നെറ്റ്ഫ്ളിക്സ് സീരീസായ 'ദി വിച്ചറി'ലെ ഗെറാൾട്ട് ഓഫ് റിവിയ ആരാധകരുടെ മനസ്സിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന കഥാപാത്രമാണ്. സൂപ്പർമാൻ താരം ഹെൻറി കാവിലാണ് വിച്ചറിന്റെ മുഖമായത്. മൂന്നു സീസണിലും ഗെറാൾട്ടിന് ജീവൻ നൽകിയശേഷം 2022-ൽ ഹെൻറി കാവിൽ വിച്ചറിൽ നിന്ന് പിന്മാറി. ഇത് ആരാധകരെ ശരിക്കും ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിന് ഔദ്യോഗിക സ്ഥിരീകരണമായി. കാവിലിനുപകരം ഗെറാൾട്ട് ഓഫ് റിവിയയായി ലിയാം ഹെംസ്‌വർത്ത് അരങ്ങേറ്റം കുറിക്കുന്ന നാലാംസീസണിന്റെ ഔദ്യോഗിക ട്രെയിലർ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു.

ഇതോടെ എക്സിൽ ആരാധകരുടെ പ്രതികരണങ്ങളും നിറഞ്ഞു. പുതിയ വിച്ചറിനെ അംഗീകരിക്കാൻ പല ആരാധകർക്കും മനസ്സുവന്നില്ല. കാവിലിനെയല്ലാതെ ആ വേഷത്തിൽ മറ്റൊരാളെ സങ്കല്പിക്കാനാവാത്തതിന്റെ പരിഭവം പലരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. മീമുകളിലൂടെയും രണ്ട് നടന്മാരുടെയും ചിത്രങ്ങൾ ചേർത്തുവെച്ചുള്ള എഡിറ്റുകളിലൂടെയും പ്രേക്ഷകർ ഇരുവരെയും താരതമ്യം ചെയ്തു.

കാവിലിനോട് ആരാധകർ വളരെ അടുത്തുപോയിരിക്കുന്നുവെന്ന്‌ വ്യക്തമാക്കുന്നതായിരുന്നു കമന്റുകളിൽ മിക്കതും. അദ്ദേഹത്തിന് പകരക്കാരനെ വെക്കുന്നത് നഷ്ടമാണ്, അദ്ദേഹത്തേക്കാൾ പെർഫെക്റ്റാക്കാൻ മറ്റാർക്കും സാധിക്കില്ല, ഹെംസ്‌വർത്ത് വളരെ പോളിഷ്ഡ് ആണ്, ഗെറാൾട്ടിനാവശ്യമായ പരുക്കൻ ഭാവമില്ല, കാവിലിന്റെ ഉയർന്ന നിലവാരത്തിലുള്ള പ്രകടനത്തോടൊപ്പമെത്താൻ ഹെംസ്‌വർത്തിനാവില്ല എന്നിങ്ങനെ നീളുന്നു കമന്റുകൾ.

ചില പ്രതികരണങ്ങൾ അതിരൂക്ഷമായ വിമർശനങ്ങളായിരുന്നു, ഹെംസ്‌വർത്തിനെ “വിലകുറഞ്ഞ ഗെറാൾട്ട്” എന്ന് ചിലർ വിളിച്ചു. കാവില്ലില്ലാതെ ഷോ കാണില്ലെന്നുപോലും പറഞ്ഞു. "ജെറാൾട്ട് ഓഫ് റിവിയ / ജെറാൾട്ട് ഓഫ് ഐകിയ" എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

അതേസമയം, ഹെംസ്‌വർത്തിന് നന്നായി അഭിനയിക്കാൻ കഴിയുമോയെന്നറിയാനുള്ള കാത്തിരിപ്പിലാണെന്ന് പറയുന്നവരുമുണ്ട്. ചിലപ്പോൾ അദ്ദേഹം ആളുകളെ അദ്ഭുതപ്പെടുത്തിയേക്കുമെന്നും.

നാലാം സീസണിലും അവസാനത്തെ സീസണായ അഞ്ചിലും ഹെംസ്‌വർത്തായിരിക്കും നായകനെന്നാണ് അറിയുന്നത്. ഹെംസ്‌വർത്തിൻ്റെ ഗെറാൾട്ട് തൻ്റെ മുൻ ശിഷ്യയായ സിരിയെ കണ്ടെത്താനായി ഒരു പുതിയ സാഹസിക സംഘത്തെ രൂപീകരിക്കുന്നതോടെയാണ് ട്രെയിലർ തുടങ്ങുന്നത്. "ദ വിച്ചർ ഒരു മാറ്റത്തിന്റെ ഘട്ടത്തിലാണ്. നിങ്ങൾ പുതിയ ഒന്നാകാൻ പോകുന്നു," എന്നൊരു ശബ്ദവിവരണം ട്രെയിലറിലുണ്ട്. തൊട്ടുപിന്നാലെ, "നിങ്ങൾ എങ്ങനെ പുനർജനിക്കും?" എന്നൊരു ചോദ്യവും കേൾക്കാം. കാവിലിൽ നിന്ന് ഹെംസ്‌വർത്തിലേക്കുള്ള മാറ്റത്തെ പ്രതീകാത്മകമായി സൂചിപ്പിക്കുന്നതാണ് ഈ സംഭാഷണങ്ങൾ.

യഥാർഥ കഥയിൽ നിന്ന് അണിയറപ്രവർത്തകർ വ്യതിചലിച്ചതിനെത്തുടർന്നുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കാവിലിന്റെ പിന്മാറ്റത്തിനു കാരണമെന്ന് പറയപ്പെടുന്നു. അതേസമയം, കാവിൽ ഇതിനോട് പ്രതികരിച്ചിട്ടില്ല.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi