രണ്ടുതവണ മികച്ച നടനുള്ള ദേശീയപുരസ്‌കാരം നേടുകയും 500-ലേറെ സിനിമകളിൽ അഭിനയിക്കുകയും ചെയ്ത നടനാണ് അനുപം ഖേർ. തന്റെ കരിയറിൽ അദ്ദേഹം ചെയ്യാത്ത വേഷങ്ങളില്ല. ഏത് ജോണറും അഭിനയിച്ച് വിജയിപ്പിക്കാൻ പറ്റുമെന്നതാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം. അതിനൊപ്പം സിനിമകൾ നിർമിക്കുകയും ചെയ്തു. ഇതുവരെ രണ്ട് സിനിമകൾക്കായി സംവിധായകന്റെ കുപ്പായവുമണിഞ്ഞു അനുപം.

To advertise here,

കഷ്ടപ്പാടുകളിൽനിന്ന് സിനിമയിലേക്കെത്തിയ കഥയാണ് അനുപമിന്റേത്. നാടകനടനായിരുന്നു ആദ്യം. സിനിമയെന്ന മോഹവുമായി പിന്നീട് മുംബൈയിലേക്ക് വന്നു. കൈയിൽ പണമില്ല, താമസിക്കാനൊരിടവുമില്ല. അക്കാലത്ത് പലപ്പോഴും റെയിൽവേ സ്റ്റേഷനുകളിലാണ് കിടന്നുറങ്ങിയത്. സിനിമയിലേക്ക് വന്നതോടെ അനുപമിന്റെ നല്ല കാലം തുടങ്ങി. അതിനുശേഷവും പരീക്ഷണങ്ങൾ നടത്താൻ അദ്ദേഹം മടിച്ചില്ല. അങ്ങനെയൊരു ശ്രമം അദ്ദേഹത്തെ സാമ്പത്തികമായി തകർത്തു. അക്കാര്യത്തെക്കുറിച്ച് അനുപം ഖേർ തുറന്നുപറയുന്നു. സ്വന്തമായി നിർമാണക്കമ്പനി തുടങ്ങി. സീരിയലുകൾ നിർമിക്കാനായിരുന്നു ആദ്യത്തെ പ്ലാൻ.

''2000-ത്തിന്റെ തുടക്കത്തിലാണ്. സീരിയൽരംഗത്തും എന്റെ പേര് പതിപ്പിക്കണമെന്ന ആഗ്രഹമായിരുന്നു. പക്ഷേ അത് പ്രതീക്ഷിച്ചതുപോലെ വിജയിച്ചില്ല. നിർമാണത്തിനാവശ്യമായ പണം തികയാതെ വന്നപ്പോൾ, പ്രൊജക്ടുകൾ പലതും പാതിവഴിയിലായി. അത് തീർക്കാനായി കടമെടുത്തു, ലോണുകളെടുത്തു. 2004 ആയപ്പോഴേക്കും സാമ്പത്തിക സ്ഥിതി വളരെ മോശമായി. ബാങ്ക് ബാലൻസ് വെറും 400 രൂപയായി കുറഞ്ഞു. സാമ്പത്തികപ്രശ്‌നങ്ങൾ മറികടക്കാൻ വായ്പയെടുത്തത് സ്ഥിതി വഷളാക്കി. വീടും ഓഫീസുമെല്ലാം പണയപ്പെടുത്തി. അതെല്ലാം നഷ്ടപ്പെടുന്ന അവസ്ഥയായി. കൂടാതെ മാസം തോറും വമ്പൻ തുക പലിശയായി കൊടുക്കണം''.

എന്നാൽ, അതിലൊന്നും തളരാതെ സിനിമകളിൽ അഭിനയിച്ച് അദ്ദേഹം തന്റെ കടങ്ങളോരോന്നായി വീട്ടി. ഇന്ന് ഒരുസിനിമയ്ക്ക് രണ്ടുകോടി വരെയാണ് അനുപമിന് പ്രതിഫലമായി ലഭിക്കുന്നത്. 500 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തിയായി കണക്കാക്കപ്പെടുന്നത്.

തൻവി ദ ഗ്രേറ്റ്, കലോറി തുടങ്ങിയവയാണ് അനുപമിന്റേതായി അവസാനമിറങ്ങിയ ചിത്രം. 'തൻവി ദ ഗ്രേറ്റ്' സംവിധാനം ചെയ്തതും നിർമിച്ചതും അദ്ദേഹം തന്നെ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi