ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് നാസയിൽനിന്ന് വിരമിച്ചു. 27 വർഷത്തെ ഔദ്യോഗികജീവിതത്തിനുശേഷമാണ് വിരമിക്കൽ. ആത്മവിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമായിട്ടാണ് സുനിത എന്നും അറിയപ്പെടുന്നത്.

ദീർഘകാലം ബഹിരാകാശത്ത് കഴിഞ്ഞ നാസ സഞ്ചാരികളിൽ അവർക്ക് രണ്ടാം സ്ഥാനമാണ്. മൂന്ന് ബഹിരാകാശദൗത്യങ്ങളുടെ ഭാഗമായിരുന്നു അവർ. ആദ്യത്തെ തവണ 195 ദിവസമാണ് ബഹിരാകാശത്ത് ചെലവഴിച്ചത്. മൂന്നാമത്തെ ദൗത്യത്തിലാണ് ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിയേണ്ടിവന്നത്. ഫ്ളോറിഡയിലെ കേപ് കാനവെറിൽ നിന്ന് ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിലാണ് സുനിത അന്ന് ബഹിരാകാശത്തേക്ക് കുതിച്ചത്. നാസയിലെ ബഹിരാകാശ യാത്രികൻ ബച്ച് വിൽമോറും ഒപ്പമുണ്ടായിരുന്നു. മനുഷ്യരെ വഹിച്ചുകൊണ്ട് സ്റ്റാർലൈനർ നടത്തുന്ന ആദ്യ പരീക്ഷണയാത്രയായിരുന്നുവത്. പേടകത്തിന്റെ കന്നി യാത്രയിൽ പങ്കെടുക്കുന്ന ആദ്യ വനിതയെന്ന റെക്കോർഡും അന്ന് സുനിത സ്വന്തമാക്കി.

എട്ടുദിവസത്തെ ദൗത്യത്തിനാണ് പോയതെങ്കിലും, സാങ്കേതികതകരാറുകൾ കാരണം ഒമ്പതരമാസം കഴിഞ്ഞാണ് അവർ തിരിച്ചെത്തിയത്. അന്നും ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയപ്പോഴും മനോധൈര്യം വിടാതെ അവർ മുന്നോട്ടുപോയി.

ചന്ദ്രനിലേക്ക് മനുഷ്യരെ എത്തിക്കാനുള്ള നാസ ദൗത്യമായ ആർട്ടെമിസ് 2-നെ കുറിച്ചുള്ള ചോദ്യത്തിന് സുനിത മറുപടി നൽകിയതിങ്ങനെ, ''എനിക്കതിൽ വളരെ ആവേശമുണ്ട്. ഇതൊരു വലിയ സംരംഭമാണ്. പഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്''. അതിന്റെ ഭാഗമാകാൻ താത്പര്യമുണ്ടോ എന്നതിന് പൊട്ടിച്ചിരിച്ചുകൊണ്ട് അവർ ഉത്തരംനൽകി, ''എനിക്ക് ചന്ദ്രനിൽ പോകാൻ ഇഷ്ടമാണ്. പക്ഷേ എന്റെ ഭർത്താവ് എന്നെ കൊല്ലും'', എൻഡിടിവിയോട് സംസാരിക്കുകയായിരുന്നു സുനിത.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi