മോഡലിങ്ങില്‍നിന്നാണ് ജോണ്‍ എബ്രഹാം സിനിമയിലേക്കെത്തുന്നത്. 'സെക്‌സിയസ്റ്റ് മെന്‍ ലിസ്റ്റി'ല്‍ പലപ്പോഴും ജോണ്‍ ഇടംപിടിച്ചു. അതിനിടയിലാണ് 'ജിസ്മ്' എന്ന ഇറോട്ടിക് ത്രില്ലറിലൂടെ സിനിമയിലെത്തുന്നത്. ധൂം, ഗരംമസാല, ടാക്‌സി നമ്പര്‍ 9211, ദോസ്താന, ന്യൂ യോര്‍ക്ക്...പുറകെ കുറേ വിജയചിത്രങ്ങള്‍ ജോണിനെ തേടിയെത്തി. വിക്കി ഡോണര്‍ എന്ന സിനിമയിലൂടെ നിര്‍മാതാവുമായി ജോണ്‍. അതിന് മികച്ച ജനകീയചിത്രത്തിനുള്ള ദേശീയപുരസ്‌കാരവും ലഭിച്ചു. 

പക്ഷേ ഇടയ്ക്കുവെച്ച് ജോണിന്റെ കരിയറില്‍ കുറേ തിരിച്ചടികള്‍ നേരിടേണ്ടിവന്നു. 'ജോണ്‍ എബ്രഹാം കഴിഞ്ഞു' എന്ന് മാസികകള്‍ എഴുതി. 'കോഫി വിത്ത് കരണ്‍' എന്ന ടോക് ഷോയില്‍ പലരും ജോണിനെ കളിയാക്കി. മരംപോലെയുള്ള മുഖം, അഭിനയിക്കാനറിയാത്തയാള്‍...കളിയാക്കലുകളിങ്ങനെ നീണ്ടു.  

അതിനെക്കുറിച്ച് ജോണ്‍ തന്നെ പിന്നീട് പറഞ്ഞതിങ്ങനെ. ''ഞാന്‍ ഒരു മാസികയുടെ എഡിറ്ററോട് ചോദിച്ചു, നിങ്ങള്‍ എന്തിനാണ് എന്നെക്കുറിച്ച് അങ്ങനെ എഴുതുന്നത്? ഞാന്‍ വിജയിക്കരുതെന്ന് ആഗ്രഹിച്ചാണ് അത് ചെയ്തതെന്ന് അയാള്‍ പറഞ്ഞു. കാരണം ചോദിച്ചപ്പോള്‍ അയാള്‍ക്കൊന്നും പറയാനില്ല''. ഇങ്ങനെ എപ്പോഴും കേട്ടുതുടങ്ങിയതോടെ കുറച്ചുകാലം അഭിനയത്തില്‍നിന്ന് വിട്ടുനില്‍ക്കാമെന്ന് ജോണ്‍ കരുതി. അങ്ങനെ നാലുവര്‍ഷത്തോളം മാറിനിന്നു. ആ മാറ്റം വെറുതെയായില്ല, ശക്തമായിട്ടാണ് ജോണ്‍ തിരിച്ചുവന്നത്.  

പര്‍മാണു, സത്യമേവ ജയതേ...ഇത് രണ്ടും ഹിറ്റായി. പുറകെ ഏറ്റവും വലിയ പണംവാരിപ്പടമായ 'പത്താനി'ല്‍ വില്ലനായുമെത്തി ജോണ്‍. 6500 രൂപ പ്രതിഫലം വാങ്ങിയിരുന്ന ജോണിന്റെ ഇന്നത്തെ ആസ്തി 300 കോടിയോളം രൂപയാണ്. മോഡലായപ്പോഴാണ് 6500 പ്രതിഫലമായി ലഭിച്ചത്. ''1999-ലാണത്. അന്ന് ചെലവുകള്‍ വളരെ കുറവായിരുന്നു. ആറു രൂപയാണ് അന്ന് ഉച്ചഭക്ഷണത്തിനായി ചെലവഴിച്ചിരുന്നത്. രണ്ട് ചപ്പാത്തിയും ഒരു ദാല്‍ ഫ്രൈയും. പിന്നെ ബൈക്കിനുള്ള പെട്രോളും. അതും ചെറിയ യാത്രകള്‍ക്ക് മാത്രമാണ് ബൈക്ക്, ദൂരയാത്രകളെല്ലാം ട്രെയിനിലും'', ജോണ്‍ ഓര്‍ക്കുന്നു.