പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് രാജ്യം. ഏപ്രില്‍ 19 മുതല്‍ ജൂണ്‍ ഒന്നുവരെ ഏഴുഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പ്. രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം നിരവധി സിനിമാ നായികമാരും ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുകയാണ്. ദേശീയ അവാര്‍ഡ് ജേതാവ് കങ്കണ റണൗട്ട്, ഹേമ മാലിനി എന്നിവരാണ് അതില്‍ പ്രമുഖര്‍. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ചില നായികമാരെ പരിചയപ്പെടാം.

കങ്കണ റണൗട്ട്
ബി.ജെ.പി.ക്കായി മത്സരിക്കുന്ന കങ്കണ ഹിമാചല്‍ പ്രദേശിലെ മാണ്ഡി മണ്ഡലത്തിലാണ് ജനവിധി തേടുന്നത്. കങ്കണയുടെ ജന്‍മസ്ഥലം കൂടിയാണ് മാണ്ഡി.

ഹേമ മാലിനി
നിലവിലെ എം.പി.യായ ഹേമ മാലിനി ഉത്തര്‍പ്രദേശിലെ തന്റെ സിറ്റിങ് സീറ്റായ മഥുരയില്‍ നിന്നാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ മൂന്ന് ലക്ഷത്തിനടുത്തായിരുന്നു ഹേമ മാലിനിയുടെ ഭൂരിപക്ഷം. ബി.ജെ.പി. ടിക്കറ്റിലാണ് മത്സരം.

നവനീത് റാണ

മമ്മൂട്ടി നായകനായ ലവ് ഇന്‍ സിംഗപ്പൂര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അഭിനയിച്ച നടിയാണ് നവനീത് റാണ. മഹാരാഷ്ട്രയിലെ അമരാവതി മണ്ഡലത്തില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ്- എന്‍.സി.പി. പിന്തുണയോടെ ജയിച്ച നവനീത് ഇത്തവണ ബി.ജെ.പി.ക്കായാണ് മത്സരിക്കുക.

placeholder
Navneet Kaur Rana
നവനീത് റാണ

 

രാധിക ശരത്കുമാര്‍
നടിയും തമിഴ് നടന്‍ ശരത്കുമാറിന്റെ ഭാര്യയുമായ രാധിക ശരത്കുമാര്‍ വിരുദുനഗര്‍ മണ്ഡലത്തില്‍നിന്നാണ് ജനവിധി തേടുക. ശരത്കുമാറിന്റെ എ.ഐ.എസ്.എം.കെ. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി.യില്‍ ലയിച്ചിരുന്നു. ഇതോടെ രാധിക ബി.ജെ.പി. ടിക്കറ്റ് ഉറപ്പിച്ചു.

placeholder
Raadhika Sarathkumar
രാധിക ശരത്കുമാര്‍

ബംഗാളി നായികമാര്‍ കൂട്ടത്തോടെ
ഇവര്‍ക്കൊപ്പം ബംഗാളിലെ നടിമാരും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ബംഗാളിലെ ഹൂഗ്ലി മണ്ഡലത്തില്‍ രണ്ട് നടിമാര്‍ തമ്മിലാണ് പോരാട്ടം. ലോക്കറ്റ് ചാറ്റര്‍ജി ബി.ജെ.പി.ക്കായി മത്സരിക്കുമ്പോള്‍ രചനാ ബാനര്‍ജിയാണ് തൃണമൂലിന്റെ സ്ഥാനാര്‍ത്ഥി. സായോണി ഘോഷും സാതാബ്ദി റോയിയുമാണ് മത്സരിക്കുന്നവരില്‍ മറ്റുപ്രമുഖര്‍. ജാധവ്പുരിലാണ് സായോണി മത്സരിക്കുക. സാതാബ്ദി ബിര്‍ഭുമിലും. രണ്ട് പേര്‍ക്കും സീറ്റ് നല്‍കിയിരിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസാണ്.