1991 ഫെബ്രുവരിയിൽ റിലീസായ സിനിമയാണ് 'ഹം'. മുകുൾ എസ്.ആനന്ദ് സംവിധാനം ചെയ്ത സിനിമയിൽ, അമിതാഭ് ബച്ചനൊപ്പം രജനീകാന്ത്, കിമി കട്കർ, ഗോവിന്ദ, ശില്പ ശിരോദ്കർ, അനുപം ഖേർ തുടങ്ങിയവരുമുണ്ട്. അമേരിക്കൻ സിനിമയായ 'ടാർഗറ്റി'ൽനിന്ന് പ്രചോദനമുൾക്കൊണ്ട് നിർമിച്ച സിനിമയാണിത്. രജനീകാന്തിന്റെ 'ബാഷ' എന്ന സിനിമയ്ക്ക് പ്രചോദനമായതും ഇതുതന്നെ.
ആ വർഷം ഏറ്റവും കൂടുതൽ വിജയിച്ച സിനിമകളിലിത് ഇടംപിടിക്കുകയും ചെയ്തു. എന്നാൽ, സിനിമയേക്കാൾ ആളുകൾക്ക് ഹരംപകർന്നത് അതിലെ പാട്ടുകളാണ്. ഏക് ദൂസ്‌രെ സെ, ഇസ് പ്യാർ കി ഹം, കാഗസ് കലം ദാവത്, ലേ ലേ ഛുമ്മാ, സനം മേരെ സനം ഉൾപ്പെടെയുള്ള പാട്ടുകളാണ്. എന്നാൽ, ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് മറ്റൊരു പാട്ടാണ്, 'ജുമ്മാ ചുമ്മാ ദേ...' അക്കാലത്ത് യുവാക്കൾക്കിടയിൽ ബിഗ് ബിയുടെ ജനപ്രീതി വർധിപ്പിച്ചതും ഈ പാട്ടു തന്നെ. ലക്ഷ്മീകാന്ത്-പ്യാരേലാൽ സംഗീതസംവിധാനം നിർവഹിച്ച പാട്ടുകൾക്ക് വരികളെഴുതിയത് ആനന്ദ് ബക്ഷിയാണ്. 'ജുമ്മാ ചുമ്മാ' എന്ന പാട്ടുപാടിയത് കവിത കൃഷ്ണമൂർത്തിയും സുധേഷ് ഭോൺസ്ലെയുമാണ്. പാട്ട് സൂപ്പർഹിറ്റായി മാറിയതോടെ, ക്ലബുകളിലും കല്യാണങ്ങളിലും മറ്റും ഈ പാട്ട് സ്ഥിരമായി മുഴങ്ങിക്കേട്ടു.
ആ പാട്ട് പാടിയപ്പോഴുണ്ടായ അനുഭവം പിന്നീട് സുധേഷ് ഭോൺസ്ലെ വിവരിച്ചിട്ടുണ്ട്. 17 മണിക്കൂർ കൊണ്ടാണ് ആ പാട്ട് പാടിയത്. ''ആ പാട്ടിലൊരു ഡയലോഗുണ്ട്. അതുകഴിഞ്ഞയുടനെയാണ് പാട്ടുപാടേണ്ടത്. നല്ല കഷ്ടപ്പാടായിരുന്നു. പക്ഷേ, അത് കൃത്യമായി വേണമെന്ന് ലക്ഷ്മീകാന്ത്-പ്യാരേലാൽ ആവശ്യപ്പെട്ടു. പാട്ട് ശരിയാവാത്തതിനാൽ എനിക്ക് ടെൻഷൻ തുടങ്ങി. അങ്ങനെ ഭക്ഷണം പോലും കഴിക്കാതെ റെക്കോർഡിങ്ങിനായി സ്റ്റുഡിയോയിൽ തന്നെ നിന്നു. ഒരുദിവസം രാവിലെ 9 മണിക്ക് തുടങ്ങിയ റെക്കോർഡിങ് തീർന്നത് പിറ്റേദിവസം അതിരാവിലെ രണ്ടുമണിക്കാണ്. അത്രയും സമയത്തിനുള്ളിൽ ഞാൻ കുടിച്ചത് 25 കപ്പ് ചായയാണ്''. എന്തായാലും ആ കഷ്ടപ്പാടിന് ഫലമുണ്ടായി.
സിനിമ റിലീസാവുന്നതിനുമുമ്പേ തന്നെ പാട്ട് ലണ്ടനിൽ ഹിറ്റായി മാറി. അക്കഥ ഇങ്ങനെ. 1990-ൽ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽവെച്ച് 'ദ ജുമ്മാ ചുമ്മാ ഷോ' എന്ന പേരിൽ ഒരു കൺസർട്ട് നടത്തിയിരുന്നു. ശ്രീദേവി, ആമിർ ഖാൻ, സൽമാൻ ഖാൻ തുടങ്ങിയവരുടെ ആദ്യത്തെ കൺസർട്ട് കൂടിയായിരുന്നുവത്. ആ പരിപാടിയിൽ 'ജുമ്മാ ചുമ്മാ' എന്ന പാട്ടിന് ശ്രീദേവിയും അമിതാഭ് ബച്ചനും നൃത്തം ചെയ്തു. ആദ്യമായി ആ പാട്ട് പുറത്തുവരുന്നതും ആ പരിപാടിയിലൂടെയാണ്.
സിനിമ റിലീസായശേഷം പാട്ടിനെ ചുറ്റിപ്പറ്റി ഒട്ടേറെ വിവാദങ്ങൾ പുറത്തുവന്നിരുന്നു. 1990 ഡിസംബറിൽ പുറത്തിറങ്ങിയ 'തനേദാർ' എന്ന സിനിമയിലെ 'തമ്മ തമ്മ' എന്ന പാട്ട് കോപ്പിയടിച്ചാണ് 'ജുമ്മാ ചുമ്മാ' ഉണ്ടാക്കിയതെന്ന് 'തനേദാറി'ന്റെ സംഗീതസംവിധായകൻ ബപ്പി ലാഹിരി ആരോപിച്ചു. എന്നാൽ, തങ്ങളുടെ പാട്ടാണ് അവർ കോപ്പിയടിച്ചതെന്ന് 'ഹം' സിനിമയുടെ അണിയറപ്രവർത്തകരും കുറ്റപ്പെടുത്തി. സത്യത്തിൽ ഒരു ആഫ്രിക്കൻ പാട്ടാണ് ഈ രണ്ടു പാട്ടുകൾക്കും പിന്നിലെന്നായിരുന്നു പിന്നീട് കണ്ടെത്തിയത്.
വർഷങ്ങൾക്കുശേഷം കൊറിയോഗ്രാഫർ ചിന്നി പ്രകാശ് ആ പാട്ടിലെ കൊറിയോഗ്രഫിയെക്കുറിച്ച് പറഞ്ഞതിങ്ങനെ, ''അമിതാഭ് ബച്ചന്റെ വാനിറ്റി വാനിൽ ചെന്ന് ഞാൻ ചില സ്റ്റെപ്പുകൾ വിവരിച്ചുകൊടുത്തു. ഒരു ഹൂക്ക് സ്റ്റെപ്പ് കണ്ടപ്പോൾ അത് വൾഗർ ആണെന്ന് അദ്ദേഹം പറഞ്ഞു. 'നിങ്ങൾ എന്താണ് ചെയ്യുന്നത്? ഇത് വളരെ മോശമായിട്ട് തോന്നുന്നു' എന്ന് ബിഗ് ബി ഉറപ്പിച്ചുപറഞ്ഞു. എന്നിട്ടും അത് ചെയ്തുനോക്കാൻ അദ്ദേഹം സമ്മതിച്ചു. പാട്ടുസീന്റെ എഡിറ്റിങ് കഴിഞ്ഞ് കാണുമ്പോൾ, ജയാ ബച്ചനും അവിടെയുണ്ടായിരുന്നു. ആ സ്‌റ്റെപ്പ് കണ്ടപ്പോൾ തന്നെ അവർ പറഞ്ഞു, 'ഇതാണ് ഏറ്റവും നല്ല സ്റ്റെപ്പ്. ആളുകളിത് ഒരിക്കലും മറക്കില്ല'’.
Content Highlights: the making of jumma chumma song from amitabh bachchan starrer hum and 17 hour recording session
Published: 14 Jun 2025, 12:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented