നടിയും രാഷ്ട്രീയ പ്രവർത്തകയുമായ റോജ സെൽവമണി പത്ത് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷം 'ലെനിൻ പാണ്ഡ്യൻ' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് മടങ്ങിവരാൻ ഒരുങ്ങുന്നു. ഗംഗൈ അമരൻ നായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തിൽ, ഇതിഹാസതാരം ശിവാജി ഗണേശന്റെ ചെറുമകൻ ദർശൻ ഗണേശനും അഭിനയിക്കുന്നുണ്ട്. ഡി.ഡി ബാലചന്ദ്രനാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ലെനിൻ പാണ്ഡ്യനിൽ ‘സന്താനം’ എന്ന കഥാപാത്രത്തെയാണ് അവർ അവതരിപ്പിക്കുന്നത്.

രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഇടവേളയെടുക്കുന്നതിന് മുൻപ്, 2015-ൽ ‘കില്ലാടി’, ‘പുലൻ വിസാരണൈ 2’, ‘എൻ വഴി തനി വഴി’ എന്നിങ്ങനെ മൂന്ന് ചിത്രങ്ങൾ റോജയുടേതായി പുറത്തിറങ്ങിയിരുന്നു.

നിലവിൽ ജഗൻ മോഹൻ റെഡ്ഡിയുടെ യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടിയിൽ (വൈഎസ്ആർസിപി) അംഗമായ അവർ, മുൻപ് തെലുങ്കുദേശം പാർട്ടിയിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിലും പ്രവർത്തിച്ചിട്ടുണ്ട്.

അഞ്ച് തവണ (2004, 2009, 2014, 2019, 2024) തിരഞ്ഞെടുപ്പിൽ മത്സരിച്ചതിൽ, രണ്ട് തവണയും വൈഎസ്ആർസിപി ടിക്കറ്റിലാണ് അവർ വിജയിച്ചത്. 2024-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നതിന് മുൻപ് അവർ ആന്ധ്രാപ്രദേശിലെ ടൂറിസം, സാംസ്കാരിക, യുവജനക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു.

1991-ൽ പുറത്തിറങ്ങിയ 'പ്രേമ തപസ്സു' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് റോജ അഭിനയരംഗത്തേക്ക് കടന്നുവന്നത്. പ്രശാന്ത് നായകനായി 1992-ൽ പുറത്തിറങ്ങിയ 'ചെമ്പരത്തി' ആയിരുന്നു അവരുടെ തമിഴ് അരങ്ങേറ്റ ചിത്രം. റോജയുടെ ഭർത്താവും ചലച്ചിത്രകാരനുമായ ആർ.കെ. ശെൽവമണിയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. തുടർന്ന് സൂര്യൻ (1992), ഉഴൈപ്പാളി (1993), വീര (1994), മക്കൾ ആട്ചി (1995), ഉന്നിടത്തിൽ എന്നെ കൊടുത്തേൻ (1998), കാവലൻ (2011) തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

സുയംവരം, തിരുപ്പതി ഏഴുമലൈ വെങ്കടേശ (1999), കന്ദ കടമ്പ കതിർ വേല, കൂടി വാഴ്ന്താൽ കോടി നന്മൈ (2000) തുടങ്ങിയ നിരവധി മൾട്ടി-സ്റ്റാർ ചിത്രങ്ങളിലും അവർ ഭാഗമായിരുന്നു. 

‘ലെനിൻ പാണ്ഡ്യനി’ൽ ശ്രിത റാവു, അർച്ചന രവിചന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം എ.എം. എഡ്വിൻ സാകേയും, എഡിറ്റിംഗ് നാഗൂരാൻ രാമചന്ദ്രനും, കലാസംവിധാനം അതുരി ജയകുമാറുമാണ് നിർവഹിക്കുന്നത്. ടി.ജി. ത്യാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം സത്യജ്യോതി ഫിലിംസാണ് നിർമ്മിക്കുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi