ജലവും ജീവിതവും ലോക-മലയാളസിനിമയുടെ ആഖ്യാനചരിത്രത്തിലെ തന്നെ വളരെ പ്രധാനപ്പെട്ട ഒരു കോമ്പോയാണ്. ഈ കോമ്പോയെ സമര്‍ത്ഥമായി ഉപയോഗിക്കുന്ന സിനിമയാണ് ക്രിസ്റ്റോ ടോമി രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2024 ജൂണില്‍ പുറത്തിറങ്ങിയ 'ഉള്ളൊഴുക്ക്'. ആഖ്യാനത്തിന്റേയും പ്രമേയത്തിന്റേയും വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായ തിയേറ്റര്‍ ഹിറ്റ്. ഉര്‍വശി എന്ന അസാധാരണപ്രതിഭയുള്ള നടി വെളിപ്പെടുന്ന മനോഹരമായ സീനുകള്‍.

To advertise here,

കുട്ടനാടന്‍ സാംസ്‌കാരികഭൂമിശാസ്ത്രത്തില്‍, വെള്ളവും വള്ളവുംകൊണ്ട് മഴയും പുഴയുംകൊണ്ട് ജനനത്തെയും മരണത്തെയും ജീവിതത്തെയും ക്യാമറകൊണ്ടെഴുതിയ കവിതപോലെ മനോഹരമാക്കുന്ന ധാരാളം ഷോട്ടുകള്‍. കുഴിക്കുന്തോറും ആഴപ്പെടുന്ന ക്യാമറാടെക്‌നിക്ക്...

സൂക്ഷ്മാംശങ്ങളില്‍ ഗംഭീരമാകുമ്പോഴും (Scene by scene perfection) ക്രാഫ്റ്റില്‍/ സമഗ്രതയില്‍ ചില പാളിച്ചകള്‍ സംഭവിച്ച ഒരു സിനിമയാണത്. മലയാളിയുടെ ആസ്വാദനസംസ്‌കാരത്തേയും പൊതുബോധത്തേയും അത്രമേല്‍ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് അതിന്റെ നില. പുറമേ ശാന്തമെന്നും മനോഹരമെന്നും തോന്നിപ്പിക്കുമെങ്കിലും അകമേ ശക്തമായ അടിയൊഴുക്കുള്ള ജലാശയത്തെയാണ് ഉള്ളൊഴുക്ക് എന്ന സിനിമാപ്പേര് സൂചിപ്പിക്കുന്നത്. വ്യവസ്ഥാപിതമായ കുടുംബമാണിവിടുത്തെ ജലാശയം. അതിനകത്തെ വയലന്‍സും വൈകാരികസംഘര്‍ഷങ്ങളുമാണ് അടിയൊഴുക്ക്/ ഉള്ളൊഴുക്ക്.

കുട്ടനാട്ടിലെ ഒരു ഇടത്തരം വ്യവസ്ഥാപിത ക്രിസ്തീയകുടുംബത്തിനകത്തുനിന്ന് തൊട്ടാല്‍പ്പൊള്ളുന്ന ഒരു വിഷയത്തെ കൈകാര്യംചെയ്തുകൊണ്ട് പേരിനെ അങ്ങേയറ്റം അന്വര്‍ത്ഥമാക്കുന്നുണ്ട് പ്രമേയപരമായി ഈ സിനിമ. ജലംകൊണ്ട് ജീവിതത്തെ തൊടാനായുകയും പേരില്‍തന്നെ ഒഴുകുന്ന ജലത്തെ സൂചിപ്പിക്കുകയും ചെയ്തുകൊണ്ട് ചലനാത്മകമായ ജീവിതത്തെക്കുറിച്ച് പറയാന്‍ പോകുന്നുവെന്ന് സിനിമയുടെ ആദ്യപകുതി തോന്നിപ്പിക്കുന്നുണ്ട്. പക്ഷേ പിന്നീടങ്ങോട്ട് സമരസപ്പെടലുകളുടെയും പലതരം മുടന്തന്‍ന്യായങ്ങളുടെയും കുത്തൊഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുന്ന നവാഗതസംവിധായകന്റെ ദയനീയ നിലവിളി കേള്‍ക്കാം.

ടെക്‌സ്‌റ്റൈല്‍ ഷോപ്പിലെ സെയില്‍സ് ഗേളായ അഞ്ജുവിന്റെ പ്രണയത്തിലാണ് സിനിമ ആരംഭിക്കുന്നത്. കസ്റ്റമറെന്ന വ്യജേന ഷോപ്പിലെത്തിയ തന്റെ കാമുകനായ രാജീവിനോട് കല്യാണാലോചനകളെക്കുറിച്ച് സൂചിപ്പിക്കുന്നിടത്തുനിന്നും ഒരു ജമ്പ്കട്ടാ(jumpcut)ണ് വിവാഹം കഴിഞ്ഞ് വള്ളത്തില്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് യാത്ര തിരിക്കുന്ന അഞ്ജുവിലേക്ക്. തുടര്‍ന്ന് ബ്രെയിന്‍ട്യൂമര്‍ രോഗിയായ ഭര്‍ത്താവിനെ പരിചരിക്കുന്ന മരുമകളിലും സ്‌നേഹനിധിയായ അമ്മായിയമ്മയിലും കാമറാസൂമിംങ് (Camera zooming). കള്ളങ്ങള്‍ പറഞ്ഞ് വീടിനുപുറത്തുകടക്കുന്ന അഞ്ജു തന്റെ ശരീരത്തോട് പുലര്‍ത്തുന്ന നീതിയെന്നവണ്ണം കാമുകനുമായുള്ള ബന്ധം ന്യായീകരിക്കപ്പെടുന്നുണ്ട്.

കാമുകനില്‍നിന്നും ഗര്‍ഭിണിയാകുന്ന അഞ്ജു തന്റെ ഗര്‍ഭത്തെ ഒരു യാഥാസ്ഥിതികകുടുംബത്തിലെ റോള്‍ ഐഡന്റ്റിറ്റി(role identity) കളായ ഭര്‍ത്താവ്, അമ്മായിയമ്മ, അമ്മ, അച്ഛന്‍, സിസ്റ്റര്‍ ആന്റി, പെങ്ങള്‍ എന്നിവരില്‍ നിന്നും സംരക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് തുടര്‍ന്നങ്ങോട്ട് സിനിമ. പ്രേക്ഷകര്‍ ഏറ്റവും ആകാംക്ഷയോടെ (ഭയചകിതരായി) ഉറ്റുനോക്കിയത് തോമസുകുട്ടിയുടെ പ്രതികരണത്തെയാണ്. പക്ഷേ അവിടെ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. കാലങ്ങളായി മലയാളസിനിമ ചെയ്തുകൊണ്ടിരിക്കുന്ന എളുപ്പവഴി/കൊലപാതകം തന്നെ ഇവിടെയും സംവിധായകന്‍ സ്വീകരിച്ചു. ഒന്നുമറിയാതെ തോമസുകുട്ടി സ്വര്‍ഗ്ഗത്തിലേക്ക്...ഒരു പക്ഷേ, തോമസുകുട്ടി മരിക്കാതിരിക്കുകയും അഞ്ജു തന്റെ ശരീരത്തിന്റെ/ ഗര്‍ഭപാത്രത്തിന്റെ/ ഇഷ്ടങ്ങളുടെ ഉടമസ്ഥാവകാശം തനിക്കുമാത്രമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നെങ്കില്‍ സിനിമ വേറെ ലെവലായേനെ.

വിവാഹത്തിന് മുന്‍പ് തോമസുകുട്ടിയുടെ രോഗവിവരം അറിയിക്കാത്തതിലുള്ള പ്രതികാരമെന്നവണ്ണമാണ് അമ്മായിയമ്മ, അമ്മ, അച്ഛന്‍, സിസ്റ്റര്‍ ആന്റി, പെങ്ങള്‍ എന്നിവരില്‍ നിന്നും അഞ്ജു തന്റെ ഗര്‍ഭത്തെ പിടിച്ചുനിര്‍ത്തുന്നത്. അതുകൊണ്ടുതന്നെ വലിയ വാഗ്വാദങ്ങളോ ബലപ്രയോഗങ്ങളോ ഇല്ലാതെതന്നെ അഞ്ജുവിനെ അമ്മായിയമ്മ, അമ്മ, അച്ഛന്‍, സിസ്റ്റര്‍ ആന്റി എന്നിവര്‍ കാമുകന്റെ കൂടെ പോകാന്‍ സമ്മതിക്കുന്നുണ്ട്. അവിടെയും വിദഗ്ധമായി അഞ്ജുവിനെ രക്ഷിച്ചെടുക്കുന്നു സംവിധായകന്‍. അതുകൊണ്ട് ഇങ്ങനെ ഇതുകൊണ്ട് അങ്ങനെ എന്ന സാദ്ധ്യതാസിദ്ധാന്തം(Probability Theory) നിരത്തി അഞ്ജുവിന്റെ ഗര്‍ഭത്തെ അസാധാരണ(exceptional case)മാക്കി ചുരുക്കുന്നു.

ആശയപരമായി രണ്ടറ്റങ്ങളില്‍ നില്‍ക്കുന്ന രണ്ട് സ്ത്രീകളെ കേന്ദ്രകഥാപാത്രങ്ങളാക്കിക്കൊണ്ടാണ് സിനിമ സ്ത്രീപക്ഷമാണെന്ന് ആരംഭത്തില്‍ തോന്നിപ്പിക്കുന്നത്. വ്യവസ്ഥാപിത കുടുംബ-മത സങ്കല്പത്തിനകത്തെ പരമ്പരാഗത(Conventional) പതിവുമാതൃക(typical)യായ അമ്മായിയമ്മയാണ് ലീലാമ്മ. കുടുംബത്തെക്കുറിച്ചും വംശീയപാരമ്പര്യത്തെക്കുറിച്ചും സംസാരിക്കുന്ന തന്ത്രശാലിയായ അമ്മായിയമ്മ. ഈ അമ്മായിയമ്മ കേരളീയ കുടുംബ-മതസങ്കല്‍പങ്ങള്‍ക്കകത്തെ ടിപ്പിക്കല്‍ റോള്‍ ഐഡന്റ്റി ആണ്.

വ്യക്തികള്‍ മാറിയാലും ക്യാരക്ടര്‍ മാറുന്നില്ല. എന്നാല്‍ അഞ്ജു ഇതിന്റെ മറുതലയ്ക്കല്‍ നില്‍ക്കുന്ന പുതിയ കാലത്തിന്റെ വക്താവാണ്. തുടക്കത്തില്‍ പ്രണയം, ശരീരം, സ്ത്രീ, കുടുംബം തുടങ്ങിയവയെല്ലാം അസാധാരണവും വിപ്ലവാത്മകവുമായി പ്രതിനിധാനം ചെയ്യപ്പെടുന്നുണ്ട് അഞ്ജുവിലൂടെ. പക്ഷേ പിന്നീട് അഞ്ജുവിന്റെ ക്യാരക്ടര്‍ സ്‌കെച്ചിങ്ങില്‍ ഒരുപാട് പാളിച്ചകള്‍ തിരക്കഥാകൃത്തിന് സംഭവിക്കുന്നു. തുടക്കത്തില്‍ ശരീരംകൊണ്ട് തന്റെ മേലുള്ള സാമൂഹികസ്ഥാപനങ്ങളുടെ അധികാരപ്രയോഗങ്ങളെ നേരിടുന്നുണ്ടെങ്കിലും പിന്നീട് ഗര്‍ഭിണിയാകാതിരിക്കാനുള്ള മുന്‍കരുതലിനെക്കുറിച്ചുപോലും ധാരണയില്ലാത്ത സാധാരണ പെണ്കുട്ടിയാകുന്നു. ടിപ്പിക്കല്‍ അമ്മായിയമ്മ തന്റെ വംശീയ പാരമ്പര്യത്തിന് വേണ്ടി കുടുംബത്തിന്റെ നിലനില്‍പ്പിന് വേണ്ടി വാദിക്കുകയും സിനിമയുടെ അവസാനംവരെ സ്ഥിരതയുള്ള കഥാപാത്രമായി നില്‍ക്കുകയും ചെയ്യുന്നുണ്ട്.

തോമസുകുട്ടിയുടെ ശവശരീരത്തിനരികെ നിന്ന് ലീലാമ്മയും അഞ്ജുവും ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. അതാണ് ആ സിനിമയില്‍ ഏറ്റവും ഗംഭീരമായ സീന്‍. മരണത്തിന്റെ മുന്നിലിരുന്ന് ജീവിതത്തെക്കുറിച്ചുള്ള\ കുടുംബത്തെക്കുറിച്ചുള്ള രണ്ട് സ്ത്രീകളുടെ ആശയപരമായ ഏറ്റുമുട്ടലാണത്. വ്യവസ്ഥാപിതകേരളീയ കുടുംബ-മതസങ്കല്‍പ്പങ്ങളെ മരണത്തിനുമുമ്പിലിരുന്നുകൊണ്ട് രണ്ട് സ്ത്രീകള്‍ (അമ്മായിയമ്മയും മരുമകളും) പരസ്യവിചാരണയ്ക്ക് വിധേയമാക്കുന്നു എന്ന വിപ്ലവാത്മകത ആ സീനിനുണ്ട്.

സ്വന്തം ശരീരത്തിന്റെ\ ഗര്‍ഭപാത്രത്തിന്റെ അവകാശി താന്‍ തന്നെയാണെന്ന മരുമകളുടെ ഉറച്ച പ്രഖ്യാപനമുണ്ട് അവിടെ. ഇങ്ങനെ ചിലപ്പോഴൊക്കെ അതിഗംഭീരമായി പുതിയ കാലത്തിന്റെ സിനിമയാകുമ്പോള്‍ പലപ്പോഴും സംവിധായകന്റെ ഉള്ളിലെ യാഥാസ്ഥിതിക സദാചാരവാദി വെളിപ്പെടുന്നു എന്നതാണ് ഈ സിനിമയുടെ ട്രാജഡി.

സ്ത്രീപക്ഷമായി ആരംഭിച്ച സിനിമയുടെ വൈരുദ്ധ്യാത്മകത അതിന്റെ അവസാനത്തിലാണ്. അതുവരെ പ്രണയം എന്ന മഹാസത്യത്തിനോട് 100% ആത്മാര്‍ത്ഥത പുലര്‍ത്തിയ തിരക്കഥാകൃത്ത് പെട്ടെന്നൊരു മലക്കംമറച്ചില്‍. അനാവശ്യ ഡയലോഗ് തിരുകിക്കയറ്റി കാമുകനെ വില്ലനാക്കുന്നു. ഒരു ഗംഭീര കാമുകനെ(കാമുകിയെ കാണാന്‍ മരണവീട്ടില്‍ എത്തുന്ന കാമുകന്‍ എന്ന ഒറ്റസീന്‍ മതി കാമുകന്റെ ഗാംഭീര്യം മനസ്സിലാക്കാന്‍) അണ്‍പോപ്പുലറാക്കാന്‍ തിരക്കഥാകൃത്ത് സ്വീകരിച്ച വഴിയാണ് ഏറ്റവും അരോചകം.

കാമുകിയുടെ ഭര്‍ത്താവിന്റെ സ്വത്തിനെക്കുറിച്ചും കാമുകിയുടെ ശരീരത്തെക്കുറിച്ചും സംസാരിക്കുന്ന ഒരു സാധാരണകാമുകനായി പെട്ടെന്നയാള്‍ മാറുന്നു. കാലങ്ങളായി മലയാളസിനിമ പരിചരിച്ചുപോരുന്ന ആണ്‍പ്രണയത്തിന്റെ പരമ്പരാഗതമായ ആഖ്യാനം(typical version). അതോടെ അഴിക്കാന്‍ നോക്കിയ കെട്ട് കൂടുതല്‍ ഭദ്രമായി മുറുക്കി കെട്ടി ഒരൊറ്റ രക്ഷപ്പെടലാണ് സംവിധായകന്‍. അവസാനം കാമുകനെ ഉപേക്ഷിച്ച് ലീലാമ്മയോടൊപ്പം അഞ്ജു വള്ളത്തില്‍ വന്നിരിക്കുമ്പോള്‍, പ്രേക്ഷകരെ നോക്കി പുച്ഛഭാവത്തില്‍ ചിരിക്കുന്ന വ്യവസ്ഥാപിതകേരളീയ കുടുംബ-മതസങ്കല്പങ്ങളുടെ കാവല്‍ക്കാരിയായൊരു അമ്മായിയമ്മയെ സൂക്ഷിച്ചു നോക്കിയാല്‍ കാണാം. ഒടുവില്‍, ഒരേവള്ളത്തില്‍ യാത്ര തുടരുന്ന അമ്മായിയമ്മയിലും മരുമകളിലും സിനിമ അവസാനിക്കുന്നു. ഭര്‍ത്താവിന്റെ കുടുംബമാണ് പെണ്ണിന്റെ അഭയകേന്ദ്രം എന്ന് സ്ഥാപിച്ചുകൊണ്ട്, ജീവിതത്തിന്റെ ഒഴുക്ക് തുടരുന്നു. ഓളങ്ങളില്ലാതെ...പ്രത്യേകിച്ച് ഒരു മാറ്റവുമില്ലാതെ... ശാന്തമായി...എന്ന കണ്‍ക്ലൂഷനോടെ. സമരസപ്പെടലുകളാണെളുപ്പമെന്ന തിരിച്ചറിവില്‍ ഒരു സിനിമകൂടി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi