താന്‍ പഠിച്ച സ്‌കൂളിനായി ഒന്നര ഏക്കര്‍ സ്ഥലം വിട്ടുകൊടുത്ത സ്ത്രീ വാര്‍ത്തകളില്‍ നിറയുന്നു. മധുരയിലെ പൂരണം എന്ന ആയി അമ്മാളാണ് പഞ്ചായത്ത് യൂണിയന്‍ മിഡില്‍ സ്‌കൂളിനായി സ്ഥലം കൈമാറിയത്. 

സ്‌കൂളിന്റെ ഇപ്പോഴത്തെ കെട്ടിടത്തിനോട് ചേര്‍ന്നാണ് ആയി അമ്മാളിന്റെ സ്ഥലവുമുണ്ടായിരുന്നത്. നിലവിലെ വിപണി മൂല്യമനുസരിച്ച് ഏഴുകോടി വരെ കിട്ടാന്‍ സാധ്യതയുള്ള ആ സ്ഥലമാണ് അവര്‍ സൗജന്യമായി കൈമാറിയത്. 

രണ്ടുവര്‍ഷം മുമ്പ് മരിച്ച മകള്‍ ജനനിയുടെ ഓര്‍മ എന്നും നിലനിര്‍ത്തണമെന്ന ആഗ്രഹംകൊണ്ടാണ് ഇത് ചെയ്തതെന്ന് അവര്‍ പറയുന്നു. ജനനി ഒരു സാമൂഹ്യപ്രവര്‍ത്തകയും കൂടിയായിരുന്നു. ധനികരെന്നോ ദരിദ്രരെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം എന്നതായിരുന്നു ജനനിയുടെ ഏറ്റവും വലിയ ആഗ്രഹം. അതിനായി പ്രവര്‍ത്തിക്കുകയുമായിരുന്നു അവര്‍. അതുകൊണ്ടാണ് സ്‌കൂളിനായി സ്ഥലം വിട്ടുകൊടുക്കാന്‍ ആയി അമ്മാള്‍ തീരുമാനിച്ചത്. സ്ഥലം കൈമാറുമ്പോള്‍ ഒരേ ഒരു കാര്യമേ അവര്‍ ആവശ്യപ്പെട്ടുള്ളൂ, സ്‌കൂളിന് മകളുടെ പേരിടണം. 52 വയസ്സുള്ള ഇവര്‍ ബാങ്കുദ്യോഗസ്ഥയാണ്. 

സ്‌കൂളിന്റെ പേരില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്ത്, രേഖകളെല്ലാം വിദ്യാഭ്യാസവകുപ്പിന് കൈമാറിയപ്പോഴാണ് ഈ സംഭവം പുറംലോകമറിഞ്ഞത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ എക്‌സിലൂടെ ആയി അമ്മാളിനെക്കുറിച്ച് പോസ്റ്റുമിട്ടു. റിപ്പബ്ലിക് ദിനത്തില്‍ ആയി അമ്മാളിനെ ആദരിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.