'ഫുട്പാത്ത്' എന്ന സിനിമയിലൂടെയാണ് ഇമ്രാൻ ഹാഷ്മി സിനിമയിലേക്ക് കടന്നുവരുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും, സിനിമ വിജയിച്ചില്ല. അനുരാഗ് ബസുവിന്റെ 'മർഡർ' (2004) എന്ന സിനിമയാണ് ഇമ്രാന്റെ കരിയറിൽ ബ്രേക്കാവുന്നത്. ചുംബനരംഗങ്ങളും ഇന്റിമേറ്റ് സീനുകളും വളരെ കൂടുതലായിരുന്നു സിനിമയിൽ. 20-ഓളം ചുംബനരംഗങ്ങൾ. എ-സർട്ടിഫിക്കറ്റ് ലഭിച്ച സിനിമ ബോക്‌സോഫീസിലും ഹിറ്റായി. അതോടെയാണ് ഇമ്രാൻ ഹാഷ്മി എന്ന നടൻ ശ്രദ്ധിക്കപ്പെടുന്നതും. 

To advertise here,

അതിനുശേഷം വന്ന ഓരോ സിനിമയിലും ഒരു ചുംബനരംഗമെങ്കിലുമുണ്ടായിരുന്നു, ഇമ്രാന്റേതായിട്ട്. വൈകാതെ സീരിയൽ കിസ്സർ എന്ന പേര് വന്നു അദ്ദേഹത്തിന്. എല്ലാ നടിമാരെയും ചുംബിക്കുന്ന താരം, ചുംബനത്തിനായി നിർബന്ധിക്കപ്പെടുന്നു...അങ്ങനെ പലതും അന്ന് പറഞ്ഞുകേട്ടു. ഇമ്രാന്റെ പിന്നീടിറങ്ങിയ സിനിമകളെല്ലാം ആ പേര് ഊട്ടിയുറപ്പിച്ചു. സെഹർ, തുംസാ നഹീ ദേഖാ, ആഷിഖ് ബനായാ ആപ്‌നെ, അക്‌സർ, മർഡർ 2, മർഡർ 3, ഗ്യാങ്സ്റ്റർ: എ ലവ് സ്റ്റോറി, ക്രൂക്ക്...ലിസ്റ്റ് നീളും. 

അതോടെ, അത്തരം സിനിമകളിൽനിന്ന് ഒഴിയാൻ തുടങ്ങി ഇമ്രാൻ. ഭാര്യയാണ് തന്റെ ആ തീരുമാനത്തിനുപിന്നിലെന്നും അദ്ദേഹം ഒരിക്കൽ പറഞ്ഞു. 2018-ൽ ഇമ്രാൻ ഒരു തീരുമാനമെടുത്തു, സീരിയൽ കിസ്സർ എന്ന പേരുമാറ്റണം. അതിനായുള്ള ശ്രമമായി പിന്നീട്. ''ചുംബനരംഗങ്ങളിൽ അഭിനയിച്ചു മടുത്തു. ആർക്കുമെന്റെ വിഷമം മനസ്സിലാവില്ല. 17 വർഷമായി. ഓരോ സിനിമയിലും 20 ചുംബനങ്ങൾ'', 2019-ൽ ഒരഭിമുഖത്തിൽ ഇമ്രാൻ പറഞ്ഞതിങ്ങനെ. 

''സീരിയൽ കിസ്സർ എന്ന ലേബൽ എന്നെ സഹായിച്ചില്ലെന്നല്ല. എനിക്ക് സിനിമകൾ കിട്ടാൻ ആ ടാഗ് ഒരുപാട് ഉപകാരപ്പെട്ടു. 2009 മുതൽ ഏഴെട്ട് വർഷത്തോളം എന്റെ ആ ഇമേജ് തന്നെയാണ് നിർമാതാക്കൾ വിൽക്കാൻ ശ്രമിച്ചത്. ഞാൻ സ്വയം മാർക്കറ്റ് ചെയ്യാൻ ശ്രമിച്ചതും ആ പേരിൽ തന്നെ. ഒരു ലേബൽ വീണുകഴിഞ്ഞാൽ പിന്നെ അത് വിട്ടുപോവാൻ ബുദ്ധിമുട്ടാണ്. എല്ലാ താരങ്ങളുടെയും കാര്യം ഇങ്ങനെ തന്നെയാണ്''. അതോടെയാണ് കാരക്ടർ റോളുകളും മറ്റും അദ്ദേഹത്തെ തേടിവന്നു തുടങ്ങിയത്. ടൈഗർ 3, സെൽഫി എന്നിവയാണ് ഇമ്രാന്റെ അവസാനമായി ഇറങ്ങിയ സിനിമകൾ. 

