ലിയനാര്‍ഡോ ഡാവിഞ്ചിയെപ്പോലെ ഒരു ബഹുമുഖ പ്രതിഭ മനുഷ്യചരിത്രത്തില്‍ വേറെ ഉണ്ടായിട്ടില്ല. കലയും ശാസ്ത്രവും അമ്മാനമാടിയ ഒരാള്‍. ജീവിച്ചിരുന്ന കാലത്തുതന്നെ അസാമാന്യമായ പ്രശസ്തി നേടിയെടുക്കാന്‍ അദ്ദേഹത്തിനായി. പക്ഷേ, ഡാവിഞ്ചിയുടെ ലൈംഗികത ഇന്നും നിഗൂഢമായി തുടരുന്നു. അദ്ദേഹം സ്വവര്‍ഗാനുരാഗി ആയിരുന്നു എന്നാണ് ചരിത്രകുതുകികള്‍ പറയുന്നത്. 

To advertise here,

ഇരുപത്തിനാലാം വയസ്സില്‍ പ്രകൃതിവിരുദ്ധ ലൈംഗികതയില്‍ ഏര്‍പ്പെട്ടതിന് ഡാവിഞ്ചിക്കെതിരെ കേസുണ്ടായിരുന്നു. സ്വവര്‍ഗാനുരാഗത്തിന് പേരുകേട്ട ഇടമാണ് ഫ്‌ളോറെന്‍സ് എങ്കിലും പ്രകൃതി വിരുദ്ധത വധശിക്ഷ വരെ വിധിച്ചേക്കാവുന്ന കുറ്റമായിട്ടാണ് കണക്കാക്കിയിരുന്നത്. കുറ്റം ആരോപിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഒരു പ്രഭുവും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനം കൊണ്ട് കേസ് എങ്ങുമെത്താതെ അവസാനിച്ചു. പിന്നീട് ഡാവിഞ്ചിയുടെ സ്വകാര്യജീവിതെത്തെപ്പറ്റി യാതൊരു വിവരങ്ങളും പുറത്തുവന്നിട്ടില്ല. ചെറുപ്രായത്തില്‍ ഗുരുതരമായ ഒരു വിചാരണയ്ക്ക് വിധേയനായതിന്റെ ഭീതി അദ്ദേഹത്തെ വേട്ടയാടിയിട്ടുണ്ടാകണം. വ്യക്തിജീവിതം രഹസ്യാത്മകമായി അദ്ദേഹം മുന്നോട്ടുകൊണ്ടുപോയതിന്റെ കാരണം അതാകാം.

placeholder
ഡാവിഞ്ചി വരച്ച
സലായിയുടെ സ്കെച്ച് /Wikipedia

സ്ത്രീകള്‍ക്ക് ആര്‍ട് സ്റ്റുഡിയോയില്‍ പ്രവേശനമില്ലാതിരുന്ന കാലമായിരുന്നു അത്. ഡാവിഞ്ചിയുടെ സ്റ്റുഡിയോയിലേക്ക് ധാരാളം ശിഷ്യന്മാരെത്തുമായിരുന്നു. അതില്‍ സലായി (ലിറ്റില്‍ ഡെവിള്‍ ) എന്ന് ഡാവിഞ്ചി സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്ന ജിയോ ജിയാക്കോമോ എന്ന ശിഷ്യനുമായി ഡാവിഞ്ചിക്ക് പ്രത്യേക അടുപ്പമുണ്ടായിരുന്നു. മരണംവരെ തുടര്‍ന്നുപോയ ഗാഢ ആത്മബന്ധം.

ജിയോയുടെ പത്താം വയസ്സിലാണ് അവന്‍ ഡാവിഞ്ചിയുടെ ശിഷ്യനായെത്തുന്നത്. അന്ന് ഡാവിഞ്ചിക്ക് 38 വയസ്സ്. കുസൃതിക്കാരനായ പുതിയ ശിഷ്യനെ മെരുക്കാന്‍ ഡാവിഞ്ചി കുറച്ചൊന്നുമല്ല പണിപ്പെട്ടത്. പിന്നീട് സലായി ഡാവിഞ്ചിയുടെ വലംകൈയായി. അദ്ദേഹത്തിന്റെ പല പെയിന്റിങ്ങുകള്‍ക്കും അവന്‍ മോഡലായി.

placeholder
സലായിയെ മോഡലാക്കി ഡാവിഞ്ചി വരച്ച
 'സെയിന്റ് ജോൺ ദി ബാപ്റ്റിസ്റ്റ്' /Wikipedia 

അതില്‍ ചില മാദകത്വം നിറഞ്ഞ സ്‌കെച്ചുകള്‍ ഉള്‍പ്പെടുന്നു. ചുരുണ്ട മുടിയുള്ള അതിസുന്ദരമായ സലായിയുടെ മുഖം ഡാവിഞ്ചിക്ക് വെറും സര്‍ഗാത്മകപ്രചോദനം മാത്രമല്ല എന്നാണ് ഇപ്പോഴത്തെ നിരീക്ഷണം. ഇരുപത്തിയെട്ട് വയസ്സിനിളയ ശിഷ്യനുമായി അദ്ദേഹം പ്രണയത്തിലായിരുന്നുവത്രെ. ഡാവിഞ്ചിയുടെടെ സ്വവര്‍ഗപങ്കാളിയായിട്ടാണ് ഇന്ന് സലായിയെ വിലയിരുത്തുന്നത്.

മരണശേഷം ഡാവിഞ്ചി ധാരാളം സ്വത്തുക്കളാണ് സലായിക്ക് എഴുതിവെച്ചത്. അക്കൂട്ടത്തില്‍ വിഖ്യാതമായ മോണാലിസ പെയിന്റിങ്ങും ഉള്‍പ്പെടുന്നു. മൊണാലിസയ്ക്ക് സലായിയുമായുള്ള രൂപസാദൃശ്യം ചൂണ്ടിക്കാട്ടി അതിനും മോഡലായത് സലായി ആണെന്ന് ചിലര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഇതിനൊന്നും വസ്തുതകളുടെ പിന്‍ബലമില്ല.

ഡാവിഞ്ചി വിവാഹിതനായിട്ടില്ല. അദ്ദേഹത്തിന് മക്കളുമില്ല. ഏതെങ്കിലും സ്ത്രീകളുമായി പ്രണയമുണ്ടായിരുന്നു എന്നും പറഞ്ഞുകേട്ടിട്ടില്ല. എന്നാല്‍ ഇതൊന്നും അദ്ദേഹം സ്വവര്‍ഗാനുരാഗി  ആയിരുന്നു എന്ന വാദത്തിന് അടിസ്ഥാനമാകുന്നില്ല. അദ്ദേഹത്തിന്റെ ജീവചരിത്രം തയ്യാറാക്കിയ സമകാലീനനായ വസാരി, ഡാവിഞ്ചിയുടെ ലൈംഗികതയെപ്പറ്റി ഒരു പരാമര്‍ശവും നടത്തിയിട്ടില്ല എന്നതും ഓര്‍ക്കണം.