
ഒരുകാലത്ത് ബോളിവുഡിന്റെ ഗ്ലാമര്‍ ഗേളായിരുന്ന സീനത്ത് അമന്‍ വീണ്ടും സിനിമയിലേക്ക് എത്തുകയാണ്. 'ബണ്‍ ടിക്കി' എന്ന സിനിമയില്‍ അഭയ് ഡിയോള്‍, ശബാന ആസ്മി എന്നിവരും അഭിനയിക്കുന്നു.
അതിനിടെ ഇന്‍സ്റ്റഗ്രാമില്‍ സീനത്ത് അമന്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും കുറിപ്പും ശ്രദ്ധനേടുകയാണ്. 2010-ല്‍ ഐ.ഐ.എഫ്.എ (ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡ്‌സ്) യുടെ പുരസ്‌കാരം പിടിച്ചുള്ള ഫോട്ടോയാണ് സീനത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിനൊപ്പം അവരിങ്ങനെ കുറിക്കുന്നു, ''എന്റെ ജീവിതത്തില്‍ ആ കാലഘട്ടത്തിലെ ഫോട്ടോ വളരെ കുറവാണ്. അതുതന്നെയാണ് ആ കാലത്തെ മനോഹരമാക്കുന്നതും. എന്നെ സംബന്ധിച്ചിടത്തോളം നിശബ്ധമായ വര്‍ഷങ്ങളായിരുന്നു അതൊക്കെ. മധ്യവയസ്സിലെത്തിയ സ്ത്രീകള്‍ക്കെല്ലാം ആ മാനസികാവസ്ഥ മനസ്സിലായേക്കാം''.
ഈയിടയ്ക്ക് വിവാഹത്തെക്കുറിച്ചുള്ള അവരുടെ അഭിപ്രായം ഏറെ വിവാദമായിരുന്നു. നിങ്ങള്‍ വിവാഹം കഴിക്കാനാഗ്രഹിക്കുന്നുവെങ്കില്‍, ആദ്യം തന്നെ ഒരുമിച്ച് ജീവിച്ചുതുടങ്ങണമെന്നാണ് അവര്‍ പറഞ്ഞത്. ''പ്രണയിക്കുമ്പോള്‍ പരസ്പരം നല്ല സ്വഭാവം മാത്രമേ മനസ്സിലാവൂ. ഒരുമിച്ച് ജീവിക്കുമ്പോഴാണ് എല്ലാ വശങ്ങളും തിരിച്ചറിയാന്‍ കഴിയുന്നത്. നിങ്ങള്‍ തമ്മില്‍ പൊരുത്തമുണ്ടോ എന്ന് തിരിച്ചറിയാന്‍ ലിവിങ് ടുഗെതറിലൂടെ കഴിയും. ഞാനിതേ കാര്യം എന്റെ മക്കളോടും പറഞ്ഞിട്ടുണ്ട്''.

ബോളിവുഡിന്റെ ഗ്ലാമര്‍ ഗേള്‍
സീനത്ത് അമന്റെ ചെറുപ്പത്തില്‍ തന്നെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. പിന്നീട് അമ്മയായിരുന്നു അവരുടെ കാര്യങ്ങളെല്ലാം നോക്കിയത്. ''ഞാന്‍ സിനിമ കരിയറാക്കാന്‍ തീരുമാനിച്ചപ്പോള്‍ അമ്മ ജോലിയെല്ലാം വിട്ട് എനിക്കൊപ്പം വന്നു, എന്റെ മാനേജറായി. എന്റെ കോണ്‍ട്രാക്ടുകള്‍ പരിശോധിച്ചതും, കിട്ടുന്ന പണം പലയിടങ്ങളില്‍ നിക്ഷേപിച്ചതും, ഭക്ഷണം തയ്യാറാക്കിത്തന്നതും, എന്റെ സ്റ്റൈല്‍ തീരുമാനിച്ചതും, ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചതുമെല്ലാം അമ്മയാണ്''.
'ഹല്‍ചല്‍' എന്ന സിനിമയിലൂടെയാണ് സീനത്തിന്റെ അരങ്ങേറ്റം. എന്നാലത് പരാജയമായിരുന്നു. അടുത്തസിനിമയും പരാജയപ്പെട്ടു. ഒരു ഹിറ്റ് എങ്കിലും ഇല്ലെങ്കില്‍ ഭാഗ്യമില്ലാത്ത നായിക എന്ന പേരില്‍ സിനിമയില്‍നിന്ന് തന്നെ പുറത്തായേക്കാം. അപ്പോഴാണ് 'ഹരേ രാമ ഹരേ കൃഷ്ണ' എന്ന സിനിമയിലേക്ക് ദേവ് ആനന്ദ്, സീനത്തിനെ വിളിക്കുന്നത്. ബൊഹീമിയന്‍ വസ്ത്രങ്ങള്‍ ധരിച്ച്, കഞ്ചാവ് പുകച്ചുവലിക്കുന്ന, ഹിപ്പി ജീവിതം നയിക്കുന്ന കഥാപാത്രം. നായകന്റെ സഹോദരീവേഷമാണ്. അതുകൊണ്ട് പല ബോളിവുഡ് താരങ്ങളും ആ ഓഫര്‍ നിരസിച്ചു. അതിനുശേഷം മറ്റൊരു അഭിനേത്രിയായ സഹീദയെയും ദേവ് ആനന്ദ് സമീപിച്ചു. പക്ഷേ സഹോദരിയായാല്‍ പ്രാധാന്യം കുറയുമെന്ന് കരുതി, സഹീദ അത് വേണ്ടെന്നുവെച്ചു. പകരം നായികയായാല്‍ മതിയെന്നും പറഞ്ഞു. അങ്ങനെയാണ് ആ വേഷം സീനത്തിനെ തേടിയെത്തുന്നത്.
സീനത്തെന്ന അഭിനേത്രിയെ ബോളിവുഡില്‍ ഉറപ്പിച്ചുനിര്‍ത്തിയത് ആ സിനിമയാണ്. ആ കഥാപാത്രം ഇന്ത്യന്‍സിനിമയെ തന്നെ പിടിച്ചുകുലുക്കി. ചുണ്ടില്‍ സിഗരറ്റും, ലഹരി മയക്കുന്ന കണ്ണുകളുമായി അവര്‍ ആ സിനിമയില്‍ നിറഞ്ഞാടി. 'ദം മാരോ ദം' എന്ന പാട്ടുസീനിലെ സീനത്തിനുപോലും വലിയൊരു ആരാധകവൃന്ദത്തെ ആകര്‍ഷിക്കാന്‍ കഴിഞ്ഞു.
പുറകെ സത്യം ശിവം സുന്ദരം, ഖുര്‍ബാനി, ഡോണ്‍, യാദോം കി ബാറാത്, ദോസ്താനാ എന്നീ സിനിമകളും വന്നു. സിനിമയ്‌ക്കൊപ്പം പാട്ടുകളും ഹിറ്റായത് സീനത്തിന് ഗുണകരമായി. 'ഖുര്‍ബാനി'യിലെ 'ആപ് ജൈസാ കോയി', ലൈലാ ഓ ലൈലാ' എന്നീ പാട്ടുകള്‍ സീനത്ത് അമന്റെ നൃത്തച്ചുവടുകളുടെ പേരിലും കൂടിയാണ് അറിയപ്പെടുന്നത്.
അക്കാലത്തെ മുന്‍കിട സംവിധായകരെല്ലാം സീനത്തിനെ നായികയാക്കാന്‍ മത്സരിച്ചു. പക്ഷേ, എല്ലാം ഒരേപോലുള്ള റോളുകളായിരുന്നുവെന്ന് മാത്രം. അവരുടെ സെക്‌സ് അപ്പീല്‍ മാത്രം ലക്ഷ്യമിട്ടാണ് പലരും അവരെ നായികയാക്കിയത്.
അക്കാലത്തെ സ്റ്റൈല്‍ ഐക്കണായി മാറി അവര്‍. ബോളിവുഡിലെ അന്നത്തെ സ്റ്റൈല്‍ അവര്‍ പൊളിച്ചെഴുതി. മോഡേണും ട്രഡീഷണലും ഒരുപോലെ ചേരുമായിരുന്നു അവര്‍ക്ക്. ഡീപ് നെക്ക് സില്‍വര്‍ ഗൗണും സീക്വന്‍സ് പിടിപ്പിച്ച ഡ്രസ്സും ബ്രാലെറ്റ് ടോപ്പും ബിക്കിനിയുമെല്ലാം യുവാക്കളുടെ ഹരമായി. 'സത്യം ശിവം സുന്ദര'ത്തിലെ അവരുടെ വസ്ത്രധാരണം അക്കാലത്ത് കുറേ വിമര്‍ശനം കേട്ടിരുന്നു. എന്നാല്‍, സ്ത്രീസൗന്ദര്യമാണത്, അതില്‍ അശ്ലീലമായൊന്നുമില്ലെന്നായിരുന്നു അവരുടെ കാഴ്ചപ്പാട്. ആളുകള്‍ തന്നെ സെക്‌സ് ഡോളായി ബ്രാന്‍ഡ് ചെയ്യുന്നതൊന്നും അവരെ ബാധിച്ചതുമില്ല.
കുടുംബജീവിതത്തിലേക്ക്...
ബോളിവുഡിലെ എക്കാലത്തെയും വിജയനായികമാരിലൊരാള്‍. പക്ഷേ അവരുടെ ജീവിതം എന്നും പ്രശ്‌നങ്ങളുടെ നടുവിലായിരുന്നു. സമാധാനമെന്തെന്ന് പോലുമറിയാത്ത കാലം.
'ഹരേ രാമ ഹരേ കൃഷ്ണ'യില്‍ അഭിനയിക്കുമ്പോള്‍ 20 വയസ്സാണ് സീനത്തിന്. സഹോദരനായി അഭിനയിക്കുന്നത് 48-കാരനായ ദേവ് ആനന്ദും. ഒറ്റനോട്ടത്തില്‍ തന്നെ ദേവ് ആനന്ദിന് സീനത്തിനോട് പ്രണയമായി. അദ്ദേഹത്തിന്റെ ആത്മകഥയില്‍ ഇതിനെക്കുറിച്ച് പറയുന്നുമുണ്ട്. ''പ്രണയത്തില്‍ മുങ്ങിപ്പോയിരുന്നു ഞാന്‍. അത് പറയാനുള്ള ഒരുക്കങ്ങളെല്ലാം നടത്തി''. പാകിസ്താന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാനുമായും സീനത്ത് പ്രണയത്തിലായിരുന്നുവത്രേ. രണ്ടുപേരും ഇത് തുറന്നുസമ്മതിച്ചിരുന്നില്ല. പിന്നീട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സീനത്ത് പറഞ്ഞതിങ്ങനെ, ''അതൊക്കെ പഴയ കാര്യങ്ങളല്ലേ. എല്ലാം മറക്കണം''.
പിന്നീടാണ് സീനത്ത്, ബോളിവുഡിലെ അന്നത്തെ സൂപ്പര്‍താരം സഞ്ജയ് ഖാനെ വിവാഹം കഴിക്കുന്നത്. വിവാഹിതനും മൂന്നുകുട്ടികളുടെ പിതാവുമായിരുന്നു സഞ്ജയ് ഖാന്‍. വളരെ ആര്‍ഭാടപൂര്‍ണമായ വിവാഹം. എന്നാല്‍ ആ ബന്ധം ഇരുവരെയും സംബന്ധിച്ചിടത്തോളം ഒട്ടും സുഖകരമായിരുന്നില്ല. സീനത്തിന്റെ കണ്ണിന് പരിക്ക് പറ്റിയതും അതിന് ശസ്ത്രക്രിയ നടത്തിയതുമെല്ലാം ബോളിവുഡില്‍ വാര്‍ത്തയായിരുന്നു. സഞ്ജയ് ഖാന്റെ മര്‍ദനമേറ്റാണ് പരിക്ക് പറ്റിയതെന്നും പറയപ്പെട്ടു. ആ സംഭവമിങ്ങനെ.
ഒരിക്കല്‍ ലോണാവാലയില്‍ 'ഇന്‍സാഫ് കാ തരാസു' എന്ന സിനിമയുടെ സെറ്റിലായിരുന്നു സീനത്ത്. ഷൂട്ടിങ് തുടങ്ങിയപ്പോഴേക്കും, ഉടന്‍ ബോംബെയിലെത്താന്‍ സഞ്ജയ് അവരോടാവശ്യപ്പെട്ടു. വരാന്‍ പറ്റില്ലെന്ന് സീനത്ത് പറഞ്ഞു. അതോടെ സഞ്ജയ് ഖാന്‍ ദേഷ്യപ്പെട്ടു. ഒടുവില്‍ സീനത്ത് തിരിച്ചെത്തിയപ്പോള്‍, ഒരുമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി സഞ്ജയ് ഖാന്‍ ഭീകരമായി മര്‍ദിച്ചുവത്രേ. അതിലാണ് അവരുടെ വലതുകണ്ണിന് പരിക്കേറ്റത്. ഇനിയും ആ ബന്ധത്തില്‍ തുടരുന്നതില്‍ കാര്യമില്ലെന്ന് മനസ്സിലാക്കിയ സീനത്ത്, സഞ്ജയ് ഖാനില്‍നിന്ന് അകന്നു.
പിന്നീടാണ് നിര്‍മാതാവും സംവിധായകനും നടനുമായ മസര്‍ ഖാനെ പരിചയപ്പെടുന്നത്. 1985-ല്‍ ഇവര്‍ വിവാഹിതരായി. വിവരമറിഞ്ഞപ്പോള്‍ ബോളിവുഡ് ഞെട്ടി. കാരണം, മുന്‍കിടതാരങ്ങളിലൊരാളല്ല മസര്‍, അഭിനയിച്ചതിലധികവും ഫ്‌ളോപ്പ് സിനിമകള്‍. വിവാഹത്തോടെ അവര്‍ സിനിമയില്‍നിന്ന് ബ്രേക്കെടുത്തു. മസര്‍ ഖാനുമായുള്ള ബന്ധത്തിലും പ്രശ്‌നങ്ങള്‍ തന്നെയാണ് അവരെ കാത്തിരുന്നത്. പ്രണയമോ ബഹുമാനമോ ഒന്നുമില്ലാത്ത ബന്ധം.
സിമി ഗരെവാളുമായുള്ള അഭിമുഖത്തില്‍ സീനത്ത് വിവാഹജീവിതത്തെക്കുറിച്ച് സംസാരിച്ചിരുന്നു. അമ്മയാവണമെന്ന ആഗ്രഹമായിരുന്നു താന്‍ വിവാഹം കഴിച്ചതിന് പിന്നിലെന്ന് അവര്‍ പറഞ്ഞു. ''അഭിനേത്രിയെന്ന നിലയിലുള്ള എന്റെ വളര്‍ച്ച മസറിന് ഇഷ്ടപ്പെട്ടിരുന്നില്ല. അദ്ദേഹമെന്നെ നിയന്ത്രിക്കാന്‍ ശ്രമിച്ചു. ആ വിവാഹം പോലും ശരിയായ തീരുമാനമായിരുന്നില്ല. ആ ജീവിതത്തില്‍നിന്ന് ഓര്‍ത്തെടുക്കാന്‍ പറ്റുന്ന ഒരു സന്തോഷനിമിഷം പോലുമില്ല''. 
പന്ത്രണ്ട് വര്‍ഷത്തിനുശേഷം അവര്‍ വിവാഹമോചിതരായി. തൊട്ടടുത്തവര്‍ഷം കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍ മൂലം മസര്‍ മരിച്ചു. എന്നാല്‍, മരണാനന്തരചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോലും സീനത്തിന് കഴിഞ്ഞില്ല. സിമി ഗരെവാളുമായുള്ള അഭിമുഖത്തില്‍ അവര്‍ അതിനെക്കുറിച്ചും പറയുന്നു, ''അത്രയും നാള്‍ ഒരുമിച്ച് ജീവിച്ചൊരാള്‍. എന്റെ കുട്ടികളുടെ പിതാവ്. എന്നിട്ടും അവസാനമായൊന്ന് കാണാന്‍ അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും സമ്മതിച്ചില്ല''.
അതിനുശേഷവും സിനിമയിലേക്ക് മടങ്ങിവരാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ''അക്കാലത്ത് കുട്ടികളുടെ ക്ഷേമം തന്നെയായിരുന്നു എന്റെ പ്രധാന ആശങ്ക. അവരുടെ നല്ല പ്രായത്തില്‍ അവര്‍ക്കൊപ്പം സമയം ചെലവിടണമെന്ന ആഗ്രഹം. എല്ലാ കാര്യങ്ങളും സെറ്റായപ്പോള്‍, സിനിമയിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹം തോന്നി. പക്ഷേ അപ്പോഴേക്കും സിനിമയില്‍നിന്ന് കുറേ അകന്നിരുന്നു ഞാന്‍''. പിന്നീട് തിരിച്ചുവന്നെങ്കിലും നല്ല റോളുകളൊന്നും അവരെ തേടിയെത്തിയില്ല.
Content Highlights: lifestory of zeenat aman, bollywood actor
Published: 22 Aug 2024, 10:57 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented