
'2005 -ല്‍ എനിക്കൊരു വാഹനാപകടം പറ്റി. ഒരു ടിപ്പര്‍ ലോറി കാറിലിടിച്ച് പുരികത്തിനും കാലിനും പരിക്കേറ്റു. അന്ന് എന്നെ നോക്കിയ ജൂനിയര്‍ ഡോക്ടര്‍ കാലിന്റെ പരിക്ക് ശ്രദ്ധിക്കാതെ പുരികം വടിച്ച് അവിടുത്തെ മുറിവുമാത്രം തുന്നിക്കെട്ടി. അന്നതായിരുന്നു അവസ്ഥ. പക്ഷേ, ഇന്ന് എമര്‍ജന്‍സി മെഡിസിന്‍ എന്ന വൈദ്യശാസ്ത്രശാഖ ഏറെ വളര്‍ന്നുകഴിഞ്ഞു. ഒരു അത്യാഹിതം സംഭവിച്ച് ആശുപത്രിയിലെത്തിയാല്‍ ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ ഇപ്പോള്‍ ഉണ്ടാകാറില്ല. ശ്വാസമെടുക്കുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ, എവിടെയെങ്കിലും രക്തസ്രാവമുണ്ടോ എന്നൊക്കെ സൂക്ഷ്മമായി പരിശോധിക്കും...''- പറയുന്നത് ഡോ. പി.പി. വേണുഗോപാലനാണ്. കേരളത്തില്‍ എമര്‍ജന്‍സി മെഡിസിന്‍ സംവിധാനത്തിന് തുടക്കം കുറിക്കുകയും, അതിനെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുകയും ചെയ്ത വ്യക്തി. കോഴിക്കോട് മിംസ് ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം മേധാവിയും എഴുത്തുകാരനുമാണ്. അത്യാഹിതങ്ങളില്‍ പിടയുന്ന മനുഷ്യര്‍ക്ക് ആശ്വാസം പകര്‍ന്നുനല്‍കിയ അനുഭവങ്ങള്‍ അദ്ദേഹം ഗൃഹലക്ഷ്മിയുമായി പങ്കുവെക്കുന്നു.
ജീവന്‍ പ്രധാനം
എമര്‍ജന്‍സി മെഡിസിന്‍ എന്നത് റോഡപകടത്തില്‍പെട്ട ആളുകള്‍ക്കുവേണ്ടി മാത്രമുള്ളതാണെന്ന തെറ്റിദ്ധാരണ വേണ്ട. ഒരു ആശുപത്രിയുടെ പൂമുഖമായി നമുക്കിതിനെ കണക്കാക്കാം. എല്ലാ അസുഖങ്ങള്‍ക്കുമുള്ള ആദ്യ ചികിത്സ ഇവിടെനിന്ന് ലഭിക്കും. ജീവന്‍ രക്ഷിക്കുക, വൈകല്യ സാധ്യതകള്‍ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക തുടങ്ങിയവയൊക്കെ അത്യാഹിത വിഭാഗത്തിന്റെ ചുമതലകളാണ്. വൈദ്യശാസ്ത്രത്തിന്റെ എല്ലാ മേഖലയെപ്പറ്റിയും അവബോധമുള്ള പ്രഗത്ഭരായ ഡോക്ടര്‍ന്മാര്‍ കൈകാര്യം ചെയ്യേണ്ട ഒരിടമാണിത്. പക്ഷേ, പല ആശുപത്രികളിലും വളരെ ജൂനിയറായിട്ടുള്ള ഡോക്ടര്‍മാരാണ് ഈ വിഭാഗം കൈകാര്യം ചെയ്യുന്നത്. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഏത് സമയത്തും സന്നദ്ധരായിരിക്കണം. രോഗിയെ എത്തിക്കുന്ന ആംബുലന്‍സ് സര്‍വ്വീസിന്റെ പ്രവര്‍ത്തനം പോലും ജീവന്‍ നിലനിര്‍ത്തുന്നതില്‍ പ്രധാനമാണ്. ഒരാള്‍ക്ക് ഏതു സമയത്തും അപകടം ഉണ്ടാകാം. അപകടം കണ്ടു നില്‍ക്കുന്ന ആള്‍ക്ക് ചില സാഹചര്യങ്ങളില്‍ ഫലപ്രദമായ പ്രാഥമികശുശ്രൂഷ നല്‍കാനാവും. കൃത്യമായ പ്രാഥമികശുശ്രൂഷ കിട്ടിയശേഷം ആശുപത്രിയിലെത്തുന്നവര്‍ രക്ഷപ്പെടാനുള്ള സാധ്യതയേറെയാണ്. എവിടെ വെച്ചാണോ അപകടം സംഭവിക്കുന്നത് അവിടെ വെച്ചു തന്നെ ചികിത്സ ലഭിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ മാറണം. എന്നാല്‍ മാത്രമേ അടിയന്തര വൈദ്യസഹായം ഫലപ്രദമാവുകയുള്ളൂ.
ജോണ്‍ എബ്രഹാമിന്റെ മരണം
''ഒരു ദിവസം രാത്രി പ്രത്യക്ഷത്തില്‍ ഭിക്ഷക്കാരനെന്നു തോന്നിക്കുന്ന ഒരാളെ ഹോസ്പിറ്റലിലേക്ക് കൊണ്ടു വന്നു. ഒരു ബില്‍ഡിങ്ങിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയതാണ്. പരസ്പരവിരുദ്ധമായി കാര്യങ്ങള്‍ ചെയ്യുന്ന അയാള്‍ മദ്യലഹരിയിലാണെന്ന് എല്ലാവരും കരുതി... പുലര്‍ച്ചെ അദ്ദേഹം ലോകത്തോട് വിടപറയുകയും ചെയ്തു.... മരിച്ചയാള്‍ ഭിക്ഷക്കാരനല്ല, ഒരുപാട് അംഗീകാരം ലഭിച്ച സംവിധായകന്‍ 'ജോണ്‍ എബ്രഹാ'മാണെന്ന് മനസ്സിലാകുന്നത് പിന്നീടാണ്. ഇടുപ്പെല്ല് പൊട്ടിയാല്‍ ശരീരത്തില്‍ വലിയ തോതില്‍ രക്തസ്രാവമുണ്ടാകും. പക്ഷേ, പരിക്കേല്‍ക്കുന്ന ആള്‍ അത് അറിയണമെന്നില്ല. അദ്ദേഹത്തിന്റെ കാര്യത്തില്‍ അതാണുണ്ടായത്. ആന്തരിക രക്തസ്രാവം മൂലമായിരുന്നു മരണം. അത് മനസ്സിലാക്കുന്നതിലുള്ള പിഴവു മൂലം അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു.''
ആ പ്രിയനടനെ നേരത്തെ എത്തിച്ചിരുന്നുവെങ്കില്‍
''മലയാളികളുടെ പ്രിയനടന്‍ 'ജഗതി ശ്രീകുമാറി'ന് അപകടം പറ്റി ആദ്യം എത്തിക്കുന്നത് മിംസിലാണ്. 2012-ലെ ഒരു വെളുപ്പാന്‍കാലത്ത് ടി.എ. റസാഖാണ് അമ്പിളിച്ചേട്ടന് അപകടം പറ്റിയെന്ന് എന്നെ അറിയിക്കുന്നത്. ഒരു നിമിത്തംപോലെ അദ്ദേഹം ഞങ്ങളുടെ കൈയിലേക്കെത്തി. വയറിനുള്ളില്‍ ബ്ലീഡിങ്, കാലിനും വാരിയെല്ലിനും പരിക്ക്. കര്‍ണനാഡിക്ക് സംഭവിച്ച പരിക്ക് സ്‌ട്രോക്കിന് കാരണമായി. ശരീരത്തിന്റെ പല ഭാഗങ്ങളിലും രക്തംവാര്‍ന്നു പോകുന്നുന്നുണ്ട്. നൂല്‍പാലത്തില്‍ക്കൂടി പോകുന്ന അവസ്ഥ. ഇന്ന് എമര്‍ജന്‍സി മെഡിസിന്‍ ഒരുപാട് പുരോഗമിച്ചു. അന്നത്തെ അവസ്ഥ ഇന്ന് ഒരാള്‍ക്കുണ്ടായാല്‍ ആ പ്രതിസന്ധി മറികടക്കാന്‍ പോന്ന സാങ്കേതിക ഉപകരണങ്ങള്‍ ലഭ്യമാണ്. ഈ മാറ്റത്തിന്റെ പ്രയോജനം ലഭിച്ച ഒരാളാണ് ബി.ജെ.പി. നേതാവ് ശങ്കു ടി. ദാസ്. അടുത്തിടെ ഉണ്ടായ അപകടത്തില്‍ അദ്ദേഹത്തിന് വൃക്കയില്‍ രക്തസ്രാവമുണ്ടായി. ശസ്ത്രക്രിയ ചെയ്യാതെ തന്നെ ആ ഭാഗം പൂര്‍വ്വസ്ഥിതിയിലേക്ക് മാറ്റി. ഇപ്പോള്‍ അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് എത്തിച്ചേര്‍ന്നു. എന്നാല്‍ ജഗതിയുടെ കാര്യത്തില്‍ അങ്ങനെയായിരുന്നില്ല. രണ്ടോ മൂന്നോ മണിക്കൂര്‍ നേരത്തേക്ക് ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം നിലച്ചാല്‍ പിന്നെ അധികമൊന്നും ചെയ്യാനാകില്ല.
അതുപോലെ ഇപ്പോഴും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന മുഖമാണ് 'കോഴിക്കോട് ശാന്താ ദേവി'യുടേത്. നാഷണല്‍ അവാര്‍ഡ് ജേതാവ്. ആരും നോക്കാനില്ലാതെ രോഗാവസ്ഥയിലായിരുന്നു ആ പാവം. കളക്ടര്‍ പി.ബി. സലീമും ടി.എ. റസാഖും ഒക്കെ ഇടപെട്ട് എന്റെ അടുത്തെത്തിച്ചു. ചികിത്സിച്ച് ഒരുവിധം ഭേദമായപ്പോള്‍ വൃദ്ധസദനത്തിലാക്കി. ഒടുവില്‍ അവരുടെ ഉറ്റവര്‍ വന്ന് കൂട്ടിക്കൊണ്ടുപോയി. സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് അവര്‍ വിടവാങ്ങിയത്.''
എമര്‍ജന്‍സി മെഡിസിന്‍
അത്യാസന്ന നിലയില്‍ ഒരു രോഗി വരുമ്പോള്‍ ശാസ്ത്രീയമായി പരിശോധിച്ച്, ശരിയായ പ്രശ്‌നം കണ്ടെത്തി, അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയശേഷം അതാത് വിഭാഗത്തിലേക്ക് തിരിച്ചു വിടുന്ന ശാസ്ത്രശാഖയാണ് എമര്‍ജന്‍സി മെഡിസിന്‍. ഒരു എമര്‍ജന്‍സി ഡോക്ടര്‍ എല്ലാ വിഭാഗത്തെക്കുറിച്ചും അറിവുള്ള ആളായിരിക്കണം. ഏത് വിഭാഗത്തിലേക്കാണ് വിടേണ്ടതെന്ന കൃത്യമായ ധാരണയും എല്ലാ മേഖലയെപ്പറ്റിയുള്ള അറിവും വേണം. ഉദാഹരണത്തിന് 'ക്രെനിയോപ്ലാസ്റ്റി' എന്നത് ഡെഫനിറ്റീവ് ട്രീറ്റ്‌മെന്റിന്റെ ഭാഗമാണ്. തലച്ചോറിന് ബ്ലീഡിങ് ഉണ്ടാകുന്ന സമയത്ത് മര്‍ദ്ദം കുറയ്ക്കാനായി തലയോട്ടി വയറ്റിനുള്ളില്‍ സൂക്ഷിച്ചു വെയ്ക്കുന്ന ചികിത്സാരീതിയാണിത്. മര്‍ദ്ദം കുറഞ്ഞ് മുറിവുണങ്ങി പൂര്‍വ്വസ്ഥിതിയിലാകുന്ന സമയത്ത് തലയോട്ടി തിരികെ വെക്കുകയും ചെയ്യുന്നു. ഇത് ന്യൂറോസര്‍ജന്‍ കൈകാര്യം ചെയ്യേണ്ട മേഖലയാണ്. എന്നിരുന്നാലും ഇത് എവിടേക്കാണ് എങ്ങനെയാണ് എന്നിങ്ങനെ എല്ലാതരത്തിലുള്ള കാര്യങ്ങളും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡോക്ടര്‍മാര്‍ അറിഞ്ഞിരിക്കണം.

തുടക്കം അനസ്‌തേഷ്യോളജിസ്റ്റായി
''കരിയറിന്റെ തുടക്കകാലത്ത് ഞാന്‍ അനസ്‌തേഷ്യോളജിസ്റ്റായിരുന്നു. അവിടെനിന്ന് എമര്‍ജന്‍സി മെഡിസിനിലേക്കുള്ള ദൂരം വളരെ വലുതായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. ആളുകളെ മയക്കിക്കിടത്തുകയും എഴുന്നേല്‍പ്പിക്കുകയും ചെയ്യുന്ന ജോലിയില്‍ നിന്നും അടിയന്തര ശുശ്രൂഷ എന്ന ഹോട്ട് സീറ്റിന്റെ തലപ്പത്ത് എത്തിച്ചേര്‍ന്നത് സാധ്യത മനസ്സിലാക്കിത്തന്നെയാണ്. 24 മണിക്കൂറും കര്‍മനിരതരായിരിക്കണം. ഇന്ന് നിരവധി ആളുകള്‍ എമര്‍ജന്‍സി മെഡിസിന്‍ തെരഞ്ഞെടുക്കുന്നുണ്ട്. ഉയര്‍ന്ന ശമ്പളവും വളരെയധികം സാധ്യതകളുമുള്ള ഒരു ഫീല്‍ഡാണിത്.''
കരിപ്പൂര്‍ വിമാനപകടം
കോവിഡ്കാലത്ത് മുഴുവന്‍ സമയവും പി.പി.ഇ. കിറ്റിനുള്ളിലായിരുന്നു. കണ്ണില്‍ കണ്ണട അതിനുള്ളില്‍ ഗോഗിള്‍. പിന്നെ എന്‍95 മാസ്‌ക്ക്. രണ്ട് കൈയിലും ഗ്ലൗസ്, അങ്ങനെ... ഈ സമയത്തായിരുന്നല്ലോ കരിപ്പൂര്‍ വിമാനാപകടം. സാധാരണക്കാരുടെ ഇടപെടല്‍ അന്ന് വലിയ അനുഗ്രഹമായി. പൈലറ്റിനേയും കോപൈലറ്റിനേയും മരിച്ചനിലയിലാണ് എത്തിച്ചത്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു ശരീരം. അപകടം പറ്റിയ ആളിനെ അങ്ങനെ കൊണ്ടുവരാന്‍ പാടില്ല. ആംബുലന്‍സ് സര്‍വീസിന്റെ ഭാഗത്തുനിന്നുള്ള അപാകതയായി അതിനെ കണക്കാക്കാം.
കേസ്‌തെളിയിച്ച പോസ്റ്റ്‌മോര്‍ട്ടം
എമര്‍ജന്‍സി മെഡിസിന്‍ കൈകാര്യം ചെയ്യുമ്പോള്‍ ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വരും. അതില്‍ പ്രധാനം അസ്വഭാവികമരണങ്ങള്‍ തന്നെയാണ്. അത്തരം മരണങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടി വരും. ഇപ്പോഴും വൈകാരികവും മതപരവുമായ കാര്യങ്ങള്‍ പറഞ്ഞ് പോസ്റ്റ്മാര്‍ട്ടം ചെയ്യാന്‍ അനുവദിക്കാത്തവര്‍ നിരവധിയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വൈകാരികമാകാതിരിക്കുക എന്നാണ് എനിക്ക് പറയാനുള്ളത്. ''അടുത്തിടെ മലപ്പുറം ജില്ലയില്‍ നിന്ന് ഒരു സ്ത്രീയെ മരിച്ചനിലയില്‍ കൊണ്ടുവന്നു. അസ്വാഭാവിക മരണമായതുകൊണ്ടു തന്നെ പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന് പറഞ്ഞ വനിതാ ഡോക്ടറെ ബന്ധുക്കള്‍ അക്രമിക്കാന്‍ ശ്രമിച്ചു. അവര്‍ നിര്‍ബന്ധപൂര്‍വം ബോഡി കൊണ്ടുപോയി സംസ്‌കരിച്ചു. എന്തായാലും മൂന്നാം ദിവസം ബോഡി കുഴിച്ചെടുത്ത് പോസ്റ്റ്മാര്‍ട്ടം ചെയ്യേണ്ടി വന്നു. അവരുടെ ശരീരത്തില്‍ നിന്നും വിഷം കണ്ടെത്തുകയും അത് ദൂരുഹമരണമാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തു. കൂടത്തായി ജോളി കേസിലെ അഞ്ചുമരണങ്ങളില്‍ രണ്ട് ഇരകളുടെ ശരീരം മിംസിലേക്കാണ് കൊണ്ടുവന്നത്. ഒരു കുട്ടിയും മാത്യൂവും. കുട്ടിയെ അപസ്മാരത്തിന്റെ ലക്ഷണങ്ങളോടെയാണ് കൊണ്ടുവന്നത്. 'മാത്യൂവിനെ' മാത്രമാണ് പോസ്റ്റ്മാര്‍ട്ടം ചെയ്തത്. അതുകൊണ്ടു മാത്രമാണ് അന്ന് ആ കേസ് തെളിയിക്കാന്‍ കഴിഞ്ഞത്.''
മൂന്ന് നിറങ്ങള്‍
''എമര്‍ജന്‍സി മെഡിസിനെ പ്രധാനമായും മൂന്നായി തിരിക്കാം. റെഡ്, യെല്ലോ, ഗ്രീന്‍... എന്നിങ്ങനെ. അടിയന്തിരമായി ചികിത്സ കിട്ടിയില്ലെങ്കില്‍ മരിച്ചു പോകുന്ന ആളുകളെ റെഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. കുറച്ചുകൂടി സമയം കഴിഞ്ഞ് ചികിത്സ കിട്ടിയാല്‍ മതിയെങ്കില്‍ യെല്ലോയില്‍ ഉള്‍പ്പെടുത്തും. അധികസമയം കഴിഞ്ഞ് നോക്കിയാല്‍ മതി എന്നുള്ളവരെ ഗ്രീനിലും പരിഗണിക്കും. ചികിത്സിച്ച ആളുകള്‍ രക്ഷപ്പെട്ട് തിരിച്ചു പോകുമ്പോള്‍ വളരെയധികം സന്തോഷം തോന്നാറുണ്ട്. ഭൂരിഭാഗം രോഗികള്‍ക്കും അവര്‍ ഒടുവില്‍ കണ്ട ഡോക്ടര്‍മാരെ മാത്രമേ ഓര്‍മയുണ്ടാകുകയുള്ളൂ. അബോധാവസ്ഥയില്‍ ആയിരിക്കുമ്പോഴായിരിക്കും അവര്‍ നമ്മുടെ അടുത്തുണ്ടായിരിക്കുന്നത്. പിന്നെ അവരെങ്ങനെ ഓര്‍ക്കാനാണ്. കൃഷ്ണനെ കാണാന്‍ പോയ ദുര്യോധനന്റെ അവസ്ഥയാണ് ഉണ്ടാകുന്നത്. തലഭാഗത്തിരിക്കുന്ന ദുര്യോധനനെ കാണാതെ കാല്‍ ഭാഗത്തിരിക്കുന്ന അര്‍ജുനനെയാണ് കൃഷ്ണന്‍ കാണുന്നത്. ഓര്‍മയുള്ള രോഗികളില്‍ ചിലര്‍ സല്യൂട്ട് തന്ന് പോകാറുണ്ട്. സന്തോഷം തോന്നും അപ്പോള്‍.
അവയവദാനം തട്ടിപ്പല്ല
അവയവദാനത്തെക്കുറിച്ച് ആളുകള്‍ കുറേക്കൂടി ബോധവാന്മാരാണിന്ന്. മസ്തിഷ്‌ക മരണം സംഭവിച്ചവരിലാണ് അവയദാനം സാധ്യമാകുക. ജീവിതത്തിലേക്ക് തിരിച്ചുവരില്ല എന്ന അവസ്ഥയില്‍ വൃക്ക, കരള്‍, ശ്വാസകോശം, കണ്ണ്, അസ്ഥിമജ്ജ, മുതലായവ മറ്റൊരാള്‍ക്ക് നല്‍കാനാവും. ഒരാളുടെ ശരീരാവയവങ്ങള്‍ കൊണ്ട് ഒന്നിലധികം പേര്‍ക്ക് ജീവന്‍ പകര്‍ന്നുനല്‍കാം. അവയവദാനത്തിനായി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും രജിസ്റ്റര്‍ ചെയ്യാന്‍ സംവിധാനമുണ്ട്. അവയവം വേണ്ട ആളുകളുടെ രജിസ്റ്ററുമുണ്ടാകും. മിക്കവാറും എല്ലാ ആശുപത്രിയിലും ഒരു ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്ററുണ്ടാകും. അവര്‍ അപകടം സംഭവിച്ച ആളിന്റെ വേണ്ടപ്പെട്ടവരുമായി സംസാരിച്ച് സമ്മതമെങ്കില്‍ സര്‍ക്കാരിനെ അറിയിക്കണം. അവയവം മാറ്റി വെക്കുന്ന ആളുകള്‍ ഒരുപാടുകാലം ജീവിക്കാറുണ്ട്. സര്‍ജറി കഴിഞ്ഞ് അവര്‍ പാലിക്കേണ്ട ചില ചിട്ടവട്ടങ്ങളുണ്ടാകും. അത് കൃത്യമായി പാലിച്ചാല്‍ മതിയാകും. പിന്നെ ഇത്തരക്കാര്‍ക്ക് മറ്റുള്ളവരെപ്പോലെ പ്രതിരോധശേഷിയുണ്ടാകണമെന്നില്ല. അതുകൊണ്ടു തന്നെ ഇമ്മ്യൂണോ സപ്രസ്സീവ് ഡ്രഗ്‌സ് കഴിക്കുക്കുകയും മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ വളരെ ശ്രദ്ധിക്കുകയും വേണം.

നാടും വീടും
''ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നാടായ ഏലംകുളം പഞ്ചായത്തിലെ വളരെ സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ആളാണ് ഞാന്‍. സര്‍ക്കാര്‍ സ്‌കൂളിലാണ് പഠിച്ചത്. ഞാന്‍ മെഡിസിന് പഠിക്കുമെന്നോ ഡോക്ടറാകുമെന്നോ ഒന്നും വിചാരിച്ചിരുന്നില്ല. അധ്യാപകനാകാനായിരുന്നു താത്പര്യം. പുസ്തകങ്ങളോടും കലകളോടും വളരെ ഇഷ്ടമായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ എന്‍ട്രന്‍സ് ബാച്ചായിരുന്നു ഞങ്ങളുടേത്. 75ശതമാനവും ഗ്രാമങ്ങളില്‍ നിന്നുള്ള കുട്ടികള്‍. ഐ.എ.എസ്. ഓഫീസര്‍ വി. വേണു, മുന്‍ മന്ത്രി എം.കെ. മുനീര്‍, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് അമ്പയര്‍ രാഘവന്‍, യുക്തിവാദി നേതാവ് വിശ്വനാഥന്‍ സി. എന്നിവരെല്ലാം ആ ബാച്ചില്‍ ഉണ്ടായിരുന്നു. എം.ആര്‍. രാജഗോപാലന്‍ സാറാണ് എന്റെ എക്കാലത്തെയും ഗുരുവും വഴികാട്ടിയും. (മേശപ്പുറത്തിരുന്ന എം.ആര്‍. രാജഗോപാലിന്റെ പുസ്തകം എടുത്ത് അഭിമാനത്തോടെ അദ്ദേഹം പറഞ്ഞു). മലയാളം അധ്യാപകരാണ് എന്നെ ഒരുപാട് സ്വാധീനിച്ചത്. സാറാജോസഫ്, ദേശമംഗലം രാമകൃഷ്ണന്‍, പി.പി. ശിവകുമാര്‍, പാലക്കീഴ് നാരായണന്‍, എം.ആര്‍. രാജഗോപാല്‍ എന്നിവരൊക്കെയും കലയിലേക്കടുക്കാന്‍ പ്രചോദനമായി. 'സ്‌ട്രോബിലാന്തസ്' എന്ന ആറുകഥകളുടെ സമാഹരം പുറത്തിറക്കി. ടി.എ. റസാഖ്, ഷഹബാസ് അമന്‍, ജി. വേണുഗോപാല്‍, വി.ടി. മുരളി എന്നിവരൊക്കെ ഉള്‍പ്പെട്ട വലിയ സൃഹൃത്‌വലയം. ഏറ്റവും വലിയ സമ്പാദ്യം എന്റെ വിദ്യാര്‍ഥികളാണ്. എമര്‍ജന്‍സി മെഡിസിനുമായി ബന്ധപ്പെട്ട് ഒരുപാട് രാജ്യങ്ങളില്‍ യാത്ര ചെയ്തു. ഭാര്യ ഡോ. ബേബി സുപ്രിയ, മലബാര്‍ ഹോസ്പിറ്റലില്‍ സോണോളജിസ്റ്റാണ്. മകള്‍ നീതു, മരുമകന്‍ കമല്‍ദേവ്. ഇരുവരും എമര്‍ജന്‍സി മെഡിസിന്‍ കോഴ്‌സ് പഠിക്കുന്നു.''
Content Highlights: Dr.P.P venugopal head of emergency medicine aster mims kozhikode share his life experience
Published: 10 Jun 2023, 12:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented