ശബ്ദം കൊണ്ട് ശ്രദ്ധിക്കപ്പെടാനാഗ്രഹിച്ചവള്‍. തിയേറ്ററുകളില്‍ കൈയടിനേടിയ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന പാട്ടുകാരി. ജൂഡിത്ത് ആന്‍ എന്ന പത്തനംതിട്ടക്കാരിയ്ക്ക് ശബ്ദം സംഗീതം മാത്രമല്ല. ആങ്കറായും സിങ്ങറായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും ജൂഡിത്ത്  തന്റെ ശബ്ദത്തെ ആളുകളിലേക്കെത്തിച്ചു. കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലൂടെ പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്ന ജൂഡിത്ത് ശബ്ദം നല്‍കിയത് ഒരുപിടി നല്ല കഥാപാത്രങ്ങള്‍ക്കുകൂടിയായിരുന്നു. കല്‍ക്കി 2898 എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിലെ റോക്‌സിയും പൊന്നിയിന്‍ ശെല്‍വനിലെ വാനതിയും ഉള്‍പ്പെടെ നിരവധി കഥാപാത്രങ്ങള്‍ ജൂഡിത്തിന്റെ ശബ്ദത്തിലൂടെ പ്രേക്ഷകര്‍ക്കുമുന്നിലെത്തി. 2024-ല്‍ പുറത്തിറങ്ങിയ 'ലിറ്റില്‍ ഹാര്‍ട്‌സ്' എന്ന ചിത്രത്തിലെ 'നാം ചേര്‍ന്ന വഴികള്‍' എന്ന ഗാനം ജൂഡിത്തിന്റെ കരിയറിലെ മറ്റൊരു വഴിത്തിരിവായി. 

To advertise here,

പ്രചോദനമായ കലാകുടുംബം 
ഒരു സംഗീത കുടുംബമായിരുന്നു എന്റേത്. അച്ഛനും മുത്തച്ഛനും അമ്മയുടെ സഹോദരിമാരും പാടും. പാടുമായിരുന്നെങ്കിലും സിനിമയിലേക്കെത്താന്‍ ആരും ശ്രമിച്ചില്ല. പാട്ട് പാടാന്‍ തുടങ്ങിയകാലത്തേ പള്ളിയിലെ ഗായകസംഘത്തിനൊപ്പം പാടിത്തുടങ്ങി. സംഗീതത്തിലും കീബോര്‍ഡിലും ഗിത്താറിലുമെല്ലാം എന്റെ അച്ഛന്‍ തന്നെയാണ് ആദ്യ ഗുരു. എനിക്ക് ഒന്‍പത് വയസ്സുളളപ്പോള്‍ അമ്മയുടെ സഹോദരി പള്ളിയിലെ പരിപാടിയ്ക്ക് പാടുന്നത് കണ്ടാണ് പാട്ടുകാരിയാകണമെന്ന് ആദ്യമായി തോന്നുന്നത്. പ്ലസ് ടു കഴിഞ്ഞ് രണ്ടരവര്‍ഷത്തോളം ബിന്നി കൃഷ്ണകുമാര്‍ ടീച്ചറുടെ അടുത്തുനിന്ന് കര്‍ണാട്ടിക് പഠിച്ചു. കൊച്ചിയില്‍ വന്നശേഷം അല്‍ഫോണ്‍സ് സാറിന്റെ ശിഷ്യത്വം സ്വീകരിച്ചു. അരുണ്‍ മാത്യൂ സാറിന്റെ അടുത്തുനിന്ന് വെസ്റ്റേണ്‍ വോക്കലും പരിശീലിച്ചു. ഇപ്പോഴും കര്‍ണാട്ടിക് മ്യൂസിക്ക് പഠിക്കുന്നുണ്ട്. പാട്ടിന് പുറമേ വോക്കല്‍ ആന്റ് പെര്‍ഫോമന്‍സ് കോച്ച് കൂടിയാണ് ഞാന്‍. ട്രിനിറ്റി ഗ്രേഡ് എക്‌സാംസും ചെയ്യുന്നു. കുറച്ചു കുട്ടികള്‍ക്ക് ട്രെയിനിങ്ങ് നല്‍കുന്നുണ്ട്, ഒപ്പം മോഡലിങ്ങും ആങ്കറിങ്ങും. മുമ്പ് സീ കേരളത്തില്‍ ടോക്ക് ഷോ ചെയ്തിരുന്നു. ഇപ്പോള്‍ മഴവില്‍ മനോരമയുടെ ടോക്ക് ഷോ ചെയ്യുന്നു. എം.ഫില്‍ പൂര്‍ത്തിയാക്കി, ഇനി പി.എച്ച്. ഡി ചെയ്യണം. 

