സാധാരണക്കാരന്റെ ശക്തിയെ വിലകുറച്ചുകാണരുതെന്നാണ് തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനുപിന്നാലെ ധ്രുവ് റാഠി പറഞ്ഞത്. അതിന് കാരണമുണ്ടായിരുന്നു. ഭരണകൂടത്തെ വിമര്‍ശിക്കാനിറങ്ങുമ്പോള്‍ ശക്തരായ ആരുടെയും പിന്‍ബലമുണ്ടായിരുന്നില്ല ധ്രുവിന്. കൊന്നുകളയുമെന്ന ഭീഷണിയുണ്ടായിരുന്നു. അഴിമതി നടക്കുന്നുവെന്നും ദുരഭരണത്തിന് കടിഞ്ഞാണിടണമെന്നും ഹിന്ദി ഹൃദയഭൂമിയിലേക്ക് ഇറങ്ങിച്ചെന്നുപറയാന്‍ മറ്റാരെയും ഒപ്പംകൂട്ടിയില്ല. കോളറില്ലാത്ത ബനിയനിട്ട് പാതിചിരിയുമായി ലളിതമായ ഹിന്ദിയിൽ ധ്രുവ് സംസാരിച്ചു. കഴിഞ്ഞ എട്ടുവര്‍ഷക്കാലം രാഷ്ട്രീയനിരീക്ഷണമെന്ന ദൗത്യത്തിലേര്‍പ്പെട്ടു. വിമര്‍ശനങ്ങളുടെ ആഴം അനുദിനം ജനങ്ങളേറ്റെടുക്കുകതന്നെ ചെയ്തു. കാവിപ്പാര്‍ട്ടിയെ ലൈംലൈറ്റില്‍ നിന്നു മാറ്റി പകരം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യയെ പ്രതിഷ്ഠിച്ചതില്‍ യൂട്യൂബര്‍ക്കുള്ള പങ്ക് ചെറുതല്ല. 

പ്രതിപക്ഷ പാര്‍ട്ടികളുടെയോ നേതാക്കളുടെയോ പ്രചാരണ മുദ്രാവാക്യങ്ങളേക്കാള്‍ കൂടുതല്‍ മൂര്‍ച്ചയില്‍ ധ്രുവിന്റെ വാക്കുകള്‍ ജനങ്ങളിലേക്കെത്തിയെന്നു പറയാം. ചില നഗരങ്ങളില്‍, ധ്രുവിന്റെ വീഡിയോകള്‍ പ്രതിപക്ഷപാർട്ടികൾ പൊതുസ്ഥലങ്ങളിലും മൊബൈല്‍ വാനുകളിലും പ്രദര്‍ശിപ്പിച്ചിരുന്നു. യൂട്യൂബില്‍ ധ്രുവിന് 2.18 കോടി സബ്‌സ്‌ക്രൈബര്‍മാരുണ്ട്. കോണ്‍ഗ്രസിനിത് 5 ദശലക്ഷവും രാഹുല്‍ ഗാന്ധിക്ക് ആറ് ദശലക്ഷവുമാണ്. താന്‍ വീഡിയോകളിലൂടെ നിരന്തരം ഉന്നംവെക്കുന്ന മോദിയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസമില്ല ധ്രുവിന്റെ ഫോളോവര്‍മാര്‍. നരേന്ദ്രമോദിക്ക് 2.41 കോടി വരിക്കാരാണുള്ളത്. 

യൂട്യൂബിനും (ഏകദേശം 47.6 കോടി) വാട്ട്‌സാപ്പിനും (53 കോടി) ഏറ്റവുമധികം ആവശ്യക്കാരുള്ള രാജ്യമാണിത്. മുഖ്യധാരാ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളല്ല, വാട്ട്‌സാപ്പിലും യൂട്യൂബിലും വരുന്ന കാര്യങ്ങളാണ് ഇന്ത്യക്കാര്‍ കൂടുതല്‍ വിശ്വസിക്കുന്നതെന്ന് പഠനങ്ങളുണ്ട്. സത്യസന്ധമായ വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തുന്നത് തടയാന്‍ ഭരിക്കുന്നവര്‍ ഇടപെടലുകള്‍ നടത്തുന്നതായി പലകോണുകളില്‍ നിന്നും വിമര്‍ശനങ്ങളുയരുകയും ചെയ്യുന്നു. ധ്രുവ് റാഠിയെന്ന 29-കാരന്‍ യൂട്യൂബിലൂടെ തന്നെയാണ് ഹിന്ദി ഹൃദയഭൂമി ഏറ്റെടുത്തതും.

ആദ്യം ആരാധന
നരേന്ദ്രമോദി ആദ്യമായി അധികാരത്തിലെത്തുന്ന സമയം, ധ്രുവ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദമെടുക്കാന്‍ ജര്‍മനിയിലേക്ക് പോയതായിരുന്നു. ആയിടെ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി. കുഞ്ഞിലേ വീഡിയോകളുണ്ടാക്കാനിഷ്ടമാണ്. രണ്ടുമാസത്തോളം എഡിറ്റ് ചെയ്താണ് ആദ്യത്തെ ട്രാവല്‍ വീഡിയോ തയ്യാറാക്കിയതെന്ന് ധ്രുവ് ഒരിക്കല്‍ പറഞ്ഞു.

2011-ല്‍, ഇന്ത്യയിലെ ഒട്ടേറെ യുവാക്കളെപ്പോലെ, തലമുറ കണ്ട ആദ്യത്തെ രാജ്യവ്യാപകമായ പ്രസ്ഥാനത്തിലേക്ക് ധ്രുവും രാഷ്ട്രീയമായി ആകൃഷ്ടനായി. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി വിരുദ്ധ പ്രതിഷേധം രാജ്യത്തെ ഇളക്കിമറിക്കുന്ന സമയം. അഴിമതിയെയും കള്ളപ്പണത്തെയും ഇല്ലാതാക്കുമെന്ന് ഉറക്കെപ്പറഞ്ഞ് തിരഞ്ഞെടുപ്പിനിറങ്ങിയ നരേന്ദ്രമോദിയോട് താത്പര്യമായി. 2014-ല്‍ മോദി അധികാരത്തില്‍ വന്നപ്പോള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഒരു മോദി അനുഭാവിയായി മാറി.  

താമസിയാതെ ധ്രുവിന് പലകാര്യത്തിലും സംശയമായി. 2015-ല്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി (എഎപി) അവതരിപ്പിച്ച അഴിമതി വിരുദ്ധ ഹെല്‍പ്പ് ലൈനെതിരേ മോദി സര്‍ക്കാര്‍ രംഗത്തെത്തിയത് ഉദാഹരണം. ആ സംഭവം തന്നെ ഏറെ ഞെട്ടിച്ചെന്നും ഇന്ത്യയില്‍ അഴിമതി തുടച്ചുനീക്കുന്നതില്‍ മോദിക്ക് താത്പര്യമില്ലെന്നുള്ള യാഥാര്‍ഥ്യം പതിയെ മനസ്സിലായെന്നും അല്‍ജസീറയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ധ്രുവ് പറയുകയുണ്ടായി. പല മുഖ്യധാരാ ടിവി ചാനലുകളും മോദിയോടും ബി.ജെ.പിയോടും ചാഞ്ഞു പ്രവര്‍ത്തിക്കുന്നത് കണ്ടപ്പോള്‍ നിരാശ വര്‍ധിച്ചെന്നും. 

ആദ്യവീഡിയോ
2016 സെപ്തംബര്‍ 16-ന് ആദ്യ രാഷ്ട്രീയ വിമര്‍ശനം യൂട്യൂബില്‍ പോസ്റ്റ്‌ചെയ്തു. പൂര്‍ണ്ണമായും ഫോണില്‍ ചിത്രീകരിച്ച വീഡിയോ ബിജെപിയുടെ ഐടി സെല്ലിനെയും രാഷ്ട്രീയ വിവരണങ്ങള്‍ രൂപപ്പെടുത്തുന്നതിനെയും വിമര്‍ശിക്കുന്നതായിരുന്നു. എഡിറ്റ് ചെയ്ത ഫോട്ടോഗ്രാഫുകള്‍, കൃത്രിമ വീഡിയോകള്‍, വ്യാജ ഉദ്ധരണികള്‍, പെയ്ഡ് പോസ്റ്റുകള്‍ എന്നിവയിലൂടെ സോഷ്യല്‍ പ്ലാറ്റ്ഫോമുകളില്‍ ബി.ജെ.പി. മറ്റൊരു പ്രവണതയുണ്ടാക്കുകയാണെന്ന് ധ്രുവ് അന്ന് പറഞ്ഞു. അതില്‍പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. ജർമനിയിൽ സ്ഥിരതാമസമാക്കിയ ധ്രുവ് അവിടെനിന്നാണ് വീഡിയോകളെല്ലാം ചെയ്യുന്നത്. എട്ടുകൊല്ലത്തിനിടെ 650-ഓളം വീഡിയോകള്‍ തന്റെ പ്രധാന യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിച്ചു.  ട്രാവല്‍ വീഡിയോ ഉള്‍പ്പെടുത്തുന്ന മറ്റൊരു ചാനലുമുണ്ട്. ഭൂരിഭാഗം വീഡിയോകളും പത്തു മില്യണിലധികം പേര്‍ കണ്ടു. അന്താരാഷ്ട്രമാധ്യമങ്ങളിലടക്കം ധ്രൂവിനെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ വന്നു. രാഷ്ട്രീയേതര വിഷയങ്ങളില്‍ താത്പര്യമുണ്ടെങ്കിലും രാജ്യം ഏകാധിപത്യത്തിലേക്ക് പോകുമ്പോൾ  ഇത് അതിനുള്ള സമയമല്ലെന്നാണ് ധ്രുവിന്റെ പക്ഷം. 

