ഭാവതീവ്രമായ അഭിനയത്തിനും സൗന്ദര്യത്തിനും പേരുകേട്ട ബോളിവുഡ് നടിയായിരുന്നു ഫറ നാസ്, നടി തബുവിന്റെ മൂത്ത സഹോദരി. 80-കളിലും 90-കളിലും ഹിന്ദി സിനിമയിൽ നിറഞ്ഞുനിന്ന താരം. കുറച്ചുകാലം മാത്രമുണ്ടായിരുന്ന ഫറയുടെ സിനിമാജീവിതം ഉയർച്ചകളും താഴ്ചകളും വൈകാരിക പോരാട്ടങ്ങളും വിവാദങ്ങളും നിറഞ്ഞതായിരുന്നു. ലവ് 86, നസീബ് അപ്നാ അപ്നാ, ഈമാൻദാർ, മർത്തേ ദം തക്, വോ ഫിർ ആയേഗി, യതീം, തുടങ്ങിയവയാണ് പ്രധാനചിത്രങ്ങൾ.
ഒരിക്കൽ താൻ കൈത്തണ്ട മുറിച്ചിരുന്നുവെന്ന് 1988-ൽ ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ ഫറ തുറന്നുപറഞ്ഞിരുന്നു. കുടുംബവുമായുള്ള രൂക്ഷമായ വഴക്കുകൾക്കിടെയായിരുന്നു അത്. വൈകാരികമായ പ്രകോപനങ്ങളെ നേരിടാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത്. ആത്മഹത്യ ചെയ്യാൻ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല, വേദന പ്രകടിപ്പിക്കാനുള്ള ഒരു മാർഗ്ഗമായിരുന്നു അത്. മനസ്സിനെ താത്കാലികമായി വഴിതിരിച്ചുവിടണമായിരുന്നു, കുടുംബത്തിൽ നിന്നുള്ള മോശം വാക്കുകൾ തന്നെ എത്രത്തോളം വേദനിപ്പിക്കുന്നു എന്ന് അവരെ മനസ്സിലാക്കിപ്പിക്കുകയും വേണമായിരുന്നു- അന്ന് ഫറ വിശദീകരിച്ചു.
1989-ൽ ഉണ്ടായ രണ്ട് സംഭവങ്ങൾ ഫറയുടെ കരിയറിന് കനത്ത പ്രഹരമേൽപ്പിച്ചു. ‘കസം വർദി കി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ, സഹതാരം ചങ്കി പാണ്ഡെയെ അടിച്ചതായിരുന്നു ഒന്ന്. ചങ്കി പാണ്ഡെ പറഞ്ഞ ഒരു തമാശ ഇഷ്ടപ്പെടാതെ വന്നതോടെ ഫറ അദ്ദേഹത്തെ അടിക്കുകയായിരുന്നു. അനന്യ പാണ്ഡയുടെ അച്ഛൻ ചങ്കി പാണ്ഡെ ബോളിവുഡിലെ പേരെടുത്ത നടനായിരുന്നു അന്ന്.
അതേ വർഷം, ഫറയും അനിൽ കപൂറും അഭിനയിച്ച ‘രക്ഷ്വാല’ എന്ന സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. ഫറയ്ക്കു പകരം ചിത്രത്തിൽ മാധുരി ദീക്ഷിത് ആയിരുന്നു നായികയെങ്കിൽ ഹിറ്റാകുമായിരുന്നെന്ന് അനിൽ കപൂർ അഭിപ്രായപ്പെട്ടതായി പറയപ്പെടുന്നു. ഇത് ഫറയെ ചൊടിപ്പിച്ചു. അവർ അനിൽ കപൂറിനെ ഭീഷണിപ്പെടുത്തി. ഈ രണ്ടു വിവാദങ്ങളും ഫറയുടെ പ്രതിച്ഛായയെ ദോഷകരമായി ബാധിച്ചു. പിന്നീടങ്ങോട്ട് അവസരങ്ങൾ കുറഞ്ഞു.
1996-ൽ ഗുസ്തി ഇതിഹാസം ദാരാ സിങ്ങിന്റെ മകൻ വിന്ദു ദാരാ സിങ്ങിനെ ഫറ വിവാഹം ചെയ്തു. 1997-ൽ മകൻ ജനിച്ചു. എന്നാൽ, ആറുവർഷത്തിനുശേഷം ദമ്പതിമാർ പിരിഞ്ഞു. വിവാഹമോചനം നേടിയ അതേ വർഷം തന്നെ, നടൻ സുമീത് സൈഗാളിനെ ഫറ വിവാഹം കഴിച്ചു. സുമീതിൻ്റെയും രണ്ടാം വിവാഹമായിരുന്നു അത്. സുമീതിന് ആദ്യഭാര്യ ഷഹീൻ ബാനുവിൽ പിറന്ന മകളാണ് നടി സയേഷ.
ഹിന്ദി സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൽ ഫറ നൽകിയ സംഭാവന വളരെ വലുതാണ്. ഇന്ന് സിനിമകളിൽ നിന്നെല്ലാം മാറി ശാന്തമായ ജീവിതം നയിക്കുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ :https://mbi.page.link/grihalakshmi
Published: 19 Jun 2025, 03:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented