അന്തരിച്ച നടി ശ്രീദേവി തിരുപ്പതി ക്ഷേത്രത്തിൽ സ്ഥിരമായി എത്തുമായിരുന്നു (Tirupati Temple). ഒറ്റയ്ക്കും ഇടയ്ക്ക് കുട്ടികൾക്കും കുടുംബത്തിനുമൊപ്പവുമാണ് ശ്രീദേവി തിരുപ്പതിയിലെത്തിയിരുന്നത്. ശ്രീദേവിയുടെ മരണശേഷവും ആ ശീലം മക്കളായ ജാൻവിയും ഖുഷിയും തുടർന്നു.

ശ്രീദേവിയുടെ മരണശേഷം അവരുടെ ജൻമവാർഷികത്തിലും ചരമവാർഷികത്തിലും ക്ഷേത്രത്തിൽ വരാൻ ഇരുവരും മറന്നില്ല. ഇടയ്ക്ക് ജാൻവിയുടെ ബോയ്ഫ്രണ്ട് ശിഖർ പഹാരിയയും ഉണ്ടാവാറുണ്ട്. സിനിമയുടെ റിലീസിങ്ങിനുമുമ്പും വിശേഷാവസരങ്ങളിലുമെല്ലാം അവർ തിരുപ്പതിയിൽ ദർശനം നടത്തി.

മുമ്പൊരു അഭിമുഖത്തിൽ ഇതിനെക്കുറിച്ച് ജാൻവി സംസാരിച്ചിട്ടുണ്ട്. അമ്മയുടെ പിറന്നാളിന് ക്ഷേത്രം സന്ദർശിക്കുന്നത് ഒരു ആചാരമാണെന്നും ജാൻവി വെളിപ്പെടുത്തി. ''എന്റെ ഓരോ സിനിമയുടെയും തിരക്കഥ ഞാൻ തിരുപ്പതിയിലേക്ക് കൊണ്ടുപോകും. അമ്മ ജോലി ചെയ്യുമ്പോൾ, എല്ലാ വർഷവും അമ്മയുടെ ജന്മദിനത്തിൽ ക്ഷേത്രം സന്ദർശിക്കുമായിരുന്നു. പക്ഷേ, അമ്മയുടെ വിവാഹശേഷം അത് നിലച്ചു. അതുകഴിഞ്ഞ് അമ്മ പോയപ്പോൾ അവരുടെ ജന്മദിനത്തിൽ ക്ഷേത്രം സന്ദർശിക്കണമെന്ന് ഒരു ആന്തരിക ശബ്ദം എന്നോട് പറഞ്ഞു. അങ്ങനെ അമ്മയുടെ ജൻമദിനത്തിലും പോവാൻ തുടങ്ങി. ഇപ്പോൾ, പുതുവത്സരവും ആ പട്ടികയിലേക്ക് ചേർത്തിരിക്കുന്നു''.
 

പിന്നീട് തോന്നുമ്പോഴെല്ലാം ക്ഷേത്രത്തലിൽ പോവാൻ തുടങ്ങിയെന്നും ജാൻവി പറഞ്ഞു. ''തിരുപ്പതി സന്ദർശിക്കണമെന്നും, പടികൾ കയറണമെന്നും, ദേവന്റെ ശുഭദർശനം തേടണമെന്നും ഒരു ആന്തരിക വിളി (inner voice) എനിക്ക് അനുഭവപ്പെടാറുണ്ട്. കഴിഞ്ഞ 5-6 വർഷമായി, ഞാൻ കുറച്ചുകൂടി ആത്മീയതയിലേക്ക് ചായ്വുള്ളയാളായി ഒതുങ്ങിയിരിക്കുന്നു. ആത്മീയതയിൽ പ്രത്യേകിച്ച് ഭഗവാൻ ബാലാജിയിൽ ഞാൻ അഭയം കണ്ടെത്തുന്നു''.

ഇപ്പോഴിതാ തന്റെ 29-ാം പിറന്നാളിനും തിരുപ്പതിയിലെത്തിയിരിക്കുകയാണ് ജാൻവി. സുഹൃത്തുക്കൾക്കൊപ്പമാണ് താരം വന്നത്. ചെരിപ്പിടാതെ ക്ഷേത്രത്തിലേക്കുള്ള 3,550 പടികൾ നടന്നുകയറുകയും ചെയ്തു. ജാൻവിയുടെ ആ വീഡിയോ വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഒരു സിംപിൾ കുർത്തയിട്ടാണ് ജാൻവി വന്നത്. തെലുഗുവിൽ 'പെദ്ദി' എന്ന സിനിമയാണ് ജാൻവിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi