
മേടമാസത്തെ പൊന്നണിയിക്കുന്ന കണിക്കൊന്ന പൊട്ടിക്കാനായി കാട്ടിലും മേട്ടിലും തേടിയലയും. ഒടുവില്‍ നന്നായി പൂത്തുലഞ്ഞ മരം കണ്ടെത്തി പൂപൊട്ടിക്കാന്‍ കയറും. കൂട്ടത്തില്‍ പുളിയുറുമ്പിന്‍കൂട്ടത്തേയും ഇളക്കിവിട്ട് അതിന്റെ കടിയുംകൊള്ളും. മരത്തില്‍നിന്നും വെപ്രാളപ്പെട്ട് ചാടിയിറങ്ങും. പുളിയുറുമ്പുകടിയുടെ നീറ്റല്‍ മാറുന്നത് കയ്യിലുള്ള കണിക്കൊന്ന കാണുമ്പോഴായിരിക്കും...വിഷുക്കാല സന്ധ്യകള്‍ കൊണ്ടുപോവുന്നത് ഓര്‍മ മാത്രമായ ഗൃഹാതുരതയിലേക്കാണ്.
പതിയെ കണ്ണുമിഴിച്ച് കണിയൊരുക്കിയില്‍ എല്ലാത്തിലും ഒന്നു കണ്ണോടിക്കുമ്പോഴും ചിന്ത കൈനീട്ടത്തിലായിരിക്കും. പടക്കംപൊട്ടിച്ചും പൂത്തിരി കത്തിച്ചും വിഷു പൊടിപൊടിക്കുമ്പോഴേക്കും കൃഷ്ണവേഷം ധരിച്ച കുട്ടിപ്പട്ടാളങ്ങളെല്ലാം വീടുകളിലേക്കെത്തുകയായി. കൊട്ടും പാട്ടും മേളവുമായി കെങ്കേമം. വിഷുക്കോടിയണിഞ്ഞ് സദ്യ കൂടെ കഴിച്ചാല്‍ അക്കൊല്ലത്തെ വിഷു ജോറായി...ഇങ്ങനെ എത്രയെത്ര വിഷു ഓര്‍മകളാണല്ലേ മനസ്സിലേക്കോടിയെത്തുന്നത്... ഓരോ വിഷുക്കാലവും ഉത്സവമാണ്. എല്ലാവരും ഒത്തുചേര്‍ന്ന് ആര്‍പ്പാരവങ്ങളോടെ ആഘോഷത്തിമിര്‍പ്പില്‍ ഉല്ലസിക്കാവുന്ന ഒരു വിഷുക്കാലം കൂടി വന്നെത്തിയിരിക്കുന്നു. കൊന്നപ്പൂവും കണിവെള്ളരിയും കൈനീട്ടവുമായി വിഷുവിനെ വരവേല്‍ക്കുന്നു മലയാളികള്‍. അതിനൊപ്പം പോയകാല വിഷു ഓര്‍മകളിലേക്ക് ഊളിയിടുകയാണ് മലയാളിയുടെ പ്രിയപ്പെട്ട താരങ്ങള്‍.
കാലത്തിനനുസരിച്ച് മാറുന്ന വിഷു-ഗായത്രി അരുണ്‍
തറവാട് വീടും അവിടുത്തെ വിഷുക്കാലങ്ങളുമാണ് മനസ്സില്‍ പതിഞ്ഞ വിഷു ഓര്‍മകള്‍ സമ്മാനിച്ചത്. വിഷുക്കാലമായാല്‍ കുടുംബത്തിലെ എല്ലാവരും തറവാട്ടിലേക്കെത്തും. അവിടെ അമ്പലമൊന്നുമില്ലെങ്കിലും പ്രതിഷ്ഠയും പൂജയും ഉണ്ടാവാറുണ്ട്. വിഷു ദിവസം വൈകീട്ടാണ് പൂജ. കുടുംബക്കാരും അടുത്തുള്ളവരുമെല്ലാം തറവാട്ടില്‍ ഹാജര്‍. ഇവരെല്ലാമൊന്നിച്ചാണ് പടക്കം വാങ്ങിക്കുക. അമ്പലങ്ങളിലെ ഉത്സവങ്ങള്‍ക്ക് വാങ്ങിക്കുന്നത്ര പടക്കങ്ങള്‍. കുട്ടികളും മുതിര്‍ന്നവരും എല്ലാവരുംകൂടി പടക്കം പൊട്ടിച്ചും ആര്‍ത്തുവിളിച്ചുമൊക്കെയാണ് വിഷു ആഘോഷം.

ഏകദേശം ആ സമയങ്ങളിലാണ് ചേര്‍ത്തല അമ്പലത്തില്‍ പൂരം ഉണ്ടാവാറുള്ളത്. വീട്ടില്‍ ഒരു ഉത്സവത്തിന്റെ പ്രതീതിയായിരിക്കും അപ്പോള്‍. വീടിന്റെ മുന്നില്‍ വലിയൊരു കൊന്നമരമുണ്ടായിരുന്നു. അമ്മയാണ് കൊന്നപ്പൂ പൊട്ടിക്കുക. കണിയൊരുക്കാന്‍ അന്നും ഇന്നും ഞാനാണ് മുമ്പില്‍. കണിയൊരുക്കാന്‍ വലിയ ഉത്സാഹമായിരുന്നു. കണ്‍മഷികൊണ്ട് കണിവെള്ളരിയില്‍ ഒരു മുഖം വരഞ്ഞുണ്ടാക്കും. കണ്ണെഴുതി, ചാന്ത് കൊണ്ട് ഗോപിക്കുറി തൊട്ടുകൊടുക്കും. മാല ചാര്‍ത്തി, കസവുമുണ്ടും ചുറ്റി അണിയിച്ചൊരുക്കും. അമ്മൂമ്മയ്‌ക്കൊപ്പം കണിയൊരുക്കുമ്പോള്‍ മുഖം വരയ്ക്കുന്ന ദൗത്യം എനിക്കായിരുന്നു. കൃഷ്ണനായി സങ്കല്പിച്ചുകൊണ്ടാവാം ഇങ്ങനെയൊരുക്കുന്നത്. ഇങ്ങനെയൊരു ആചാരം മറ്റെവിടെയും ഞാന്‍ കണ്ടിട്ടില്ല.
ഇപ്പോള്‍ ഞാനും എന്റെ മകളും കൂടെയാണ് കണിയൊരുക്കാറുള്ളത്. അന്നത്തെ കൈനീട്ടത്തിന്റെ വിലയറിയുന്നത് ഇപ്പോഴാണ്. ഒന്നോ രണ്ടോ പേരില്‍ നിന്നാണല്ലോ ഇപ്പോള്‍ കൈനീട്ടം കിട്ടുക. ബാക്കിയെല്ലാം അങ്ങോട്ട് കൈനീട്ടം കൊടുക്കുകയാണല്ലോ...അന്നത്തെ കൈനീട്ടം പിന്നീട് ഒരു വര്‍ഷത്തെക്കുള്ള സമ്പാദ്യമായിരുന്നു. ഇത്തവണത്തെ കൈനീട്ടം കൊണ്ട് എന്തൊക്കെ ചെയ്യണം, എന്ത് വാങ്ങിക്കണമെന്നൊക്കെ ആദ്യമെ മനസ്സില്‍ കാണ്ടുവെക്കും. ഇത്തരമോരോ ഓര്‍മകളാണ് പോയ വിഷുക്കാലങ്ങള്‍ എനിക്ക് സമ്മാനിച്ചിട്ടുള്ളത്. എല്ലാവരും ഒത്തൊരുമിച്ചുള്ള വിഷു, അതിപ്പോള്‍ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്.
ഇപ്പോള്‍ എല്ലാ ആഘോഷങ്ങളും നാമമാത്രമാണ്. എങ്കിലും അവ പേരിനെങ്കിലും ഉണ്ടല്ലോ എന്നോര്‍ത്ത് സമാധാനിക്കാം. ഇപ്പോഴുള്ള വിഷുവിന് കുടുംബത്തിലെ എല്ലാവരും പല സ്ഥലത്താണ്. രണ്ടോ മൂന്നോ പേര്‍ ചേര്‍ന്നുള്ള ആഘോഷം എന്ന രീതിയിലേക്ക് ഒതുങ്ങിപ്പോവുന്നുണ്ട്. കൂടാതെ ഫ്‌ളാറ്റുകളിലുള്ളവര്‍ക്ക് പടക്കം പൊട്ടിക്കുന്നതിനൊക്കെ പരിധിയുണ്ടല്ലോ. കാലത്തിന് അനുസരിച്ചുള്ള മാറ്റം വിഷുവിനുമുണ്ട്.
വിഷുക്കാലം ക്ഷേത്രത്തിലെ ഉത്സവകാലം- ആത്മീയ രാജന്‍
ചെറുകുന്നം ശ്രീ അന്നഃപൂര്‍ണേശ്വരി ക്ഷേത്രത്തിനടുത്തായിരുന്നു എന്റെ പഴയ വീട്. വിഷുക്കാലം ക്ഷേത്രത്തിലെ ഉത്സവകാലമാണ്. കുട്ടിക്കാലത്തെ വിഷുക്കാലം അവിടെയായിരുന്നു. മേടസംക്രമം മുതലുള്ള നീണ്ട ഏഴു ദിവസം ക്ഷേത്രത്തിലെ വിളക്കുത്സവമാണ്. വെടിക്കെട്ടും ആനയുടെ എതിരേല്‍പ്പുമായി ഗംഭീര ഉത്സവം. ആന എതിരേല്‍പ്പ് സമയം ഞങ്ങള്‍ വിളക്ക് കത്തിക്കും, ആനയ്ക്കുള്ള ഭക്ഷണം തയ്യാറാക്കും. ആ ദിവസങ്ങളില്‍ അമ്പലത്തില്‍ കലാപരിപാടികള്‍ ഉണ്ടാവും. നാടകങ്ങളും കച്ചേരികളും നൃത്തനൃത്ത്യങ്ങളും. അങ്ങനെ എന്റെ വിഷുക്കാലം ഈ ഏഴു ദിവസവും നീണ്ടുനില്‍ക്കുന്നതായിരുന്നു.

വീട്ടില്‍ ഞങ്ങള്‍ മൂന്ന് പെണ്‍കുട്ടികളാണ്. രണ്ടാമത്തെ ചേച്ചി വളരെ ഭംഗിയായി കണിയൊരുക്കാറുണ്ടായിരുന്നു. വിഷു വന്നെത്തുമ്പോഴേക്കും അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുകയായി. ഉണ്ണിയപ്പം ഉണ്ടാക്കുകയും കണിക്കൊന്ന പൊട്ടിക്കാന്‍ പോവുകയും അങ്ങനെയങ്ങനെ. അച്ഛനും അമ്മയും ഒന്നിച്ച് വിളക്ക് കത്തിച്ചാണ് കണി കാണിക്കുക. വീട്ടില്‍ കുറെ ഉണ്ണിയപ്പവും അടക്കാച്ചുണ എന്നുപേരുള്ള പലഹാരവും ഉണ്ടാക്കും. അമ്മ അതിന്റെ തിരക്കിലായിരിക്കും. രാവിലെ പലഹാരങ്ങള്‍ അടുത്തുള്ള വീടുകളില്‍ കൊണ്ടുകൊടുക്കാന്‍ പോകും. അവിടുന്ന് കൈനീട്ടവും കിട്ടും. ഇപ്പോള്‍ വിഷുവിന്റെ ഓട്ടവും തിരക്കും എല്ലാം ഇല്ലാതായി. പിന്നീട് അവിടുന്ന് താമസം മാറി.
2022 ഇതേ ഏപ്രിലിലായിരുന്നു അച്ഛന്‍ ഞങ്ങളെ വിട്ടുപോവുന്നത്. ആ കൊല്ലവും അച്ഛനും അമ്മയും ചേച്ചിയും മക്കളുമെല്ലാമായി ഉത്സവത്തിന് പോയിരുന്നു. വളരെ രസകരമായി ആഘോഷിച്ചിരുന്നു. അതിന് കുറച്ചു ദിവസത്തിന് ശേഷമാണ് അച്ഛന്‍ മരിക്കുന്നത്. വിഷുവും ഉത്സവങ്ങളും ആഘോഷങ്ങളും അടുക്കുമ്പോള്‍ ആ ഓര്‍മകളും എവിടെനിന്നെന്നറിയാതെ മനസ്സിലേക്കെത്തും. ഈ വിഷുവിന് എല്ലാവരും പല ദിക്കിലാണ്. ഈ മാസം പുതിയ സിനിമയുടെ ഷൂട്ട് ആരംഭിക്കുന്നതുകൊണ്ട് നാട്ടിലും പോകുന്നില്ല. അതുകൊണ്ട് ചെറിയൊരു കണിയൊരുക്കി ഇവിടെ ആഘോഷിക്കാമെന്ന് വിചാരിക്കുന്നു.
അന്‍പത് പൈസ കൈനീട്ടം കിട്ടിയ ആ ഓര്‍മയില്‍-ഹരീഷ് കണാരന്‍
വിഷുക്കാലത്തെ ഓര്‍മയായി എന്നും മനസ്സിലുള്ളത് കുട്ടിക്കാലത്തെ വിഷുവാണ്. സ്‌കൂളില്‍ പഠിക്കുന്ന സമയം. അന്നെല്ലാം കുറെക്കാലം മുന്‍പേ വിഷുവിനുള്ള ഒരുക്കം തുടങ്ങും. വീട്ടില്‍ പടക്കം വാങ്ങാന്‍ അത്ര പണമുണ്ടായിരുന്നില്ല. പടക്കം വാങ്ങാനുള്ള പണം സ്വരുക്കൂട്ടലാണ് പ്രധാനം. പറങ്കിമാങ്ങാക്കാലമായാല്‍ എല്ലാ പറമ്പുകളിലൂടെയും നടന്ന് കശുവണ്ടി പെറുക്കും. അങ്ങനെ കുറെ ശേഖരിച്ചുവെക്കും. വിഷുവായാല്‍ അതെല്ലാം വിറ്റ് പടക്കം വാങ്ങിക്കും.

അന്ന് അച്ഛമ്മ വിഷുക്കണിയൊരുക്കി, കണ്ണുപൊത്തി കൊണ്ടുപോയി കണികാണിക്കും. കുറച്ചു പടക്കമല്ലേ ഉണ്ടാവുകയുള്ളൂ. അങ്ങനെ ഞങ്ങളുടെ പടക്കം പൊട്ടിച്ചുകഴിഞ്ഞാല്‍ അടുത്ത വീട്ടില്‍ പോയി പടക്കം പൊട്ടിക്കുന്നത് നോക്കിനില്‍ക്കും. ഒരു രൂപ, അന്‍പത് പൈസ, ഇരുപത്തഞ്ച് പൈസ ഇതൊക്കെയാണ് അന്നത്തെ കൈനീട്ടം. പത്തുരൂപയും അഞ്ച് രൂപയുമൊക്കെ കിട്ടുന്നത് വിരളമായിരുന്നു. പക്ഷെ അത് കിട്ടിക്കഴിഞ്ഞാലുണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല. കൈനീട്ടം കിട്ടുമെന്നുകരുതി അടുത്ത വീട്ടിലൊക്കെ വെറുതെ പോയിനോക്കും. എന്തെല്ലാം രസകരമായ ഓര്‍മകള്‍...പിന്നീട് പ്രോഗ്രാം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ വിഷു ആഘോഷം മാറിമറിഞ്ഞു. വിഷുക്കാലങ്ങളും ഉത്സവകാലങ്ങളും പ്രോഗ്രാം സീസണ്‍ കൂടെയാണ്. വിഷുത്തലേന്ന് പ്രോഗ്രാമുകളുണ്ടാവും. അത് കഴിഞ്ഞ് കണികാണാന്‍ നേരമായിരിക്കും വീട്ടിലെത്തുക. അതുകഴിഞ്ഞ് ഉച്ചയ്ക്ക് സദ്യ കഴിച്ച് വീണ്ടും പ്രോഗ്രാമിന് പോകും. പക്ഷെ ഇപ്പോഴത്തെ വിഷു വീട്ടിലാണ്. എല്ലാവരും കൂടെ ഒത്തൊരുമിച്ചാണ് ആഘോഷിക്കുന്നത്.
ഒരു കൈനീട്ടത്തിന്റെ ഓര്‍മ-സാജന്‍ സൂര്യ

കഴിഞ്ഞ കൊല്ലത്തെ വിഷുക്കാലമാണ് ഓര്‍മയിലെത്തുന്നത്. അന്ന് ഏപ്രിലിലെല്ലാം ഗീതാഗോവിന്ദം ഷൂട്ടിങ്ങിന്റെ തിരക്കിലായിരുന്നു. ഒരു ദിവസം രാവിലെ തുടങ്ങിയ ഷൂട്ട് പിറ്റേന്ന് വെളുപ്പാന്‍കാലം വരെ നീണ്ടു. അന്ന് വിഷുവായിരുന്നു. അങ്ങനെ ഞാന്‍ കൈയിലുണ്ടായിരുന്ന നാണയത്തുട്ടുകള്‍ സംവിധായകനും കാമറാമാനും മറ്റുള്ളവര്‍ക്കും കൊടുത്തു. ഇതുകണ്ടാണ് സീരിയലിലെ നായിക ബിന്നി ഓടിവരുന്നത്. അവള്‍ക്കിതിതുവരെ ആരും വിഷുക്കൈനീട്ടം കൊടുത്തിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ അതിശയം തോന്നി. അങ്ങനെ ജീവിതത്തില്‍ ഇതുവരെയും കൈനീട്ടം കിട്ടാത്ത ബിന്നിയ്ക്ക് കൈനീട്ടം കൊടുക്കാന്‍ സാധിച്ചു. ഒരുപാട് സന്തോഷം തോന്നി.
Content Highlights: vishu related memories of stars
Published: 14 Apr 2024, 10:30 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented