വെനീസിലെ ആഡംബര വിവാഹ പാര്‍ട്ടിയുടെ ഒത്തനടുവില്‍ വെള്ളനിറത്തിലുള്ള മെര്‍മെയ്ഡ് ഗൗണ്‍ ധരിച്ച് അതിസമ്പന്നനായ ജെഫ് ബെസോസിനൊപ്പം ലോറന്‍ നിന്നു. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ തന്റെ 55-ാം വയസ്സില്‍ സാന്‍ ജോര്‍ജിയോ മാഗിയോറെ ദ്വീപില്‍ വെച്ച് ലോറന്‍ ബെസോസിന് സ്വന്തമായി. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും പത്രപ്രവര്‍ത്തക ലോറന്‍ സാഞ്ചസും തമ്മിലുള്ള ആഡംബര വിവാഹ ചര്‍ച്ചകള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ശതകോടീശ്വരനെ വിവാഹം കഴിച്ച ലോറന്റെ വിശേഷങ്ങളാണിന്ന് സോഷ്യല്‍ മീഡിയ തിരയുന്നത്. പത്രപ്രവര്‍ത്തനം, പൈലറ്റ്, സാഹിത്യം, ജീവകാരുണ്യ പ്രവര്‍ത്തനം... തുടങ്ങി വിവിധ മേഖലകളില്‍ തന്റെ കൈയൊപ്പ് പതിപ്പിച്ച വ്യക്തിത്വമാണ് ലോറന്‍ സാഞ്ചസ് എന്ന കരുത്തുറ്റ വനിതയുടേത്.

To advertise here,

ഡിസ്‌ലെക്‌സിയ അനുഭവങ്ങളില്‍ നിന്ന് പുസ്തകം
1969-ഡിസംബര്‍ 19-ന് ന്യൂമെക്‌സിക്കോയിലെ അല്‍ബുക്കര്‍ക്കിയിലായിരുന്നു ലോറന്റെ ജനനം. ഫ്‌ളൈറ്റ് ഇന്‍സ്ട്രക്ടറും മെക്കാനിക്കുമായ റേ സാഞ്ചസിന്റെയും ലോസ് ഏഞ്ചല്‍സില്‍ ഡെപ്യൂട്ടി മേയറായിരുന്ന എലീനര്‍ സാഞ്ചസിന്റെയും മകൾ.1987-ല്‍ ഡെല്‍ നോര്‍ട്ടെ ഹൈസ്‌കൂളില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ലോറന്‍, ന്യൂ മെക്‌സിക്കോ സര്‍വകലാശാലയില്‍ നിന്ന് അഭിനയം പഠിച്ചു. എല്‍ കാമിനോ കോളേജിലെ പ്രൊഫസര്‍ അവളുടെ പഠന വൈകല്യമായ ഡിസ്ലെക്‌സിയെക്കുറിച്ച് മനസ്സിലാക്കി. തുടര്‍ന്ന് സതേണ്‍ കാലിഫോര്‍ണിയയിലെ ഒരു സര്‍വകലാശാലയില്‍ നിന്ന് അവർ ആശയവിനിമയം പഠിക്കുകയും ചെയ്തു.

തനിക്കുണ്ടായ ഡിസ്‌ലെക്‌സിയ അനുഭവങ്ങളില്‍ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് 2024-ല്‍ ലോറൻ തന്റെ ആദ്യ പുസ്തകം പുറത്തിറക്കി- ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലറായി മാറിയ കുട്ടികളുടെ പുസ്തകം 'ദി ഫ്‌ലൈ ഹു ഫ്‌ലൈ ടു സ്‌പേസ്'.

ബഹിരാകാശത്തേക്ക് പറക്കുന്ന ആദ്യ വനിതാ പത്രപ്രവര്‍ത്തക
ലോസ് ഏഞ്ചല്‍സിലെ കെസിഒപി-ടിവിയുടെ തിരശ്ശീലയ്ക്കുപിന്നില്‍ ലോറന്‍ തന്റെ കരിയര്‍ ആരംഭിച്ചു. തുടര്‍ന്ന് ഫീനിക്‌സിലെ കെടിവികെ-ടിവിയില്‍ അവതാരകയായി പ്രവര്‍ത്തിച്ചു. പിന്നീട് എക്‌സ്ട്രാ എന്ന വിനോദ പരിപാടിയില്‍ റിപ്പോര്‍ട്ടർ. ഫോക്‌സ് സ്‌പോര്‍ട്‌സ് നെറ്റിലെ സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്റിംഗിലേക്കും കടന്നു. ഇതോടെ പത്രപ്രവര്‍ത്തന ജീവിതത്തിലെ എമ്മി അവാര്‍ഡും ലോറനെ തേടിയെത്തി.

