കാലമേറെ കഴിഞ്ഞെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന ഒരുപാട് സാധാരണ മനുഷ്യരെ ശ്രീനിവാസൻ സ്‌ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ 'സാധാരണത്വ'ത്തിന്റെ അളവ് അല്പം കൂടിയിട്ടോ കുറഞ്ഞിട്ടോ ഇവർ ചിലപ്പോൾ അസാധാരണ മനുഷ്യന്മാരുമാവാറുണ്ട്. എന്തൊക്കെയായാലും ഇന്നും വാട്സാപ്പ് ചാറ്റുകളിൽ ഇടയ്ക്കിടെ ചാടിവരുന്ന, മലയാളിക്ക് വേഗം കമ്യൂണിക്കേറ്റ് ആവുന്ന ചില ശ്രീനിവാസൻ സ്റ്റിക്കറുകളിതാ…
*********
'പണക്കാരനെ ബഹുമാനിക്കാൻ പഠിക്കെടോ'
ശ്രീനിവാസൻ അവതരിപ്പിച്ച ധനികൻ കഥാപാത്രങ്ങളെല്ലാം എടുത്താൽ പൊങ്ങാത്ത പൊങ്ങച്ചത്തിന്റെ ഭാരംചുമക്കുന്നവരാണ്. 'ഉദയനാണ് താര'ത്തിലെ സരോജ് കുമാർ പബ്ലിസിറ്റിയിൽ നല്ല താല്പര്യമുള്ള പണക്കാരനാണ്. മറ്റുള്ളവരോട് സംസാരിക്കുന്ന സമയത്തൊക്കെയും അയാൾ താൻ കാശുകാരനാണ് എന്നുള്ള സൂചനകൾ ബോധപൂർവം കൊടുക്കുന്നത് കാണാം.

പണക്കാർ ബഹുമാനം അർഹിക്കുന്നു. തനിക്കും അത് തന്നേ തീരൂ എന്ന് നിർബന്ധമുള്ളയാളാണ് 'മേഘ'ത്തിലെ തിയേറ്ററുടമ ഷൺമുഖൻ. സ്വന്തം തിയേറ്ററിൽ ഓരോ ഷോ തുടങ്ങുന്നതിനു മുമ്പും 'ഓണർ ഷൺമുഖൻ' എന്ന സ്ലൈഡ് കാണിക്കാൻ അയാൾ മറക്കുന്നില്ല. ഇഷ്ടം തോന്നിയ പെൺകുട്ടിയെ സ്വാധീനിക്കാനായി അയാൾ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങൾ പ്രേക്ഷകരിൽ ചിരിയുണർത്തുന്നു.
 

’അമ്മേ…….’
മലയാളസിനിമയിൽ പ്രേം നസീർ മുതൽ സുരാജ് വെഞ്ഞാറമൂട് വരെ ഉള്ളവരുടെ പ്രശസ്തമായ 'അമ്മേ' വിളികളുണ്ട്. ലോകത്തിലെ ഏറ്റവും സ്‌നേഹപൂർവമുള്ള ഈ വിളി സമൂഹത്തിൽ ഏറ്റവും വെറുക്കപ്പെട്ടവൻ വിളിക്കുമ്പോഴുള്ള അവസ്ഥയാണ് 'ഗോളാന്തരവാർത്ത'യിലെ ശ്രീനിവാസൻ അവതരിപ്പിച്ച കാരക്കൂട്ടിൽ ദാസന്റെ 'അമ്മേ' വിളി. റൗഡിയായ കാരക്കൂട്ടിൽ ദാസനെ നന്മയുടെ നിറകുടമായ മമ്മൂട്ടി അവതരിപ്പിക്കുന്ന രമേശൻനായർ മാനസാന്തരപ്പെടുത്തിയെടുക്കുന്നു. 'നല്ലവനായി' മാറിയ ദാസനെ സ്വന്തം വീട്ടിൽ ഉണ്ണാൻ വിളിക്കുന്നതും, തന്റെ അമ്മയെ ദാസനും സ്വന്തം അമ്മയെപ്പോലെ കരുതാം എന്ന് രമേശൻ നായർ പറഞ്ഞതിന്റെ കൗതുകത്തിൽ ദാസൻ അവരെ 'അമ്മേ' എന്നു വിളിക്കുന്നു. വിളിച്ചു ശീലമില്ലാത്തതുകൊണ്ടോ പെട്ടന്നുണ്ടായ കൗതുകത്തിന്റെ വെപ്രാളത്തിലോ ഒട്ടും മയമില്ലാത്ത ദാസന്റെ 'അമ്മേ' വിളി പ്രേക്ഷകരിൽ ചിരിയുണർത്തിയെങ്കിലും രമേശൻനായരുടെ അമ്മയ്ക്ക് ആ വിളി ഒട്ടും സ്വീകാര്യമാവുന്നില്ല.
 

 


'പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്'
സിനിമയിറങ്ങി ഏറെക്കാലത്തിനുശേഷവും ചർച്ചയായ സിനിമയാണ് സന്ദേശം. അരാഷ്ട്രീയവാദം പ്രചരിപ്പിക്കുന്നതായുള്ള അടക്കംപറച്ചിലുകൾ ഉയർന്നെങ്കിലും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് ഈ സിനിമ സ്വീകരിച്ചത്. ശ്രീനിവാസൻ അവതരിപ്പിച്ച പ്രഭാകരനും ജയറാം അവതരിപ്പിച്ച പ്രകാശനും അവരുടെ രാഷ്ട്രീയവാദപ്രതിവാദങ്ങളും ഇപ്പോഴും പ്രേക്ഷകർ.
 


'ഈശ്വരാ ഭഗവാനെ, എന്റെ അച്ഛനൊന്നും വരുത്തരുതേ...'
സ്വന്തം ജീവിതത്തിൽനിന്ന് ഒളിച്ചോടി മറ്റുള്ളവരുടെ ജീവിതത്തിൽ വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്ന ആളുകളെ ശ്രീനിവാസൻ അവതരിപ്പിച്ചിട്ടുണ്ട്. 'ചിന്താവിഷ്ടയായ ശ്യാമള'യിലെ വിജയൻ സ്വാമിയും 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' എന്ന സിനിമയിലെ ഗോപിയും ഇതിനുദാഹരണമാണ്. ഒരുതരം ദ്വന്ദ്വ വ്യക്തിത്വമാണ് ഈ കഥാപാത്രത്തിനുള്ളത്. ഒരു സന്യാസി എന്ന നിലയിൽ അച്ഛന് നന്മവരണേ എന്നു പ്രാർത്ഥിക്കുകയും ഉടൻ തന്നെ മകൻ എന്ന നിലയിൽ താൻ അച്ഛനെ 'ശരിയാക്കും' എന്നുമാണ് ഗോപി പറയുന്നത്.

 


ഇത് വെഷമല്ല, വാർണിഷാണ്'
ചിരിച്ചുകൊണ്ട് ആ ചിരി പ്രേക്ഷകരിലേക്ക് പടർത്തുന്ന ശ്രീനിവാസൻ ട്രിക്ക് പലസിനിമകളിലും കാണാം. 'ചെപ്പടിവിദ്യ'യിലെ ശ്രീനിവാസന്റെ കള്ളൻ കഥാപാത്രം പോലീസിനെ കാണുമ്പോൾ തുടങ്ങുന്ന 'നിഷ്‌കളങ്ക'ചിരി ആ സീനിലുടനീളം കാണാം. 'ഫ്രണ്ട്സി'ലെ ശ്രീനിവാസന്റെ ചിരി മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. ആ സീനിൽ ആദ്യം പൊട്ടുന്ന ചിരികളിലൊന്നും ഏറ്റവും അവസാനം തീരുന്ന ചിരിയും ശ്രീനിവാസന്റെയാണ്. അത് പ്രേക്ഷകരിലേക്ക് പകരുന്നതിൽ ശ്രീനിവാസൻ വിജയിക്കുകയും ചെയ്യുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi