ഹോളിവുഡ് താരം ലിയൊണാര്‍ഡോ ഡികാപ്രിയോ തന്റെ ബാച്ച്‌ലര്‍ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് അഭ്യൂഹം. 26-കാരിയും ഇറ്റാലിയന്‍ മോഡലുമായ വിറ്റോറിയ സെറെറ്റിയുമായി ഡികാപ്രിയോയുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന തരത്തിലാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. പ്രായം കുറഞ്ഞ പെണ്‍സുഹൃത്തുക്കളെ തിരഞ്ഞെടുത്തും ദീര്‍ഘകാലബന്ധങ്ങള്‍ ഒഴിവാക്കിയും ശ്രദ്ധേയനായ ഡികാപ്രിയോ ഒടുവില്‍ കുടുംബജീവിതത്തിലേക്ക് കടക്കുന്നുവെന്ന തരത്തിലാണവ.  

ഡേറ്റിങ് ജീവിതത്തില്‍ എപ്പോഴും 25-ഉം അതില്‍ താഴെയും പ്രായമുള്ള പെണ്‍കുട്ടികളെ മാത്രം തിരഞ്ഞെടുക്കുന്ന ഡികാപ്രിയോയുടെ രീതി ഇതിനകം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞതാണ്. വിറ്റോറിയ ഇടതുകൈയില്‍ അണിഞ്ഞ ഹൃദയാകൃതിയിലുള്ള വജ്രമോതിരമാണ് സംശയങ്ങള്‍ക്ക് ഇടനല്‍കിയത്. ഏകദേശം ഒരുവര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലാണ്. ഫിജി റിസോര്‍ട്ടില്‍ അവധിയാഘോഷിക്കുന്ന ഇരുവരുടെയും ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

അതേസമയം, ഡികാപ്രിയോയുമായി ഡേറ്റിങ്ങിലാകുന്നതിനും മുമ്പേ ഈ മോതിരം അവരുടെ കൈയിലുണ്ടെന്നും വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ലെന്നുമാണ് അവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. നവംബറിലാണ് ഡികാപ്രിയോ 50-ാം പിറന്നാള്‍ ആഘോഷിച്ചത്. ഒട്ടേറെ സൂപ്പര്‍മോഡലുകളുമായും സെലിബ്രിറ്റികളുമായും ഡികാപ്രിയോയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കാറുണ്ട്.