സൂപ്പർതാരം ഷാരൂഖ് ഖാന് ഇന്ന് 60-ാം പിറന്നാൾ. സുഹൃത്തുക്കളും സഹതാരങ്ങളും ആരാധകരുമെല്ലാം അദ്ദേഹത്തിന് ജന്മദിനാശംസകൾ നേടുകയാണ്. ഇതിനിടെ ഷാരൂഖിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ജൂഹി ചൗള അദ്ദേഹത്തെപ്പറ്റി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ആരെയും എന്തും ചെയ്യാൻ പ്രേരിപ്പിക്കാനുള്ള അസാമാന്യമായ കഴിവ് ഷാരൂഖിനുണ്ടെന്ന് അവർ പറയുന്നു. 'രാജു ബൻ ഗയാ ജെന്റിൽമാൻ' എന്ന സിനിമയിൽ തനിക്കൊപ്പം അഭിനയിച്ച ഷാരൂഖിനെ കണ്ടപ്പോൾ അത്ഭുതപ്പെട്ടുവെന്നും.

To advertise here,

“രാജു ബൻ ഗയാ ജെന്റിൽമാൻ എന്ന സിനിമയിൽ ഒപ്പുവെച്ചപ്പോൾ, എന്റെ നായകൻ ആമിർ ഖാനെപ്പോലെയിരിക്കുമെന്ന് സഹനിർമാതാവ് വിവേക് വസ്വാനി എന്നോട് പറഞ്ഞു. അതുകൊണ്ട്, പുരികം വരെ മുടിയുള്ള ഷാരൂഖിനെ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി, ഞാൻ സങ്കൽപ്പിച്ച ചോക്ലേറ്റ് ബോയ് ആയിരുന്നില്ല അത്. ഒപ്പം ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ, അദ്ദേഹം ഒരു പുതുമുഖത്തെപ്പോലെയായിരുന്നില്ലെന്ന് ഞാൻ മനസ്സിലാക്കി, ദിവസം മൂന്ന് ഷിഫ്റ്റുകൾ വരെ ചെയ്ത് അദ്ദേഹം വിശ്രമമില്ലാതെ പ്രവർത്തിച്ചു. 'യെസ് ബോസി'ന്റെ ഷൂട്ടിങ്ങിനിടെ, ഒരു രംഗം എഴുതിയത് അത്ര നന്നായിട്ടില്ലെങ്കിൽ 'ഷാരൂഖ് വരട്ടെ, അവൻ അതെല്ലാം ശരിയാക്കും' എന്ന് സംവിധായകൻ അസീസ് മിർസ പറയുമായിരുന്നു. പ്രണയവും തമാശയും കലർന്ന രംഗങ്ങൾ ഞങ്ങൾക്ക് നന്നായി ചേരുമായിരുന്നു, അങ്ങനെ ഞങ്ങളൊന്നിച്ച് ഒരുപാട് ചിത്രങ്ങൾ ചെയ്തു.“ -ജൂഹി ഹിന്ദുസ്ഥാൻ ടൈംസിനോടു പറഞ്ഞു.

അദ്ദേഹത്തിന് വാക്കുകൾ കൊണ്ട് ആരെയും സ്വാധീനിക്കാൻ കഴിയുമെന്നും എന്തും ചെയ്യാൻ പ്രേരിപ്പിക്കാനാവുമെന്നും ജൂഹി പറഞ്ഞു. “ഡ്യൂപ്ലിക്കേറ്റ് എന്ന സിനിമ ചെയ്യാൻ എനിക്കത്ര താത്പര്യമില്ലായിരുന്നു. കാരണം അതിലെനിക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഞങ്ങൾ മറ്റൊരു സിനിമയുടെ ചിത്രീകരണത്തിലായിരുന്ന സമയംകൂടിയാണത്. അന്ന് എസ്ആർകെ എന്നെ പടികളിലിരുത്തി രണ്ട് മണിക്കൂറോളം ആ സിനിമയിൽ അഭിനയിക്കണമെന്ന് പറഞ്ഞ് സമ്മതിപ്പിച്ചു. അദ്ദേഹത്തിന് എന്തും ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കാനാവും, അതിനാൽ ശ്രദ്ധിക്കണം.”-അവർ പറഞ്ഞു.

ഷാരൂഖ് ഖാനും ജൂഹി ചൗളയും ഫിർ ഭി ദിൽ ഹേ ഹിന്ദുസ്ഥാനി, യെസ് ബോസ്, വൺ ടു കാ ഫോർ തുടങ്ങിയ സിനിമകളിലും ഒന്നിച്ചഭിനയിച്ചു. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi