ഒരിക്കലും പ്രതീക്ഷിക്കാതെ മനസ്സിന്റെ മുറ്റത്ത് സത്യന്‍തന്നെ നട്ടുനനച്ച് വളര്‍ത്തിയൊരു ഒറ്റപ്പൂമരക്കാടാണ് എനിക്ക് സത്യന്‍ അന്തിക്കാട്. ഒരേയൊരു പൂമരത്തില്‍നിന്ന് ഒരു കാട് സൃഷ്ടിച്ചെടുക്കുക എളുപ്പമല്ല. ആ കാട്ടിനുള്ളില്‍ മീശയില്ലാ വാസു ഇന്നും മീശപിരിച്ച് നില്‍ക്കണം. തട്ടാന്‍ ഭാസ്‌കരനെ പറ്റിച്ച് പത്ത് പവന്റെ മാല കഴുത്തിലിട്ട്, ഗള്‍ഫുകാരനായ ഭര്‍ത്താവിനൊപ്പം തട്ടാന്റെ മുന്നിലൂടെ സാരിയുടെ ചുളിവുകള്‍ ഇളക്കിയിളക്കി ഗര്‍വോടെ അവന്റെ പ്രണയത്തെ തേച്ചുകാണിച്ച്, സ്നേഹലതയെന്ന പ്രണയപയോധിനി വയല്‍വരമ്പിലൂടെ ഒഴുകിയങ്ങ് നടക്കണം. സ്വന്തം ആഗ്രഹനിവൃത്തിക്കായി പരിപ്പുവടയും പൊതിഞ്ഞുപിടിച്ച്, തലേന്ന് പകല്‍ പുച്ഛിച്ചുതള്ളിയ സ്ത്രീയുടെ തിണ്ണമുറ്റത്ത് രാത്രിനേരം ആരും കാണാതെവന്ന യോഗ്യനായ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ ചേട്ടന്‍ തലക്കെട്ടഴിച്ച് വഷളന്‍ ചിരി ചിരിക്കണം. അഹങ്കാരപര്‍വതംപോല്‍ നിന്ന ജ്യോതിഷ മാന്ത്രികരത്നം പി.വി. പണിക്കര്‍ ചുറ്റുമുള്ള സാധാ പര്‍വതങ്ങള്‍ക്ക് മുന്നില്‍ സാഷ്ടാംഗം വീണ്, ക്ഷമചോദിക്കണം. പ്രണയിച്ച മുറപ്പെണ്ണിന്റെ വില്ലനായ അച്ഛന്‍ കളരിക്കല്‍ ശങ്കരന്‍കുട്ടി മേനോന്‍ അവര്‍കളെ കസേരയില്‍ ആദരവോടെയിരുത്തി ക്ഷൗരം ചെയ്തുകൊടുക്കുന്ന വേലായുധന്‍കുട്ടിയോട്, നിനക്ക് മുന്നില്‍ ഒന്ന് തോറ്റുകാണാനാഗ്രഹിച്ച അച്ഛനാടാ ഞാനെന്ന്, തന്നെ ഏറ്റവും വെറുത്ത മോള്‍ക്കും അവളുടെ അമ്മയ്ക്കും മുന്നില്‍വെച്ച് മനസ്സുതുറന്ന് സമര്‍പ്പിക്കാന്‍ മേനോന് കഴിയണം. ശരിക്കും നിങ്ങളാരാണെന്ന് ഒരു പത്രാധിപര്‍ അതിശയത്തോടെ ചോദിക്കുമ്പോള്‍, 'അയാം ആന്‍ ഏജന്റ്. ഏജന്റ് ഫ്രെം ദി ഹെവന്‍' എന്ന് ക്യാപ്റ്റന്‍ വിജയ് മേനോന് പറയാന്‍ സാധിക്കണം. അങ്ങനെയങ്ങനെ, അനവധി വിത്ത് മുളച്ച്, തളിരിട്ട്, തടംതീര്‍ത്ത്, വളര്‍ന്നുമുറ്റിയാലേ, എന്റെ ഈ പൂമരം ഒറ്റപ്പൂമരക്കാടാവൂ.

ഒരു സംശയവുമില്ലാതെ എനിക്ക് പറയാന്‍ കഴിയും. എനിക്കവന്‍ ഒരൊറ്റപ്പൂമരക്കാടാണ്. എത്രവേണമെങ്കിലും പൂപറിക്കാം. വിത്ത് പെറുക്കി മുളപ്പിക്കാം. സത്യനോട് ഒരു കഥ പറഞ്ഞുകഴിഞ്ഞാല്‍, അതവസാനിക്കുന്ന കിതപ്പില്‍നിന്ന് മറ്റൊരു കഥ ജനിപ്പിക്കാം. അതെങ്ങനെ സാധിക്കുന്നുവെന്ന് എനിക്കറിയില്ല. സാധിക്കാറുണ്ട്. അനവധി കഥകള്‍ അവനെ മുന്നില്‍ക്കണ്ടുകൊണ്ട് എന്നില്‍ പിറന്നിട്ടുണ്ട്. പക്ഷേ, അതൊന്നും സത്യനോട് ഞാന്‍ പറയാറില്ല. സത്യനുള്ളത് വേറെത്തന്നെ തരംതിരിച്ചെടുക്കണം. അതൊരു സാഹസമാണ്. സത്യന് നല്‍കാനൊരു കഥ ചിന്തിക്കുന്നതേ, ഒരു മലകയറ്റമോ പുഴയിലേക്കൊരു മുങ്ങാംകുഴിയിടലോ ആണ്. അതുകൊണ്ടാവും സത്യനായി കഥകള്‍ ആ ഒറ്റപ്പൂമരക്കാട്ടില്‍ വാരിവിതറാന്‍ ഞാന്‍ മടിക്കുന്നതും. അവിടെ വീണുകിടക്കുന്ന വിത്തുകള്‍ മതി, പറന്നുനടക്കുന്ന പുഷ്പദളങ്ങള്‍ മതി. മുളച്ചുവളര്‍ന്ന് മുറ്റിനിന്നാലേ, മറ്റുള്ള ശിഖരങ്ങളെല്ലാമൊതുക്കി ഒരു തനിപൂമരം അവനെ കാണിക്കാന്‍ സാധിക്കൂ.

സ്‌കൂളിലെ മാതൃഭൂമി ബാലപംക്തിക്കാലത്താണ് സത്യന്‍ എന്നെ ശ്രദ്ധിച്ചുതുടങ്ങിയതെന്ന് എവിടെവെച്ചോ അവന്‍ പറഞ്ഞതായി ഞാന്‍ വായിച്ചിട്ടുണ്ട്. അന്ന് ഞാന്‍ 'പലേരി' എന്നൊന്നും പേരിനോട് കെട്ടിവെച്ചിരുന്നില്ല. ഉള്ള പേരിലെ 'ഘു'തന്നെ കടക്കാന്‍ പ്രയാസം. 'ര' എങ്ങനേങ്കിലും ഒപ്പിക്കാം. പത്താംക്ലാസ് കടന്നപ്പോള്‍, ഒരു കഥയെഴുതി ബാലപംക്തിക്കയച്ചു. അവിടത്തെ ഹെഡ്മാഷ് കുഞ്ഞുണ്ണിമാഷായിരുന്നു. ബാലപംക്തിയുടെ മതില് ചാടാനുള്ള പ്രായമായെന്ന് പറഞ്ഞ് കുഞ്ഞുണ്ണിമാഷ് ചിരിയോടെ കഥ തിരിച്ചയച്ചു. അത് മറ്റേതെങ്കിലും വാരികയ്ക്ക് അയക്കാന്‍ പറഞ്ഞു. അദ്ദേഹംതന്നെയാണ് വാരികയുടെ പേര് നിര്‍ദേശിച്ചതും; ചന്ദ്രിക.

placeholder
'മഴവില്‍ക്കാവടി'യില്‍ മീനയും സിതാരയും

അന്നത്തെ ചന്ദ്രിക വാരികയുടെ മഹാമനസ്സുള്ള പത്രാധിപരായിരുന്നു കാനേഷ് പൂനൂരെന്ന ഹക്കീം. എന്തുകൊണ്ടാണെന്നറിയില്ല, അദ്ദേഹം ആ കഥ പ്രസിദ്ധീകരിച്ചു. ആ കഥയിലൂടെയാണ് രഘുനാഥ് എന്ന പേരിലേക്ക് 'പലേരി' കടന്നുവരുന്നത്. അമ്മയുടെ തറവാടാണ് പലേരി. അക്ഷരങ്ങളുടെ പ്രകാശം കണ്‍നിറയെ കാണിച്ചുതന്ന അമ്മയോട് ചേര്‍ന്നങ്ങനെ നില്‍ക്കാനുള്ള കൊതികൊണ്ടാവും ഞാന്‍ രഘുനാഥ് പലേരിയായത്. അതിനുശേഷം അനവധി പലേരികളെ ഞാന്‍ തറവാട്ടുമുറ്റത്തും പറമ്പിലും താവഴികളിലും വെച്ച് കൂട്ടിമുട്ടിയിട്ടുണ്ട്. എന്നാലും പേരിനൊപ്പം ഞാനൊരു പലേരി ആദ്യമായി ചേര്‍ത്തുവായിച്ചത് എന്റെ മൂത്തജ്യേഷ്ഠന്റെ നാമമാണ്; പ്രഭാകരന്‍ പലേരി. എന്താ അതിന്റെ ഗമ! പ്രഭാകരന്‍. രഘുനാഥൊന്നും എത്ര വലുതായാലും അതിനൊപ്പമെത്തില്ല.

പ്രഭാകരനൊപ്പം രഘുനാഥിന് പിടിച്ചുനില്‍ക്കാന്‍ പറ്റില്ലെന്ന് എന്നോട് പറഞ്ഞത് പശുവിനെ കളഞ്ഞ പാപ്പിയാണ്. തട്ടാന്‍ ഭാസ്‌കരന്റെ അച്ഛന്‍ മൂത്തതട്ടാന്‍ മരിച്ച നിലവിളികേട്ട് പശുവിന്റെ കയറ് വിട്ടോടിയെത്തിയ പാപ്പി, മൂത്തതട്ടാന്‍ മരിച്ചിട്ടില്ലെന്നും അത് വെറും ഫേക്കായിരുന്നെന്നും അറിഞ്ഞതും പശുവിനെയോര്‍ത്ത് നിലവിളിച്ച് വഴിയിലേക്കോടിവന്നു. അവിടെ പശുവില്ല. കിട്ടിയ തക്കത്തിന് പശു ഏതോ കാമുകന്റെകൂടെ പോയിക്കാണും. 
പാപ്പിയുടെ വെപ്രാളം കണ്ട് മൂത്തതട്ടാന്റെ മരണം കാണാന്‍വന്നവരെല്ലാം ചുറ്റും കൂടിനിന്ന് സ്ഥലംവിട്ടു. ഒടുക്കം പാപ്പിക്ക് ആശ്വാസം നല്‍കാനായി ഒപ്പം നിന്നത് അബൂബക്കറാണ്. അബൂബക്കറിനൊരു ചായക്കടയുണ്ട്. ആര്‍ക്കെന്ത് പ്രശ്നം വന്നാലും ആ ചായക്കടയില്‍നിന്ന് കടപൂട്ടാതെ സംഭവം നടക്കുന്നിടത്തേക്ക് അബൂബക്കര്‍ ഓടിച്ചെല്ലും. കഴിയുന്ന സഹായം ചെയ്യും. അത്രയും നേരം കട മറ്റാരെങ്കിലും നോക്കുന്നുണ്ടാവാം. വരുന്നവര്‍ക്ക് ചായയോ കാപ്പിയോ വടയോ എടുത്തുകൊടുക്കുന്നുണ്ടാവാം. കിട്ടിയ പൈസ വാങ്ങി അബൂബക്കറിന്റെ പെട്ടിയിലിടുന്നുണ്ടാവാം. ഗ്രാമീണജീവിതത്തിലെ നിതാന്തമായൊരു നന്മയുടെ ഊര്‍ജഭാവമാണ് ആ രംഗങ്ങളിലൂടെ പറയാതെയും കാണിക്കാതെയും പറഞ്ഞുപോകുന്നത്. അത് ചിന്തിക്കേണ്ടത് കാണികളാണ്. അവരങ്ങനെ ചിന്തിക്കുന്നതുകൊണ്ടാവാം അത്തരം നിഷ്‌കളങ്കകഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളുമെല്ലാം പൂമരക്കാടുപോലെ, ഇന്നും എന്നും തളിര്‍ത്തുനില്‍ക്കുന്നത്. പാപ്പിയുടെ പശുവിനെ കാണാത്ത ദുഃഖം അന്ന് സത്യന്‍ പകര്‍ത്തി.

പിന്നീട് പകര്‍ത്താനുള്ളത് പാപ്പിയും അബൂബക്കറും കൂടി പശുവിനെ തേടിയുള്ള ഒരു പോക്കങ്ങ് പോകുന്നതാണ്. സിനിമയിലെ അവരുടെ ആ നടത്തം സാധിക്കുമെങ്കില്‍, ഇത് വായിക്കുന്നവരൊന്ന് കണ്ടുനോക്കണം. നമ്മുടെ ചാന്ദ്രയാന്‍ മൂന്ന് ഭ്രമണപഥത്തിലേക്ക് പറന്നുപോയ അതേ ഗമയും ചങ്ങാത്തവും ആ നടത്തത്തിലും പശ്ചാത്തലത്തിലും കാണാം. തിരക്കഥയിലെ ഓരോ സന്ദര്‍ഭവരികള്‍ക്കും ഓരോ അദൃശ്യചിന്താകവചമുണ്ടാകും. അതാണ് തിരക്കഥയെഴുതുന്ന ആള്‍ കാണുന്ന ദൃശ്യചാരുത. സംവിധായകനെ കാണിക്കാന്‍ തിരക്കഥാകാരന് ക്യാമറയിലത് ചിത്രീകരിക്കാന്‍ സാധിക്കില്ല. അത് മനോക്യാമറയാല്‍ സംവിധായകന് പിടിച്ചെടുക്കാന്‍ സാധിക്കണം. ആ സിദ്ധിയാണ് സത്യസന്ധമായ സംവിധായകസിദ്ധി. സത്യനില്‍ അത് ശക്തമായുണ്ടെന്നത് എനിക്കനുഭവമാണ്. അത് ഒരു തിരക്കഥയ്ക്ക് ലഭിക്കുന്ന ഭാഗ്യമാണ്. പാപ്പിയെയും കൂട്ടി അബൂബക്കര്‍ക്ക് പോകേണ്ടത് ഹാജിയാരുടെ വീട്ടിലേക്കാണ്. അവിടത്തെ ആലയില്‍ ആ പശു തിരിച്ചെത്തിയിട്ടുണ്ടാവുമെന്ന് അബൂബക്കറിനുറപ്പാണ്. ആ ഉറപ്പിലുള്ള വിശ്വാസമാണ് പാപ്പിയുടെയും ഉറപ്പ്. അതാണ്, അവരുടെ ആ നടത്തത്തിന് അത്രയും ചാന്ദ്രയാന്‍ കോണ്‍ഫിഡന്‍സ് കൈവന്നതും. 

ആ നടത്തം ചിത്രീകരിക്കാനുള്ള വിശാലതയിലേക്ക് സത്യനും സംഘവും പോയനേരം വീണുകിട്ടിയ ഇത്തിരി സമയത്തിനിടയ്ക്കാണ് പാപ്പിയായിവന്ന ഒടുവില്‍ ഉണ്ണികൃഷ്ണന്‍ മൂത്തതട്ടാന്റെ വീട്ടുകോലായിലിരുന്ന്, രഘുനാഥ് എത്ര 'പലേരി'യെടുത്തുവെച്ചാലും പ്രഭാകരന്‍ പലേരിക്കൊപ്പമെത്തില്ലെന്ന് എന്നോട് അച്ചട്ട് പറഞ്ഞത്. ഞാന്‍ ചോദിച്ചു: ''അതെന്താവും അങ്ങനെ?''
ഒടുവില്‍ സത്യം പറഞ്ഞു: ''പ്രഭാകരന്‍ മൂത്ത ആളല്ലേ? അച്ഛനറിഞ്ഞിട്ട പേരാണ്. 'ഭ'യുടെ അടുത്ത് 'ഘ'യ്ക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റൂലെന്ന് അച്ഛനപ്പഴേ കണ്ടിട്ടുണ്ട്. ഇനി നിര്‍ബന്ധാച്ചാല്‍, രഘൂന് പേര് രഭാകരന്‍ പലേരിയെന്നാക്കാം. എന്നാലും പറ്റൂലാ. ഏട്ടന് ഇപ്രത്ത് 'പ്ര' ഉണ്ട്. 'പ്ര' 'ര'യെ കടിക്കും.''
അഗ്നിനാളം കണ്ടിട്ടില്ലേ? അഗ്നിനാളത്തിന്റെ തുമ്പ് കണ്ടിട്ടില്ലേ? ആ തുമ്പുപോലാണ് നര്‍മം. തെളിമയോടെ വെളിപ്പെടുത്തുകയും അതിലും തെളിമയോടെ ആസ്വദിക്കുകയും ചെയ്തില്ലെങ്കില്‍, കേള്‍വിക്കാരനും കാഴ്ചക്കാരനും ചിന്തയില്‍ പൊള്ളലേല്‍ക്കും. നര്‍മത്തിന്റെ ലക്ഷ്യം വെറുമൊരു ചിരിയല്ല. ചിരിയുടെ പുതപ്പായി കണ്ണില്‍ പടരുന്നൊരു കരുണയുടെ നനവും കൂടിച്ചേര്‍ന്നതാണ്. അത് തിരിച്ചറിയുമ്പോഴാണ് തട്ടാന്‍ ഭാസ്‌കരന്മാര്‍ക്ക് തുടര്‍ന്നും ജീവിതമാസ്വദിക്കാനുള്ള ഊര്‍ജം കിട്ടുന്നത്. പത്ത് പവനും തട്ടിയെടുത്ത് കാമുകി സ്നേഹലത നന്നായി ഇസ്തിരിയിട്ട് തേച്ചുപോയി കല്യാണംകഴിച്ച ദിവസം, മദ്യപിച്ച് പൂസായി വീട്ടിലെത്തിയ ഭാസ്‌കരനോട് മൂത്തതട്ടാനായ അച്ഛന്‍ ചോദിക്കുന്നുണ്ട്: ''മോനെത്രയാ കുടിച്ചത്?''
ഭാസ്‌കരന്‍ സത്യം പറഞ്ഞു: ''നൂറുമില്ലി.''
അച്ഛന്റെ ഉത്തരം: ''അമ്മയറിയാതെ ഒരിരുനൂറ് എനിക്കും വാങ്ങിച്ചുതരായിരുന്നു. നീയത് ചെയ്തില്ല.''

തകര്‍ന്ന് തരിപ്പണമായ ഭാസ്‌കരന്‍ അവിടന്നങ്ങോട്ട് വീണ്ടും തട്ടാനാവുന്നത് എത്ര പെട്ടെന്നാണെന്ന് നോക്കൂ. നര്‍മം സകല ഭീതിയുടെയും വേരിളക്കും. സകല ഉള്‍സ്ഫോടനങ്ങളും പൂമഴയാക്കും. മനസ്സില്‍നിന്ന് വരുന്ന തീയുണ്ടയാണ് നര്‍മം. ജീവിതം രുചിച്ച് ജീവിക്കുന്നവരുടെ ചിന്താസരണിയില്‍ കടഞ്ഞെടുക്കുന്ന തത്ത്വചിന്താഗുളികകള്‍. ഉള്‍മനസ്സിലേക്ക് പടര്‍ന്നുകയറിയാല്‍, അവസാനനക്ഷത്രം കാണുന്നതുവരെ അത് നമ്മെ ആകാശം കാണിക്കും.
സത്യന് ആദ്യം നല്‍കിയ തിരക്കഥയാണ് 'പൊന്മുട്ടയിടുന്ന തട്ടാന്‍'. പേരിന്റെകൂടെ താറാവൊന്നും അന്നില്ല. 'പൊന്മുട്ടയിടുന്ന താറാവെ'ന്നൊരു പഴമൊഴിക്കഥ പണ്ടേ കേള്‍ക്കാറുണ്ട്. ദിനവും ഓരോ പൊന്മുട്ടയിടുന്ന താറാവിനെ എല്ലാ പൊന്മുട്ടകളും ഒന്നിച്ച് കിട്ടാനുള്ള ആര്‍ത്തി കാരണം ഒരു വിവരദോഷി കൊന്ന കഥ. പക്ഷേ, എന്റെ തട്ടാന്‍ സൂര്യനായിരുന്നു. തട്ടാനെന്ന ആ കഥാപാത്രത്തെ മനസ്സിലാക്കാനോ അല്ലെങ്കില്‍ നന്മയോടെ ചിന്തിക്കാനോ ഉള്ള കഴിവില്ലാതെ, ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ഒരു മുട്ടയുമിട്ടിട്ടില്ലാത്ത ഏതോ തട്ടാന്‍സംഘം എന്തിനാണ് ആ പേരിനെതിരേ തുള്ളിക്കളിച്ചതെന്ന് ഇന്നുമെനിക്കറിയില്ല. പക്ഷേ, അതിനും നര്‍മംകൊണ്ടാണ് സത്യന്‍ മറുപടി നല്‍കിയത്. സിനിമയുടെ പേര് 'പൊന്മുട്ടയിടുന്ന തട്ടാന്‍' എന്നതിന് പകരം 'താറാവാ'ക്കുന്നുവെന്ന് പരസ്യം ചെയ്തു. അതേസമയം അതിശക്തമായൊരു നര്‍മസന്ദേശംകൂടി സത്യന്‍ അതില്‍ തിരുകി: 'താറാവുകള്‍ പ്രതിഷേധിക്കില്ലെന്ന് കരുതുന്നു.'

placeholder
'പൊന്‍മുട്ടയിടുന്ന താറാവി'ല്‍ ശങ്കരാടി, ജഗതി ശ്രീകുമാര്‍, മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍

സത്യത്തില്‍, താറാവുകള്‍ക്ക് പ്രതിഷേധിക്കാനുള്ള വകുപ്പുണ്ടല്ലോ. മനുഷ്യകുലത്തിലെ തട്ടാന് പകരം ഞങ്ങളെ അവിടെ കുടിയിരുത്താന്‍ നിങ്ങളാരെടാ എന്നവര്‍ക്ക് ചോദിക്കാലോ. പിന്നീടൊരിക്കലും മുട്ടയിടാതിരിക്കാലോ. താറാവുകളുടെ മനസ്സില്‍ മനുഷ്യനെക്കാള്‍ നര്‍മമുള്ളതുകൊണ്ടുമാത്രമാണ്, അങ്ങനൊരു ദുരന്തം പിന്നീടുണ്ടാവാതിരുന്നത്.

'ഒന്നുമുതല്‍ പൂജ്യംവരെ' ചിത്രീകരിക്കുന്ന സമയത്ത് നെടുമുടി വേണുവിനോട് ഞാന്‍ പൊന്മുട്ടയിടുന്ന തട്ടാനെക്കുറിച്ച് പറഞ്ഞിരുന്നു. വേണുവാണ് സത്യനോട് തട്ടാനെക്കുറിച്ച് പറഞ്ഞതെന്ന് സത്യന്റെ അഭിമുഖത്തില്‍ കേട്ടിട്ടുമുണ്ട്. ഇത് സത്യന്‍ എന്നോടും പറഞ്ഞിട്ടുണ്ടാവും. എന്തോ എനിക്കത് ഓര്‍മ്മയില്ല. അത് സാരമില്ല, ആരെങ്കിലുമൊരാള്‍ ഓര്‍ത്താല്‍ മതിയല്ലോ.

'പിറവി' എന്ന ഷാജി എന്‍. കരുണ്‍ സിനിമ കാഞ്ഞങ്ങാട്ട് ചിത്രീകരിക്കുന്ന കാലത്താണ് സത്യന്‍ എന്നെയും തേടി തൃശ്ശൂരില്‍നിന്ന് കാഞ്ഞങ്ങാട്ട് വരുന്നത്. അക്കാലത്ത് എത്ര ദൂരമോടിയാലും എത്താത്തൊരു ദൂരമാണത്. മഴയുള്ളൊരു പകല്‍നേരത്താണ് സത്യന്‍ വന്ന് കഥ ചോദിക്കുന്നത്. ശ്രീനിവാസനെ തട്ടാനാക്കാനുള്ള താത്പര്യം ഞാന്‍ പറഞ്ഞു. സത്യന്‍ സമ്മതിച്ചു. സത്യനെ അതിനുമുന്‍പ് ചിലപ്പോഴെല്ലാം കണ്ടിട്ടുണ്ടെങ്കിലും മനോവാതിലുകളെല്ലാം തുറന്നതും ചുവരുകള്‍ ഇടിച്ചുകളഞ്ഞതുമെല്ലാം ആ ഒറ്റ കൂടിക്കാഴ്ചയിലാണ്. പഴയ കഥയിലെ താറാവ് പൊന്മുട്ടയിടുന്ന ആനന്ദത്തോടെയാണ് ആ തിരക്കഥ ഞാനെഴുതിയത്. ഗുരുവായൂരിലെ മുറിയില്‍ രാത്രി നേരം വളരെ വൈകിയാണ് തിരക്കഥ സത്യനും നിര്‍മാതാവ് മുദ്ര ശശിക്കും വായിച്ചുകൊടുത്തത്.

'പൊന്മുട്ടയിടുന്ന തട്ടാന്‍' 'പൊന്മുട്ടയിടുന്ന താറാവാ'യതില്‍ എനിക്ക് വേദനിച്ചിരുന്നില്ല. മുട്ടയില്ലെങ്കില്‍, ഓംലറ്റ്. അത്രേയുള്ളൂ, എനിക്കും സത്യനും. ഞങ്ങള്‍ക്കാരോടും തല്ലുകൂടാനുള്ള താത്പര്യമില്ല. പക്ഷേ, നര്‍മമെറിഞ്ഞ് സത്യന്‍ ശരിക്കും ആ ശത്രുഭാവത്തെ നിശ്ശബ്ദമാക്കിയില്ലേ? അതാണ് പറഞ്ഞത്, നേരാംവണ്ണം നര്‍മമുപയോഗിച്ചാല്‍ ആറ്റംബോംബുവരെ താഴെ വീഴാതെ തിരികെവരും. പക്ഷേ, നര്‍മമറിയണം. സത്യന് അതറിയാം.
അയാളൊരു നര്‍മനന്തിക്കാടാണ്. തനിക്കെത്ര പൂമരം വേണം, എത്ര വേണ്ട എന്നുറപ്പുള്ളൊരന്തിക്കാടന്‍. സത്യനെക്കുറിച്ചും ഞങ്ങളുടെ സിനിമകളെക്കുറിച്ചും എത്രയോ പറയാനുണ്ട്. തത്കാലം ഇത്രയും മതി. പുറത്ത് നല്ല മഴയുണ്ട്. പെയ്യുന്നത് മുഴുവന്‍ വെള്ളം. എനിക്കാ മഴയൊന്ന് കാണണം.
സ്വസ്തി.
ശുഭം.
ജയ്ഹിന്ദ്.