വെള്ളിത്തിരയിലെ ഹിറ്റുകള്‍
'പത്തുകല്പനകള്‍' എന്ന സിനിമയില്‍ വെസ്റ്റേണ്‍ ടച്ചുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് പാടിയാണ് സിനിമയില്‍ തുടക്കം. കക്ഷി അമ്മിണിപ്പിള്ളയിലെ പാട്ടിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. കുറച്ചു വര്‍ഷം മുമ്പ് എബി സാം ചെറിയാന്‍ എന്ന സംഗീതസംവിധായകന് ഞാന്‍ ഒരു ഡെമോ കൊടുത്തിരുന്നു. ഏകദേശം മൂന്ന് വര്‍ഷം കഴിഞ്ഞാണ് ആ സിനിമയിലേക്ക് വിളി വരുന്നത്. പാട്ടിനേക്കാളപ്പുറം അതൊരു വായ്ത്താരിയായിരുന്നു. അതുകഴിഞ്ഞാണ് 'ബ്രദേഴ്‌സ് ഡേ'  യിലെ താലോലം തുമ്പിപെണ്ണാണേ... എന്ന പാട്ടിലേക്ക് വിളിവരുന്നത്. പാട്ടിന്റെ ഹിന്ദി പതിപ്പും എനിക്കുതന്നെ പാടാന്‍ കഴിഞ്ഞു എന്നതാണ് മറ്റൊരു സന്തോഷം. മിക്ക കല്യാണവീടുകളിലും ചെല്ലുമ്പോള്‍ ഈ പാട്ട് കേള്‍ക്കും, അപ്പോള്‍ സന്തോഷം ഇരട്ടിക്കും. 'താരം തീര്‍ത്ത കൂടാരം' എന്ന സിനിമയിലെ പാട്ടും സ്‌പെഷ്യലാണ്. ഞാനും എന്റെ സ്റ്റുഡന്റും ചേര്‍ന്ന് പാടിയ പാട്ടാണത്. വളരെ യാദൃശ്ചികമായി വന്നൊരു പാട്ടായിരുന്നു. സ്റ്റുഡന്റിനെ പാടിക്കാന്‍ കൂട്ടുപോയപ്പോള്‍ എന്റെ ശബ്ദം പാട്ടിന് മാച്ചാണെന്നു പറഞ്ഞ് എന്നെയും പാടിപ്പിച്ചു. 

സര്‍പ്രൈസായി ആ ഗാനം 
ലിറ്റില്‍ ഹാര്‍ട്‌സിലെ 'നാം ചേര്‍ന്ന വഴികള്‍' ഒരു വമ്പന്‍ സര്‍പ്രൈസ് ആയിപ്പോയി.  ട്രാക്ക് പാടാന്‍ പോയ ഞാന്‍ മെയിന്‍ സിങ്ങറായി. ശ്രേയാ ഘോഷലിനായി കരുതിവെച്ച പാട്ടായിരുന്നു അത്. ട്രാക്ക് പാടാന്‍ പോയപ്പോഴേ, സംഗീത സംവിധായകന്‍ കൈലാസേട്ടന്‍ (കൈലാസ് മേനോന്‍) അത് പറഞ്ഞതാണ്. അതുകൊണ്ട് പ്രതീക്ഷയൊന്നും വെച്ചില്ല. എന്നാല്‍ റെക്കോഡിങ് കഴിഞ്ഞപ്പോഴേ കൈലാസേട്ടന് എന്റെ ശബ്ദം മതിയെന്ന ആഗ്രഹമുണ്ടായിരുന്നു. അത് അദ്ദേഹം തന്നെ പ്രെഡ്യൂസര്‍ സാന്ദ്ര മാമിനോട് പറഞ്ഞു. മാം കേട്ട് ഇഷ്ടപ്പെട്ട് ഓക്കെ പറഞ്ഞശേഷമാണ് എന്നെ മുഴുവന്‍ പാടാന്‍ വിളിക്കുന്നത്. 

ഒരു ദിവസം പെട്ടെന്ന് വിളിച്ച് ഒരു സര്‍പ്രൈസുണ്ട് സ്റ്റ്യൂഡിയോയിലേക്ക് വരണമെന്ന് പറഞ്ഞു. പാട്ടിന് ഏറ്റവും യോജിച്ച ശബ്ദം എന്റേതാണെന്നും മുഴുവനും ഞാന്‍ തന്നെ പാടിയാല്‍ മതിയെന്നും കൈലാസേട്ടനും സാന്ദ്ര മാമും അടക്കം അവിടെ ഉണ്ടായിരുന്നവരെല്ലാം പറഞ്ഞു. കോ സിങ്ങര്‍ വിജയ് യേശുദാസായിരുന്നു. അദ്ദേഹവും അത് ശരിവെച്ചു. അങ്ങനെ പാടി. പാട്ട് ഹിറ്റായി. അതിന് സാന്ദ്ര മാമിനോടും കൈലാസേട്ടനോടും ഞാനെന്നും കടപ്പെട്ടിരിക്കും. പുതിയ സിനിമയ്ക്കായി രണ്ട് പാട്ടുകള്‍ പാടി. അതിന്റെ വിശേഷങ്ങള്‍ റിലീസിനോടനുബന്ധിച്ച് പുറത്തു വിടുന്നതായിരിക്കും. 

കല്‍ക്കിയും പൊന്നിയില്‍ സെല്‍വനും
ശബ്ദം കൊണ്ട് എന്നെ ആളുകള്‍ തിരിച്ചറിയണമെന്ന്  ഒരുപാട് ആഗ്രഹിച്ചിരുന്നു. അപ്പോഴാണ് സിനിമയില്‍ ഡബ്ബ് ചെയ്യാന്‍ അവസരം കിട്ടുന്നത്. 'വികാന്ത് റോണ' എന്ന സിനിമയിലെ നായികയ്ക്കുവേണ്ടിയാണ് ആദ്യമായി ഡബ്ബ് ചെയ്യുന്നത്. പൊന്നിയില്‍ സെല്‍വലിനെ ശോഭിത ധൂലിപാല അവതരിപ്പിച്ച വാനതിയായിരുന്നു ഡബ്ബിങ് കരിയറില്‍ എന്നെത്തേടിയെത്തിയ ഏറ്റവും മികച്ച അവസരം. വാനതിയുടെ ശബ്ദത്തിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പട്ടു. ശേഷം എബ്രഹാം ഓസ്ലലറില്‍ ആര്യ സലീം അവതരിപ്പിച്ച ദിവ്യ എന്ന പോലീസ് കഥാപാത്രത്തിനുവേണ്ടി ശബ്ദം നല്‍കി. പൊന്നിയില്‍ സെല്‍വനിയിലെ വാനതിയുടെ ശബ്ദം കേട്ടിട്ടാകണം കല്‍ക്കിയില്‍ ദിഷ പഠാനി അവതരിപ്പിക്കുന്ന റോക്‌സി എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കാന്‍ എന്നെ ക്ഷണിച്ചത്. മുംബൈയില്‍ മറ്റൊരു പ്രോജക്ടിന് പോയ സമയത്താണ് ഡബ്ബിങ്ങിനായി കല്‍ക്കിയിലേക്ക് വിളിവരുന്നത്. സിനിമയുടെ അവസാനം ഭാഗം എത്തിയ സമയത്താണ് കല്‍ക്കിയുടെ സെറ്റില്‍ എത്താന്‍ സാധിച്ചത്. വോക്സ്‌കോമിലെ ടീം കഥാപാത്രത്തിന്റെ ഇമോഷന്‍ വ്യക്തമായി വിവരിച്ചു തന്നതുകൊണ്ട് നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞു.

സാറ്റര്‍ഡേ നെറ്റ് എന്ന സിനിമയ്ക്കായി ഡബ്ബിങ് ഡയറക്ഷന്‍ ചെയ്തിട്ടുണ്ട്. റോഷന്‍ ആന്‍ഡ്രൂസ് സാറാണ് എന്നെക്കൊണ്ടത് ചെയ്യിപ്പിച്ചത്. കൂടാതെ പവി കെയര്‍ ടേക്കര്‍, ആന്റണി തുടങ്ങിയ സിനിമകളിലും ചില കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കി. ഓരോ കഥാപാത്രത്തിനും അനുയോജ്യമായ വികാരങ്ങളും സ്റ്റെെലും വരുത്തേണ്ട വ്യത്യാസങ്ങളുമെല്ലാം ഡബ്ബിങ് സമയത്ത് അവര്‍ തന്നെ പറഞ്ഞുതരും. നമ്മുടെ ശബ്ദം കൊണ്ട് കഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ ഭംഗി കൊടുക്കാന്‍ കഴിയുന്നതാണ് ഡബ്ബിങ്ങില്‍ ഞാന്‍ കണ്ടെത്തുന്ന സന്തോഷം. പരസ്യങ്ങളിലും സിനിമകളിലും ശബ്ദം കൊടുത്തതുകൊണ്ട് ചിലരെങ്കിലും എന്റെ ശബദം തിരിച്ചറിയുന്നുണ്ട് അത് വലിയൊരു അംഗീകാരമായി കാണുന്നു. ഓരോ തവണ തിയേറ്ററില്‍ എന്റെ ശബ്ദം കേള്‍ക്കുമ്പോഴും ആദ്യത്തെ അത്രയും ആകാംക്ഷയാണെനിക്ക്. 2024 എന്നെ സംബന്ധിച്ച് നല്ല വര്‍ഷമാണ്. 

ശബ്ദം തിരിച്ചറിയപ്പെടണം
ഉള്ളിലെ കലയെ എത്രത്തോളം മികച്ചതാക്കാമോ അത്രത്തോളം മികച്ചതായി അവതരിപ്പിക്കുക എന്നതായിരുന്നു ഞാന്‍ നേരിട്ട ആദ്യ വെല്ലുവിളി. അതിനായി ഒരുപാട് പരിശ്രമിച്ചു. കഴിവ് മെച്ചപ്പെടുത്തുന്നതിനൊപ്പം മികച്ച സംഗീതസംവിധായകരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുകയും വേണമല്ലോ. ശബ്ദം മറ്റുള്ളവരിലേക്കെത്തുക, അത് വേറിട്ടുനില്‍ക്കുക, അംഗീകരിക്കപ്പെടുക എന്നതെല്ലാം പ്രയാസമേറിയ കാര്യമാണ്. നല്ല അവസരങ്ങളും സിനിമയും തേടിയെത്താന്‍ നന്നായി കഷ്ടപ്പെട്ടു. പാട്ടുകാരി എന്ന നിലയില്‍ സ്വന്തമായി ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കുകയെന്നത് എല്ലാവരെയും പോലെതന്നെ എനിക്കും വെല്ലുവിളിയായി. പാട്ടുകള്‍ ഹിറ്റായപ്പോഴും പാടിയത് ഞാനാണെന്ന് ആരും തിരിച്ചറിഞ്ഞില്ല. ശബ്ദം കൊണ്ട് ആളുകള്‍ തിരിച്ചറിയണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. 

.