സുനിത വില്യംസിനേയും ബുച്ച് വിൽമോറിനേയും വഹിച്ചുകൊണ്ടുള്ള ഡ്രാഗൺ പേടകം കടലിൽ തൊട്ടപ്പോൾ, ആശങ്കയുടെ ഒമ്പത് മാസങ്ങൾക്കാണ് വിരാമമായത്. സുനിത സുരക്ഷിതയായി തിരിച്ചെത്തിയപ്പോൾ, ആളുകളുടെ മനസ്സിലാദ്യം വന്നത് മറ്റൊരു മുഖമായിരിക്കും, കൽപന ചൗള. കൽപന ചൗള ജനിച്ചത് 1962 മാർച്ച് 17-നാണ്. മരണമോ ജീവിതമോ എന്ന അനിശ്ചിതത്വത്തിൽനിന്ന്, സുനിത ജീവിതത്തിലേക്ക് തിരിച്ചെത്തിയത് ഒരു മാർച്ച് 18-നാണെന്നതും മറ്റൊരു യാദൃശ്ചികതയാവാം. 

ഹരിയാണയിലെ കർണാലിൽനിന്ന് ബഹിരാകാശത്തോളമെത്തിയ കൽപന ചൗള. ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യ ഇന്ത്യൻ വംശജ കൂടിയാണവർ. ആകാശത്തോളം ഉയരെ കണ്ട സ്വപ്‌നങ്ങളാണ്, കൽപനയെ ബഹിരാകാശത്തെത്തിച്ചത്. കർണാലിലെ സ്‌കൂൾവിദ്യാഭ്യാസത്തിനുശേഷം, ചണ്ഡീഗഢിലെ പഞ്ചാബ് എൻജിനീയറിങ് കോളേജിൽ എയ്‌റോനോട്ടിക്കൽ എൻജിനീയറിങ്ങിനു ചേർന്നു. അന്ന് അധ്യാപകർ പോലും അവളെ നിരുത്സാഹപ്പെടുത്തി. ഇത് പെൺകുട്ടികൾക്ക് യോജിച്ചതല്ലെന്നതായിരുന്നു അവർ പറഞ്ഞ ന്യായം. അതെല്ലാം തരണം ചെയ്തു കൽപന. ഒടുവിൽ ആ ബിരുദം നേടിയ ആദ്യ വിദ്യാർഥിനിയുമായി മാറി അവർ. 

അതിനുശേഷം അമേരിക്കയിലെത്തിയ കൽപന, എയ്‌റോസ്‌പേസ് എൻജിനീയറിങ്ങിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. പുറകെ കൊളറാഡോ സർവകലാശാലയിൽനിന്ന് പിഎച്ച്ഡിയും. അതുകഴിഞ്ഞാണ് നാസയുടെ കാലിഫോർണിയയിലെ ഗവേഷണകേന്ദ്രത്തിൽ ജോലിക്ക് കയറുന്നത്. ആദ്യ ബഹിരാകാശയാത്ര കൽപന നടത്തുന്നത് 1997 നവംബർ 19-നാണ്. ആ യാത്രയിൽ 375 മണിക്കൂറുകളോളം കൽപന ബഹിരാകാശത്ത് ചെലവഴിച്ചു. 

അടുത്ത യാത്രയാണ് അവരുടെ അവസാനയാത്രയായി മാറിയത്. 2003 ജനുവരി 16-നാണ് കൊളംബിയയിൽ കൽപനയും മറ്റ് ആറുപേരും യാത്ര തിരിച്ചത്. ബഹിരാകാശത്തിൽ അനുഭവപ്പെടുന്ന ഭാരമില്ലായ്മയെ പറ്റിയുള്ള ഗവേഷണമായിരുന്നു അവരുടെ ദൗത്യം. ബഹിരാകാശ ഗവേഷകരുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ളതായിരുന്നു ഈ പഠനം. 17 ദിവസത്തെ ഗവേഷണങ്ങൾക്കുശേഷം തിരിച്ചുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്. 2003 ഫെബ്രുവരി 3. കെന്നഡി സ്‌പേസ് സെന്ററിൽ ആഹ്ലാദത്തിന്റെ നിമിഷങ്ങളായിരുന്നു. ഏതാനും മിനിറ്റുകൾക്കുള്ളിൽ കൊളംബിയ തിരിച്ചെത്തും. എന്നാൽ അല്പസമയം കഴിഞ്ഞപ്പോൾ തന്നെ, ആഹ്ലാദം പരിഭ്രാന്തിയിലേക്ക് വഴിമാറിയിരുന്നു. പേടകത്തിന് സാങ്കേതികപ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞപ്പോഴായിരുന്നുവത്. അധികം വൈകാതെ പേടകത്തിൽനിന്നുള്ള സന്ദേശങ്ങളും നിലച്ചു. 

അധികം വൈകാതെ ആ ദുരന്തവുമെത്തി. കെന്നഡി സ്‌പേസ് സെന്ററിൽ തിരിച്ചിറങ്ങാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോഴാണ് കൊളംബിയ ചിന്നിച്ചിതറിയത്. ഭൗമമണ്ഡലത്തിലേക്ക് പ്രവേശിച്ചയുടനാണ് അപകടമുണ്ടായത്. കൽപനയ്‌ക്കൊപ്പം മറ്റ് ആറുപേരും കൊല്ലപ്പെട്ടു. വിക്ഷേപണസമയത്തെ ചില തകരാറുകളാണ് ദുരന്തത്തിന് കാരണമായതെന്ന് പിന്നീട് കണ്ടെത്തി. 
  
തുടക്കം മുതലേ പ്രശ്‌നങ്ങളായിരുന്നു ഈ ദൗത്യത്തിന്. 2000-ത്തിലാണ് കൊളംബിയ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയത്. എന്നാൽ, പല പ്രശ്‌നങ്ങളും പിഴവുകളും മൂലം നീണ്ടുപോവുകയായിരുന്നു. രണ്ടുവർഷത്തിനിടെ പതിമൂന്ന് തവണയാണ് അത് നീട്ടിവെച്ചത്. കൽപനയുടെ രണ്ടാമത്തെ ദൗത്യമായിരുന്നുവിത്. 1997-ലും കൊളംബിയൻ ദൗത്യത്തിന്റെ ഭാഗമായിരുന്നു അവർ.  

''ഞാനും ഹൂസ്റ്റണിൽ അവളുടെ തിരിച്ചുവരവ് കാത്തിരിക്കുകയായിരുന്നു. പക്ഷേ അതിനിടയിലെത്തിയത് അവൾ മരിച്ചുവെന്ന വാർത്തയാണ്. ചെറുപ്പത്തിൽ അവളെ ഏറെ കൊതിപ്പിച്ചത് വിമാനങ്ങളായിരുന്നു. അവൾ സ്വപ്‌നം കണ്ടതെല്ലാം നക്ഷത്രങ്ങളെയും. അവളും ആ നക്ഷത്രങ്ങളിൽ അലിഞ്ഞുചേർന്നുവെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം'', മരണശേഷം കൽപനയുടെ പിതാവ് ബനാർസി ലാൽ ചൗള പറഞ്ഞു. ''നാസയുടെ ദൗത്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അവൾ ഒരുപാട് സന്തോഷിച്ചു. എന്നെങ്കിലും ഒരിക്കൽ ബഹിരാകാശം തന്നെ തട്ടിക്കൊണ്ടുപോവുമെന്ന് അവൾ തമാശ പറയുമായിരുന്നു''. 

ഫെബ്രുവരി 11-നാണ് അംഗങ്ങളുടെ ഭൗതികാവശിഷ്ടങ്ങൾ ലഭിക്കുന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഭൗതികാവശിഷ്ടങ്ങൾ ഹിമാലയത്തിലോ, അമേരിക്കയിലെ സിയോൺ ദേശീയോദ്യാനത്തിലോ കുഴിച്ചിടുകയും വിതറുകയും വേണമെന്നതായിരുന്നു കൽപനയുടെ അന്ത്യാഭിലാഷം. അതിൻപ്രകാരം, സിയോൺ ദേശീയോദ്യാനത്തിലാണ് അവരുടെ ഭൗതികാവശിഷ്ടങ്ങൾ വിതറിയത്.