സംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തിൽ 'മഞ്ഞുമ്മൽ ബോയ്‌സ്' വാരിക്കൂട്ടിയത് 10 അവാർഡുകളാണ്. ചിത്രം, സംവിധായകൻ, തിരക്കഥ, ശബ്ദരൂപകൽപന, കലാസംവിധാനം, ഗാനരചന, ഛായാഗ്രഹണം എന്നിവ ഉൾപ്പെടെയാണത്. മികച്ച സംവിധായകൻ, തിരക്കഥാകൃത്ത് എന്നിവയ്ക്കുള്ള സംസ്ഥാനപുരസ്‌കാരം നേടിയ ചിദംബരം, 'സ്റ്റാർ ആന്റ് സ്‌റ്റൈലി'ന് നൽകിയ അഭിമുഖത്തിൽനിന്ന്...

To advertise here,

രണ്ടേ രണ്ട് സിനിമ. അതിൽ ഒരെണ്ണം മലയാളത്തിലെതന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്ന്. ചിദംബരം എന്ന യുവസംവിധായകനുമാത്രം അവകാശപ്പെടാവുന്ന നേട്ടമാണിത്. ആദ്യചിത്രമായ 'ജാൻ.എ.മൻ' യാതൊരു ഹൈപ്പുമില്ലാതെ വന്ന് ബോക്സോഫീസിൽ അപ്രതീക്ഷിതമായ വിജയം നേടിയ ചിത്രം. രണ്ടാമത്തെ ചിത്രമായ 'മഞ്ഞുമ്മൽ ബോയ്സാ'കട്ടെ കളക്ഷൻ റെക്കോഡുകൾ ഭേദിച്ചാണ് വിജയം നേടിയത്. ചെയ്ത രണ്ടുചിത്രങ്ങളും ഒന്നിനൊന്ന് വ്യത്യസ്തം. ആദ്യത്തെതിന്റെ പശ്ചാത്തലം കോമഡിയായിരുന്നെങ്കിൽ രണ്ടാമത്തെത് സർവൈവൽ ത്രില്ലറായിരുന്നു.

ആശയം വികസിപ്പിക്കുന്നതെങ്ങനെയാണ്?
ആശയം കിട്ടിക്കഴിഞ്ഞാൽ അത് സിനിമയ്ക്ക് പറ്റിയതാണോയെന്ന് നോക്കും. അതിന് തുടക്കം, മധ്യം, അവസാനം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ടാവും. എന്തിനാണീ സിനിമ? എന്താണിത് പറയുന്നത് എന്ന് നോക്കും. ഒരു കഥ മാത്രമായിരിക്കരുത് സിനിമ. പ്രേക്ഷകർക്ക് മനസ്സിലാവുന്ന പ്രധാന കഥയായിരിക്കണം അതിലൊന്ന്. ജാൻ.എ.മൻ അടിസ്ഥാനമാക്കി നോക്കുകയാണെങ്കിൽ ജയ്മോന്റെ കഥയാണ് അതിലൊന്ന്. പക്ഷേ, ശരിക്കും നമ്മൾ പറഞ്ഞുവരുന്നത് ആ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കഥയാണ്. എന്നാൽ എപ്പോഴും അങ്ങനെയുള്ള കഥകൾ വന്നുവീഴാൻ സാധ്യതയില്ല. ഞാൻ തേടുന്നത് അത്തരം സാധ്യതകളുള്ള കഥകളാണ്.

യഥാർഥ സംഭവങ്ങൾ സിനിമയാക്കുമ്പോഴുള്ള വെല്ലുവിളിയെന്താണ്?
രാഷ്ട്രീയമോ ക്രൈമോ അല്ലാത്ത പ്രമേയമാണ് മഞ്ഞുമ്മൽ ബോയ്സ് എന്നതിനാൽ ആ സംഭവത്തിലുൾപ്പെട്ട യഥാർഥ വ്യക്തികളുടെ പേരുകൾതന്നെ സിനിമയിലും ഉപയോഗിക്കാൻ പറ്റി. ഒരു കേസിനെക്കുറിച്ചുള്ള സിനിമയായിരുന്നെങ്കിൽ പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യേണ്ടതായി വന്നേനേ. പക്ഷേ, മഞ്ഞുമ്മലിൽ എനിക്കത് ചെയ്യേണ്ടിവന്നിട്ടില്ല. യഥാർഥ മഞ്ഞുമ്മൽ ബോയ്സ് തന്നെയാണ് ആ സിനിമ ആദ്യം കണ്ടത്. കാരണം അവരുടെ അനുഭവത്തോട് നമ്മൾ നീതി പുലർത്തണം. കൂടാതെ പ്രേക്ഷകർക്കായി സിനിമാറ്റിക് അനുഭവവും കൊടുക്കണം. അത് ബാലൻസ് ചെയ്യുന്നതായിരുന്നു മഞ്ഞുമ്മൽ ബോയ്സിലെ വെല്ലുവിളിയായ കാര്യം. ഒരാൾ കുഴിയിൽ വീഴുന്നു, അയാളെ രക്ഷിക്കുന്നു എന്നതായിരുന്നു സിനിമയുടെ ആശയം. ഈ രണ്ട് സംഭവങ്ങൾക്കിടയിൽ എന്തൊക്കെ മുഹൂർത്തങ്ങൾ കൊണ്ടുവരാമെന്നാണ് ആലോചിച്ചത്. ജാൻ.എ.മൻ പെട്ടെന്നെഴുതിയ തിരക്കഥയാണ്. ഒരുമാസമേ എടുത്തുള്ളൂ. പക്ഷേ, മഞ്ഞുമ്മൽ ബോയ്സ് എഴുതാൻ ഒരുവർഷത്തോളമെടുത്തു.

തിരക്കഥയിൽ നിരവധി പരീക്ഷണങ്ങൾ നടക്കുന്ന കാലമാണിത്. ഇത്തരം തീരുമാനം ബോധപൂർവം കൊണ്ടുവന്നതാണോ?
നിലവിലുള്ള കഥകളുടെ പല ഗെറ്റപ്പുകൾതന്നെയാണ് എല്ലാം. പോലീസ് സ്റ്റേഷനും ചായക്കടയുമെല്ലാം മലയാളസിനിമയിൽ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്. എന്നാൽ അവയെ എങ്ങനെ പുതിയ രീതിയിൽ കൊണ്ടുവരാം എന്നാണ് നോക്കുന്നത്. ഇതൊന്നുമില്ലാതെ എങ്ങനെ ഒരു കഥപറയാം എന്നതും ഒരുതരം പരീക്ഷണംതന്നെയാണ്. പുതുമതേടിപ്പോവുമ്പോൾ അത് പരീക്ഷണത്തിന്റെതായ സ്വഭാവത്തിലേക്ക് എത്തുന്നതാണ്. മലയാളത്തിൽ നല്ലവണ്ണം ആളുകൾ ചെയ്യുന്നുമുണ്ട്.

സിനിമയുടെ ബ്ലൂപ്രിന്റാണ് തിരക്കഥയെന്നും, അത് പൂർത്തിയാക്കിയാലേ സിനിമ ഷൂട്ട് ചെയ്യാൻ സാധിക്കുള്ളൂവെന്നും ഒരുവിഭാഗം പറയുമ്പോൾ സ്‌പോട്ട് ഇംപ്രവൈസേഷനെപ്പറ്റിയും തിരക്കഥയില്ലാതെ ലൊക്കേഷനിൽവെച്ച് തിരക്കഥ പൂർത്തിയാക്കുന്നതിനെപ്പറ്റിയും പണ്ടുള്ളവർ പറയാറുണ്ട്. ഈ രീതിയെപ്പറ്റി
രാവിലെ തിരക്കഥയെഴുതി പിന്നാലെതന്നെ ഷൂട്ട് ചെയ്യുന്ന ചലച്ചിത്രകാരന്മാരുണ്ട് പണ്ട്. എങ്കിലും ചില സിനിമകൾക്ക് തിരക്കഥ കൃത്യമായി നേരത്തേ എഴുതിവയ്ക്കുന്നത് തന്നെയാണ് നല്ലത്. ആ സിനിമയിലെ എല്ലാ ഡിപ്പാർട്ട്മെന്റുകൾക്കും സൗകര്യവും അതാണ്. ഷൂട്ട് ചെയ്യേണ്ട സീനുകൾ രാവിലെ ഇരുന്ന് എഴുതുന്ന തിരക്കഥാകൃത്തുക്കളെ നേരിട്ടുകണ്ടിട്ടുണ്ട്. അത്രയും നല്ല, ശക്തരായ എഴുത്തുകാരാണവർ. അവർക്ക് പെട്ടെന്നുതന്നെ എഴുതാനാവും. ഞാനൊക്കെ ഇരുന്ന് ആലോചിച്ച്, സമയമെടുത്താണ് എഴുത്ത് പൂർത്തിയാക്കാറുള്ളത്.

സ്‌പോട്ട് ഇംപ്രൊവൈസേഷനെപ്പറ്റി?
തീർച്ചയായും രംഗങ്ങൾ ഇംപ്രൊവൈസ് ചെയ്യണമല്ലോ. അടച്ചിട്ട മുറിയിൽ ഇരുന്ന് എഴുതി, അത് നടക്കുന്ന സ്ഥലത്ത് ചിത്രീകരണത്തിനെത്തുമ്പോൾ കാര്യങ്ങൾ ചിലപ്പോൾ മാറും. ആ അന്തരീക്ഷത്തിൽ നമുക്ക് എന്തെങ്കിലും പ്രചോദനമാകുമെങ്കിൽ രംഗം അതിനനുസരിച്ച് മാറ്റിയെഴുതേണ്ടിവരും. അവിടെ നിന്നാണ് യഥാർഥത്തിൽ സിനിമ ഉണ്ടാക്കുന്നത്. ഒരു നിശ്ചിത പാരാമീറ്ററിനകത്തുനിന്നുകൊണ്ടുള്ള ഇംപ്രൊവൈസേഷൻ ചെയ്യാവുന്നതാണ്. ജാൻ.എ.മൻ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള സ്പോട്ട് ഇംപ്രൊവൈസേഷനുകൾ നടത്തിയിരുന്നു. കാരണം കോമഡിയാണല്ലോ ചിത്രത്തിൽ കടന്നുവരുന്നത്. ഷൂട്ട് ചെയ്തുവരുമ്പോൾ എഴുതിവെച്ച സീനുകൾ വേണ്ടതില്ല എന്നും തോന്നിയിട്ടുണ്ട്. ചിലപ്പോൾ ഏതെങ്കിലും രണ്ട് സീനുകൾ തമ്മിൽ ബന്ധപ്പെടുത്താൻ പുതിയ ഒരു സീൻ അപ്പോൾ എഴുതിത്തയ്യാറാക്കേണ്ടിയും വരും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi