്നെ പിടഞ്ഞ് പ്രാണന്റെ പെടാപ്പാടില്‍ അത് കട്ടമരത്തെ വലിച്ചോണ്ടുപോകും. പത്തഞ്ഞൂറ് കിലോ ഭാരം വരുന്ന വലിയജീവിയല്ലേ. നമ്മള്‍ വെറും മനുഷ്യനും. സ്രാവ് ചത്തെന്ന് ഉറപ്പാക്കിയാല്‍ കട്ടമരം ചരിച്ച് അതിനെ വലിച്ചു കയറ്റും. അഥവാ ചത്തിട്ടില്ലെങ്കില്‍ വാലുകൊണ്ടുള്ള അടിയേറ്റ് നമ്മുടെ ജീവന്‍ പോവുമെന്നുറപ്പ്. അഞ്ചാറടിപ്പൊക്കത്തില്‍ ഒത്ത തൂക്കത്തില്‍ സ്രാവ് കട്ടമരം നിറഞ്ഞങ്ങനെ കിടക്കും. ഭാരം കൊണ്ട് മടക്കയാത്രയുടെ വേഗത കുറയും. കട്ടമരത്തില്‍ സ്രാവാണെങ്കില്‍ കരയില്‍ നില്‍ക്കുന്ന കാര്‍ന്നോന്മാര്‍ക്ക് കാഴ്ചയില്‍ത്തന്നെ അത് മനസ്സിലാവും. ഒരു സെന്റിന് അഞ്ഞൂറ് രൂപാ മാത്രം വിലയുള്ള കാലമാണത്. അതേ വില കിട്ടും സ്രാവൊന്നിന്. സ്രാവിനെയും കൊണ്ട് വരുന്നവന്‍ അന്ന് രാജാവാണ്. തുറയില്‍ ഒന്നൊന്നര ആഘോഷമായിരിക്കും. പത്തുവര്‍ഷത്തിനിടെ കുറേ സ്രാവിനെ പിടിച്ചിട്ടുണ്ട് ഞാന്‍. എന്‍ജിനുള്ള ബോട്ടൊക്കെ വന്നതില്‍ പിന്നെ കഥമാറി. ഇപ്പോള്‍ സ്രാവിനെ കിട്ടണമെങ്കില്‍ ബോംബെ ഗുജറാത്ത് തീരം വരെ പോകണം. '' കാലത്തിന്റെ മാറ്റത്തെപ്പറ്റി ഡെന്നിസ് പറയുന്നതിനിടെ ബോട്ട് വര്‍ക്കല തീരത്തിനരികില്‍ എത്തി.
വര്‍ക്കല ക്ലിഫിനോട് ചേര്‍ന്ന കടല്‍ഭാഗങ്ങളില്‍ ഉപ്പുവെള്ളത്തില്‍ മുങ്ങാങ്കുഴിയിടുന്ന കക്കവാരല്‍ തൊഴിലാളികള്‍. വലയടുക്കി ഒരു ചെറുവള്ളത്തില്‍ തീരത്തേക്ക് മടങ്ങുന്ന വൃദ്ധന്‍ പങ്കായം കുറച്ചകലേക്ക് ചൂണ്ടി. ''ദേ അവിടെ വോങ്കല്‍. കുറച്ച് വടക്കോട്ട് പോയാല്‍ കാണാം.'' വള്ളക്കാരന്‍ കൈമാറിയ വിവരം കപ്പിത്താന്‍ ഡെന്നിസിന്റെയും ജോണ്‍ബോസ്‌കോയുടേയും ഉന്മേഷം കൂട്ടി. ''വോങ്കല്‍ എന്നു പറഞ്ഞാല്‍ ഡോള്‍ഫിന്‍. ചിലനേരത്ത് അവന്മാര് കൂട്ടത്തോടെ വരും. പൊങ്ങിച്ചാടി മുങ്ങാങ്കുഴിയിട്ട് ഒറ്റപ്പോക്ക്.'' ബോട്ട് കറങ്ങിത്തിരിഞ്ഞ് ഡോള്‍ഫിനെ തേടിപ്പാഞ്ഞു. ആവഴിയില്‍ ബോട്ടുകളുടെ തട്ടിന്മേല്‍ വിശ്രമത്തിലാണ്ട കടല്‍പ്പക്ഷികള്‍. ബോട്ടിന്റെ എന്‍ജിനിരമ്പത്തില്‍ ചെറുപക്ഷികളെപ്പോലെ കടല്‍പ്പരപ്പിനു മീതെ പറന്നുചാടുന്ന വെള്ളിമീന്‍സംഘം. ''അതാ വോങ്കല്‍...'' ഡെന്നിസ് അകലേക്ക് വിരല്‍ ചൂണ്ടി. നാണംകുണുങ്ങികളായ ഡോള്‍ഫിനുകള്‍ വെള്ളത്തിലേക്ക് ഊളിയിട്ടു. ഡെന്നിസ് തന്റെ കഥകളിലേക്കും.
ആഴ്ചയില്‍ രണ്ടുദിവസം ഖലീഫ ആഡംബരബോട്ടില്‍ കടലില്‍ ഉല്ലാസയാത്രയ്ക്ക് പോകും
''1992ല്‍ ഞാന്‍ സൗദിയിലേക്ക് പോയി. രണ്ടുവര്‍ഷം അവിടെ ബോട്ട് മെക്കാനിക്കായി ജോലിചെയ്തു. ശമ്പളം പോരാത്തകൊണ്ട് തിരിച്ചുപോന്നു. അങ്ങനെയിരിക്കെ ബഹറിനില്‍ മറൈന്‍ മെക്കാനിക്കിനെ വേണമെന്നു പറഞ്ഞ് ഒരു പത്രപ്പരസ്യം കണ്ടു. നമ്പറില്‍ വിളിച്ചു. അത് സിനിമാ സംവിധായകന്‍ രണ്‍ജി പണിക്കരുടെ നമ്പറായിരുന്നു. 'ലേല'ത്തിന്റെ ഷൂട്ടിങ് നടക്കുന്നിടത്ത് ചെന്ന് അദ്ദേഹത്തെ കണ്ടു. മൂന്നുദിവസംകൊണ്ട് വിസ വന്നു. റോയല്‍ വിസ. ഖലീഫയുടെ ആഡംബരക്കപ്പലിന്റെ മെക്കാനിക്കായാണ്. ആഴ്ചയില്‍ രണ്ടുദിവസം ഖലീഫ ആഡംബരബോട്ടില്‍ കടലില്‍ ഉല്ലാസയാത്രയ്ക്ക് പോകും. ബോട്ടിന് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പാക്കുകയാണ് എന്റെ പണി. ഖലീഫ മരിച്ചപ്പോള്‍ ഞാന്‍ അവിടുന്ന് പോന്നു.'' കഥ തുടരുന്നതിനിടെ കറുത്ത ചിറകുകളുള്ള പൂമ്പാറ്റക്കൂട്ടം പാപനാശത്തെ ചെടികള്‍ക്കിടയില്‍ നിന്ന് കടലിന് കുറുകേ പറന്നു. ''ജീവിതം തേടി പോകുന്നതാണ്...'' കപ്പിത്താല്‍ ഡെന്നിസ് തന്റെ ജീവിതത്തിലെ അത്തരം ഒരു പറക്കലിലേക്ക് കഥ പറഞ്ഞുകയറി.
''ബോട്ടില്‍ കടല്‍യാത്രകള്‍ക്ക് വര്‍ഷങ്ങളായി ഞാന്‍ സഞ്ചാരികളെ കൊണ്ടുപോകുന്നുണ്ട്. ഇവിടെ അതിനുള്ള ലൈസന്‍സ് കിട്ടിയ ആദ്യത്തെ ആളും ഞാന്‍ തന്നെ. നാലുമാസം ടൂറിസം. പിന്നൊരു നാലുമാസം മത്സ്യബന്ധനം അതായിരുന്നു പതിവ്. ബഹ്‌റൈനില്‍ നിന്ന് വന്ന് കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ജീവിക്കാന്‍ കുറച്ചുകൂടി പണം വേണമെന്ന സ്ഥിതി വന്നു. അങ്ങനെ കുവൈറ്റിലേക്ക് പോയി. അവിടെ നേവിയില്‍. കുറച്ചുകാലം അവിടെ നിന്നിട്ട് തിരികെ വന്നു.
അങ്ങനെയിരിക്കുമ്പോള്‍ പത്രത്തില്‍ വീണ്ടുമൊരു തൊഴില്‍പരസ്യം കണ്ടു. അഫ്ഗാനിസ്താനില്‍ യു.എസ്. ആര്‍മിയിലേക്ക് ആളെ വേണമെന്ന്. ചെന്നൈയില്‍ അഭിമുഖത്തിന് ചെന്നപ്പോ വലിയ ജനക്കൂട്ടം. ഇംഗ്ലീഷ് അറിയാവുന്നവര്‍ കൈപൊക്കാന്‍ പറഞ്ഞു. ഞാന്‍ കൈപൊക്കി. ഞങ്ങള്‍ കുറച്ചുപേരേ എടുത്തു. 2011-ലാണ്. നേരെ ദുബായ് എയര്‍പോര്‍ട്ടിലേക്ക്. അവിടെനിന്ന് അഫ്ഗാനിലേക്ക്. അവിടേക്ക് പോകാനുള്ള മതിയായ രേഖകളോ വിസയോ ഒന്നും ഞങ്ങള്‍ കണ്ടിട്ടില്ല. യാഥാര്‍ഥ്യം പറഞ്ഞാല്‍ ദുബായില്‍ ഇറങ്ങിയ നേരം മുതല്‍ രേഖാപരമായി ഞങ്ങള്‍ മിസ്സിങ്ങാണ്. കര്‍ണാടകത്തില്‍ നിന്നുള്ള ലാബ് ടെക്‌നീഷ്യനായ ഒരു സ്ത്രീയാണ് അടുത്ത സീറ്റില്‍. അവര്‍ ഒരേ കരച്ചില്‍.
കണ്ഡഹാറിലേക്കാണ് കൊണ്ടുപോകുന്നത്. ഞങ്ങളെ എല്ലാവരെയും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിപ്പിച്ചു. ടാര്‍പ്പായിട്ട ടെന്റാണ് ക്യാമ്പ്. കൊടുംചൂടും തണുപ്പും മാറിമാറി വരുന്ന കാലാവസ്ഥ. മണല്‍പ്പൊത്തുകളില്‍ നിറയെ വിഷജന്തുക്കള്‍. 25 മാസം അവിടെ കഴിച്ചുകൂട്ടി. മൂന്നുതവണ താലിബാന്റെ ബോംബേറില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ഷെല്ലാക്രമണം പതിവാണ്. അപകടസൂചന തരാന്‍ ഇടയ്ക്കിടെ സിഗ്നല്‍ ശബ്ദിക്കും. വാണിങ് സിഗ്നല്‍ വന്നാല്‍ ബങ്കറില്‍ കയറണം. ഇല്ലെങ്കില്‍ ജീവന്‍ ബാക്കി കാണില്ല. ഭൂമിക്കടിയില്‍ മണ്‍ചാക്ക് അടുക്കിയ ബങ്കര്‍. എന്റെ കൂടെ ജോണ്‍ എന്നൊരു അമേരിക്കക്കാരന്‍ ഉണ്ടായിരുന്നു. ഒരു പകല്‍ ഞങ്ങള്‍ ഒന്നിച്ചിരുന്ന് ഒരു ഗിയര്‍ബോക്‌സ് അഴിച്ചുപണിയുകയാണ്. പെട്ടെന്ന് അപായ സിഗ്നല്‍ വന്നു. ഞങ്ങള്‍ ബങ്കറിലേക്ക് ഓടി. ഞാന്‍ അകത്തുകയറി. പക്ഷേ, ജോണ്‍ പിന്നിലായിരുന്നു. കനത്ത ഒച്ച കേട്ടു. കുറേനേരം കഴിഞ്ഞ് പുറത്തിറങ്ങി നോക്കുമ്പോള്‍ ചോരയില്‍ കുളിച്ച് നിലത്ത് കിടപ്പുണ്ട് ജോണ്‍. അയാളുടെ അറ്റുപോയ വലതു കൈ അരികില്‍. ഞാനത് ഒരു പ്ലാസ്റ്റിക് കവറിലാക്കി. അയാളെയും കൊണ്ട് സൈനികവാഹനം പുറത്തേക്ക് പാഞ്ഞു. പിന്നെ ജോണിന് എന്തുപറ്റിയെന്നോ അയാള്‍ ഇപ്പോള്‍ ജീവനോടെ ഉണ്ടോ എന്നൊന്നും അറിയില്ല. രണ്ടുവര്‍ഷം അവിടെ നിന്നു. പിന്നെ അവധിക്കെന്നും പറഞ്ഞ് വന്നിട്ട് മടങ്ങിയില്ല. അവിടെ ഒരിക്കല്‍പോലും മനസ്സമാധാനത്തോടെ ഉറങ്ങിയിട്ടില്ല.'' കപ്പിത്താന്‍ ഡെന്നിസ് മടക്കയാത്രയുടെ കഥയിലേക്ക് കടന്നതും ജോണ്‍ ബോസ്‌കോ ബോട്ട് തിരിച്ചു.
''ജീവിതം കണ്‍മുന്നില്‍ കൊണ്ടിട്ട കാഴ്ചകളൊക്കെ ഭീകരമായിരുന്നു. ജലാശയങ്ങള്‍ക്ക് നടുവിലാണല്ലോ ജീവിതം. കായലില്‍ നിന്നൊക്കെ ശവശരീരങ്ങള്‍ മുങ്ങിയെടുത്തിട്ടുണ്ട്. മനസ്സ് തളര്‍ത്തുന്ന കാഴ്ചകളൊക്കെ മായ്ക്കാന്‍ കടല്‍ക്കാറ്റ് കൊണ്ടാല്‍ മതി. അതാണ് മരുന്ന്.'' ഡെന്നിസ് ജീവിതം തുടര്‍ന്നു.
''എല്ലാം കഴിഞ്ഞ് ഇനി എങ്ങോട്ടും ഇല്ല എന്ന് ഉറപ്പിച്ച് നാട്ടിലേക്ക് വന്നു. ഭാര്യ റീനയും മക്കളും കൊച്ചുമക്കളും അടങ്ങുന്ന കുടുംബം ഉണ്ട്. മടങ്ങിവന്ന് ജീവിതം ഗതിപിടിച്ച് വരുമ്പോള്‍ പ്രളയം വന്നു. കൊറോണ വന്നു. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് പോയി ഒരുപാട് മനുഷ്യരെ രക്ഷിച്ചിട്ടുണ്ട്. കടലിലും വക്കം കായലിലും ബോട്ട് ഓടിക്കുന്നുണ്ട് ഇപ്പോള്‍ ഞാന്‍. ഞങ്ങള്‍ മത്സ്യത്തൊഴിലാളികളോളം കടലിനെ അറിഞ്ഞവരുണ്ടോ. അനുഭവം ആണ് ഞങ്ങളുടെ സര്‍വകലാശാല.'' ബോട്ട് തിരികെ അഞ്ചുതെങ്ങിലേക്ക്. പുണ്യാളന്മാരുടെ പേരെഴുതിയ ബോട്ടുകള്‍ തീരം നിറഞ്ഞു കിടക്കുന്നു. കപ്പിത്താന്റെ കഥ തീര്‍ന്നതും, പിടിച്ചു കെട്ടിയ കാറ്റിനെ അഴിച്ചുവിട്ടു കടല്‍. കടല്‍ പകര്‍ന്ന കാഴ്ചകളും കപ്പിത്താന്‍ പറഞ്ഞ കഥകളും മനസ്സില്‍ നിറച്ച് മടക്കം.
Content Highlights: life story of captain Dennis
Published: 22 May 2023, 08:54 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented