പാരീസിലെ മനോഹരമായ നദിയാണ് സെൻ. നദികളുടെ ദേവതയായ സെക്യുന എന്ന പേരിൽനിന്നാണ് നദിക്ക്, സെൻ എന്ന് പേരുവന്നതത്രേ. ഈ നദിയുടെ ഇരുകരകളിലും മനോഹരമായ ഒട്ടേറെ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. നോത്രദാം പള്ളി, ഈഫൽ ടവർ മുതൽ തുടങ്ങുന്ന ദൃശ്യങ്ങൾ. നദിയുടെ വലത്തേ തീരത്തുള്ള പ്രധാനകാഴ്ചകളിലൊന്ന് ലൂവർ (The Louvre) മ്യൂസിയമാണ്. പാരീസിലെ വളരെ പ്രശസ്തമായ ആർട്ട് മ്യൂസിയം. ഫ്രാൻസിന്റെ സാംസ്‌കാരികപ്രതാപത്തിന്റെ പ്രതീകമായിട്ടാണ് ലൂവർ കണക്കാക്കപ്പെടുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന മ്യൂസിയവും ഇതുതന്നെയായിരിക്കുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ, അധികപ്രശസ്തി, ദോഷമായെന്ന രീതിയിലാണ് ഇവിടുത്തെ കാര്യങ്ങളിപ്പോൾ.

To advertise here,

മനോഹരമായ ഒട്ടേറെ ചിത്രങ്ങളും ശില്പങ്ങളുമാണ് ലൂവർ മ്യൂസിയത്തെ ഇത്രയും ലോകപ്രസിദ്ധമാക്കിയത്. ഡാവിഞ്ചിയുടെ മൊണാലിസയും ഇവിടെയാണുള്ളത്. എന്നാൽ, മ്യൂസിയം ഈയടുത്ത ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞത് മറ്റൊരു കാരണം കൊണ്ടാണ്. വിനോദസഞ്ചാരികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതിനാൽ ഇവിടുത്തെ ജീവനക്കാർ പണിമുടക്കി. 

മാസ്റ്റർപീസ് ചിത്രങ്ങൾ കാണാൻ ആളുകളുടെ നീണ്ട നിര തന്നെയായിരുന്നു ഉണ്ടായിരുന്നത്. ജീവനക്കാർക്ക് കൈകാര്യം ചെയ്യുന്നതിനേക്കാൾ എത്രയോ വലിയ ക്യൂ. അതോടെ ഗ്യാലറിയിലെ അറ്റന്റർമാർ, ടിക്കറ്റ് കൊടുക്കുന്നവർ, സുരക്ഷാജീവനക്കാർ ഉൾപ്പെടെയുള്ള ജീവനക്കാർ ജോലി ചെയ്യാൻ വിസമ്മതിച്ചു. സന്ദർശകർ ഊഴം കാത്തുനിൽക്കുമ്പോഴാണ് ഒന്നും പറയാതെ, ജീവനക്കാർ പണിമുടക്കിയത്. ഇതിനുമുമ്പും ലൂവർ അടച്ചുപൂട്ടിയിരുന്നു. പക്ഷേ, ഒരു മുന്നറിയിപ്പുമില്ലാതെ ഇതാദ്യമാണെന്ന് മാത്രം.  

കോവിഡിനുമുമ്പ് ഇവിടേക്കുള്ള ആളുകളുടെ എണ്ണം 30,000-മായി പരിമിതപ്പെടുത്തിയിരുന്നു. 2023-ൽ, ഉയർന്ന ചെലവുകൾ നികത്തുന്നതിനും മറ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി അടിസ്ഥാന ടിക്കറ്റ് വില 29 ശതമാനത്തോളം വർദ്ധിപ്പിക്കുകയും ചെയ്തു. ഇതൊന്നും സന്ദർശകരുടെ എണ്ണം കുറയ്ക്കുന്നില്ലെന്നതാണ് അദ്ഭുതം. കഴിഞ്ഞവർഷം 9 ദശലക്ഷത്തിലധികം സന്ദർശകരാണ് ഇവിടെത്തിയത്. അത്രയും ആളുകളെ ഉൾക്കൊള്ളാൻ മ്യൂസിയം പര്യാപ്തമല്ലെന്നാണ് ജീവനക്കാർ പറയുന്നത്. വിശ്രമകേന്ദ്രങ്ങളുടെ കുറവ്, പരിമിതമായ സൗകര്യങ്ങൾ, അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങൾ ഈ മ്യൂസിയം നേരിടുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. മതിയായ സ്റ്റാഫില്ലാത്തതാണ് മറ്റൊരു ഗുരുതരവിഷയം. അതുതന്നെയാണ് ജീവനക്കാരുടെ പക്ഷവും. ഇത് തങ്ങളെ മാനസികമായും ശാരീരികമായും സമ്മർദത്തിലാക്കുന്നുവെന്നും അവർ പറയുന്നു. ഉള്ളിലെ താപനിലയിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളും, കാലപ്പഴക്കം മൂലമുണ്ടായ ചോർച്ചയും പല കലാസൃഷ്ടികളെയും നശിപ്പിക്കുമെന്നാണ് മ്യൂസിയം അധികൃതരുടെ അഭിപ്രായം. അതുകൊണ്ട് എത്രയും പെട്ടെന്ന് മ്യൂസിയത്തിൽ നവീകരണപ്രവർത്തനങ്ങൾ ആവശ്യമാണ്. 

മ്യൂസിയത്തിനായി സർക്കാർ നൽകുന്ന സബ്‌സിഡി കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ 20 ശതമാനത്തിലധികം കുറഞ്ഞുവെന്ന് തൊഴിലാളികൾ വാദിക്കുന്നു. എന്നാൽ, സന്ദർശകരുടെ എണ്ണം ഒരുഭാഗത്ത് വർദ്ധിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. ഇത്തരം 'ഓവർ ടൂറിസം' ഗുണത്തേക്കാൾ ദോഷമാണുണ്ടാക്കുക. പരിസ്ഥിതിപ്രശ്‌നങ്ങൾ, നല്ല കാഴ്ചാനുഭവം കിട്ടാതെ വരിക എന്നിവയായിരിക്കും ഫലമെന്നാണ് 'ഓവർ ടൂറിസ'ത്തിനെതിരെ വാദിക്കുന്നവരുടെ പക്ഷം.

ലൂവറിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, പത്തുവർഷ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഒട്ടേറെ നിർദേശങ്ങൾ അടങ്ങിയൊരു പ്ലാൻ. മൊണാലിസയുടെ ചിത്രത്തിനടുത്തേക്ക് പ്രത്യേകമായൊരു പ്രവേശനകവാടം നിർമിക്കാമെന്നതായിരുന്നു അതിലൊന്ന്. റിപ്പോർട്ടുകൾ പ്രകാരം പ്രതിദിനം 20,000-ത്തിലേറെ സന്ദർശകരാണ് മൊണാലിസയുടെ ചിത്രം കാണാൻ മാത്രമായി എത്തുന്നത്. എന്നാൽ, പ്രസിഡന്റിന്റെ ഈ പ്ലാനുകളൊന്നും പ്രശ്‌നം പെട്ടെന്ന് പരിഹരിക്കാൻ ഉതകുന്നതല്ലെന്ന് ജീവനക്കാർ തറപ്പിച്ചുപറയുന്നു.

തുടക്കം കൊട്ടാരത്തിൽനിന്ന്

ഇവിടെ ആദ്യമുണ്ടായിരുന്നത് ലൂവർ കൊട്ടാരമാണ്. ലൂവർ കോംപ്ലക്‌സ് എന്നും അന്നത് അറിയപ്പെട്ടു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഫിലിപ് രണ്ടാമനാണ് നിർമാണം തുടങ്ങിയത്. പതിനാലാം നൂറ്റാണ്ട് മുതൽ സർക്കാരുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം ഇവിടെവെച്ചായിരുന്നു. എന്നാൽ, പിന്നീട് ഈ കോട്ടയുടെയും കൊട്ടാരത്തിന്റെയും പ്രസക്തി നഷ്ടപ്പെട്ടു. അതോടെ രാജകീയവസതിയായി ഉപയോഗിക്കാൻ തുടങ്ങി. രാജ്യത്തെ ഏറ്റവും മികച്ച കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു മ്യൂസിയമായി മാറ്റണമെന്ന് തീരുമാനിക്കുന്നത് ഫ്രഞ്ച് വിപ്ലവകാലത്താണ്.

അങ്ങനെ 1793 ഓഗസ്റ്റ് 10-ന് ലൂവർ മ്യൂസിയം തുറന്നു. അന്ന് 500-ലെറെ പെയിന്റിങ്ങുകളാണ് ഉണ്ടായിരുന്നത്. അതിലേറെയും രാജകുടുംബത്തിന്റേത്. നെപ്പോളിയന്റെ കാലത്താണ്, മ്യൂസിയം വിപുലപ്പെടുന്നത്. പല രാജ്യങ്ങളിൽനിന്നും കൊള്ളയടിച്ച സൃഷ്ടികൾ, നെപ്പോളിയൻ ഈ മ്യൂസിയത്തിൽ സൂക്ഷിച്ചു. എന്നാൽ, നെപ്പോളിയന്റെ സ്ഥാനത്യാഗത്തിനുശേഷം ഇതെല്ലാം ഉടമസ്ഥർക്ക് തിരിച്ചുകൊടുക്കുകയും ചെയ്തു. ലൂയി പതിനെട്ടാമന്റെയും ചാൾസ് പത്താമന്റെയും കാലത്ത്, മ്യൂസിയം വീണ്ടും വലുതായി. കൊട്ടാരത്തിന്റെ പകുതിയിലേറെ സ്ഥലവും മ്യൂസിയമായി മാറി. 1980-കളിൽ മ്യൂസിയം കുറേക്കൂടി വിപുലീകരിച്ചു.

 

ആ സമയത്താണ് മറ്റൊരു പ്രധാന ആകർഷണമായ ലൂവർ പിരമിഡ്, മ്യൂസിയത്തിനുമുന്നിൽ സ്ഥാപിക്കുന്നത്. മൂന്ന് ചെറിയ പിരമിഡുകൾക്ക് നടുവിലുള്ള, പൂർണമായും ഗ്ലാസ് കൊണ്ട് നിർമിച്ച ലൂവർ പിരമിഡ്. 71 അടിയാണ് ഇതിന്റെ ഉയരം. ചൈനീസ്-അമേരിക്കൻ വാസ്തുശില്പിയായ ഇയോങ് മിങ് പീയാണ് ഇത് രൂപകൽപന ചെയ്തത്. മ്യൂസിയത്തിലേക്കുള്ള പ്രധാനകവാടമായിട്ടും, ലൂവർ പിരമിഡ് പ്രവർത്തിക്കുന്നു. പിരമിഡിലൂടെ ഉള്ളിലേക്ക് കയറുന്ന സന്ദർശകർ, അവിടുന്ന് താഴേക്ക് ഇറങ്ങിയശേഷമാണ് മറ്റ് പ്രധാനകെട്ടിടങ്ങളിലേക്ക് കടക്കുന്നത്. ഗ്ലാസ് പിരമിഡ് സ്ഥാപിച്ചപ്പോൾ ഉദ്ദേശിച്ചിരുന്ന വാർഷിക സന്ദർശകരുടെ എണ്ണത്തിന്റെ ഇരട്ടിയാണിപ്പോൾ വന്നുകൊണ്ടിരിക്കുന്നതത്രേ. ആളുകളുടെ എണ്ണം കൂടുന്നത് ഗ്ലാസ് പിരമിഡിനെയും ബാധിക്കുമെന്നും പറയപ്പെടുന്നു.

മൊണാലിസയും വീനസ് ഡി മിലോയും

ഇന്ന് 5 ലക്ഷത്തിലേറെ വസ്തുക്കളും 35,000-ത്തിലേറെ കലാസൃഷ്ടികളും ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. 1797-ലാണ് 'മൊണാലിസ' ഇവിടെത്തുന്നത്. 1911-ൽ ഈ ചിത്രം മോഷണം പോയിരുന്നു. വിൻസെൻസോ പെറുഗ്ഗിയ എന്ന ഇറ്റലിക്കാരനായിരുന്നു ഇതിനുപിന്നിൽ. മോഷണത്തിനു കുറച്ചുനാൾ മുമ്പ്, വിൻസെൻസോ മ്യൂസിയത്തിൽ ജോലിക്ക് കയറി. ചിത്രങ്ങൾ തുടച്ചുവൃത്തിയാക്കുക എന്നതായിരുന്നു പ്രധാന ജോലി. അതിനിടയിലാണ് ആ ചിത്രം കടത്തിക്കൊണ്ടുപോകുന്നത്. അന്ന് സുരക്ഷാക്രമീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല മ്യൂസിയത്തിൽ. ആർക്കുവേണമെങ്കിലും സൗജന്യമായി കയറാം എന്നതായിരുന്നു സ്ഥിതി. ആ സാഹചര്യമാണ് വിൻസെൻസോ മുതലെടുത്തത്. മൂന്നുവർഷത്തോളം മൊണാലിസയുടെ ഒരു തുമ്പും കിട്ടിയില്ല. രണ്ടുവർഷം വിൻസെൻസോയുടെ വീട്ടിൽ തന്നെയായിരുന്നു ആ പെയിന്റിങ്. ഒടുവിൽ വീട്ടിൽനിന്ന് പുറത്തെടുത്തപ്പോഴാണ് പോലീസിന്റെ പിടിയിലാവുന്നത്. ചിത്രം ഇറ്റലിക്കാരുടേതാണെന്നും അതുകൊണ്ടാണ് മോഷ്ടിച്ചതെന്നുമാണ് വിൻസെൻസോ പറഞ്ഞത്. എന്തായാലും 1914-ൽ മൊണാലിസ വീണ്ടും മ്യൂസിയത്തിലെത്തി. ആ മോഷണവും വീണ്ടെടുക്കലുമാണ് ചിത്രത്തിന് ഇത്രയേറെ പ്രശസ്തി നേടിക്കൊടുത്തത്.

ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള ചിത്രങ്ങളിലൊന്നാണ് മൊണാലിസ. ലോകത്തിലേറ്റവും കൂടുതൽ തവണ പ്രതിഷേധത്തിനിരയായ ചിത്രവും മൊണാലിസയാവാം. ഇവിടെയെത്തിയ ചില ആളുകൾ പല കാര്യങ്ങളോടുള്ള പ്രതിഷേധസൂചകമായി, കല്ലും ചുവന്ന പെയിന്റും സെറാമിക് ടീക്കപ്പും സൂപ്പും കേക്കുമെല്ലാം ചിത്രത്തിനുനേരെ വലിച്ചെറിഞ്ഞു. കല്ലേറ് കിട്ടിയശേഷം ബുള്ളറ്റ് പ്രൂഫ് ഗ്ലാസിലാണ് ചിത്രം സൂക്ഷിച്ചിരിക്കുന്നത്.

വിങ്ഡ് വിക്ടറി ഓഫ് സമോത്രേസ് എന്ന സുപ്രസിദ്ധചിത്രമാണ് മറ്റൊന്ന്. ഈജിയൻ കടലിലെ സമോത്രേസ് ദ്വീപിൽനിന്നാണ് ഇത് കണ്ടെത്തിയത്. വിജയത്തിന്റെ ദേവതയായ നൈക്കിന്റെ ശില്പമാണിത്. ചിറകുകളുള്ള എന്നാൽ കൈകളും തലയും നഷ്ടപ്പെട്ട നിലയിലാണ് ഇത് കണ്ടെത്തിയത് തന്നെ. ഈ ഗ്രീക്ക് ശില്പം ലൂവറിലെത്തുന്നത് 1884-ലാണ്. പ്രധാനഗോവണിയുടെ ഏറ്റവും മുകളിലായിട്ടാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.

ജീവനക്കാർ പണിമുടക്കിയതറിയാതെ ക്യൂ നിൽക്കുന്ന സഞ്ചാരികൾ / ഫോട്ടോ: AP

വീനസ് ഡി മിലോ എന്ന പേരിലുള്ള ശില്പമാണ് മറ്റൊരു പ്രധാന ആകർഷണം. സൗന്ദര്യത്തിന്റെയും പ്രണയത്തിന്റെയും ദേവനായ അഫ്രോഡൈറ്റിന്റെ മനോഹരമായ പ്രതിമയാണ്. 1820-ലാണ് ഇത് കണ്ടെത്തുന്നത്. ഗ്രീക്ക് ദ്വീപായ മിലോസിൽനിന്നാണ് ലഭിച്ചത്. അതുകൊണ്ടാണ് വീനസ് ഡി മിലോ എന്ന പേര് ലഭിക്കുന്നത്. മാർബിൾ കൊണ്ടുണ്ടാക്കിയ പ്രതിമയുടെ കൈകൾ നഷ്ടപ്പെട്ടിരുന്നു. തൊട്ടടുത്തവർഷം ഈ ശില്പവും മ്യൂസിയത്തിലെത്തി. ആറടിയിലേറെ ഉയരമുണ്ട് പ്രതിമയ്ക്ക്.

എന്തായാലും ഫ്രാൻസിലെത്തുന്നവർ, തങ്ങളുടെ മസ്റ്റ് ലിസ്റ്റിൽനിന്ന് ഒരിക്കലും ഒഴിവാക്കാത്ത ഒരു പേരാണ് ലൂവർ മ്യൂസിയം. അതുകൊണ്ടുതന്നെ ഓരോ ദിവസവും തിരക്ക് കൂടുന്നതേയുള്ളൂ, കുറയുന്നില്ല.

 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi