കഴിഞ്ഞയാഴ്ച പുറത്തുവന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ ചിത്രത്തിന്റെ ടീസർ വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. ഇന്റിമേറ്റ് രംഗങ്ങളടങ്ങിയ ടീസർ അശ്ലീലമാണെന്നു കാട്ടി പരാതികൾ വരെ ലഭിക്കുകയുണ്ടായി. വിവാദങ്ങൾക്കിടെ, യഷിന്റെ ‘വീക്കെൻഡ് വിത്ത് രമേഷ്’ എന്ന പരിപാടിയിലെ ഒരു പഴയ വീഡിയോ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്. കന്നഡ ടോക്ക് ഷോയിൽ അവതാരകൻ രമേഷ് അരവിന്ദിനോട് സംസാരിക്കവേ, യഷ് പറഞ്ഞത് ഇങ്ങനെയായിരുന്നു- "എന്റെ അച്ഛനമ്മമാർക്കൊപ്പം കാണാൻ അസ്വസ്ഥത തോന്നുന്ന ഒരു രംഗവും ഞാൻ ചെയ്യില്ല."

To advertise here,

ഇതോടെ, യഷിനെ വ്യാപകമായി ട്രോളുകയാണ് നെറ്റിസൺസ്. ഇതിനിടയിലും വലിയൊരു വിഭാഗം ആരാധകർ അദ്ദേഹത്തെ പിന്തുണയ്ക്കുന്നുമുണ്ട്. ആളുകൾ മാറും, അവരുടെ കാഴ്ചപ്പാടുകൾ വളരും, മനുഷ്യർ പരിണമിക്കുന്നു, അന്നദ്ദേഹം അങ്ങനെ വിശ്വസിച്ചിരിക്കാം, ഇപ്പോൾ അദ്ദേഹത്തിന്റെ തത്വങ്ങൾ മാറിയിരിക്കാം, 15 വർഷത്തിന് ശേഷം ചിന്താഗതികൾ മാറും, എല്ലാവരും അങ്ങനെയാണ്, ഇത് കേവലമൊരു രംഗത്തിലെ അഭിനയം മാത്രമാണ്, നിയമവിരുദ്ധമോ പാപമോ അല്ല എന്നിങ്ങനെ നീളുന്നു കമന്റുകൾ.

അതേസമയം, വിവാദങ്ങളോട് യഷ് ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

"ടീസറിലെ അശ്ലീലമായ ഉള്ളടക്കം സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹിക ക്ഷേമത്തിന് ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തുന്നു. പ്രായവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകളില്ലാതെ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയ ഈ രംഗങ്ങൾ സ്ത്രീകളുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുകയും കന്നഡ സംസ്കാരത്തെ അപമാനിക്കുകയും ചെയ്യുന്നു."-എന്നാണ് ടീസറിനെതിരായ പരാതിയിൽ, എഎപി സംസ്ഥാന സെക്രട്ടറി ഉഷ മോഹൻ പറയുന്നത്. 

കിയാര അദ്വാനി, താര സുതാരിയ, നയൻതാര എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. മാർച്ച് 19-നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi