കൊളസ്‌ട്രോള്‍ കൂടുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചുവരികയാണ്. മാറിയ ആഹാരശീലങ്ങളും വ്യായാമക്കുറവുമെല്ലാം കൊഴുപ്പടിയാന്‍ കാരണമാകുന്നുണ്ട്. ഇത് കൊളസ്‌ട്രോള്‍ നില ഉയര്‍ത്തുന്നു. മുന്‍പെല്ലാം പ്രായമുള്ളവരില്‍ മാത്രം കണ്ടിരുന്ന കൊളസ്‌ട്രോള്‍ അളവുകള്‍ ഇപ്പോള്‍ ചെറുപ്രായക്കാരിലും കാണാന്‍ കഴിയുന്നു. ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക് എന്നിവയ്‌ക്കെല്ലാം കാരണമാകുമെന്നതിനാല്‍ കൊളസ്‌ട്രോളിനെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു.

കൊളസ്‌ട്രോള്‍ കൂടി രക്തക്കുഴലില്‍ ബ്ലോക്ക് ഉണ്ടാവുകയോ മറ്റൈന്തങ്കിലും രോഗങ്ങളുണ്ടാവുകയോ ചെയ്യുമ്പോള്‍ മാത്രമാണ് പ്രശ്‌നം തിരിച്ചറിയുന്നത്. അമിതവണ്ണമുള്ളവര്‍ക്ക് മാത്രമാണ് കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുക എന്ന ധാരണ തെറ്റാണ്. മെലിഞ്ഞവരിലും ഈ പ്രശ്‌നങ്ങള്‍ കാണുന്നുണ്ട്. വയറിനുള്‍ഭാഗത്ത് കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്ന വിസറല്‍ ഒബിസിറ്റി ഇന്ന് സാധാരണമാണ്.

മരുന്നുകഴിക്കുമ്പോള്‍

ലിപിഡ് പ്രൊഫൈല്‍ പരിശോധന നടത്തി കൊഴുപ്പ് ഘടകങ്ങള്‍ കൂടുതലാണെന്ന് കണ്ടെത്തിയാല്‍ കൊളസ്‌ട്രോളിന് ചികിത്സ തുടങ്ങാം. സ്റ്റാറ്റിന്‍ വിഭാഗത്തിലുള്ള മരുന്നുകളാണ് അമിതകൊഴുപ്പിന്റെ നിയന്ത്രണത്തിന് ഉപയോഗിക്കുന്നത്.

എത്രകാലം

രോഗിയുടെ ആരോഗ്യം വിലയിരുത്തിയാണ് കൊള്‌സ്‌ട്രോള്‍ മരുന്നുകള്‍ എത്രകാലം കഴിക്കണമെന്ന് ഡോക്ടര്‍ തീരുമാനിക്കുന്നത്. സ്‌ട്രോക്ക്-ഹൃദ്രോഗമുള്ളവര്‍, വൃക്കരോഗികള്‍, പുകവലിക്കുന്നവര്‍ തുടങ്ങിയവര്‍ ജീവിതകാലം മുഴുവന്‍ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കേണ്ടിവരും. മറ്റുള്ളവരില്‍ വ്യായാമം, ഭക്ഷണക്രമീകരണം എന്നിവയിലൂടെ എത്രമാത്രം കൊളസ്‌ട്രോള്‍ കുറയുന്നു എന്നത് പരിഗണിച്ചാണ് തീരുമാനമെടുക്കാറുള്ളത്. കൊളസ്‌ട്രോള്‍ മരുന്നുകള്‍ ഒരിക്കലും സ്വയം നിര്‍ത്തരുത്.

വ്യായാമവും ആഹാരവും

കൊളസ്‌ട്രോള്‍ നിയന്ത്രണം മരുുകൊണ്ടുമാത്രം സാധ്യമാകില്ല. ജീവിത ശൈലിയിലെ മാറ്റങ്ങളും ആഹാരശീലങ്ങളും കൂടി മാറേണ്ടതുണ്ട്. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായവ നിയന്ത്രിക്കണം. പകരം പച്ചക്കറികളും സാലഡും ഭക്ഷണത്തിന്റെ ഭാഗമാക്കണം.

വ്യായാമങ്ങള്‍ ശീലമാക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രണത്തില്‍ പ്രധാനമാണ്. എല്ലാദിവസവും മുപ്പതു മുതല്‍ നാല്‍പ്പത്തിയഞ്ചുമിനിറ്റു വരെ നടക്കുന്നത് നല്ലതാണ്. ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും നടത്തം തുടരണം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi