നമ്മുടെ നാട്ടിലൊക്കെ ആളുകൾ വിശ്രമജീവിതത്തിന് തയ്യാറെടുക്കുന്ന പ്രായമാണ് 70-കൾ. എന്നാൽ 71-ാം വയസ്സിൽ സിക്സ് പാക്കുമായി മലകയറുന്ന ഒരു ചൈനക്കാരനുണ്ട്. പേര് സൂ ഹെപിങ്. ചോങ്‌ചിങ് സ്വദേശിയായ സൂ ഹെപിങ്ങിന് ദിവസേനയുള്ള മലകയറ്റം യൗവ്വനം നിലനിർത്താനുള്ള ഒരു മാർഗമാണത്രേ.
കഴിഞ്ഞ 45 വർഷമായി, സൂ ഹെപിങ് എല്ലാ ദിവസവും വ്യായാമം ചെയ്യാറുണ്ടെന്ന് ബ്രിട്ടിഷ് മാധ്യമമായ ദി ഗാർഡിയന്റെ റിപ്പോർട്ടിൽ പറയുന്നു. മലകയറ്റവും അതിലൊന്നായിരുന്നു. സാധാരണ രീതിയിലുള്ള മലകയറ്റം വളരെ എളുപ്പമായിത്തോന്നിയപ്പോൾ അദ്ദേഹം സ്വയം ഒരു മാറ്റംകൊണ്ടുവന്നു. മൃഗങ്ങളുടെ ചലനങ്ങൾ അനുകരിച്ച് അവരെപ്പോലെ മലകയറാൻ തനിക്കാവുമോയെന്ന് സ്വയം വെല്ലുവിളിച്ചുനോക്കുകയായിരുന്നു.
തവളയെപ്പോലെ നാല് കാലിൽ ചാടി മല കയറി, മുതലയെപ്പോലെ ഇഴഞ്ഞ് താഴേക്കുമിറങ്ങി. സംഗതി വിജയിച്ചതോടെ സ്ഥിരമായി ഈ രീതിയിൽ ആശാൻ മലകയറാൻ തുടങ്ങി. കഴിഞ്ഞ 15 വർഷമായി പതിവു വ്യായാമങ്ങൾക്കുപുറമെ സൂ ഹെപിങ്ങിന്റെ മലകയറ്റം ഇങ്ങനെയാണ്.
തന്റെ ശരീരത്തിലെ ഒരുപാട് പേശികളെ ഇത് പ്രവർത്തനക്ഷമമാക്കുന്നുണ്ടെന്നും 15 വർഷമായി എല്ലാ ദിവസവും ഇത് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. കഠിനമായ ദിനചര്യ അദ്ദേഹത്തെ ശാരീരികമായി ആരോഗ്യവാനാക്കി. ഹൈക്കിങ്ങിനെത്തുന്ന ചെറുപ്പക്കാരേക്കാളുമെല്ലാം തനിക്ക് ശക്തിയുണ്ടെന്നും അദ്ദേഹം പിന്നീട് തിരിച്ചറിഞ്ഞു. മാത്രമല്ല, ചെറുപ്പകാലത്ത് ഉണ്ടായിരുന്നതിനേക്കാൾ ശാരീരികക്ഷമതയും ആത്മബലവും തനിക്കിപ്പോഴുണ്ടെന്നും വർഷം മുഴുവൻ വ്യായാമം ചെയ്യുന്നതിന്റെ ഫലമാണതെന്നും അദ്ദേഹം പറയുന്നു.
വഴിത്തിരിവ്
എല്ലാവരുടെയും ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കുന്ന ചില കാര്യങ്ങളുണ്ട്. അങ്ങനെയൊന്ന് അദ്ദേഹത്തിന്റെ ജീവിതത്തിലുമുണ്ട്. 1979-ലാണത് സംഭവിക്കുന്നത്. ഓട്ടത്തിന്റെ ഗുണങ്ങളെക്കുറിച്ചുള്ള ഒരു ലേഖനം വായിച്ചതായിരുന്നു അത്. ചുമട്ടുതൊഴിലാളിയായി ജോലിചെയ്തിരുന്ന സമയമാണത്. ഭാരമേറിയ ഗൃഹോപകരണങ്ങൾ പട്ടണത്തിലുടനീളം കൊണ്ടുപോകുന്ന, കഠിനാധ്വാനമുള്ള ജോലിയായിരുന്നിട്ടും ദിവസേനയുള്ള ഓട്ടത്തോടും വ്യായാമത്തോടും അദ്ദേഹം ഉപേക്ഷ കാണിച്ചില്ല. ഇപ്പോൾ ജോലിയിൽ നിന്ന് വിരമിച്ചതാണ്. പക്ഷേ, മലകയറ്റത്തിൽ സജീവം. ദിവസവും രണ്ടോ മൂന്നോ തവണ വ്യായാമം ചെയ്യുകയും ലളിതമായ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു.
മലകയറ്റം പോലുള്ള എയ്റോബിക് വ്യായാമങ്ങൾ സ്ഥിരമായി ചെയ്യുന്നത് ഹൃദയത്തെ ശക്തിപ്പെടുത്തുകയും, രക്തചംക്രമണം മെച്ചപ്പെടുത്തുകയും, രക്തസമ്മർദ്ദവും കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. പേശികളുടെയും എല്ലുകളുടെയും ബലം, മാനസികാരോഗ്യം, ദീർഘായുസ്സ് എന്നിവയാണ് മലകയറ്റത്തിന്റെ ഗുണങ്ങൾ.
അതേസമയം, മലകയറ്റത്തിൽ അപകടങ്ങളും പതിയിരിപ്പുണ്ട്. പെട്ടെന്നൊരു ദിവസം മയകയറ്റത്തിലേക്ക് കടക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്തേക്കില്ല. ചെറിയ രീതിയിൽ പരിശീലനം ആരംഭിച്ച് വിദഗ്ധരുടെ നിർദേശപ്രകാരം മാത്രമേ അത്തരം കാര്യങ്ങൾക്ക് ഇറങ്ങിപ്പുറപ്പെടാവൂ. ആവശ്യത്തിന് വിശ്രമവും ഉറപ്പാക്കണം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: A 70-year-old Chinese man climbs a mountain daily using animal-like movements, claiming he`s stronger than younger hikers.
Published: 11 Sept 2025, 02:57 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented