രണ്ട് പതിറ്റാണ്ട് ഒരു വലിയ കാലയളവാണ്. വർഷം കഴിയുംതോറും ജീവിതത്തിൽ പലതും നമ്മൾ മറന്നുപോകും. ഇരുപത് വർഷം കഴിഞ്ഞിട്ടും ചില മുഖങ്ങളും പേരുകളും മനസ്സിൽ മറക്കാതെ നിൽപ്പുണ്ടെങ്കിൽ അതൊരു അതിശയമാണ്. 'ഉദയനാണ് താരം' എന്ന സിനിമയും അതിലെ കഥാപാത്രങ്ങളും മലയാളിയുടെ മുന്നിലെത്തിയത് 2005 ജനുവരി 21നാണ്. ഇരുപത് വർഷം തികയ്ക്കുന്ന സിനിമയ്ക്ക് ഇന്നും പഴമ ബാധിച്ചിട്ടില്ല.

To advertise here,

'നരസിംഹ'ത്തിന് ശേഷം മലയാളം ഇൻഡസ്ട്രിയിൽ ഏറ്റവും വലിയ ഓപ്പണിങ് കിട്ടിയ സിനിമയാണ് 'ഉദയനാണ് താരം'. റോഷൻ ആൻഡ്രൂസിന്റെ ആദ്യ സിനിമയാണിത്. തിരക്കഥ ശ്രീനിവാസൻ. രണ്ടരക്കോടിയിൽ താഴെയായിരുന്നു ചിലവ്. പക്ഷേ, സിനിമയുടെ വമ്പൻ വിജയം ആറരക്കോടിയിലേറെ സമ്പാദിച്ചു. 

placeholder
സ്വതന്ത്ര സംവിധായകനാകാൻ ശ്രമിക്കുന്ന ഉദയഭാനു എന്ന നായകനായി മോഹൻലാൽ ജീവിച്ചു. പക്ഷേ, നായകനേക്കാൾ താലപ്പൊക്കമുണ്ടായിരുന്നു ശ്രീനിവാസന്റെ റോളിന്. രാജപ്പൻ തേങ്ങമൂട് എന്ന ജൂനിയർ ആർട്ടിസ്റ്റായും സൂപ്പർസ്റ്റാർ സരോജ് കുമാറായും ശ്രീനിവാസൻ തകർത്താടി. മധുമതി എന്ന നായികയായി മീന തന്മയത്വത്തോടെ അഭിനയിച്ചു. പച്ചാളം ഭാസിയായി ജഗതി തീയറ്ററിൽ ചിരിപ്പൂരം തീർത്തു. കൊച്ചിൻ ഹനീഫ, മുകേഷ്, സലിം കുമാർ, ജനാർഥനൻ... അങ്ങനെ ശ്രദ്ധേയമായ താരനിര. 

മലയാളത്തിലെ നമ്പർ വൺ താരത്തെ തന്നെ നായകനാക്കി താരപദവിയെ സിനിമ ചോദ്യം ചെയ്തു. മലയാളസിനിമയുടെ നിലവാരം തകർക്കുന്ന താരവാഴ്ചയെ അങ്ങേയറ്റം പരിഹസിച്ചു. സൂപ്പർസ്റ്റാർ സരോജ് കുമാറായി മാറുന്ന രാജപ്പന്റെ ധാരാളിത്തവും അൽപ്പത്തവും അതിനു വളമിടുന്ന പച്ചാളത്തെപ്പോലെയുള്ള ആശ്രിതരെയും സിനിമ അപഹസിച്ചു. പ്രതിഭയുണ്ടായിട്ടും താരത്തിന്റെ പൊങ്ങച്ചത്തിനു മുന്നിൽ പിടിച്ചുനിൽക്കാനാവുന്നില്ല മോഹൻലാലിന്റെ നായകന്. സിനിമ എന്ന കലയെ തകർക്കുന്ന ഇത്തരം ബിംബങ്ങളോടുള്ള സമൂഹത്തിന്റെ അന്ധമായ ആരാധനയെയും ചിത്രം കളിയാക്കുന്നുണ്ട്. 

placeholder

സിനിമയിലെ ഗാനങ്ങളെല്ലാം ഒന്നിനൊന്ന് ഗംഭീരമായിരുന്നു. ദീപക് ദേവിന്റെ കരിയറിലെ തന്നെ വലിയ ഹിറ്റ്. കെ.ജെ. യേശുദാസും കെ. എസ്. ചിത്രയും പാടിയ പറയാതെയറിയാതെ എന്ന മെലഡി. അഫ്‌സലിന്റെ ശബ്ദത്തിൽ പിറന്ന പെണ്ണെ എൻ പെണ്ണെ എന്ന അടിപൊളിപ്പാട്ട്. സിനിമ ഇറങ്ങിയപ്പോൾ തന്നെ ഹിറ്റായി മാറിയ കരളേ കരളിന്റെ കരളേ. വിനീത് ശ്രീനിവാസൻ അച്ഛനു വേണ്ടി പാടിയപ്പോൾ റിമി ടോമി പാട്ടിൽ കുസൃതി നിറച്ചു.

ഇരുപത് വർഷം തികയുന്ന സാഹചര്യത്തിൽ ഈ വർഷം റീ-റിലീസിനൊരുങ്ങുകയാണ് നിർമാതാക്കൾ. 4 കെ ഫോർമാറ്റിലായിരിക്കും റീ-റിലീസ്. സരോജ് കുമാർ എന്ന കഥാപാത്രത്തെ മുൻനിർത്തി പദ്മശ്രീ ഭാരത് ഡോ. സരോജ് കുമാർ എന്നൊരു സിനിമ 2012-ൽ പുറത്തുവന്നിരുന്നു. എന്നാൽ ഉദയനാണ് താരത്തിന്റെ വിജയം ആവർത്തിക്കാനായില്ല.