സിനിമരംഗത്തെ കീഴ്‌വഴക്കമനുസരിച്ച് നായകന്മാര്‍ക്കായിരിക്കും വില്ലന്മാരേക്കാള്‍ പ്രതിഫലവും പരിഗണനയുമൊക്കെ കിട്ടുക. എന്നാല്‍ അമിതാഭ് ബച്ചന്‍ ജനപ്രീതി പിടിച്ചുവന്ന 1970-കളില്‍ അന്ന് സിനിമയില്‍ സജീവമായിരുന്ന മറ്റൊരാളാണ് ഏറ്റവും ഉയര്‍ന്ന പ്രതിഫലം കൈപ്പറ്റിയിരുന്നത്, നായകനല്ല, വില്ലന്‍. പല സിനിമകളിലും ലീഡ് റോളുകളിലേക്ക് ക്ഷണിച്ചിട്ടും ഒരുമടിയും കൂടാതെ അവയില്‍ പലതും നിരസിച്ച വ്യക്തി. സിനിമാരംഗത്ത് പ്രാണ്‍ എന്ന് അറിയപ്പെട്ട പ്രാണ്‍ കിഷന്‍ സിക്കന്ദ് ആണത്. 

ബോളിവുഡിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വില്ലന്‍മാരില്‍ ഒരാള്‍. 1940-കളില്‍ പഞ്ചാബി, ഹിന്ദി സിനിമകളില്‍ നായകവേഷത്തിലൂടെയാണ് പ്രാണ്‍ അഭിനയത്തിലേക്ക് കടക്കുന്നത്. പിന്നീട് പതിയെ വില്ലന്‍ വേഷങ്ങളിലേക്ക് ചുവടുമാറ്റി. 1980-കള്‍ വരെ പേരെടുത്ത വില്ലനായി. രാം ഓര്‍ ശ്യാം, മധുമതി, കശ്മീര്‍ കി കലി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 1960-കളോടെ വളരെ പ്രാധാന്യത്തോടെ പ്രാണ്‍ പോസ്റ്ററുകളില്‍ ഇടംപിടിച്ചിരുന്നു. സിനിമകളില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നത് പ്രത്യേകം പരസ്യം ചെയ്യപ്പെട്ടു. അതോടെ പ്രാണ്‍ തന്റെ പ്രതിഫലവും ഉയര്‍ത്തി. 

1968 മുതല്‍ 82 വരെയുള്ള കാലയളവില്‍ പ്രാണ്‍ ഓരോ സിനിമയ്ക്കും ഏതാനും ലക്ഷങ്ങള്‍ പ്രതിഫലം കൈപ്പറ്റിയിരുന്നെന്നാണ് വിവരം. അന്ന് തിളങ്ങിനിന്ന ജിതേന്ദ്ര, ധര്‍മേന്ദ്ര, സുനില്‍ ദത്ത്, വിനോദ് ഖന്ന, അമിതാഭ് ബച്ചന്‍ എന്നിവരേക്കാളുമൊക്കെ അധികമാണിത്.  

കുറച്ച് കാലം രാജേഷ് ഖന്നയായിരുന്നു ഇന്ത്യയിലെ ഏറ്റവും പ്രതിഫലം കൈപ്പറ്റിയ വ്യക്തി. പിന്നാലെ ആ സ്ഥാനം പ്രാണിനായി. 80-കളില്‍ അമിതാഭ് ബച്ചന്‍ പ്രതിഫലം 12 ലക്ഷത്തിലേക്ക് ഉയര്‍ത്തുന്നതുവരെ പ്രാണ്‍ ആയിരുന്നു മുകളില്‍. പോസിറ്റീവ് വേഷങ്ങളും പ്രാണ്‍ ചെയ്തിട്ടുണ്ടെങ്കിലും ശ്രദ്ധിക്കപ്പെട്ടത് നെഗറ്റീവ് റോളുകളാണ്. ഏറെ ഭയപ്പെടുത്തുന്നതായിരുന്നു പ്രാണിന്റെ നെഗറ്റീവ് റോളുകള്‍. വില്ലനായി കത്തിക്കയറി നിന്ന സമയത്ത് മോശം വ്യക്തിയെന്ന അര്‍ഥത്തില്‍ പോലും ഹിന്ദി സംസാരിക്കുന്നവര്‍ പ്രാണിന്റെ പേര് ഉപയോഗിച്ചു. പേടിപ്പെടുത്തുന്ന ആ പേര് ആരും കുട്ടികള്‍ക്ക് പോലും ഇടാതായി. 1998-ല്‍ ഹൃദയാഘാതം സംഭവിച്ചതോടെയാണ് സിനിമയില്‍ നിന്ന് വിട്ടുനിന്നത്. പിന്നീട് ഗസ്റ്റിറോളുകളിലൂടെ ഇടയ്ക്ക് മുഖം കാണിച്ചു. 2013-ല്‍ 93-ാം വയസ്സിലാണ് പ്രാണ്‍ വിടവാങ്ങുന്നത്.