ഇന്ത്യയിലെ അറിയപ്പെടുന്ന ഹെയർഡിസൈനർമാരിലൊരാളാണ് ആലിം ഹക്കീം. വിരാട് കോലി, ഹാർദിക് പാണ്ഡ്യ, രജനീകാന്ത്, സൽമാൻ ഖാൻ...അദ്ദേഹത്തിനടുത്തെത്തുന്ന സെലിബ്രിറ്റികളുടെ ലിസ്റ്റ് ഇനിയും നീളും.

അദ്ദേഹത്തിന്റെ പിതാവ് ഹക്കീം കൈരാൻവിയും പ്രശസ്ത സ്റ്റൈലിസ്റ്റായിരുന്നു. സുനിൽ ദത്ത്, അമിതാഭ് ബച്ചൻ, ദിലീപ് കുമാർ തുടങ്ങിയവരുടെ ഹെയർ സ്റ്റൈലിങ് ചെയ്തിരുന്നത് ഹക്കീമായിരുന്നു. ഹക്കീമും അമിതാഭ് ബച്ചനും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് ആലിം സ്‌ക്രീനിന് നൽകിയ അഭിമുഖത്തിൽ ഓർത്തെടുത്തു.

''ആദ്യ സിനിമയ്ക്കുശേഷം അമിതാഭ് ജിയുടെ സ്‌റ്റൈലിങ് ചെയ്തിരുന്നത് എന്റെ പിതാവായിരുന്നു. സുനിൽ ദത്താണ് അവരെ തമ്മിൽ പരിചയപ്പെടുത്തുന്നത്. ഷോലെ, സഞ്ജീർ, ഡോൺ, അമർ അക്ബർ അന്തോണി തുടങ്ങിയ സിനിമകളിലെ അമിതാഭ് ജിയുടെ ഹെയർ സ്‌റ്റൈലിനുപിന്നിലും എന്റെ അച്ഛൻ തന്നെ. ഹെയർകട്ട് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അച്ഛന് അസുഖമുണ്ടാവുന്നത്. അവസാനമായി അദ്ദേഹം അമിതാഭ് ജിയുടെ മുടിയാണ് മുറിച്ചത്. അതിനിടയിൽ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടനെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു''.

39 വയസ്സുള്ളപ്പോഴാണ് ഹക്കീം മരിക്കുന്നത്. അന്ന് ആലിമിന് ഒമ്പതുവയസ്സ് മാത്രമേയുള്ളൂ. ഒരുപാട് സെലിബ്രിറ്റികൾക്കൊപ്പം ജോലി ചെയ്തിരുന്നെങ്കിലും ഹക്കീം മരിക്കുമ്പോൾ അദ്ദേഹത്തിന്റെ ബാങ്ക് ബാലൻസ് വെറും 13 രൂപയായിരുന്നുവത്രേ. പക്ഷേ, അച്ഛനുണ്ടാക്കിയ പേരിന് കോട്ടം തട്ടാതെ കൊണ്ടുപോവണമെന്ന് കുറച്ചുകഴിഞ്ഞപ്പോൾ തന്നെ ആലിമിന് തോന്നി. അങ്ങനെ പിതാവിന്റെ പാത പിന്തുടരാൻ തീരുമാനിച്ചു.

കുടുംബം നോക്കാനായി 13-ാം വയസ്സിൽ തന്നെ സലൂൺ തുടങ്ങി. വീടിന്റെ ബാൽക്കണിയായിരുന്നു ആദ്യകാലത്ത് സലൂൺ ആയത്. അവിടെ വെറുമൊരു ഫാൻ മാത്രം വെച്ച് സലൂണാക്കി മാറ്റി. ഹെയർകട്ടിനൊപ്പം വ്യത്യസ്തമായ പല ഹെയർസ്റ്റൈലുകളും അന്ന് സ്വന്തം കൂട്ടുകാരുടെ മുടിയിൽ പരീക്ഷിച്ചു. അന്ന് 10 രൂപയായിരുന്നുവത്രെ അദ്ദേഹത്തിന്റെ പ്രതിഫലം. തനിക്ക് ബാർബർ ആയാൽ മതിയെന്ന് പറഞ്ഞപ്പോൾ അക്കാലത്ത് പലരും ആലിമിനെ കളിയാക്കി. എങ്കിലും അതൊന്നും തളർത്തിയില്ല. അത്യാവശ്യം പണമായപ്പോൾ ഒരു സെക്കന്റ് ഹാൻഡ് എസി വാങ്ങി ബാൽക്കണിയിൽ പിടിപ്പിച്ചു. പിന്നീടാണ് സ്വന്തമായൊരു സലൂൺ തുടങ്ങുന്നത്.

സൽമാൻ ഖാൻ, യെസ്ഫ് അലി ഖാൻ തുടങ്ങിയ സെലിബ്രിറ്റികൾക്ക് അദ്ദേഹം സ്റ്റൈലിങ് ചെയ്തു. പിന്നാലെ രജനീകാന്ത്, അജയ് ദേവ്ഗൺ, പ്രഭാസ്, രാംചരൺ, മഹേഷ് ബാബു, ക്രിക്കറ്റർമാരായ വിരാട് കോഹ്ലി, സുരേഷ് റെയ്‌ന, സഹീർ ഖാൻ തുടങ്ങിയവരുടെയും ഹെയർസ്റ്റൈലിങ് അദ്ദേഹത്തിലെത്തി. ഒരു ലക്ഷം രൂപയാണ് ഇന്ന് ആലിമിന്റെ മിനിമം പ്രതിഫലം. അച്ഛന്റെ പാരമ്പര്യം പിന്തുടരുകയെന്ന അർത്ഥത്തിൽ അദ്ദേഹത്തിന്റെ പേരുകൂടി ചേർത്താണ് തന്റെ ബ്രാൻഡ് തുടങ്ങിയത്, ഹക്കീംസ് ആലിം സലൂൺ.

'അനിമലി'ൽ റൺബീർ കപൂറിന്റെ ലുക്ക്, 'ജെയിലറി'ലെ രജനീകാന്തിന്റെ ഹെയർസ്റ്റൈൽ എന്നിവയ്‌ക്കെല്ലാം പിന്നിലുള്ള കൈകൾ ആലിമിന്റേതാണ്. ഷാരൂഖ് ഖാന്റെ കിങ്, റൺബീർ കപൂറിന്റെ ലവ് ആന്റ് വാർ എന്നിവയിലും ആലിം പ്രവർത്തിക്കുന്നുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi