ഒരിക്കലും അഭിനയരംഗത്തേക്ക് വരരുതെന്ന് സീമ ജി. നായരോട് ആദ്യമായി പറഞ്ഞത് അമ്മയാണ്. അതിനാൽ കുട്ടിക്കാലത്ത് സംഗീതത്തോടായിരുന്നു സീമയ്ക്ക് പ്രിയം. എന്നാൽ സീമ പോലും അറിയാതെ അഭിനയം അവരെ അങ്ങോട്ടേക്ക് വിളിച്ചു. പിന്നെ നാടകവും സിനിമയും സീരിയലുമെല്ലാം ജീവിതമായി. സിനിമാലോകത്തെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളൊന്നും സീമയെ ഭ്രമിപ്പിച്ചില്ല. പകരം തന്റെ സമ്പാദ്യത്തിലെ വലിയൊരു വിഹിതംകൊണ്ട് അവർ ദുരിതക്കയങ്ങളിൽ ഒറ്റപ്പെട്ടുപോയവരുടെ കൈപിടിച്ചു. നിശ്ശബ്ദമായി ചെയ്തുകൊണ്ടിരുന്ന ആ കാരുണ്യപ്രവർത്തനങ്ങൾ ലോകമറിഞ്ഞത് അഭിനേത്രി ശരണ്യയെ അർബുദം തളർത്തിയ നാളുകളിലാണ്. ശരണ്യയുടെ ജീവൻ നിലനിർത്താനും തനിക്കാവുന്നതെല്ലാം അവർ ചെയ്തു. മലയാള സിനിമയിലെ മദർതെരേസ എന്നാണവരെ ഒരുസിനിമാ സംവിധായകൻ പിന്നീട് വിശേഷിപ്പിച്ചത്. നാലുപതിറ്റാണ്ട് പിന്നിടുന്ന അഭിനയജീവിതം. അതിൽ സന്തോഷങ്ങളും സങ്കടങ്ങളും പ്രതിസന്ധികളുമെല്ലാമുണ്ട്. അതേപ്പറ്റി അവർ സംസാരിക്കുകയാണിവിടെ.

എല്ലാം അദ്ഭുതം

''ഇതുവരെയുള്ള യാത്ര ഒരദ്ഭുതമായിട്ടാണ് എനിക്ക് തോന്നുന്നത്.'' ആ അദ്ഭുതങ്ങളിൽ നിന്ന് ചില അപൂർണതകളുടെ നേർത്ത സങ്കടങ്ങളിലേക്ക് അവർ കടന്നു. ''അഭിനയജീവിതത്തിൽ ആഗ്രഹിച്ച ഉയരത്തിലേക്ക് എത്തിയോ എന്ന് ചോദിച്ചാൽ പൂർണമായും എത്തിപ്പെട്ടിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്. അഭിനയപ്രാധാന്യമുള്ള അധികം കഥാപാത്രങ്ങൾ കിട്ടിയിട്ടില്ല എന്ന സങ്കടമുണ്ട്. അപ്പോഴും ഒരുപാട് മികച്ച കഥാപാത്രങ്ങൾ എനിക്ക് ദൈവം സമ്മാനിച്ചു. അതിന് നന്ദിയുണ്ട്. ഒരിക്കലും അഭിനേത്രി ആകണമെന്ന് വിചാരിച്ച് ഈ രംഗത്തേക്ക് കടന്നുവന്ന ഒരാളല്ല. യാദൃശ്ചികമായി എത്തിയതാണ്.

കോട്ടയം മുണ്ടക്കയമാണ് സ്വദേശം. അമ്മ സുമതി പ്രശസ്തയായ നാടക നടിയായിരുന്നു. അതിന്റെ പേരിൽ സമൂഹത്തിൽ നിന്ന് ഒരുപാട് മോശം അനുഭവങ്ങൾ അമ്മയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് അഭിനയരംഗത്തേക്ക് വരരുതെന്ന് അമ്മ എപ്പോഴും പറയും.

കുട്ടിക്കാലത്ത് ഞാനൊരു പാട്ടുകാരിയായിരുന്നു. സ്‌കൂളിൽ മത്സരങ്ങളിലൊക്കെ പങ്കെടുത്തിരുന്നു. ചേച്ചിയും ചേട്ടനും സംഗീത രംഗത്ത് തുടർന്നപ്പോൾ ഞാൻ അപ്രതീക്ഷിതമായി അഭിനയരംഗത്തേക്ക് എത്തി. 41 വർഷമായി അഭിനയമാണ് എന്റെ കരിയർ. ഇതാണ് ദൈവം എനിക്കായി കരുതിവച്ചതെന്ന് വിശ്വസിക്കുന്നു.''

ആദ്യ അഭിനയം

പി. പത്മരാജന്റെ 'പറന്നു പറന്നു പറന്ന്' എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്ത് സീമയുടെ അരങ്ങേറ്റം. ''പ്രേം പ്രകാശേട്ടനായിരുന്നു അതിന്റെ നിർമാതാവ്. അമ്മയ്ക്ക് അദ്ദേഹവുമായുള്ള പരിചയം വെച്ചാണ് ആ അവസരം കൈവന്നത്. അന്നതൊരു കൗതുകമായിരുന്നു. ഇനി അഭിനയത്തിൽ തുടരാം എന്നൊന്നും ആലോചിച്ചിരുന്നില്ല. ആർ.എൽ.വി.യിൽ പഠിപ്പിച്ച് സംഗീത അധ്യാപികയാക്കണമെന്നായിരുന്നു അമ്മയ്ക്ക്. അത് നടന്നില്ല. പിന്നെ ജനറൽ നഴ്സിങ്ങ് ചെയ്യണമെന്നായിരുന്നു എനിക്ക്.

നാടകത്തിൽ അഭിനയിച്ച് തുടങ്ങിയപ്പോൾ കിട്ടിയ അവസരങ്ങളും പ്രശസ്തിയുമാണ് പിന്നീട് എന്നെ അഭിനയരംഗത്ത് ഉറപ്പിച്ചുനിർത്തിയത്. ഞാൻ ആദ്യകാലത്ത് അഭിനയിച്ച 'കന്യാകുമാരിയിൽ ഒരു കടങ്കഥ' എന്ന നാടകം അന്ന് കേരളത്തിൽ തരംഗമായിരുന്നു. സൂര്യന്റെ ഉദയവും അസ്തമയവുമൊക്കെ വേദിയിൽ കണ്ട് ആളുകൾ അന്തംവിട്ടിരുന്നു. നാടകത്തിലൂടെ വരുമാനവും ആളുകളുടെ അഭിനന്ദനവും ലഭിച്ചതോടെ അഭിനയമാണ് എന്റെ കരിയർ എന്ന് ഉറപ്പിച്ചു. അമ്മയ്ക്കത് മരണംവരെ വലിയ വിഷമമായിരുന്നു.''

എല്ലാം പ്രിയം

നാടകം, സിനിമ, ടെലിവിഷൻ പരമ്പരകൾ... അഭിനയത്തിന്റെ വിവിധ തലങ്ങളിൽ സീമ നിറഞ്ഞുനിന്നു. ''നാടകത്തിൽ നിന്ന് സീരിയലിലേക്ക് എത്തിയാൽ പലരും നാടകത്തെ ഉപേക്ഷിക്കും. സിനിമയിലെത്തിയാൽ സീരിയലിനെയും നാടകത്തെയും തള്ളിപ്പറയും. പക്ഷേ, ഞാനൊരിക്കലും അങ്ങനെയല്ല. എനിക്ക് നല്ല കഥാപാത്രം വന്നാൽ ചെയ്യും.

ഓരോന്നിലും ഓരോതരം അഭിനയമാണ് വേണ്ടത്. നാടകത്തിൽ അഭിനയിച്ചുതുടങ്ങിയ കാലത്ത് എനിക്ക് കിട്ടിയ ഉപദേശം അഭിനയിക്കേണ്ടതില്ല, പെരുമാറിയാൽ മതി എന്നാണ്. അതുവരെ നാടകങ്ങളിൽ പൊതുവേ ഉച്ചത്തിലാണ് ഭൂരിഭാഗം ഡയലോഗുകളും പറഞ്ഞിരുന്നത്. എന്നാൽ ഞങ്ങളുടെ കാലം മുതൽ ഇതിന് കുറച്ചുകൂടി മിതത്വം വന്നു. ഉച്ചത്തിലുള്ള സംഭാഷണങ്ങൾ ഒഴിവാക്കി അഭിനയത്തിന് പ്രാധാന്യം നൽകി. അതുകൊണ്ടാകാം പിന്നീട് ടെലിവിഷനിലും സിനിമയിലും എത്തിയപ്പോൾ വലിയ പ്രയാസമുണ്ടായിരുന്നില്ല.''

പഴയതും പുതിയതും

പുതിയത്, പഴയത് എന്ന വേർതിരിവില്ല. കഴിവിനാണ് സിനിമയിൽ പ്രധാന്യമെന്ന് സീമ. ''ഷൂട്ടിങ് രീതികളിലും സെറ്റുകളിൽ ആൾക്കാർ തമ്മിലുള്ള അടുപ്പത്തിനുമൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഞാൻ ഏത് സെറ്റിൽ പോയാലും സംവിധായകരെ, സർ എന്നാണ് വിളിക്കുന്നത്. അതൊരു ശീലമാണ്. പിന്നെ പുതിയ കുട്ടികൾ എന്താണ് അവർക്ക് വേണ്ടതെന്ന് കൃത്യമായി പറഞ്ഞുതരും. നമ്മളത് ചെയ്തുകൊടുത്താൽ മതി. പഴയ സംവിധായകരുടെ രീതി വേറെയാണ്. അവർ സീൻ പറഞ്ഞു തന്ന് അഭിനയിക്കാൻ പറയും. നമ്മൾ ചെയ്യുന്നതിൽ അവർക്ക് വേണ്ടത് ഉണ്ടാകും. അത് നമ്മളറിയാതെ തന്നെ അവരെടുക്കും. എങ്ങനെയായാലും ഔട്ട്പുട്ട് മികച്ചതാകുക എന്നതാണ് പ്രധാനം.''

ജനപ്രിയ അമ്മ

'കുഞ്ഞിരാമായണം', '1983' പോലെയുള്ള സിനിമകളിലെ അമ്മ വേഷങ്ങളുടെ വിശേഷങ്ങളിലേക്ക് അവർ കടന്നു. '' ആ റോളുകൾ കൈയിലെത്തിയപ്പോൾ ഞാൻ ഓർത്തത് എന്റെ മകൻ അപ്പുവിനെയാണ്. വിനീതിനെയും നിവിനെയുമൊക്കെ എന്റെ മക്കളായി കാണും. അപ്പോൾ അഭിനയിക്കാൻ കുറച്ചുകൂടി എളുപ്പമാണ്. സ്നേഹപൂർവമുള്ള ഉടക്ക് മക്കളോട് പ്രകടമാക്കുന്ന അമ്മ വേഷങ്ങളാണ് ഞാൻ ചെയ്തതിൽ ഭൂരിഭാഗവും. ഞാനും അത്തരത്തിലുള്ള ഒരമ്മ തന്നെയാണ്.

കഥാപാത്രങ്ങളെ നമ്മളുമായി കണക്ടുചെയ്ത് അഭിനയിക്കാൻ പ്രയാസമില്ലെന്ന് തോന്നാറുണ്ട്. അതുപോലെ ഇമോഷണൽ സീനുകളെ എന്റെ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളുമായി കണക്ട് ചെയ്യും.

ഇന്നുവരെ എന്റെ ഇഷ്ടത്തിന് ഒരുസിനിമയും തിരഞ്ഞെടുത്തിട്ടില്ല. കാരണം എനിക്കാകെയറിയാവുന്ന തൊഴിൽ അഭിനയമാണ്. ഒരിക്കലും വലിയ തിരക്കുള്ള നടിയായിരുന്നില്ല ഞാൻ. ഇന്ന കഥാപാത്രമേ ചെയ്യൂ എന്ന പിടിവാശിയും ഉണ്ടായിട്ടില്ല. ഇഷ്ടമില്ലാത്തതും അഭിനയസാധ്യതയില്ലാത്തതുമായ ചെറിയ കഥാപാത്രങ്ങൾ വരെ ചെയ്തിട്ടുണ്ട്. ഓരോ സിനിമയിലേക്ക് വിളിവരുമ്പോഴും ജീവിതമാണ് ഞാൻ മുന്നിൽ കാണുന്നത്. അതിനാൽ കിട്ടുന്ന കഥാപാത്രങ്ങളെല്ലാം ചെയ്തു പോകുക എന്നതാണ് പോളിസി.''

സുശി മോളല്ലേ?

'ക്രോണിക് ബാച്ച്ലർ', 'കുഞ്ഞിരാമായണം', 'കട്ടപ്പനയിലെ ഋത്വിക് റോഷൻ', '1983', 'സോമന്റെ കൃതാവ്' എന്നിങ്ങനെ എടുത്തുപറയാവുന്ന ഒരുപാട് സിനിമകൾ. എങ്കിലും സീമയെ അതിശയിപ്പിക്കുന്നത് പഴയ നാടകകാലത്തെ ചില കഥാപാത്രങ്ങളാണ്. ''ഒരുപാട് കാലം മുമ്പ് നാടകത്തിൽ ചെയ്ത സുശി മോൾ, ചുന്ദരി, വൃന്ദ തുടങ്ങിയ കഥാപാത്രങ്ങളെ ആൾക്കാർ ഇന്നും ഓർക്കുന്നു. അടുത്തിടെ തിരുവനന്തപുരത്തുവച്ച് ഒരു ഓട്ടോറിക്ഷാ ഡ്രൈവർ എന്നോട് ചോദിച്ചു സുശി മോളല്ലേയെന്ന്. എങ്ങനെ മനസ്സിലായെന്ന് ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു. ഈ ശബ്ദം മറക്കാൻ പറ്റുമോ എന്നാണ് ആ ചേട്ടൻ പറഞ്ഞത്.''

അമ്മ വെളിച്ചം

''ഒമ്പതാം വയസ്സിൽ നാടകരംഗത്തേക്ക് വന്നതാണ് എന്റെ അമ്മ. അന്ന് പാട്ടുപാടി അഭിനയിക്കുന്നവർക്ക് നാടകരംഗത്ത് ഒരുപാട് അവസരങ്ങൾ ലഭിക്കും. അതിനാൽ അമ്മയ്ക്ക് നല്ല അവസരങ്ങൾ ലഭിച്ചു. അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ജീവിതവും സമൂഹവും അമ്മയെ ബുദ്ധിമുട്ടിച്ചു. അതെല്ലാം കണ്ടാണ് മക്കളായ ഞങ്ങൾ വളർന്നത്. പണ്ട് എന്നെക്കുറിച്ച് വന്നൊരു ലേഖനത്തിന്റെ തലക്കെട്ട് 'തീയിൽ കുരുത്തത് വെയിലത്ത് വാടില്ല' എന്നാണ്. അത് സത്യമാണ്. ഈ നിമിഷം വരെയുള്ള യാത്രയിൽ ഒരുപാട് ദു:ഖങ്ങളും ദുരിതങ്ങളുമെല്ലാം ഉണ്ടായിട്ടുണ്ട്. അതിൽ നിന്നെല്ലാം സ്വയം പാകപ്പെടുത്തി മിനുസപ്പെടുത്തിയെടുത്തത്താണ് ഇന്ന് കാണുന്ന എന്നെ. അമ്മയിൽ നിന്ന് കിട്ടിയ ഊർജമാണ് എല്ലാത്തിനുമുള്ള ശക്തി.

മറ്റുള്ളവരെ സഹായിക്കാൻ പഠിച്ചതും അമ്മയിൽ നിന്നാണ്. നാടകത്തിൽ നിന്ന് വളരെ ചെറിയ വരുമാനമേ അമ്മയ്ക്ക് ലഭിച്ചിരുന്നുള്ളൂ. അമ്മ നാടകം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അമ്മയെ കാണാൻ ഒരുപാടു പേർ വീടിന്റെ ഉമ്മറത്ത് കാത്തുനിൽക്കുന്നുണ്ടാകും. ഓരോരുത്തരുടെയും ആവശ്യങ്ങളറിഞ്ഞ് അമ്മ അവരെ സഹായിക്കും. കൈയിൽ പണമില്ലെങ്കിൽ കടംവാങ്ങി സഹായിക്കും. പലപ്പോഴും ഞങ്ങൾ ദാരിദ്ര്യത്തിലായിരിക്കും. അതൊന്നും അമ്മയ്ക്കോ ഞങ്ങൾക്കോ പ്രശ്നമായിരുന്നില്ല.

അന്ധനായ ഒരു മനുഷ്യൻ മകളുടെ തോളിൽപിടിച്ച് ഇടയ്ക്ക് വീട്ടിലേക്ക് വരുമായിരുന്നു. എരുമേലിക്കാരായിരുന്നു അവർ. ഒരുദിവസം ചക്കയും കുമ്പളവും തുടങ്ങി കുറേ സാധനങ്ങളുമായാണ് വന്നത്. സ്വന്തം പറമ്പിൽ ഉണ്ടായതാണെന്നു പറഞ്ഞ് അതെല്ലാം തന്നു. അദ്ദേഹം സ്വന്തം പറമ്പിൽ നിന്നുള്ള സാധനങ്ങൾ അമ്മയ്ക്ക് കൊണ്ടുക്കൊടുക്കുന്നു, എന്നാൽ ഞങ്ങൾക്ക് സ്വന്തമായി പറമ്പ് പോലും ഇല്ലല്ലോ എന്ന് ഞങ്ങൾ ആലോചിച്ചു.

അന്ന് വാടകവീട്ടിലായിരുന്നു ഞങ്ങളുടെ താമസം. അന്നൊക്കെ ഞാൻ അച്ഛന്റെ നാണയപ്പെട്ടിയിൽ നിന്ന് ഇടയ്ക്ക് കാശ് മോഷ്ടിച്ച് പലർക്കും നൽകുമായിരുന്നു.

പതിനാറാം വയസ്സിൽ നാടകത്തിൽ വന്ന് വരുമാനം കിട്ടിത്തുടങ്ങിയപ്പോൾ മുതൽ എനിക്ക് പറ്റുന്ന രീതിയിൽ ആൾക്കാരെ സഹായിക്കുമായിരുന്നു.

അമ്മയ്ക്ക് അർബുദമായി ആശുപത്രിയിലായപ്പോഴാണ് അസുഖബാധിതരുടെ ഒരുവലിയ ലോകത്തെ മുന്നിൽ കാണുന്നത്. അതെന്നെ ഏറെ വിഷമിപ്പിച്ചു. എന്നെങ്കിലും പണം ഉണ്ടാകുമ്പോൾ രോഗം കൊണ്ട് ദുരിതം അനുഭവിക്കുന്നവരെ പറ്റുന്ന രീതിയിൽ സഹായിക്കണമെന്ന് അന്ന് തീരുമാനമെടുത്തു. അമ്മയിൽ നിന്ന് കിട്ടിയ ആ ശീലം ഞാൻ തുടർന്നു. അത് ആരും അറിയരുതെന്നാണ് ഞാൻ ആഗ്രഹിച്ചത്.''

ദൈവമുണ്ട്

''ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. ദൈവമേ, നാളെ ഞാൻ എങ്ങനെ മുന്നോട്ട് പോകും എന്ന് ചിന്തിച്ചിരിക്കുമ്പോൾ എവിടെ നിന്നെങ്കിലും അദൃശ്യമായ കരങ്ങൾ സഹായിക്കാൻ എത്തും. അത് ദൈവീകമായ അനുഭവമായാണ് തോന്നിയിട്ടുള്ളത്.

മറ്റുള്ളവരെ സഹായിക്കുമ്പോഴും അവർക്കായി സമയം മാറ്റിവയ്ക്കുമ്പോഴുമെല്ലാം ഞാൻ കരുതുന്നത് നാളെ എനിക്ക് എന്തെങ്കിലും പ്രതിസന്ധി വരുമ്പോൾ ഏതെങ്കിലും വിധത്തിൽ ദൈവം സഹായിക്കാനെത്തുമെന്നാണ്.

ഞാൻ ഈശ്വരവിശ്വാസിയാണ്. ഒരുകാരണവുമില്ലാതെ ദൈവം എന്നെ ഓരോ കാര്യങ്ങൾ ചെയ്യാനായി നിയോഗിക്കില്ലെന്ന് വിശ്വസിക്കുന്നു. മറ്റുള്ളവരെ സഹായിക്കുമ്പോൾ സന്തോഷവും സമാധാനവും തോന്നാറുണ്ട്. അതിലുപരി സ്നേഹിച്ച് കൂടെ നിർത്തയവരുടെ വേർപാട് വലിയ തകർച്ചയിലേക്ക് കൊണ്ടുചെന്നെത്തിക്കും. അതിൽ നിന്ന് കയറിവരാൻ സമയമെടുക്കും.

എല്ലാം വരുന്നിടത്തുവെച്ച് കാണാം എന്നാണ് കരുതുന്നത്. എവിടെ ഈ വണ്ടി ഇടിച്ചുനിൽക്കുന്നുവോ അവിടെ നിൽക്കും. മനക്കോട്ടകളൊന്നും കെട്ടാറില്ല. ഇപ്പോൾ മനസ്സും ചിന്തകളും എല്ലാം ശൂന്യമാണ്. 'ചിന്തിച്ചാൽ ഒരന്തവും ഇല്ല, ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ല' എന്ന പഴമൊഴിയുമായാണ് മുന്നോട്ട് പോകുന്നത്.'' ആ പഴമൊഴിതന്നെയാണ് സീമയുടെ ജീവിതത്തിന്റെ തത്വചിന്തയും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi