ഒരുപാട്ട് എപ്പോഴും രമ്യാ നമ്പീശന്റെ ചുണ്ടിൽ തത്തിക്കളിക്കും, കുട്ടിക്കാലം തൊട്ടേ അതങ്ങനെയാണ്. ഗായികയായി തന്നെ ആരും സ്വീകരിക്കില്ലെന്ന് കരുതിയ രമ്യ നൃത്തത്തിലും അഭിനയത്തിലുമാണ് ആദ്യം തിളക്കമുള്ള കരിയറുണ്ടാക്കിയത്. അപ്രതീക്ഷിതമായി പിന്നണി ഗായികയാകാനുള്ള അവസരം രമ്യയെ തേടിയെത്തി. പിന്നാലെ പാട്ടൊരു വസന്തമായി കരിയറിൽ അലയടിച്ചു. ഇപ്പോൾ സ്വന്തം ലൈവ് ബാൻഡുമായി സംഗീതത്തിൽ പുതിയ ആരവങ്ങൾ തീർക്കുകയാണ് രമ്യ. സിനിമാ മേഖലയിലെ അസമത്വത്തിനെതിരെ എടുത്ത നിലപാടിന്റെ പേരിലുണ്ടായ മാറ്റിനിർത്തലുകളിൽ തളരാതെ കഴിവ് കൊണ്ട് അവർ പ്രതിസന്ധികളെ മറികടക്കുകയാണ്. ജീവിതം, സിനിമ, സംഗീതം എന്നിവയെ കുറിച്ച് രമ്യാ നമ്പീശൻ തുറന്നുസംസാരിക്കുന്നു.
സ്റ്റേജുകൾ രമ്യയ്ക്ക് നൽകുന്ന ഊർജത്തെ കുറിച്ച്?
സിനിമയുടെ ഇടവേളകളിൽ സ്റ്റേജ് ഷോകളാണ് എനിക്ക് സന്തോഷം നൽകിയിട്ടുള്ളത്. അച്ഛന് സംഗീത ട്രൂപ്പുണ്ടായിരുന്നു. ആ ട്രൂപ്പിനൊപ്പം പരിപാടികളുമായി ഇന്ത്യയുടെ പലഭാഗത്തും ചെറുപ്പത്തിൽ സഞ്ചരിച്ചിട്ടുണ്ട്. അതുകൊണ്ട് സ്റ്റേജ് അന്നുതൊട്ടേ ചിരപരിചിതമാണ്. അന്നൊക്കെ നൃത്തത്തിനായിരുന്നു പ്രഥമ പരിഗണന . പിന്നീട് സിനിമയിലേക്ക് വന്നു. അഭിനയിച്ച് തുടങ്ങിയതിന് പിന്നാലെ അപ്രതീക്ഷിതമായി പിന്നണി ഗായികയുമായി. അതോടെ വേദികളിൽ നൃത്തത്തിനൊപ്പം തന്നെ പാട്ടും തുടങ്ങി.
സിനിമ, സംഗീതം, നൃത്തം ഇതിന് പുറത്തുള്ള രമ്യാ നമ്പീശൻ ആരാണ്?സത്യം പറഞ്ഞാൽ സ്വയം സീരിയസായി കാണാത്ത വ്യക്തിയാണ് ഞാൻ. ചെയ്യുന്ന പ്രവൃത്തികൾക്ക് അഭിനന്ദനങ്ങളും അംഗീകാരങ്ങളും കിട്ടുന്നതിൽ സന്തോഷം. അതിന് മുകളിൽ മറ്റൊന്നും ആഗ്രഹിക്കുന്നില്ല. അങ്ങനെ കിട്ടാൻ തക്ക പ്രത്യേകതകളൊന്നും എനിക്കില്ല, എല്ലാവരെയും പോലെയൊരു സാധാരണക്കാരിയാണ്.
ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ ഏറെ സ്വാധീനിച്ച സ്ത്രീ?
അമ്മ ജയശ്രീ തന്നെയാണ് ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ളത്. ഇന്നലെകളിലേക്ക് തിരിച്ചുപോയി എന്തെങ്കിലും ജീവിതത്തിൽ ചെയ്യണമെന്ന് തോന്നിയിട്ടുണ്ടെങ്കിൽ അത് അമ്മയ്ക്ക് വേണ്ടി മാത്രമാണ്. അമ്മ ഞങ്ങൾക്ക് വേണ്ടി ചെയ്ത കാര്യങ്ങൾക്ക് അന്ന് വലിയ വിലയൊന്നും നൽകിയിട്ടില്ല. അമ്മയോട് സ്‌നേഹമുണ്ടെങ്കിൽ കൂടി നമുക്ക് ഭക്ഷണം തരുന്ന ഒരാൾ എന്ന നിലയിലൊക്കെയെ അന്ന് പരിഗണിച്ചിട്ടുള്ളൂ. സ്‌കൂൾ വിട്ടുവരുമ്പോൾ ഭക്ഷണം റെഡി, ഉച്ചയ്ക്കും രാവിലെയുമെല്ലാം ഭക്ഷണമടക്കം എല്ലാം റെഡി. അങ്ങനെ വീട്ടിലെ എല്ലാ കാര്യങ്ങളും അമ്മ തന്നെയാണ് ചെയ്തിട്ടുള്ളത്. പക്ഷേ, അന്ന് അർഹമായ പരിഗണന അമ്മയ്ക്ക് നൽകിയില്ല. അമ്മയ്ക്ക് വേണ്ടി തിരിച്ചുജീവിക്കാൻ എനിക്കിപ്പോൾ ആഗ്രഹമുണ്ട്. ഇപ്പോൾ അതുകൊണ്ട് ഒരുനിമിഷം പോലും അമ്മയെ പരിഗണിക്കാതിരിക്കാറില്ല.
കുട്ടിക്കാലത്ത് എങ്ങനെയുള്ളയാളായിരുന്നു?
ഞാനൊരു ഇൻട്രോവേർട്ടഡ് എക്‌സ്‌ട്രോവേർട്ട് ആയിരുന്നു. വളരെ പരിചിതമായ ഇടങ്ങളിൽ എക്‌സ്‌ട്രോവേർട്ടായിരുന്നു. എന്നാൽ മറ്റിടങ്ങളിൽ അൽപം നാണക്കാരിയായ, അത്യാവശ്യത്തിന് മാത്രം സംസാരിക്കുന്ന ഒരാളായിരുന്നു. നടിയാകുക എന്നത് ഒരിക്കലും സാധിക്കില്ലെന്ന് പണ്ട് വിശ്വസിച്ചിരുന്നു. വളരെപ്പതിയെ ഓരോ പടികളായി ലക്ഷ്യത്തിലേക്ക് വന്നയാളാണ് ഞാൻ. എല്ലാകാര്യങ്ങളും സ്വന്തമായി ആർജിച്ചെടുത്താണ് ഇന്ന് കാണുന്ന രമ്യയിലേക്ക് എത്തിയത്. അതിന് അച്ഛൻ, അമ്മ, സഹോദരൻ എന്നിവരെല്ലാം വലിയ പിന്തുണ നൽകിയിട്ടുണ്ട്.
സിനിമ രമ്യയെ എങ്ങനെ മാറ്റി?
മാറ്റം നടന്നുകൊണ്ടേയിരിക്കും. നമ്മൾ സിനിമയിലേക്ക് വരുമ്പോഴുണ്ടായ സാഹചര്യത്തിൽ തന്നെ തുടർന്ന് ജീവിക്കണമെന്നും ചിന്തിക്കണമെന്നും ആരും എവിടെയും എഴുതിയിട്ടില്ലല്ലോ. പുതിയ കാര്യങ്ങൾ പഠിക്കുക, അതിൽ നിന്ന് ആവശ്യമായവ ഉൾക്കൊള്ളുക, അതിനനുസരിച്ചുള്ള മാറ്റങ്ങൾ സ്വയം വരുത്തുക അങ്ങനെയാണ് വേണ്ടത്. എന്റെ ഇൻസ്റ്റഗ്രാമിൽ എഴുതിയിട്ടുള്ളത് ലേണിങ് ടു അൺലേൺ എന്നാണ്. അതായത് എനിക്ക് പരിചിതമല്ലാത്ത കാര്യങ്ങൾ ശരിയാണെന്ന് തോന്നുകയാണെങ്കിൽ അതിലേക്ക് മാറുക, തെറ്റായ കാര്യങ്ങളാണെങ്കിൽ അത് മനസ്സിലാക്കി വീണ്ടും പഠിക്കുക. സിനിമ എന്നെ വലിയ രീതിയിൽ അതിന് സഹായിച്ചിട്ടുണ്ട്. ഒരുപാട് ആളുകളെ പരിചയപ്പെടാനും രാജ്യങ്ങൾ കാണാനും അവിടത്തെ സംസ്‌കാരം തിരിച്ചറിയാനുമായി. തെറ്റുകളിലൂടെയും ശരികളിലൂടെയുമുള്ള സഞ്ചാരമായിരുന്നു എനിക്ക് സിനിമ.