മല്ലികയുമായി കൊമ്പുകോർക്കൽ
'മർഡർ' വിജയിച്ചെങ്കിലും, ആ സിനിമയോടെ മല്ലികയും ഇമ്രാനും തമ്മിലുള്ള ബന്ധം വളരെ മോശമായി. എന്താണ് കാരണമെന്ന് ആർക്കുമറിയില്ല. ഷൂട്ടിങ്ങിനിടയിൽ തന്നെ ഇരുവരും തമ്മിൽ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. സിനിമ കഴിഞ്ഞതോടെ അത് വഷളായി. സഹതാരങ്ങൾ എന്നതെല്ലാം മറന്ന് ഇരുവരും പരസ്പരം മിണ്ടാതായി. എന്നാൽ, അത് പൊട്ടിത്തെറിയിലേക്ക് എത്തിയത് 'കോഫി വിത്ത് കരൺ' എന്ന ചാറ്റ് ഷോയിലൂടെയാണ്. അതിൽ അതിഥിയായെത്തിയത് ഇമ്രാൻ ഹാഷ്മിയാണ്.

അന്ന് കരൺ ജോഹറിന്റെ ചോദ്യത്തിനുത്തരമായി ഇമ്രാൻ പറഞ്ഞു, ''മർഡറിൽ മല്ലികയുമായുള്ള ചുംബനരംഗമാണ് ഓൺ സ്‌ക്രീനിലെ എന്റെ ഏറ്റവും മോശം ചുംബനം.'' മല്ലികയുടെ മുറിയിൽ കാണാൻ പറ്റുന്ന ഒരു വസ്തു ഏതെന്ന് ചോദിച്ചപ്പോൾ, ''ഹോളിവുഡിൽ വിജയിക്കാനുള്ള ഒരു വിഡ്ഢിയുടെ കൈപ്പുസ്തകം'' എന്നും ഉത്തരം പറഞ്ഞു. ഹോളിവുഡിൽ അഭിനയിക്കണമെന്ന മല്ലികയുടെ സ്വപ്നങ്ങളെ പരോക്ഷമായി പരിഹസിക്കുകയായിരുന്നു ഇമ്രാൻ. 

ഇതിനെതിരെ മല്ലികയും തിരിച്ചടിച്ചു. 'ഹിസ്....' എന്ന സിനിമയിലെ പാമ്പുമായാണ് ഇമ്രാനെ അവർ താരതമ്യം ചെയ്തത്. ഇമ്രാനെക്കാളും എത്രയോ നന്നായി ചുംബിക്കാൻ കഴിയുന്നത് ആ പാമ്പിനായിരിക്കുമെന്നും അവർ കളിയാക്കി.   

പിന്നീട് 2021-ൽ മന്ദിര ബേദിയുടെ 'ദ ലവ് ലാഫ് ലൈവ് ഷോ'യിൽ സഹതാരങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് മല്ലികയോട് ചോദിച്ചു. അതിന് അവർ മറുപടി പറഞ്ഞതിങ്ങനെ, ''ഏറ്റവും കൂടുതൽ വിയോജിപ്പ് ഉണ്ടായിട്ടുള്ളത് ഇമ്രാൻ ഹാഷ്മിയുമായിട്ടാണ്. ഷൂട്ടിങ്ങിനിടയിലും അത്ര നല്ല ബന്ധമൊന്നുമായിരുന്നില്ല. സിനിമയുടെ പ്രൊമോഷനിടയിലോ മറ്റോ പ്രശ്നങ്ങൾ വലുതായി. പക്ഷേ, അതെല്ലാം വളരെ ബാലിശമായിരുന്നു. അതിനുശേഷം ഞങ്ങൾ തമ്മിൽ യാതൊരു കോണ്ടാക്ടുമുണ്ടായിരുന്നില്ല. അതിലെനിക്ക് വിഷമമുണ്ട്''. 2024-ൽ ഒരു പരിപാടിക്കിടെ അവർ വീണ്ടും കണ്ടുമുട്ടി. പരസ്പരം പ്രശ്‌നങ്ങളെല്ലാം പറഞ്ഞുതീർക്കുകയും ചെയ്തു.