രാജ്യം ഇപ്പോൾ ഏകാധിപത്യത്തിലെത്തിയിട്ടില്ല, പക്ഷേ അതിലേക്കാണ് പോകുന്നതെന്നു തന്നെയായിരുന്നു ധ്രുവിന് ഏറ്റവുമധികം പറയാനുണ്ടായിരുന്നത്. കർഷകപ്രശ്നങ്ങളും തൊഴിലില്ലായ്മയും സാമുദായിക സൗഹാർദത്തിന്റെ പ്രധാന്യവും അഴിമതിയുമെല്ലാം തെളിവുകൾ നിരത്തി വിശദീകരിച്ചു. ധ്രുവിന്റെ യൂട്യൂബ് ഫെയ്സ്ബുക്ക് വീഡിയോകളിലൂടെ ഗ്രാമങ്ങളിലെ സാധാരണക്കാരിലേക്ക് വരെ അവയെല്ലാം ഇറങ്ങിച്ചെന്നു. 

ഹിന്ദിയിലൂടെ ഹൃദയഭൂമിയിലേക്കിറങ്ങി
2014-ഉം 2019-ലും ബി.ജെ.പി. തൂത്തുവാരി ആധിപത്യം സ്ഥാപിച്ച ഉത്തരേന്ത്യയാണ് പാര്‍ട്ടിയുടെ ഹൃദയഭൂമി. വലിയ ഗ്രാമീണ മേഖലകളുള്ള ഇവിടെ പ്രാഥമിക ഭാഷ ഹിന്ദിയും. കാര്‍ഷിക സംസ്ഥാനമായ ഹരിയാണയിലെ ഹിന്ദു ജാട്ട് കുടുംബത്തിലാണ് ധ്രുവ് ജനിച്ചുവളർന്നത്. നിന്നുള്ള ധ്രുവ് ലളിതമായ ഹിന്ദിയിലാണ് വീഡിയോകളില്‍ സംസാരിച്ചത്. സാധാരണക്കാരായ ആളുകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഇതൊരു മുതല്‍ക്കൂട്ടായി. മോദിയോട് അനുഭാവമുണ്ടായിരുന്ന കാലത്തെ അറിവുകളും ധ്രുവിനെ സഹായിച്ചു. ബി.ജെ.പി ഉപയോഗിക്കുന്ന അതേ ദേശീയതാഭാഷ തന്നെയാണ് ധ്രുവും ശ്രദ്ധാപൂര്‍വം ഉപയോഗിക്കുന്നത്. 'ദേശവിരുദ്ധ'മായി ഒരിക്കലും മുദ്രകുത്താനാവാത്ത, ആളുകളെ ആകര്‍ഷിക്കുന്ന ശൈലി. ശക്തമായ ആശയവിനിമയ തന്ത്രമാണിതെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

രാജ്യത്തെയും മതത്തെയും ആരാധിക്കുന്നതുപോലെയല്ല നേതാക്കളെയും പാര്‍ട്ടികളെയും ആരാധിക്കുന്നതെന്ന് ആളുകളെ ബോധവല്‍ക്കരിക്കാനായിരുന്നു ശ്രമം. സങ്കീര്‍ണമായ വിഷയങ്ങള്‍ ലളിതമായി അവതരിപ്പിച്ച്, അയല്‍പ്പക്കത്തെ പയ്യനെപ്പോലെ ക്രമേണ ആളുകളിലേക്ക് ഇറങ്ങിവരികയായിരുന്നു ധ്രുവ്. മാധ്യമപ്രവര്‍ത്തകനല്ലെങ്കിലും തന്റെ വീഡിയോകള്‍ വസ്തുതകളില്‍ ഊന്നിയതാണെന്ന് ധ്രുവ് തറപ്പിച്ചുപറയുന്നു. മുമ്പത്തെ വീഡിയോകളില്‍ യാഥാര്‍ഥ്യങ്ങള്‍ക്കൊപ്പം സ്വന്തം അഭിപ്രായങ്ങള്‍കൂടി ചേര്‍ത്തിരുന്നെങ്കില്‍ ഇപ്പോള്‍ അങ്ങനെയല്ല, വസ്തുതകൾ മാത്രമാണ് സംസാരിക്കുന്നത്. ഒപ്പം കഴമ്പുള്ള വിമര്‍ശനങ്ങളെക്കൂടി പരിഗണിക്കുന്നുണ്ടെന്നാണ് ധ്രുവിന്റെ പക്ഷം. ഇന്ന് ധ്രുവിനൊപ്പം ഒരു സംഘം ഗവേഷകരുണ്ട്. വീഡിയോ എഡിറ്റര്‍മാരും തിരക്കഥയൊരുക്കാനുള്ള ആളുകളുമുണ്ട്. പറയുന്ന കാര്യങ്ങളിലെ വസ്തുതാപരമായ കൃത്യത ഉറപ്പാക്കാന്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ബി.ജെ.പി.യുടെ ഐ.ടി. സെല്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന പ്രൊപഗണ്ട പരാജയപ്പെടുന്നുവെന്നതിന്റെ തെളിവാണ് വീഡിയോ കാണാന്‍ ആളുകളിത്രയുമധികം വരുന്നതെന്നാണ് നിരീക്ഷകർ പറയുന്നത്. സത്യങ്ങള്‍ വിശ്വസിക്കാന്‍ തയ്യാറായ ജനങ്ങളുണ്ടെന്നും. സമാനരീതിയിൽ വിമർശനമുന്നയിക്കുന്ന യൂട്യൂബ് ചാനലുകളെ തന്റെ പ്ലാറ്റ്ഫോമിലൂടെ ധ്രുവ് ഉയർത്തിക്കൊണ്ടുവരുന്നുമുണ്ട്.

നിരോധനം ഏതുനിമിഷവും
ജര്‍മന്‍ വനിത ജൂലിയെയാണ് ധ്രുവ് വിവാഹം ചെയ്തിരിക്കുന്നത്. തനിക്കും ഭാര്യ ജൂലിക്കും പാകിസ്താനുമായി ബന്ധമുണ്ടെന്ന തരത്തില്‍ തെറ്റായ പ്രചാരണം നടക്കുന്നുണ്ട്. 'എനിക്കുനേരെ സ്ഥിരമായി വധഭീഷണിയും ഭാര്യക്ക് ബലാത്സംഗഭീഷണിയും വരാറുണ്ട്. എനിക്ക് ഭയമില്ല. ചാനല്‍ ഏതുനിമിഷവും ഇന്ത്യയില്‍ നിരോധിച്ചേക്കാം. പക്ഷേ, മിണ്ടാതിരുന്നാല്‍ അതിന് നല്‍കേണ്ടിവരുന്ന വില വലുതായിരിക്കും. സംസാരിക്കേണ്ട സമയം ഇതാണ്, ഇല്ലെങ്കില്‍ ഏറെ വൈകിപ്പോവും, മോദിയെ വിമര്‍ശിക്കുന്ന സാമൂഹികമാധ്യമപ്ലാറ്റ്‌ഫോമുകളും ചാനലുകളും നിരോധിക്കുകയും സെന്‍സര്‍ ചെയ്യുകയും ചെയ്യുന്ന കാലത്തിലൂടെയാണ് കടന്നുപോകുന്നതെ'ന്നും ധ്രുവ് പറയുന്നു. 

തിരഞ്ഞെടുപ്പിനു മുമ്പും പ്രചാരണവേളകളിലുമെല്ലാം ധ്രുവിന്റെ ഒട്ടേറെ വീഡിയോകള്‍ വൈറലായിരുന്നു. അന്താരാഷ്ട്രതലത്തിലടക്കം അത് ചര്‍ച്ചയാവുകയും ചെയ്യുന്നു.  ധ്രുവ് റാഠിയുടെ 'Modi: The Real Story' എന്ന വീഡിയോ 2.8 കോടി ആളുകളാണ് കണ്ടത്. ഗ്രാമങ്ങളിൽ കൂടുതൽ ആളുകളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനായി പ്രാദേശിക ഭാഷകളിൽ വാട്ട്‌സാപ്പ് ചാനലുകളും ധ്രുവ് സജീവമാക്കിയിട്ടുണ്ട്. ഒപ്പം തമിഴ്, തെലുഗ്, ബംഗാളി, മറാത്തി, കന്നഡ ഭാഷകളില്‍ യൂട്യൂബ് ചാനലുകളും കൂടുതൽ വീഡിയോകളുമായി വരും. ആര് അധികാരത്തിൽ വന്നാലും താൻ സർക്കാരിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുമെന്ന് ധ്രുവ് ഉറപ്പിച്ചുപറയുന്നു.