സിനിമയിലെ പുരുഷനേക്കാൾ സ്ത്രീക്ക് സമൂഹത്തോട് കൂടുതൽ ഉത്തരങ്ങൾ പറയേണ്ടിവരുന്നുണ്ടോ?
പല പ്രശ്‌നങ്ങൾ വരുമ്പോഴും നമ്മൾ എന്ത് ഉത്ത രം പറഞ്ഞു, പറഞ്ഞില്ല എന്നുള്ളത് കേൾക്കാറുണ്ട്. എല്ലാത്തിനും മറുപടി പറയേണ്ടതില്ല. ചിലപ്പോഴൊക്കെ നിശബ്ദതയാണ് കൃത്യമായ ഉത്തരം. എന്നാൽ പലപ്പോഴും ഉത്തരം പറയേണ്ടി വരും. പക്ഷേ, എവിടെയൊക്കെ ഉത്തരം പറയണം എന്നുള്ളത് നമുക്ക് തീരുമാനിക്കാമല്ലോ. എനിക്ക് പുതിയ കുട്ടികളിൽ നല്ല പ്രതീക്ഷയുണ്ട്. ലിംഗവ്യത്യാസമില്ലാതെ എല്ലാക്കാര്യങ്ങളെപ്പറ്റിയും തിരിച്ചറിവുണ്ട്. എല്ലാവർക്കും ഈ ലോകത്ത് ജീവിക്കാൻ ഇടമുണ്ട് എന്ന രീതിയിലാണ് അവർ പരസ്പരം സഹകരിച്ച് പോകുന്നത്. എല്ലാവർക്കും തെരഞ്ഞെടുപ്പുകളുണ്ട്, കല്യാണം കഴിക്കണോ? വേണ്ടേ? അങ്ങനെയെല്ലാം ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്. മറ്റൊരു രീതിയിൽ നല്ല രസമുള്ള വിപ്ലവത്തിലൂടെ ലോകം കടന്നുപോകുന്നുണ്ട്. അത് മാറി നിന്ന് കാണാൻ ഭയങ്കര രസമാണ്, അതിന്റെ ഭാഗമാവാനും ആഗ്രഹമുണ്ട്. ആണായാലും പെണ്ണായാലും ട്രാൻസ്‌ജെൻഡറാണെങ്കിലും അവകാശത്തെ പറ്റി കൃത്യമായ ബോധ്യത്തിലാണ് ജീവിക്കുന്നത്. ആൺകുട്ടികളിലും നല്ല മാറ്റം കാണുന്നുണ്ട്. മസ്്ക്കുലിൻ എന്ന് പറയുന്നത് അഗ്രഷൻ അല്ലെന്നും പരസ്പരം മനസ്സിലാക്കലാണെന്നും ആൺകുട്ടികൾ ചിന്തിക്കുന്നുണ്ട്. അതിൽ വളരെ സന്തോഷം.
സിനിമ, സംഗീതം ഏതിനോടാണ് ഇഷ്ടക്കൂടുതൽ?
പാട്ടിനോട് ഒരല്പം ഇഷ്ടക്കൂടുതലുണ്ട്, കുട്ടിക്കാലം തൊട്ടേ പാട്ടുകാരിയാകണം എന്നൊരു മോഹം മനസ്സിലുണ്ടായിരുന്നു. പക്ഷേ, ആ സമയത്ത് എന്റെ ശബ്ദം അതിന് യോജിച്ചതല്ല എന്നാണ് വിചാരിച്ചിരുന്നത്. അച്ഛന് സിനിമാ നടനാകണമെന്ന് വലിയ ആഗ്രഹമായിരുന്നു. അദ്ദേഹമൊരു നാടക നടനായിരുന്നു. അച്ഛന്റെ ആഗ്രഹം ഞാൻ സാധിച്ചു എന്ന് പറയാം. സിനിമയിലെത്തിയ ശേഷം ഒരുറിയാലിറ്റി ഷോയിൽ അതിഥിയായി ചെന്നപ്പോൾ ഒരുപാട്ടുപാടി. അത് ഇഷ്ടപ്പെട്ടാണ് സംഗീതസംവിധായകനായ ശരത് സാർ എന്നെ സിനിമയിലേക്ക് പാടാൻ വിളിക്കുന്നത്. 'ഇവൻ മേഘരൂപൻ' എന്ന സിനിമയിലെ പാട്ടായിരുന്നു അത്. അറിഞ്ഞോ അറിയാതെയോ ഞാൻ തന്നെ കൈവിട്ട ഒരുമേഖല എന്നിലേക്ക് തന്നെ വരുന്നത് പോലെയാണ് പാട്ടിൽ കൂടുതൽ അവസരങ്ങൾ തേടി വന്നപ്പോൾ തോന്നിയത്.
ഗായിക എന്ന നിലയിൽ ആത്മവിശ്വാസം കിട്ടിയത് എപ്പോഴാണ്?
ശരത് സാർ എന്നെ വിളിച്ചപ്പോൾ എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല. എന്നെ തന്നെയാണോ സാർ ഉദ്ദേശിക്കുന്നത് ആള് മാറിപ്പോയില്ലല്ലോ എന്നാണ് ആദ്യം ചോദിച്ചത്. ചെന്നൈയിലെ ചിത്ര ചേച്ചിയുടെ സ്റ്റുഡിയോയിൽ വച്ചാണ് ആ പാട്ട് റെക്കോർഡ് ചെയ്തത്. ഒരുസ്വപ്‌നംപോലെയാണ് എനിക്ക് ആ റെക്കോർഡിങ്. അപ്പോഴും വിചാരിച്ചത് ഞാൻ പാടിയത് അവർക്കിഷ്ടപ്പെടില്ല എന്നും അത് സിനിമയിൽ ഉൾപ്പെടുത്തില്ല എന്നൊക്കെയാണ്. പാട്ട് വലിയ ഹിറ്റായി മാറി. അതോടെ പിന്നണിഗാനരംഗത്ത് ആത്മവിശ്വാസം ലഭിച്ചു. എന്നാൽ ലൈവ് പരിപാടികൾ സജീവമായി ആത്മവിശ്വാസത്തോടെ പാടിത്തുടങ്ങിയിട്ട് രണ്ടുവർഷമേ ആയിട്ടുള്ളൂ. അതിന് മുമ്പേ എന്റെ പാട്ടുകൾ മാത്രമായിരുന്നു വേദികളിലും പാടിയിരുന്നത്. എന്നാൽ ഇപ്പോൾ എല്ലാത്തരം പാട്ടുകളും പാടാനുള്ള ആത്മവിശ്വാസമുണ്ട്. അതിന്റെ ഭാഗമായാണ് ആറുമാസം മുമ്പ് രമ്യാ നമ്പീശൻ ലൈവ് (ആർ.എൻ ലൈവ്) എന്ന പേരിൽ ലൈവ് ബാൻഡ് തുടങ്ങിയത്.
ബാൻഡ് മോഹം പണ്ടേ മനസ്സിലുണ്ടോ?
ഇൻഡിപെൻഡന്റ് മ്യൂസിക്കും ബാൻഡുമൊക്കെ കേരളത്തിൽ പോയ വർഷങ്ങളിലാണല്ലോ സജീവമായത്. പല ടീമിന്റെയും കൂടെ ഷോകൾ ചെയ്തുതുടങ്ങിയപ്പോൾ രമ്യക്ക് ബാൻഡുണ്ടോ എന്ന് അന്വേഷണങ്ങൾ വന്നു. അങ്ങനെയാണ് എന്തുകൊണ്ട് ബാൻഡ് ട്രൈ ചെയ്തുകൂടാ എന്ന് തോന്നിയത്. നല്ല കുറച്ച് സംഗീതജ്ഞരെ കൂടെക്കൂട്ടി. സാം ദേവസ്യ നല്ല പിന്തുണ നൽകി. ഇപ്പോൾ സാം ദേവസ്യയുടെ 'ഈലോഞ്ച്' എന്ന കമ്പനിയാണ് ഞങ്ങളുടെ ബാൻഡിനെ മാനേജ് ചെയ്യുന്നത്. 'നൃത്തതരംഗം' എന്നപേരിൽ ഭരതനാട്യം ഷോകളും ഞാൻ ചെയ്യുന്നുണ്ട്.
മാനസികമായ തകർച്ചകളിൽ നിന്ന് തിരിച്ചുവരുന്നത് എങ്ങനെ?
വലിയ രീതിയിൽ തകർന്നുപോയ സാഹചര്യങ്ങളൊക്കെ നേരിട്ടിട്ടുണ്ട്, ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ച് നിന്നിട്ടുണ്ട്. എല്ലാവർക്കും ഒരു കംഫർട്ട് സോൺ ഉണ്ടാകും, അതിനുള്ളിൽ ഇരിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. എന്നാൽ അതിൽ നിന്ന് പുറത്തുവരുമ്പോഴാണ് നമ്മൾ ശരിക്കും അതിജീവിക്കാൻ പഠിക്കുന്നത്. അത്തരം സാഹചര്യം വന്നപ്പോൾ എനിക്കുവേണ്ടി ഞാൻ തന്നെ എന്തെങ്കിലും ചെയ്താൽ മാത്രമേ മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ എന്ന് മനസ്സിലാക്കി. എന്തെങ്കിലും ചെയ്ത് തരാനോ സഹായിക്കാനോ വേറെ ആരും ഇവിടെയില്ല എന്നും തിരിച്ചറിഞ്ഞു. എങ്ങനെയെങ്കിലും അതിജീവിച്ചേ പറ്റൂ. അങ്ങനെ സ്‌റ്റേജ് ഷോകൾ സജീവമായി ചെയ്തു. നല്ല രീതിയിലുള്ള പ്രതികരണം വന്നതോടെ പലയിടത്തും വേദികൾ ലഭിച്ചു. ഇപ്പോൾ തമിഴ് സിനിമകളിലും വെബ്‌സീരിസുകളിലും അവസരങ്ങളുണ്ട്. സമുദ്രക്കനി സാറിന്റെ 'ബെയ്‌ല' എന്ന സിനിമയാണ് ചെയ്യുന്നത്. ഹോട്ട് സ്റ്റാറിന് വേണ്ടി ഒരുതമിഴ് വെബ് സീരിസ് ചെയ്യുന്നുണ്ട്. എന്റേതായ ഒരിടം ഉണ്ടാക്കിയെടുക്കണം എന്ന ചിന്തയിലാണ് ലൈവ് ബാൻഡ് തുടങ്ങിയത്. പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ എല്ലാവരുടെയും ജീവിതതാളം തെറ്റും, അപ്പോൾ നമ്മളെ കൊണ്ട് എന്ത് ചെയ്യാൻ സാധിക്കും എന്ന് നാം സ്വയം തിരയും. ആ അന്വേഷണത്തിൽ നിന്ന് മുന്നോട്ട് പോകാൻ ഒരുപാത തുറന്നുവരും. ഞാനും പ്രതിസന്ധി വന്നപ്പോൾ പുതിയ ഇടം കണ്ടെത്തി.
അരക്ഷിതത്വത്തെ എങ്ങനെയാണ് മറികടക്കുന്നത്?
അരക്ഷിതത്വത്തെ സ്വയം തിരിച്ചറിയുന്നത് തന്നെയാണ് ഏറ്റവും വലിയ വിജയം. ഓരോ പുതിയ കാര്യം ചെയ്യുമ്പോഴും ഞാൻ തോൽക്കാൻ വേണ്ടി തയ്യാറായിട്ടാണ് നിൽക്കുന്നത്. തോൽവി എന്ന് പറയുന്നത് എന്തോ വലിയ സംഭവമാണെന്ന് വിചാരിക്കുമ്പോഴാണ് പ്രശ്‌നം. തോറ്റാലും ഞാൻ ശ്രമിച്ചില്ല എന്നൊരു തോന്നൽ എനിക്കൊരിക്കലും ഉണ്ടാവാൻ പാടില്ലെന്ന് കരുതുന്നു. ചെയ്തുനോക്കിയിട്ട് പരാജയപ്പെടുന്നതും ചെയ്യാതെ പരാജയപ്പെടുന്നതും തമ്മിൽ ഭയങ്കര വ്യത്യാസമുണ്ട്. ഞാൻ തോൽക്കാൻ തയ്യാറാണ്. പക്ഷേ, ഒന്നും ചെയ്യാതെ വെറുതേ ഇരിക്കാൻ മനസ്സില്ല. അതാണ് എന്റെ പോളിസി.
സ്‌റ്റേജിൽ ആയിരക്കണക്കിന് ആളുകൾക്ക് മുന്നിൽ പാടുമ്പോൾ ഇപ്പോഴും ഭയവും അരക്ഷിതത്വവുമൊക്കെ അനുഭവപ്പെടാറുണ്ട്. പക്ഷേ, അതിനെ മറികടന്നുകൊണ്ടാണ് ഞാൻ അവിടെ വിജയിക്കുന്നത്. നമ്മുടെ അതിരുകളെ മറികടക്കുക എന്നത് ഒരുമത്സരമായി എടുക്കുക. നമ്മൾ നമ്മോട് തന്നെ മത്സരിക്കുക.
സ്വയം സ്‌നേഹിക്കുക എന്നത് എത്രമാത്രം പ്രധാനമാണ്?
ലൗ യുവേഴ്‌സെൽഫ് എന്ന് പറയുന്നത് ഇൻസ്റ്റഗ്രാമിൽ കാണുന്നത് പോലെ സ്പാ ചെയ്യുക, നെയിൽ പോളിഷ് ചെയ്യുക എന്നത് മാത്രമല്ല. അതിനപ്പുറം സ്വയം കണ്ടെത്തലാണ് വേണ്ടത്. അതിന് പലവഴികൾ ഉണ്ടാകും, മെഡിറ്റേഷൻ, തെറാപ്പി അങ്ങനെ. നമ്മുടെ ഉള്ളിൽ എന്തെങ്കിലും പരിഹരിക്കാൻ പറ്റാത്ത പ്രശ്‌നങ്ങളോ, ദു:ഖമോ ഒക്കെ ഉണ്ടെങ്കിൽ അതിനെ പരിഹരിക്കാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യുക. അങ്ങനെ ചെയ്യുമ്പോൾ നമ്മൾ സ്വയം സ്‌നേഹിച്ച് തുടങ്ങും. എന്നെ സംബന്ധിച്ച് ആത്മസ്‌നേഹം വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഞാൻ എന്നെ സ്‌നേഹിച്ചാൽ മാത്രമേ എനിക്ക് ചുറ്റുമുള്ളവരെ സ്‌നേഹിക്കാൻ പറ്റൂ. നമ്മൾ ഉള്ളിലേക്ക് തിരിഞ്ഞുനോക്കാൻ തുടങ്ങുമ്പോൾ മാത്രമേ ആത്മസ്‌നേഹത്തിന്റെ പ്രാധാന്യം മനസ്സിലാകുകയുള്ളൂ.
15 വയസ്സുകാരിയായ രമ്യയെ വീണ്ടും കണ്ടാൽ അവളോട് എന്ത് പറയും?
കുറച്ചധികം കാര്യങ്ങൾ പറയാനുണ്ട്, ചിലപ്പോൾ ഒരുദിവസം മതിയാകില്ല (ചിരിക്കുന്നു)... ഞാൻ അന്നങ്ങനെ ജീവിച്ചതുകൊണ്ടാണ് ഇന്ന് കാണുന്ന രമ്യയാകാൻ കഴിഞ്ഞത്. എനിക്കൊരു നല്ല കുടുംബമുണ്ടായിരുന്നു, അതുകൊണ്ട് വലിയ പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. ഞാനായിട്ട് ഉണ്ടാക്കിവെച്ച പ്രശ്‌നങ്ങൾ മാത്രമേയുണ്ടായിട്ടുള്ളൂ. സമൂഹത്തിൽനിന്ന് ഒരുപാട് പ്രശ്‌നങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട്. നിറത്തിന്റെ പേരിലും രൂപത്തിന്റെ പേരിലുമൊക്കെ സ്‌കൂളിൽ നിന്നും സമൂഹത്തിൽ നിന്നുമൊക്കെ ഒരുപാട് മോശം അനുഭവങ്ങളും മാറ്റിനിർത്തലുകളും നേരിടേണ്ടി വന്നിട്ടുണ്ട്. ഒരുപക്ഷേ, പലരും അത്തരം പ്രശ്‌നങ്ങൾ നേരിട്ടിട്ടുണ്ടാകും. പക്ഷേ അതെല്ലാം മറികടക്കാൻ പറ്റി എന്നതാണ് എന്റെ വിജയം.
വിവാഹം, കുടുംബം എന്നിവയെക്കുറിച്ചുള്ള സമൂഹത്തിന്റെ ചോദ്യങ്ങൾ അസ്വസ്ഥപ്പെടുത്താറുണ്ടോ?
ആദ്യമൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു, ഇതിന് എന്ത് ഉത്തരമാണ് പറയേണ്ടത് എന്നറിയില്ലായിരുന്നു. ഇപ്പോൾ അതിനെ എങ്ങനെ നേരിടണമെന്ന് കൃത്യമായി അറിയാം. വിവാഹം, പ്രസവം, കുട്ടികളെ വളർത്തുക, അവർക്കായി ജീവിക്കുക എന്നതൊക്കെയാണ് ഇപ്പോഴും സമൂഹം ഒരാളുടെ സെറ്റിൽമെന്റായി കരുതുന്നത്. പക്ഷേ, എന്റെയൊരു മീനിങ് ഓഫ് സെറ്റിൽമെന്റ് മറ്റൊന്നാണ്. നമുക്ക് സമാധാനമായി, സ്വാതന്ത്ര്യം നന്നായി അനുഭവിച്ച് ജീവിക്കാൻ സാധിക്കുന്നുവെങ്കിൽ അതാണ് മനുഷ്യന്റെ യഥാർഥ സെറ്റിൽമെന്റ്. സ്വാതന്ത്ര്യമാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ ലക്ഷ്വറി. ഒരുപാട് പണവും കെട്ടുറപ്പുള്ള വലിയൊരു കുടുംബവുമൊക്കെയുണ്ടായാലും നമുക്ക് നമ്മളാകാൻ പറ്റാതെ, സ്വാതന്ത്ര്യമില്ലാതെ, അതിനുള്ളിൽ ചിറക് കെട്ടിയിട്ട് കഴിഞ്ഞാൽ പിന്നെ ജീവിതത്തിന് എന്തർഥമാണുള്ളത്.
ഇത്തവണ എന്റെ ജന്മദിനത്തിന് മലമുകളിലേക്ക് ഞാനൊരു ട്രക്കിങ്ങിന് പോയി. അതൊരു പുതിയ അനുഭവമായിരുന്നു. എനിക്കിപ്പോഴും ഇഷ്ടമുള്ള രീതിയിൽ ജന്മദിനം ആഘോഷിക്കാൻ പറ്റുന്നു. അതിനാൽ എന്നെ സംബന്ധിച്ച് സന്തോഷവും ലക്ഷ്വറിയും സമാധാനവും എന്റെ സ്വാതന്ത്ര്യമാണ്.
സാമ്പത്തിക സ്വാതന്ത്ര്യം ജീവിതത്തിൽ എത്ര പ്രധാനപ്പെട്ടതാണ്?
പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ തൊട്ട് ചെറിയ രീതിയിലാണെങ്കിൽ കൂടി ഞാൻ കാശ് സമ്പാദിച്ചുതുടങ്ങിയിരുന്നു. 'ഹലോ ഗുഡ് ഇവനിങ്' എന്ന ഷോയിൽ ഞാനൊരു ആങ്കറായിരുന്നു. 600 രൂപയായിരുന്നു അന്ന് കിട്ടിയിരുന്നത്. എന്റെ ചെറിയ മോഹങ്ങൾ തീർക്കാൻ അന്നത് മതിയായിരുന്നു. അതുകൊണ്ട് സാമ്പത്തികമായി സ്വാതന്ത്ര്യം നേടണം എന്ന് അന്നുതൊട്ടേ എനിക്കറിയാമായിരുന്നു. അതെന്റെ അച്ഛനും അമ്മയും ചെറുപ്പത്തിലേ പറഞ്ഞുതന്നിട്ടുള്ള കാര്യം കൂടിയാണ്. ലിംഗ വ്യത്യാസമില്ലാതെ എന്റെ കൂടെയുള്ള എല്ലാ പുതിയ കുട്ടികളോടും ഞാൻ പറയാറുള്ളത് സ്വന്തം കാലിൽ നിൽക്കണമെന്നും സാമ്പത്തിക സ്വാതന്ത്ര്യം നേടണമെന്നുമാണ്. അങ്ങനെയാകുമ്പോൾ നമുക്ക് സെൽഫ് റെസ്‌പെക്ടോടെ ജീവിക്കാൻ പറ്റും.
സന്തോഷം, സ്വാതന്ത്ര്യം എന്നിവയെ നിർവചിക്കൂ?
എനിക്ക് ഞാനായി ജീവിക്കാൻ പറ്റുക എന്നതാണ്. ഇപ്പോൾ എല്ലാ വാതിലുകളും മുന്നിൽ തുറന്നുതന്നെയാണ് ഉള്ളത്. എന്ത് കാര്യവും പരീക്ഷിക്കാനുള്ള ധൈര്യമാണ് എനിക്ക് സ്വാതന്ത്ര്യം തരുന്നത്. മറിച്ച് ഒരുകുടുംബമുണ്ട്, അതിന്റെ കമ്മിറ്റ്‌മെന്റുണ്ട് എങ്കിൽ എനിക്കൊരു പുതിയ കാര്യം പരീക്ഷിക്കാൻ പറ്റില്ല. നിലവിൽ അറിയുന്ന കാര്യം മാത്രം ചെയ്ത് മുന്നോട്ടുപോകും. റിസ്‌ക്കെടുക്കില്ല. പാർട്ണർ വേണം എന്ന് തോന്നാറുണ്ട്, അപ്പോഴും അയാം ഇനഫ് എന്നൊരു തോന്നൽ മനസ്സിൽ ഉറച്ചുകിടക്കുന്നുണ്ട്.
പേരിലെ നമ്പീശൻ ചെറുപ്പത്തിലേ ഉണ്ടോ?
നമ്പീശൻ എന്നത് എനിക്ക് വീട്ടിൽ നിന്നിട്ട പേരല്ല. രമ്യ സുബ്രഹ്‌മണ്യൻ ഉണ്ണി എന്നായിരുന്നു എന്റെ പേര്. സിനിമയിൽ എത്തിയപ്പോൾ ദിവ്യാ ഉണ്ണി എന്ന പേര് പ്രസിദ്ധമായി കിടക്കുന്നത് കൊണ്ട് രമ്യാ ഉണ്ണി എന്ന പേര് വേണ്ടെന്ന് എന്റെ ആദ്യ സിനിമയായ 'സായാഹ്ന'ത്തിന്റെ സംവിധായകൻ ആർ.ശരത് പറഞ്ഞു. പകരം അദ്ദേഹമിട്ട പേരാണ് രമ്യാ നമ്പീശൻ എന്നത്. അന്നെനിക്ക് ഈ പേരിനെ ക്കുറിച്ച് വലിയ ധാരണയൊന്നുമില്ല. പിന്നീട് ആ പേര് സ്ഥിരമായി എന്ന് മാത്രം. ഒഫീഷ്യലി ഇപ്പോഴും ഞാൻ രമ്യാ സുബ്രഹ്‌മണ്യൻ തന്നെയാണ്.
സിനിമകൾ നായകന്മാരുടെ കഥകൾ മാത്രമായി മാറുന്നു എന്ന് വിമർശനമുണ്ട്?
ഇതിനാകെയുള്ള പോംവഴി സ്ത്രീകൾ കൂടുതൽ സിനിമകൾ എടുത്തുതുടങ്ങണം എന്നതാണ്. സമൂഹമാണെങ്കിലും സിനിമയാണെങ്കിലും ഇവിടത്തെ സിസ്റ്റം മൊത്തം ആൺമേൽക്കോയ്മ ഉള്ളതാണ്. അതുകൊണ്ട് അങ്ങനെയേ സംഭവിക്കൂ. കുറേപ്പേരുടെ മേലിൽ ഇതിന്റെ കുറ്റംചാർത്തിയിട്ട് കാര്യമില്ല. അതാണ് ഇപ്പോൾ നടക്കുന്നത്. മറിച്ച് കുറച്ച് വിശാലമായി ചിന്തിക്കുകയാണെങ്കിൽ സ്ത്രീകൾ തന്നെ നിർമിച്ച് സ്ത്രീകൾ സംവിധാനം ചെയ്യുന്ന സിനിമകൾ ഉണ്ടാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഇങ്ങനെ പറയാൻ നല്ല എളുപ്പമാണ്. പക്ഷേ, പ്രാവർത്തികമാക്കാൻ വളരെ ബുദ്ധിമുട്ടാണെന്ന് അറിയാം. കാരണം സിനിമയെ നിയന്ത്രിക്കുന്നത് പുരുഷന്മാരാണ്. അതിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ചെറിയ രീതിയിൽ ആണെങ്കിലും അടുത്തിടെ എനിക്ക് ഏറ്റവും സന്തോഷം തോന്നിയ കാര്യം വളരെ ശക്തയായിട്ടുള്ള ഒരുസ്ത്രീയുടെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞു എന്നതാണ്. ശ്രുതി ശരണ്യം സംവിധാനം ചെയ്ത 'ബി 32 മുതൽ 44 വരെ'. ഞാൻ കണ്ടതിൽ ഏറ്റവും നല്ല ഫെമിനിസ്റ്റും സത്രീകളെ പിന്തുണയ്ക്കുന്ന സംവിധായികയും എന്റെ സുഹൃത്ത് കൂടിയായ ശ്രുതിയാണ്. അവളാൽ കഴിയുന്നവിധം ആ സിനിമ ജനങ്ങളിലെത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. ക്യാമറ അടക്കം ആ സിനിമയിൽ വർക്ക് ചെയ്തവരിൽ 50 ശതമാനത്തിലധികം സ്ത്രീകളായിരുന്നു. അങ്ങനെയുള്ള സിനിമകൾ കൂടുതലായി സ്ത്രീകൾ എടുത്തുതുടങ്ങണം, അതിനുവേണ്ടിയുള്ള പോരാട്ടങ്ങളാണ് ഞങ്ങളും നടത്തികൊണ്ടിരിക്കുന്നത്.
ഭാവിയിൽ ഒരുസംഗീത സംവിധായികയായി പ്രതീക്ഷിക്കാമോ?
അത്രയ്ക്ക് എത്തിയിട്ടില്ല. ഇപ്പോൾ ബാൻഡ് വളരെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകണം എന്നാണ് ആഗ്രഹം. ഒറിജിനൽ ഇൻഡിപെൻഡന്റ് പാട്ടുകൾ ചെയ്യണമെന്നുണ്ട്. ഭാവിയിൽ അത്തരമൊരു സാധ്യത വരികയാണെങ്കിൽ അതിന് തയ്യാറാകും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Remya Nambeesan opens up about her journey in film, music, and the importance of self-love and financial independence.
Published: 17 Jul 2025, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented