ഒരിക്കല്‍ കണ്ട സിനിമ രണ്ടാമത് കാണാന്‍ പ്രേക്ഷകന് ചങ്കുറപ്പില്ലെങ്കില്‍ ആ സിനിമ 'തന്മാത്ര'യായിരിക്കണം. അല്‍ഷിമേഴ്സ് രോഗം ബാധിച്ച രമേശന്‍ നായരെ മോഹന്‍ലാല്‍ സ്‌ക്രീനില്‍ അവതരിപ്പിച്ചത് അത്രയ്ക്ക് അത്ഭുതകരമായാണ്. അത് സിനിമയാണെന്നോ കാണുന്നത് ഏതോ കഥാപാത്രമാണെന്നോ കാഴ്ചക്കാരന് തോന്നില്ല. ഒരു ജീവിതം തോട്ടടുത്ത് നിന്ന് അനുഭവിക്കുന്ന പ്രതീതി. ബ്ലെസ്സി ഒരുക്കിയ ഈ ചലച്ചിത്രക്കാഴ്ച 2005-ലാണ് പുറത്തുവന്നത്.
മോഹന്‍ലാല്‍ തൊട്ടതെല്ലാം പൊന്നാക്കിയ വര്‍ഷമാണ് 2005. കൃത്യം ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. അതില്‍ വേണ്ടത്ര സാമ്പത്തിക വിജയം നേടാത്ത സിനിമകള്‍ പോലും ഇന്ന് ആരാധകരുടെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നു. ബി. സരോജാദേവി ചെയര്‍മാനായ ദേശീയ പുരസ്‌കാര നിര്‍ണയ ജൂറി മോഹന്‍ലാലിന് പകരം 'ബ്ലാക്കി'ലെ പ്രകടനത്തിന് അമിതാഭ് ബച്ചന് മികച്ച നടനുള്ള പുരസ്‌കാരം നല്‍കിയതില്‍ ഇന്നും മലയാളിക്ക് പരാതിയുണ്ട്.

ഇതേവര്‍ഷമാണ് റോഷന്‍ സംവിധാനം ചെയ്ത 'ഉദയനാണ് താരം' പുറത്തിറങ്ങിയത്. സിനിമ വന്‍ ഹിറ്റായിരുന്നു. സിനിമയിലെ ഗാനങ്ങള്‍ ആഘോഷിക്കപ്പെട്ടു. മോഹന്‍ലാല്‍ എന്ന നായകനെക്കാള്‍ ശ്രീനിവാസന്‍ എന്ന പ്രതിനായകന്‍ സിനിമയുടെ കേന്ദ്രമായി. ജഗതി സ്വന്തമായി കണ്ടെത്തിയ നാലുരസങ്ങള്‍ കൂടി ചേര്‍ന്നതോടെ ചിത്രം മലയാളം കണ്ട എക്കാലത്തെയും മികച്ച എന്റര്‍ടെയ്‌നറുകളില്‍ ഒന്നായി.
''ഈ പുഴ എന്റെ അമ്മയാണ്. വിശന്നപ്പോഴൊക്കെ ഊട്ടി. കരഞ്ഞപ്പോഴൊക്കെ ആരും കാണാതെ ആ കണ്ണീരൊക്കെ കൊണ്ടുപോയി.''
മുള്ളങ്കൊല്ലി പുഴയിലൂടെ ഒഴുകിക്കിട്ടിയ കര്‍ണന്‍. മുള്ളങ്കൊല്ലി വേലായുധന്‍. ജോഷി സംവിധാനം ചെയ്ത 'നരന്‍' എന്ന സിനിമ വേലായുധന്‍ എന്ന നായകന് ചുറ്റും കറങ്ങിത്തിരിയുന്നു. മുള്ളങ്കൊല്ലി വേലായുധന്റെ സ്ഥാനത്ത് മോഹന്‍ലാല്‍ അല്ലാതെ മറ്റൊരു മുഖം മനസ്സില്‍ വരില്ല. നീന്തല്‍ രംഗങ്ങളിലും സംഘട്ടനരംഗങ്ങളിലും അസാധ്യമായ മെയ്വഴക്കം. ഇമോഷണല്‍ സീന്‍സ് ചെയ്യുന്ന അതേ കയ്യടക്കത്തോടെ നര്‍മവും കൈകാര്യം ചെയ്തിരിക്കുന്നു. ദേശാന്തരത്തോളം വളര്‍ന്ന ഖുറേഷി അബ്രാമെന്ന സ്റ്റീഫനെക്കാളും ഈ സാധാരണക്കാരനോട് ആരാധകര്‍ക്ക് ഇഷ്ടക്കൂടുതലുണ്ട്.

ഒരാളെപ്പോലെ ഒരാള്‍ മാത്രമേ ഉള്ളൂ എന്ന് ഒരിക്കല്‍ തന്നെ തള്ളിപ്പറഞ്ഞ കാമുകിയോട് പറഞ്ഞുകൊണ്ട് നടന്നകലുന്ന ചിറയ്ക്കല്‍ ശ്രീഹരി. ഇന്ദുലേഖയുടെയും ശ്രീഹരിയുടെയും പ്രണയം റീലുകള്‍ അടക്കിവാഴുകയാണ്. രഞ്ജിത്തിന്റെ 'ചന്ദ്രോത്സവം' ആരാധകര്‍ക്ക് നിലാവുപോലെ പ്രിയം. വര്‍ഷങ്ങള്‍ക്കിപ്പുറം നാട്ടിലേക്ക് മടങ്ങിയെത്തുന്ന ശ്രീഹരിയുടെ കഥയാണ് ചന്ദ്രോത്സവം. അയാളുടെ ഇഷ്ടങ്ങളും തോല്‍വികളും വീണ്ടെടുക്കലുമാണ് പ്രമേയം. പ്രണയം മാത്രമല്ല സംഘട്ടനവും മുഴച്ചുനില്‍ക്കുന്നുണ്ട് സിനിമയില്‍. മേമ്പൊടിയായി വിദ്യാസാഗറിന്റെ ഈണങ്ങള്‍.
ഭദ്രന്‍ സംവിധാനം ചെയ്ത 'ഉടയോനി'ല്‍ മോഹന്‍ലാല്‍ ഇരട്ട വേഷങ്ങളിലാണെത്തിയത്. പ്രായമായ കുഞ്ഞു എന്ന അച്ഛനും പപ്പോയി എന്ന മകനും. നെഗറ്റിവ് ഷേഡുള്ള കുഞ്ഞുവിനെയും ഹീറോയിക്കായ മകനെയും ഒരു സിനിമയില്‍ മോഹന്‍ലാല്‍ പകര്‍ന്നാടിയത് അതിസമര്‍ഥമായിട്ടായിരുന്നു. പക്ഷേ സിനിമ വേണ്ടത്ര വിജയം നേടിയില്ല. എങ്കിലും മോഹന്‍ലാലിന്റെ പ്രകടനം പ്രശംസ നേടി.
Content Highlights: films by actor mohanlal in 2005-thanmathra,naran,udayananu tharam,chandrolsavam,utayon
Published: 25 Mar 2025, 11:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented