1959-ലാണ് അമേരിക്കന്‍ പൊയ്ക്കാലുകളിൽ കെട്ടിയുയര്‍ത്തിയ ബാറ്റിസ്റ്റ ഭരണകൂടത്തെ അട്ടിമറിച്ച് കാസ്‌ട്രോയുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ ക്യൂബയുടെ ഭരണചക്രം കയ്യടക്കുന്നത്. അവിടുന്നങ്ങോട്ട് കാസ്‌ട്രോയായിരുന്നു ക്യൂബയുടെ ഭരണാധികാരി. വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ കൊണ്ട് അദ്ദേഹം സഹോദരന്‍ റൗള്‍ കാസ്‌ട്രോയ്ക്ക് അധികാരം കൈമാറുന്നത് വരെ. ലോകമെങ്ങും കമ്മ്യൂണിസ്‌റ്  മുന്നേറ്റങ്ങള്‍ക്കും വിപ്ലവങ്ങള്‍ക്കും കാസ്‌ട്രോ പകര്‍ന്ന ഊര്‍ജം വലുതാണ്. പക്ഷേ, കാസ്‌ട്രോയുടെ ഭരണകാലം ക്യൂബയുടെ കെട്ട കാലമാണെന്നാണ് അലീന ഫെര്‍ണാണ്ടസ് എന്ന ക്യൂബന്‍ ആക്ടിവിസ്റ്റ് പറയുന്നത്. ഫിദല്‍ കാസ്‌ട്രോയുടെ മകളാണ് അലീന. 

അലീനയുടെ അമ്മ നതാലിയ കാസ്‌ട്രോയുടെ കാമുകിയായിരുന്നു. വിവാഹിതനായി, വിപ്ലവത്തിന്റെ മുന്നൊരുക്കങ്ങളില്‍ മുഴുകവേയാണ് കാസ്‌ട്രൊയും നതാലിയയും അടുക്കുന്നത്. കാസ്‌ട്രോയുടെ ഗൊറില്ല പോരാട്ടങ്ങളില്‍ നതാലിയ സജീവ പങ്കാളിയായി. ജയിലില്‍ ഇരുന്നുകൊണ്ട് കാസ്‌ട്രോ ഭാര്യക്കും നതാലിയക്കും കത്തുകളെഴുതി. കത്തുകള്‍ വിതരണവും ചെയ്ത ജയില്‍ അധികാരിക്ക് പറ്റിയ ചെറിയ പിഴവ്. കാസ്‌ട്രോയുടെ രഹസ്യബന്ധം ഭാര്യയറിഞ്ഞു. അതോടെ ആ ബന്ധം അവസാനിച്ചു.

placeholder
അലീന ഫെർണാണ്ടസ് /Getty Images

കുട്ടിക്കാലത്ത് അച്ഛനെ കണ്ടതിന്റെ ഒരുപാട് ഓര്‍മകളൊന്നും അലീനക്കില്ല. രാത്രി മാത്രം വരുന്ന വിരുന്നുകാരനായിരുന്നു അവള്‍ക്ക് കാസ്‌ട്രോ. പാവകളെ സമ്മാനിക്കുകയും അവള്‍ക്കൊപ്പം കളിക്കുകയും ചെയ്തിരുന്ന അച്ഛന്‍. വളര്‍ന്നപ്പോഴാണ് ഫിദല്‍ കാസ്‌ട്രോ എന്ന ഭരണാധികാരിയെ അവള്‍ വേറിട്ട് അറിയുന്നത്. കടുത്ത സാമ്പത്തിക വരള്‍ച്ചയിലായിരുന്നു ക്യൂബ. അവശ്യസാധനങ്ങള്‍ക്ക് പോലും ക്ഷാമം. കടകള്‍ പലതും അടഞ്ഞു. ജീവിക്കാനാകാതെ നിരവധി മനുഷ്യര്‍ ക്യൂബയില്‍ നിന്ന് പലായനം ചെയ്തു. കടുത്ത ശിക്ഷകളാണ് കാസ്‌ട്രോ ഭരണകൂടം നടപ്പിലാക്കിയിരുന്നത്. വധശിക്ഷകള്‍ സംപ്രേഷണം ചെയ്യപ്പെടുമായിരുന്നു.      

അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന് ബദലായി ഒരുപറ്റം ചെറുപ്പക്കാര്‍ ഉയര്‍ന്നുവന്നു. ആ നിരയിലാണ് അലീന പൊതുജീവിതം ആരംഭിച്ചത്. 1989 മുതല്‍ അവള്‍ കാസ്ട്രോയ്ക്ക് എതിരെ പരസ്യമായി നിലപാടെടുത്തു. കാസ്‌ട്രോയുടെ കോപം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് അലീന പറയുന്നത്. അലീനയ്ക്ക് നില്‍ക്കക്കള്ളിയില്ലാതായി. 1993-ല്‍ വ്യാജ സ്പാനിഷ് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിഗ്ഗും കണ്ണടയും കൊണ്ട് രൂപമാറ്റം വരുത്തി അലീന എന്നേക്കുമായി ക്യൂബ വിട്ടു. കാസ്‌ട്രോ എന്നും കൊമ്പുകോര്‍ത്ത അമേരിക്കയെന്ന കുത്തകമുതലാളിത്ത രാജ്യമാണ് മകള്‍ക്ക് അഭയമായത്. 'സിംപ്ലി അലീന' എന്ന അവരുടെ റേഡിയോ ഷോ ക്യൂബന്‍ അഭയാര്‍ഥികള്‍ക്കിടയില്‍ ഹിറ്റായി മാറുകയും ചെയ്തു.

placeholder
ഫിദൽ കാസ്ട്രോ/Getty Images

1998-ല്‍ 'കാസ്ട്രോസ് ഡോട്ടര്‍; ആന്‍ എക്‌സൈല്‍സ് മെമ്മറി ഓഫ് ക്യൂബ' എന്ന ഓര്‍മപുസ്തകം അവര്‍ പുറത്തിറക്കി. നിരവധി അഭിമുഖങ്ങളിലും കാസ്‌ട്രോയെപ്പറ്റിയും കാസ്‌ട്രോയുടെ ഭരണത്തെപ്പറ്റിയും അവര്‍ പറഞ്ഞിട്ടുണ്ട്. ''ക്യൂബയ്ക്ക് സംഭവിച്ച ദുരന്തമാണ് ഫിദല്‍. മറ്റാരേക്കാളും നന്നായി ഞാനത് അനുഭവിച്ചു. ചോദ്യം ചെയ്യുന്നവരൊക്കെ ശത്രുക്കളും വഞ്ചകരുമാകും. കാസ്‌ട്രോ കുടുംബത്തിനുള്ളില്‍ നിന്നുകൊണ്ട് അത് ചെയ്താല്‍ പ്രത്യാഘാതം കൂടുതല്‍ ഭീകരമാകും.'' അച്ഛനെ കാണണമെന്നില്ലേ എന്ന ചോദ്യത്തിന് ഇനിയൊരു കണ്ടുമുട്ടലിന് രണ്ടുപേര്‍ക്കും താത്പര്യമില്ലെന്നാണ് അവര്‍ പറഞ്ഞത്. ''അദ്ദേഹം ചെയ്ത 90 ശതമാനം കാര്യങ്ങളോടും എനിക്ക് വിയോജിപ്പാണ്. അങ്ങനെയുള്ള ഒരാളെ എന്തിന് കാണണം?''  

കുടുംബത്തില്‍ തനിക്കേറ്റവും അടുപ്പം കാസ്‌ട്രോയുടെ പിന്മുറക്കാരനായ റൗള്‍ കാസ്‌ട്രോയോടാണെന്നും അലീന വ്യക്തമാക്കി. ''അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. പ്രായോഗികമായി ചിന്തിക്കുന്ന രാഷ്ട്രീയക്കാരനാണ് അദ്ദേഹം.'' ചെറിയ മാറ്റങ്ങള്‍ റൗള്‍ കൊണ്ടുവന്നെങ്കിലും ക്യൂബയുടെ സാമ്പത്തിക പ്രതിസന്ധി മാറ്റാന്‍ അവയൊന്നും പര്യാപ്തമല്ലെന്നായിരുന്നു അലീനയുടെ പക്ഷം.

അലീന ഇന്നും അമേരിക്കയിലാണ് താമസിക്കുന്നത്. ഫിദലിനും റൗളിനും ശേഷം ക്യൂബയിലിപ്പോള്‍ മിഗെല്‍ കാനെലിന്റെ ഭരണമാണ്. സാമ്പത്തികമായി ക്യൂബയ്ക്ക് ഇപ്പോഴും വലിയ മുന്നേറ്റമൊന്നും അവകാശപ്പെടാനില്ല.