40-ാം വയസ്സില്‍ ലോറന്‍ പൈലറ്റ് ലൈസന്‍സ് നേടി. വനിതാ ഉടമസ്ഥതയിലുള്ള ആദ്യത്തെ ഏരിയല്‍ ഫിലിം ആന്‍ഡ് പ്രൊഡക്ഷന്‍ കമ്പനിയായ 'ബ്ലാക്ക് ഓപ്സ് ഏവിയേഷന്‍' സ്ഥാപിച്ചു. വ്യോമയാന പ്രവര്‍ത്തനങ്ങള്‍ക്ക് 2024-ല്‍ 'എല്ലിംഗ് ഹാല്‍വര്‍സണ്‍ വെര്‍ട്ടിക്കല്‍ ഫ്‌ലൈറ്റ് ഹാള്‍ ഓഫ് ഫെയിം' അവാര്‍ഡും കരസ്ഥമാക്കി. 2025 ഏപ്രിലില്‍, ജെഫ് ബെസോസിന്റെ എയ്‌റോ സ്‌പേസ് കമ്പനിയായ ബ്ലൂ ഒറിജിനിന്റെ NS-31 ദൗത്യത്തില്‍ പങ്കുചേര്‍ന്നു. സ്ത്രീകള്‍ മാത്രം പങ്കെടുത്ത ആദ്യ ബഹിരാകാശ യാത്രയില്‍, ബഹിരാകാശത്തേക്ക് പറക്കുന്ന ആദ്യ വനിതാ പത്രപ്രവര്‍ത്തകരില്‍ ഒരാളായി ലോറന്‍ മാറി.

ബെസോസിന്റെ പ്രണയിനി
2019-ലാണ് ജെഫ് ബെസോസും ലോറനുമായുള്ള ബന്ധം പരസ്യമകുന്നത്. 2023 മെയ് മാസത്തില്‍ വിവാഹനിശ്ചയം. 2025 ജൂണ്‍ 27 ന് വെനീഷ്യന്‍ കായലിൽ ഡോഗെസ് കൊട്ടാരത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന സാന്‍ ജോര്‍ജിയോ മാഗിയോറെ ദ്വീപിലായിരുന്നു വിവാഹ ചടങ്ങുകള്‍. ഏകദേശം 420 കോടി രൂപയാണ് വിവാഹാഘോഷത്തിന്റെ ചെലവ്. ലോറന്റെ  വിവാഹ വസ്ത്രങ്ങള്‍ക്ക് മാത്രം 12 കോടിയോളം രൂപ ചെലവ് വരുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറ്റലിയില്‍ നടന്ന ആഡംബര ചടങ്ങില്‍ ബില്‍ ഗേറ്റ്‌സ്, ഓര്‍ലാന്‍ഡോ ബ്ലൂം, ജോര്‍ദാന്‍ രാജ്ഞി, ഓപ്ര വിന്‍ഫ്രി, ലിയോനാര്‍ഡോ ഡികാപ്രിയോ, ക്രിസ് ജെന്നര്‍, കിം കാര്‍ദാഷിയന്‍, സാം ആള്‍ട്ട്മാന്‍, ട്രംപിന്റെ മകളായ ഇവാങ്കാ ട്രംപ്, ഭര്‍ത്താവ് ജാറെഡ് കുഷ്‌നര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

മൂന്ന് കുട്ടികളുടെ അമ്മ കൂടിയാണ് ലോറന്‍. എന്‍എഫ്എല്‍ താരം ടോണി ഗൊണ്‍സാലസില്‍ ഒരു കുട്ടിയും ഹോളിവുഡ് ഏജന്റും എന്‍ഡവര്‍ ടാലൻറ് ഏജന്‍സിയുടെ സ്ഥാപക പങ്കാളിയുമായ പാട്രിക് വൈറ്റ്‌സെല്ലുമായുള്ള വിവാഹത്തില്‍ രണ്ട് കുട്ടികളും ഉണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi