മുംബൈയിലെ ഐക്കോണിക് റോയല്‍ ഓപ്പറ ഹൗസില്‍ തടിച്ചുകൂടിയ ആരാധകര്‍ക്ക് മുന്നില്‍ നൃത്തം ചെയ്യുകയായിരുന്നു മാധുരി ദീക്ഷിതും വിദ്യ ബാലനും. മുറുകുന്ന കയ്യടികള്‍ക്കൊപ്പം ചടുലമാകുന്ന ചുവടുകള്‍. പെട്ടെന്നാണ് വിദ്യ നിയന്ത്രണം തെറ്റി സ്റ്റേജില്‍ വീണുപോയത്. ഭൂല്‍ ഭുലയ്യ എന്ന സിനിമയില്‍  ആദ്യമായി ഇരുവരും ഒരുമിക്കുകയാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് വിദ്യയ്ക്ക് കാലിടറിയത്. 

''അമി ജെ തൊമാര്‍'' എന്ന ഗാനത്തിനൊത്ത് ഇരുവരും നൃത്തം ചെയ്യുകയായിരുന്നു. വീണുപോയിട്ടും വിദ്യ പതറിയില്ല. എഴുന്നേറ്റ് നൃത്തം തുടരുക തന്നെ ചെയ്തു. സഹപ്രവര്‍ത്തകയ്ക്ക് ഊര്‍ജം നല്കിയതാകട്ടെ മധുരിയും. പതര്‍ച്ചയിലും ഇടറാതെ മുന്നോട്ടുപോയ വിദ്യയെ കാണികള്‍ വന്‍ ജയാരവത്തോടെ അഭിനന്ദിച്ചു. വിദ്യയ്ക്ക് മനോധൈര്യം നല്‍കിയ മധുരിയെയും ആരാധകര്‍ പ്രശംസിച്ചു.

സമീറിന്റെ വരികളില്‍  ശ്രേയ ഘോഷാല്‍ ആലപിച്ച ''അമി ജെ തൊമാര്‍'' ഗാനം ഭൂല്‍ ഭുലയ്യ ഫ്രാഞ്ചൈസിന്റെ മുഖമുദ്രയാണ്. സംഗീതസംവിധായകന്‍ അമാല്‍ മല്ലിക് അവതരിപ്പിച്ചിരിക്കുന്ന ഗാനത്തിന്റെ പുതിയ പതിപ്പാണ് ''അമി ജെ തൊമാര്‍ 3.0''. അനീസ് ബാസ്മി സംവിധാനം ചെയ്ത്‌ ഭൂഷന്‍ കുമാര്‍ നിര്‍മ്മിച്ച ഭൂല്‍ ഭുലയ്യ 3 ഹൊറര്‍ കോമഡിയാണ്. കാര്‍ത്തിക് ആര്യന്‍, ത്രിപ്തി ദിമ്രി, രാജ്പാല്‍ യാദവ്, സഞ്ജയ് മിശ്ര എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. നവംബര്‍ 1-ന് ചിത്രം തിയേറ്ററുകളിലെത്തും.