തമിഴ് താരം സൂര്യയും മലയാളി നടി മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘വിശ്വനാഥ് ആൻഡ് സൺസ്’. ചിത്രത്തിലെ പുതിയ ഗാനത്തിന്റെ പോസ്റ്ററിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുകയാണ്. സിനിമയിലെ നായികയായ മമിത ബൈജുവിന്റെ പേര് പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന ആരോപണവുമായി നടി സനം ഷെട്ടിയാണ് രംഗത്തെത്തിയത്.
‘പട്ടാമ്പൂച്ചി’ എന്ന ആദ്യ ഗാനത്തിന്റെ പോസ്റ്റർ മമിത ബൈജു എക്സിൽ (X) പങ്കുവെച്ചതിന് പിന്നാലെയാണ് സനം ഷെട്ടി അത് റീപോസ്റ്റ് ചെയ്ത് വിമർശനം ഉന്നയിച്ചത്. പോസ്റ്ററിൽ സൂര്യ, സംഗീത സംവിധായകൻ ജി.വി. പ്രകാശ് കുമാർ, സംവിധായകൻ വെങ്കി അറ്റ്ലൂരി, നിർമാതാക്കളായ നാഗ വംശി, സായി സൗജന്യ എന്നിവരുടെ പേരുകൾ നൽകിയിട്ടുണ്ടെങ്കിലും ചിത്രത്തിലെ നായികയായ മമിതയുടെ പേര് ഒഴിവാക്കിയതിനെതിരെയായിരുന്നു സനത്തിന്റെ പ്രതികരണം.
Also Read
“നായികയുടെ പേര് പോസ്റ്ററിൽ ചേർക്കാതിരിക്കാൻ എന്താണ് കാരണം? മറ്റെല്ലാവരുടെയും പേരുണ്ട്, പക്ഷേ മമിതയുടെ പേര് മാത്രമില്ല. ഇത് അനീതിയാണ്. മമിത തന്റെ കഴിവുകൊണ്ടാണ് ഇത്ര വലിയ ചിത്രത്തിന്റെ ഭാഗമായത്. പുതുമുഖമായിരുന്നാലും നായികയ്ക്ക് തുല്യ അംഗീകാരം ലഭിക്കണം. സിനിമാമേഖല മാറേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്,” എന്നാണ് സനം കുറിച്ചത്.
തുടർന്ന്, എന്തുകൊണ്ടാണ് സൂര്യയുടെ ചിത്രത്തിന്റെ പോസ്റ്റർ മാത്രം ചൂണ്ടിക്കാട്ടുന്നതെന്ന ചോദ്യവും ചിലർ ഉയർത്തി. അതിന് മറുപടിയായി, “ആരെങ്കിലും ഒരിക്കലെങ്കിലും ചോദിക്കണം. പഴയ രീതികൾ മാറ്റാൻ കഴിയില്ലെങ്കിലും ഇനി മുതൽ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇത് ഒരു താരത്തിനെതിരെയോ മറ്റൊരു താരത്തെ അനുകൂലിച്ചോ നടത്തുന്ന വിമർശനമല്ല,” എന്നാണ് സനം വിശദീകരിച്ചത്.
സൂര്യയോടുള്ള ബഹുമാനം വ്യക്തമാക്കിയ സനം, “സൂര്യ സാറിനോട് എനിക്ക് വലിയ ആദരവുണ്ട്. അദ്ദേഹത്തിനെതിരെയുള്ള വ്യക്തിപരമായ വിമർശനമല്ല ഇത്. വിജയ് ആരാധികയായതുകൊണ്ട് അദ്ദേഹത്തെയും അനുകൂലിക്കുന്നില്ല. തമിഴിലോ തെലുങ്കിലോ മാത്രം അല്ല, രാജ്യവ്യാപകമായി സിനിമാ മേഖലയിൽ വർഷങ്ങളായി സാധാരണവൽക്കരിക്കപ്പെട്ട ഒരു രീതിയെയാണ് ഞാൻ ചോദ്യം ചെയ്യുന്നത്,” എന്നും പറഞ്ഞു.
“കഥയിൽ നായികയ്ക്ക് പ്രാധാന്യമുണ്ടെങ്കിൽ, സിനിമയുടെ പ്രചാരണത്തിനായി അവരുടെ സാന്നിധ്യം ഉപയോഗിക്കുന്നുണ്ടെങ്കിൽ, പോസ്റ്ററുകളിലും അവർക്ക് അർഹമായ ക്രെഡിറ്റ് ലഭിക്കണം. വിപണിമൂല്യമുണ്ടോ ഇല്ലയോ എന്നത് ഇവിടെ പ്രസക്തമല്ല. ഇത് സമത്വത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും വിഷയമാണ്,” എന്നായിരുന്നു സനം ഷെട്ടിയുടെ അവസാന പ്രതികരണം. അതേസമയം, ഈ വിവാദത്തിൽ ചിത്രത്തിന്റെ നിർമാതാക്കളോ അണിയറപ്രവർത്തകരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂര്യ അവതരിപ്പിക്കുന്നത് 40-കളിലുള്ള പിസ്റ്റൾ ഷൂട്ടിങ് ചാമ്പ്യനായ സഞ്ജയ് വിശ്വനാഥ് എന്ന കഥാപാത്രത്തെയാണ്. തന്റെ കരിയറിൽ തിരിച്ചുവരവ് ലക്ഷ്യമിടുന്ന സഞ്ജയുടെ ജീവിതത്തിലേക്ക് മമിത ബൈജു അവതരിപ്പിക്കുന്ന മാഡി എന്ന യുവതി എത്തുന്നു. ആദ്യം ഗുരു-ശിഷ്യ ബന്ധമായി തുടങ്ങുന്ന ഇവരുടെ അടുപ്പം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുന്നതാണ് പ്രമേയം. ഇരുപത് വയസ്സിന്റെ പ്രായവ്യത്യാസം പ്രണയത്തിന് തടസ്സമാണെന്ന് സഞ്ജയ് കരുതുമ്പോൾ, അതൊന്നും പ്രശ്‌നമല്ലെന്ന് മാഡി പറയുന്ന രംഗങ്ങൾ ചിത്രത്തിന്റെ ടീസറിൽ ശ്രദ്ധ നേടിയിരുന്നു. ചിത്രം ഓഗസ്റ്റ് 14-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Mamitha Baiju omitted from 'Vishwanath and Sons' poster; controversy erupts over credits
Published: 22 Jun 2026, 06:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented